Thursday, December 12, 2013

നാടിനു വഴികാട്ടിയ തൊഴിലാളി മുന്നേറ്റം

ഇന്ത്യന്‍ തൊഴിലാളിവര്‍ഗത്തിന്റെ മുന്നേറ്റചരിത്രത്തിലെ ജ്വലിക്കുന്ന ഏടായി മാറി വ്യാഴാഴ്ചത്തെ പാര്‍ലമെന്റ് മാര്‍ച്ച്. വേര്‍തിരിവുകള്‍ക്കെല്ലാം അതീതമായ തൊഴിലാളി ഐക്യം എന്ന ലക്ഷ്യം സാധ്യമാക്കിക്കൊണ്ടും സാമ്രാജ്യത്വ കല്‍പ്പനപ്രകാരമുള്ള ജനദ്രോഹനയങ്ങളെ ചെറുക്കാനും തിരുത്തിക്കാനുമുള്ള പ്രധാനവഴി അതുതന്നെയാണെന്നാവര്‍ത്തിച്ചുറപ്പിച്ചുകൊണ്ടും നടന്ന പാര്‍ലമെന്റ് മാര്‍ച്ചിനെ ജനസമൂഹമാകെ പ്രത്യാശയോടെയാണ് നോക്കിക്കണ്ടത്. ആ പ്രത്യാശയ്ക്കൊത്തുയര്‍ന്ന് ഭാവികാല ഇന്ത്യയുടെ വഴികാട്ടുംവിധം ഉജ്വലമാക്കി മാര്‍ച്ച് വിജയിപ്പിച്ച പ്രസ്ഥാനങ്ങളെയും പ്രതികൂല കാലാവസ്ഥയെ വെല്ലുവിളിച്ച് അതില്‍ അണിനിരന്ന ജനലക്ഷങ്ങളെയും ഞങ്ങള്‍ ആവേശപൂര്‍വം അഭിവാദ്യംചെയ്യുന്നു.

രാജ്യത്തിന്റെ സാമ്പത്തിക പരമാധികാരം ആദ്യവും രാഷ്ട്രീയ പരമാധികാരം അടുത്തഘട്ടത്തിലുമായി അധീനപ്പെടുത്താനുദ്ദേശിച്ച് സാമ്രാജ്യത്വവും അതിനു നിര്‍ണായക സ്വാധീനമുള്ള അന്താരാഷ്ട്ര സാമ്പത്തിക സ്ഥാപനങ്ങളും തുടര്‍ച്ചയായി കടന്നാക്രമണങ്ങള്‍ നടത്തുന്ന ഘട്ടമാണിത്. അവരുടെ കല്‍പ്പനകള്‍ക്കു വിധേയത്വമനസ്സോടെ കീഴടങ്ങിക്കൊടുക്കുന്ന കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ രാഷ്ട്രതാല്‍പ്പര്യങ്ങള്‍ കൈവിട്ട് ബഹുരാഷ്ട്ര ധനമൂലധനത്തിനുള്ള കൊള്ളയ്ക്കായി ഇന്ത്യയുടെ വാതില്‍ തുറന്നുവച്ചിരിക്കുന്നു. ഇതിന്റെയെല്ലാം ഫലമായി ജനങ്ങള്‍ കൂടുതല്‍ കൂടുതല്‍ പാപ്പരീകരിക്കപ്പെടുകയും നിത്യജീവിതത്തിന് വഴിയില്ലാതെ വിഷമിക്കുകയുംചെയ്യുന്നു. ചൂഷണം അതിന്റെ രാഷ്ട്രീയമായ കൈപ്പിടിക്കുള്ളില്‍ ജനങ്ങളെയാകെ ഞെരിച്ചമര്‍ത്തുന്നു.

ഇതിന്റെ ദുഷ്ടഫലങ്ങള്‍ തൊഴിലാളികള്‍ എന്ന പരമ്പരാഗത അര്‍ഥത്തില്‍ വിവക്ഷിക്കപ്പെടുന്നവര്‍ മാത്രമല്ല, ജനങ്ങളാകെ അനുഭവിക്കുന്നു. ഈ ദുരവസ്ഥയ്ക്ക് അറുതിയുണ്ടാക്കാനുള്ള പോരാട്ടത്തിന് തൊഴിലാളിപ്രസ്ഥാനങ്ങളിറങ്ങുമ്പോള്‍ ജനസമൂഹമാകെ അതിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന നിലവരുന്നത് ഈ സാഹചര്യത്തിലാണ്. ഡിസംബര്‍ പന്ത്രണ്ടിന്റെ പാര്‍ലമെന്റ് മാര്‍ച്ച് ഒരു തുടക്കമല്ല, ഒടുക്കവുമല്ല. തുടര്‍ച്ചയായി നടക്കുന്ന പ്രതിഷേധ സമരപ്രസ്ഥാന ചരിത്രത്തിലെ സുപ്രധാനമായ കണ്ണിയാണത്. പന്ത്രണ്ടു കോടി തൊഴിലാളികള്‍ പങ്കെടുത്ത ഫെബ്രുവരി 21-22 തീയതികളിലെ പണിമുടക്ക്, ആഗസ്ത് ആറിന്റെ സംയുക്ത ട്രേഡ് യൂണിയന്‍ കണ്‍വന്‍ഷന്‍, രാജ്യവ്യാപകമായി നടന്ന പ്രചാരണ പരിപാടികള്‍, അതിന്റെ തുടര്‍ച്ചയായി സെപ്തംബര്‍ 25ന് നടന്ന റാലികള്‍ തുടങ്ങിയവയൊക്കെ ഈ പ്രക്ഷോഭ പരമ്പരയുടെ ശൃംഖലയിലെ വിലപ്പെട്ട കണ്ണികളായി; തൊഴിലാളി പ്രസ്ഥാനത്തിന്റെ സമരചരിത്രത്തിലെ സുപ്രധാന വഴിത്തിരിവുകളായി.

എന്നാല്‍, ശതകോടീശ്വരന്മാരുടെ ധനപിന്തുണയില്‍ കോര്‍പറേറ്റ്- ബഹുരാഷ്ട്ര കോര്‍പറേറ്റ് വമ്പന്മാരെ പ്രീതിപ്പെടുത്തുക എന്നത് മിനിമം ഭരണപരിപാടിയാക്കി മാറ്റിയ സര്‍ക്കാര്‍ തൊഴിലാളികള്‍ ഉന്നയിച്ച ജീവല്‍പ്രധാനമായ ആവശ്യങ്ങള്‍പോലും അംഗീകരിച്ചില്ല. തുല്യജോലിക്ക് തുല്യവേതനം, മിനിമം വേതനം തുടങ്ങിയവപോലും അംഗീകരിച്ചില്ല. ഇന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സില്‍ അംഗീകരിക്കപ്പെട്ട തത്വങ്ങള്‍പോലും നടപ്പാക്കാന്‍ വിസമ്മതിച്ചു. ജീവനക്കാരുടെ പെന്‍ഷന്‍ അവകാശംവരെ കവര്‍ന്നെടുത്തു. അടച്ചുപൂട്ടലുകളും പിരിച്ചുവിടലുകളും ലേഓഫും സാര്‍വത്രികമാക്കി. വന്‍കിട കോര്‍പറേറ്റുകളുടെ അതിഭീമമായ നികുതികുടിശ്ശികകള്‍ എഴുതിത്തള്ളുകയും അവര്‍ക്കായി രക്ഷപ്പെടുത്തല്‍ പാക്കേജുകള്‍ പ്രഖ്യാപിക്കുകയും ചെയ്യുന്ന സ്ഥിതി ഒരു വശത്ത്. മിനിമം മാസവേതനം 10000 രൂപയെങ്കിലുമാക്കണമെന്നും കരാര്‍ തൊഴിലാളികള്‍ക്ക് സ്ഥിരം തൊഴിലാളികളുടേതിനു തുല്യമായ വേതന വ്യവസ്ഥ ഏര്‍പ്പെടുത്തണമെന്നും വിലക്കയറ്റം നിയന്ത്രിക്കണമെന്നും ഒക്കെയുള്ള ആവശ്യങ്ങള്‍പോലും നിഷേധിക്കുന്ന സ്ഥിതി മറുവശത്ത്. തൊഴിലാളികളുടെ ആവശ്യങ്ങള്‍ ചിലത് ന്യായമാണെന്ന് ഒരു വശത്തു പറയുക. അതേ ആവശ്യങ്ങള്‍പോലും മറുവശത്ത് തള്ളിക്കളയുക. ഇത്തരമൊരു വഞ്ചനയുടെയും കാപട്യത്തിന്റെയും നിലപാടാണ് പ്രധാനമന്ത്രി കൈക്കൊണ്ടത്.

തൊഴിലാളി സംഘടനകളുടെ ഐക്യപ്രസ്ഥാനത്തിന്റെ സമ്മര്‍ദം ശക്തിപ്പെടുമ്പോള്‍ ഒരു മന്ത്രിതല യോഗം വിളിച്ചു. സമരമാര്‍ഗത്തില്‍നിന്ന് പിന്തിരിയണമെന്ന് യോഗം അഭ്യര്‍ഥിച്ചു. മെയ് 21നായിരുന്നു ആ യോഗം. ആറുമാസം കഴിഞ്ഞിട്ടും അതിന്റെ തുടര്‍ച്ചയായി എന്തെങ്കിലും ഒരു അറിയിപ്പ് തൊഴിലാളി സംഘടനകള്‍ക്ക് ലഭിച്ചില്ല. അങ്ങേയറ്റത്തെ അവജ്ഞയോടെയാണ് യുപിഎ സര്‍ക്കാര്‍ തൊഴിലാളികളുടെ ആവശ്യങ്ങളെ സമീപിച്ചതെന്ന് വ്യക്തം. അത് കൂടുതല്‍ വ്യക്തമായപ്പോഴാണ് ആഗസ്ത് 6ന് ട്രേഡ് യൂണിയനുകളുടെ സംയുക്ത സമ്മേളനം ചേര്‍ന്നതും കൂടുതല്‍ ശക്തമായ സമരപരിപാടികള്‍ക്കുള്ള പദ്ധതി ആവിഷ്കരിച്ചതും. അതിന്റെ തുടര്‍ച്ചയായാണ് ഡിസംബര്‍ 12ന്റെ പാര്‍ലമെന്റ് മാര്‍ച്ച് സംഘടിപ്പിച്ചത്. അഭൂതപൂര്‍വമായ തൊഴിലാളി മുന്നേറ്റമാണ് വ്യാഴാഴ്ച ഡല്‍ഹി കണ്ടത്. തൊഴില്‍നിയമങ്ങള്‍ കര്‍ശനമാക്കുക, അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് ക്ഷേമപദ്ധതികള്‍ നടപ്പാക്കാന്‍ ദേശീയ സാമൂഹ്യസുരക്ഷാ ഫണ്ട് ഏര്‍പ്പെടുത്തുക, പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരിവില്‍പ്പന അവാനിപ്പിക്കുക, പുതിയ തൊഴില്‍ മേഖലകള്‍ സൃഷ്ടിക്കുക തുടങ്ങിയ ആവശ്യങ്ങളുടെ പിന്നില്‍ കൊടിയുടെ നിറഭേദം നോക്കാതെ തൊഴിലാളികള്‍ ഐക്യത്തോടെ അണിനിരന്നു മുന്നേറുകയായിരുന്നു. ദുസ്സഹമായ ജീവിതസാഹചര്യങ്ങള്‍ അവരില്‍ പുതിയ ഐക്യബോധം ഊട്ടിയുറപ്പിക്കുകയായിരുന്നു. ഈ വിശാലമായ ഐക്യം കൂടുതല്‍ ശക്തമാക്കി മുന്നോട്ട് കൊണ്ടുപോവേണ്ടതുണ്ട്. രാജ്യത്തെ പതിനൊന്നു കേന്ദ്ര ട്രേഡ് യൂണിയനുകളും ജീവനക്കാരുടെ ഫെഡറേഷനുകളും സംയുക്തമായി ആഹ്വാനംചെയ്ത ഈ പ്രക്ഷോഭത്തിലെ ഐക്യം കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കേണ്ടതുണ്ട്. തൊഴിലാളികള്‍ എവിടെയും തൊഴിലാളികള്‍ തന്നെയാണെന്നും അവരുടെ ശ്രമങ്ങള്‍ എവിടെയും ഒന്നുതന്നെയാണെന്നും അതിന്റെ പരിഹാരത്തിനു സമരമല്ലാതെ വഴിയില്ല എന്നുമുള്ള ബോധം തൊഴിലാളികളില്‍ പടരുന്നതിന്റെ ദൃഷ്ടാന്തംകൂടിയാണ് ഈ ഐക്യവും സമരവും എന്ന മുദ്രാവാക്യത്തിന്റെ വിജയം.

സാമ്പത്തിക ആഗോളവല്‍ക്കരണത്തിന്റെ പുതിയ ഘട്ടത്തില്‍ കൂടുതല്‍ കൂടുതല്‍ പ്രതിസന്ധിയിലേക്ക് സമ്പദ്ഘടന വഴുതിവീഴുകയാണ്. കൂടുതല്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ പ്രതിസന്ധിയിലാവുകയാണ്. പ്രകൃതിസമ്പത്ത് മുച്ചൂടും കൊള്ളക്കമ്പനികള്‍ കൈയടക്കുകയാണ്. ഇത് തിരുത്തിയെടുക്കേണ്ടത് രാജ്യത്തിന്റെ പൊതു ആവശ്യമാണ്. രാജ്യതാല്‍പ്പര്യത്തിന്റെ പതാക ഉയര്‍ത്തിപ്പിടിക്കുകകൂടിയാണ് സമരമുഖത്ത് തൊഴിലാളികള്‍ ഐക്യത്തോടെ ചെയ്തത്. ഈ ഐക്യനിരയെയും അതിന്റെ സമരമുന്നേറ്റത്തെയും അവഗണിച്ച് മുന്നോട്ടുപോകാന്‍ സാമ്രാജ്യത്വത്തിന് ദാസ്യംചെയ്യുന്ന ചങ്ങാത്ത മുതലാളിത്തത്തിന്റെ കൂട്ടുകക്ഷികള്‍ക്ക് സാധ്യമാവില്ല. ആ സന്ദേശം അതിശക്തമായി പ്രസരിപ്പിക്കുന്നതിനുകൂടി പ്രയോജനപ്പെട്ടു ഭിന്നതകളെല്ലാം മാറ്റിവച്ചുകൊണ്ടുള്ള വ്യത്യസ്ത തൊഴിലാളി സംഘടനകളുടെ സംയുക്തമായ ഈ പോരാട്ടമുന്നേറ്റം.

deshabhimani editorial

No comments:

Post a Comment