Sunday, December 15, 2013

ന്യൂ ജനറേഷന്‍ താരം

തെലുങ്കുനാട്ടില്‍ വെള്ളിത്തിരയില്‍ നിന്നിറങ്ങിവന്ന ദൈവമായി രാമറാവു ഭരണം പിടിച്ചടക്കിയ കഥ മാഞ്ഞുപോയിട്ടില്ല. ആ വഴിയില്‍ ഇന്ദ്രപ്രസ്ഥത്തിലിന്ന് അഴിമതിവിരുദ്ധ പോരാട്ട നായകനായി ദൈവം പിറന്നിരിക്കുന്നു. ഹിസാറിലെ മാര്‍വാഡി കുടുംബത്തില്‍നിന്ന് ഖോരക്പുരിലെ എന്‍ജിനിയറിങ് പഠനം താണ്ടി, ടാറ്റാ സ്റ്റീല്‍, ആദായ നികുതി വകുപ്പ് വഴി അണ്ണാ ഹസാരെയിലെത്തിയ അരവിന്ദ് കെജ്രിവാള്‍ ഇന്ന് അണ്ണനേക്കാള്‍ വലിയ തമ്പി. ഷീലാ ദീക്ഷിതിനെ കാല്‍ലക്ഷം വോട്ടിന്റെ തോല്‍വിയറിയിച്ച്, മുത്തശ്ശിപ്പാര്‍ടിക്ക് ഡല്‍ഹി നിയമസഭയില്‍ ഒറ്റയക്കപ്പദവി സമ്മാനിച്ച് തലയെടുപ്പോടെ നില്‍ക്കുന്ന കെജ്രിവാളിന് ചുറ്റും ക്യാമറകള്‍ കറങ്ങുന്നു; വിജയാരവം മുഴങ്ങുന്നു. നാല്‍പ്പത്തഞ്ച് വയസ്സേയുള്ളൂവെങ്കിലും എഴുപത്താറുകാരനായ കേരളമാധ്യമവീരദേഹത്തേക്കാള്‍ തലയെടുപ്പ്-മാഗ്സാസെ അവാര്‍ഡ് കിട്ടിയിട്ടുണ്ട്.

ആദായ നികുതി വകുപ്പിലിരുന്നാല്‍ അമിതാദായം എങ്ങോട്ട് പോകുന്നുവെന്നറിയാം. വിവരാവകാശത്തിലൂടെ എന്തൊക്കെ വിവരം കുഴിച്ചെടുക്കാമെന്നും നിശ്ചയമുണ്ട്. ആ അറിവുംകൊണ്ട് ഹസാരെ സംഘത്തില്‍ കയറിയപ്പോള്‍, വായ്ക്കു രുചിയായി നാലുവര്‍ത്തമാനം പറയാന്‍ പറ്റുന്ന ഏകസിദ്ധന്‍ എന്ന ബഹുമതി കിട്ടി. ഹസാരെ മിണ്ടില്ല- മൗനത്തിന്റെ നാനാര്‍ഥങ്ങള്‍ കെജ്രിവാള്‍ വഴി വരും. ടുജി സ്പെക്ട്രത്തിന്റെ കാലത്ത് അരാഷ്ട്രീയവും അഴിമതി വിരോധവും ജന്‍ലോക്പാലും ചൂടുള്ള പലഹാരങ്ങളാണ്. എവിടെയും ചെലവാകും. ആ ഉറപ്പാണ് മെക്കാനിക്കല്‍ എന്‍ജിനിയറെ സമരക്കച്ചവടത്തിലേക്ക് നയിച്ചത് എന്ന് കരുതുന്നവരുണ്ട്. സ്വന്തമായി എഴുപതു ലക്ഷവും ഭാര്യ വക ഒന്നേമുക്കാല്‍ കോടിയുടെ ഫ്ളാറ്റും കുടുംബവരുമാനം വേറെയുമുള്ളതുകൊണ്ട് സാമൂഹ്യ പ്രവര്‍ത്തനം തട്ടാതെ മുട്ടാതെ നടക്കും. പരിവര്‍ത്തന്‍ കൂട്ടായ്മയുണ്ടാക്കിയതും മിഷനറീസ് ഓഫ് ചാരിറ്റിയിലും രാമകൃഷ്ണമിഷനിലും നെഹ്റു യുവകേന്ദ്രയിലും എത്തിപ്പെട്ടതും സമൂഹ സേവന താല്‍പ്പര്യംകൊണ്ടാണ്.

പലപല സേവനം നടത്തിയെങ്കിലും ഹസാരെയ്ക്കു മുന്നിലെത്തിയപ്പോള്‍ സ്വത്വം തെളിഞ്ഞു. ഹസാരെ പിന്നിലേക്കു മാറിയപ്പോള്‍ കെജ്രിവാള്‍ പോരാട്ട നായകനായി. അരാഷ്ട്രീയം അതിന്റെ യഥാര്‍ഥ രാഷ്ട്രീയത്തിന് വഴിമാറി. അങ്ങനെ ആം ആദ്മി പാര്‍ടിയുണ്ടായി. അതിന്റെ ആജീവനാന്ത നേതാവാകാനും ഒരേയൊരാള്‍മാത്രം. കോണ്‍ഗ്രസിന്റെ അഴിമതിപ്രവാഹത്തില്‍ നനഞ്ഞു കുതിര്‍ന്ന ഡല്‍ഹിക്കാരുടെ മനസ്സില്‍ ആം ആദ്മി കുഴിയെടുത്തു. ബിജെപി നടന്നുതീര്‍ത്ത മണ്ണാണെങ്കില്‍ അഴിമതിയുടെ ചെളിയില്‍ പുതഞ്ഞു കിടക്കുന്നു. ഡല്‍ഹിയില്‍ ഇടതുപക്ഷത്തിന് വലിയ സ്വാധീനമില്ല. അതുകൊണ്ട് അഴിമതി വിരോധ പ്രചാരണത്തില്‍ കുത്തകാവകാശം പതിച്ചെടുക്കലും അനായാസം. ഫേസ് ബുക്കും ട്വിറ്ററും ഗൂഗിള്‍ പ്ലസും സഹായത്തിനെത്തി. കോണ്‍ഗ്രസും ബിജെപിയും അഴിമതിക്കടലില്‍-തരൂ ഞങ്ങള്‍ക്ക് വോട്ട് എന്ന ഗാനം ഡല്‍ഹിക്കാരുടെ ഹൃദയങ്ങളെ തരളിതമാക്കി.

അനന്തരം, പത്തുമാസം പൂര്‍ത്തിയായ ആം ആദ്മിക്ക് ഇരുപത്തിയെട്ട് സീറ്റ് എന്ന അത്ഭുതം. രാഹുലിനും മോഡിക്കുമെതിരെ മത്സരിക്കാന്‍ കെല്‍പ്പുള്ളവന്‍ കെജ്രിവാള്‍ എന്ന് പ്രവചനം. മൂക്കില്ലാ രാജ്യം മുറിമൂക്കന് ചക്രവര്‍ത്തിപദം നല്‍കും. കെജ്രിവാള്‍ മാതൃകയില്‍ കോണ്‍ഗ്രസ് തിരിച്ചുവരുമെന്നാണ് രാഹുലിന്റെ പ്രഖ്യാപനം. ഗാന്ധിജിയും നെഹ്റുവും പഠിപ്പിച്ചതൊന്നും പാഠമല്ല-കെജ്രിവാളായി നൂറ്റാണ്ടുപിന്നിട്ട പാര്‍ടിയുടെ മാര്‍ഗദര്‍ശി. ""ക്യാമ്പയിനറില്‍ നിന്ന് പൗരാവകാശ പ്രവര്‍ത്തകനിലേക്കും പിന്നെ രാഷ്ട്രീയക്കാരനിലേക്കും ഉള്ള മാറ്റത്തെ ഉള്‍ക്കൊള്ളാന്‍ ശ്രമിച്ചുകൊണ്ടിരിക്കയാ""ണെന്ന് കെജ്രിവാള്‍ വിനയപുരസരം പറയുന്നു. അധികാരത്തിലെത്താന്‍ പല വഴിയുണ്ട്. ചിലര്‍ക്ക് അരാഷ്ട്രീയം, ചിലര്‍ക്ക് മതം, മറ്റുചിലര്‍ക്ക് അഴിമതിപ്പണം. കെജ്രിവാളിന് അഴിമതി വിരുദ്ധ പോരാട്ടമാണ് ആയുധമായത്. നാട്ടിലാകെ കള്ളന്മാര്‍ വിലസുമ്പോള്‍ മോഷണവിരുദ്ധ സമരത്തിന് ജനം കൂടും. അഴിമതിയേത്, കോണ്‍ഗ്രസേത് എന്ന് തിരിച്ചറിയാന്‍ പറ്റാതിരിക്കുമ്പോള്‍ കെജ്രിവാളിന്റെ മാര്‍ക്കറ്റ് മൂല്യത്തിലും വര്‍ധനതന്നെ.

വാര്‍ത്ത സൃഷ്ടിക്കുക, സ്വയം വാര്‍ത്തയാവുക തുടങ്ങിയ കലാ രൂപങ്ങളിലെ പ്രാവീണ്യമാണ് ന്യൂജനറേഷന്‍ നേതാക്കളുടെ മൂലധനം. ആരും ശ്രദ്ധിക്കുന്നില്ല എന്നുതോന്നിയാല്‍ അമ്പരപ്പിക്കുന്ന വാര്‍ത്തകള്‍ ഉണ്ടാക്കാന്‍ കഴിയണം. ഒന്നിനുമായില്ലെങ്കില്‍, വഴിയിലെ ബഹളക്കാരിക്ക് അഞ്ചു ലക്ഷം എറിഞ്ഞുകൊടുത്തെങ്കിലും വാര്‍ത്ത സൃഷ്ടിക്കണം. ഒരുകാലത്ത് ഹിപ്പികളായിരുന്നു അധുനാധുനര്‍. പിന്നെ ഇടതു തീവ്രവാദികള്‍. ഇക്കാലത്ത്, ഫേസ് ബുക്കില്‍ നേരമ്പോക്കായി അഴിമതി വിരോധം പറയുന്നവര്‍ക്കാണ് മഹത്വം. ഏതു കുടത്തിലും കൈയിട്ടുവാരുന്ന കോണ്‍ഗ്രസുള്ളിടത്ത് ചെലവാക്കാന്‍ ഇത്രയും പറ്റിയ വസ്തു വേറെയില്ല എന്നും പറയാം. കോണ്‍ഗ്രസിനും അതുതന്നെ നല്ലത്. ഒരു രാത്രി വെളുക്കുമ്പോള്‍ മുളച്ചുപൊങ്ങുന്ന കുമിള്‍ക്കൂട്ടത്തിനുണ്ടോ മാമരത്തിന്റെ ആയുസ്സ്? തുടക്കവും ഒടുക്കവും ക്ഷണികമാകുമെന്നതുകൊണ്ട് തല്‍ക്കാലം ആം ആദ്മിക്ക് ഒരു കൈകൊടുക്കുക, പിന്നെ ആം ആദ്മിയെ അടിപടലയോടെ കൈപ്പിടിയിലൊതുക്കുക എന്ന തന്ത്രം കോണ്‍ഗ്രസിനാകാം. തദ്വാരാ, രാഹുല്‍ യുഗം കിനാവുകാണുന്ന മാധ്യമങ്ങള്‍ക്ക് ഇന്ന് പഥ്യവിഭവം ആം ആദ്മിയാകുന്നു.

തിരുവനന്തപുരത്ത്, ഉമ്മന്‍ചാണ്ടിയുടെ രാജിക്ക് സമരം നടത്തുന്നവരെ തെറിവിളിച്ച താരത്തിനും അവര്‍ കൊടുക്കുന്നത് ആം ആദ്മി വേഷം. "നമുക്ക് ഈ വ്യവസ്ഥ തകര്‍ക്കുകയാണ് വേണ്ടത്." എന്ന് കെജ്രിവാള്‍ പറയുന്നുണ്ട്. തല്‍ക്കാലം ഡല്‍ഹിയില്‍ സര്‍ക്കാരുണ്ടാക്കിയാല്‍ തകരുന്ന വ്യവസ്ഥയേതെന്ന് സൂക്ഷ്മദൃഷ്ടിയില്‍ തെളിയുന്നില്ല. മതേരത്വത്തെ പ്രണയിക്കുന്ന ബിജെപിയും അഴിമതി വിരോധം ആലപിക്കുന്ന കോണ്‍ഗ്രസും സത്യസന്ധതയുടെ സങ്കീര്‍ത്തനം പാടുന്ന മാധ്യമങ്ങളും വാഴുന്ന നാട്ടില്‍ ആം ആദ്മിയുടെ വ്യവസ്ഥാവിരുദ്ധ പോരാട്ടം ആരിലും ചിരിയുണര്‍ത്തുന്നുമില്ല. കേജ്രിവാളിനെ ബിജെപി ചാരനെന്നു വിളിച്ചവരുണ്ട്; കരിമഷികൊണ്ടഭിഷേകം നടത്തിച്ചവരുണ്ട്.

അണ്ണ ഹസാരെയും കെജ്രിവാളും പിണങ്ങിയിട്ടും ഇണങ്ങിയിട്ടുമുണ്ട്. ആം ആദ്മി കോണ്‍ഗ്രസിനെ തഴുകിയിട്ടുണ്ട്, വധേരയുടെ റിയല്‍ എസ്റ്റേറ്റ് കൊള്ള വിളിച്ചുപറഞ്ഞിട്ടുമുണ്ട്. അഭിപ്രായസ്ഥൈര്യം ഉരുക്കുപോലെയുണ്ട് എന്ന് സാരം. ഇന്നലെ പെയ്ത മഴയില്‍ പൊട്ടിമുളച്ച ഇരുപത്തെട്ട് സീറ്റേ എല്ലാവരും കാണുന്നുള്ളൂ. ആം ആദ്മിത്തൊപ്പി വെച്ചു നടക്കുന്നവരെ വഴിയില്‍ കാണാനും തുടങ്ങി. അഴിമതി വിരോധം അരാഷ്ട്രീയമാക്കി, അഴിമതി രാഷ്ട്രീയത്തിനുവേണ്ടി മൊത്തക്കച്ചവടം നടത്താന്‍ ഇറങ്ങിയവരെ എങ്ങനെ കെജ്രിവാള്‍ കൈകാര്യംചെയ്യും എന്നാണിനി കാണേണ്ടത്. അതിനുള്ള മെക്കാനിസവും ഖോരക്പുര്‍ ഐഐടിയില്‍ പഠിച്ചിട്ടുണ്ടാകണം.

സൂക്ഷ്മന്‍ deshabhimani

No comments:

Post a Comment