Tuesday, December 3, 2013

കുത്തഴിഞ്ഞു മുഖ്യമന്ത്രി ടാക്സിയില്‍

വിമാനത്താവളത്തിലെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് യാത്രചെയ്യാന്‍ ഔദ്യോഗികവാഹനം ഏര്‍പ്പെടുത്താന്‍പോലും കഴിയാത്തവിധം സംസ്ഥാനഭരണം കുത്തഴിഞ്ഞു. കാല്‍ മണിക്കൂറിലേറെ വിമാനത്താവളത്തില്‍ കുടുങ്ങിയ ഉമ്മന്‍ചാണ്ടി ഒടുവില്‍ ടൂറിസ്റ്റ് ടാക്സി പിടിച്ചാണ്് വീട്ടിലേക്ക് പോയത്.

തിങ്കളാഴ്ച രാവിലെയാണ് സര്‍ക്കാരിന്റെയും ആഭ്യന്തരവകുപ്പിന്റെയും മുഖ്യമന്ത്രിയുടെ സുരക്ഷാവിഭാഗത്തിന്റെയും അതീവ ഗുരുതരമായ വീഴ്ചയെ തുടര്‍ന്ന് ഉമ്മന്‍ചാണ്ടിക്ക് തികച്ചും അരക്ഷിതാവസ്ഥയില്‍ സ്വകാര്യ ടാക്സിയില്‍ യാത്രചെയ്യേണ്ടി വന്നത്. തിങ്കളാഴ്ച രാവിലെ ഡല്‍ഹിയില്‍നിന്ന് തലസ്ഥാനത്ത് എത്തുന്ന മുഖ്യമന്ത്രി ഐഎംജി ഹാളിലെ അവാര്‍ഡ് ദാന ചടങ്ങിലേക്ക് നേരിട്ട് എത്തുമെന്നായിരുന്നു ആദ്യ അറിയിപ്പ്. എന്നാല്‍, ഔദ്യോഗികവാഹനവും സുരക്ഷാ ഉദ്യോഗസ്ഥരുമില്ലാത്തതിനെ തുടര്‍ന്ന് നേരെ ഔദ്യോഗികവസതിയിലേക്ക് പോയി. പിന്നീട് ഏറെ വൈകി ഔദ്യോഗികവാഹനമെത്തിയ ശേഷമാണ് പൊതുപരിപാടിക്ക് എത്തിയത്. സംഭവത്തിന്റെ ഉത്തരവാദിത്തം ടൂറിസം വകുപ്പിനാണെന്ന് പറഞ്ഞ് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കൈകഴുകി. എന്നാല്‍, സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടും അത്യന്തം കുത്തഴിഞ്ഞ അവസ്ഥയുമാണ് ഭരണത്തലവന് പോലും സുരക്ഷ ഒരുക്കുന്നതില്‍ വരുത്തിയ ഗുരുതരമായ വീഴ്ച ചൂണ്ടിക്കാട്ടുന്നത്.

മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള മന്ത്രിമാരുടെ സുരക്ഷാകാര്യങ്ങളും യാത്രകളും നിരീക്ഷിക്കാന്‍ പൊലീസ് ആസ്ഥാനത്ത് പൊലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ വിപുലമായ സെക്യൂറിറ്റി കണ്‍ട്രോള്‍ റൂം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ട്. ഔദ്യോഗികവസതികളിലും മിനി പൊലീസ് സ്റ്റേഷന്‍ മാതൃകയില്‍ സെല്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ യാത്രയ്ക്കുമുമ്പ് അതതിടത്ത് അരമണിക്കൂര്‍ മുമ്പെങ്കിലും കണ്‍ട്രോള്‍ റൂം സുരക്ഷാസംവിധാനങ്ങളെല്ലാം ഏകോപിപ്പിച്ച് ഔദ്യോഗിക കാറും ഗണ്‍മാനും എസ്കോര്‍ട്ടും പൈലറ്റും ഉള്‍പ്പെടെ എത്തിക്കണം. മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധസമരങ്ങള്‍ നടക്കുന്നതിനാല്‍ തണ്ടര്‍ബോള്‍ട്ട് ഉള്‍പ്പെടെയുള്ള സംവിധാനങ്ങളുമുണ്ട്. ഡല്‍ഹി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോയ ഉമ്മന്‍ചാണ്ടി നെടുമ്പാശേരി വഴിയാണ് തിരുവനന്തപുരത്തെത്തിയത്. സംഭവത്തില്‍ സുരക്ഷാവീഴ്ചയില്ലെന്നും താന്‍ ഡല്‍ഹി കേരള ഹൗസില്‍നിന്ന് ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിയതും ടാക്സിയിലാണെന്നും ഉമ്മന്‍ചാണ്ടി അവകാശപ്പെട്ടു.
(എം രഘുനാഥ്)

മുഖ്യമന്ത്രിയുടെ യാത്ര: ഗുരുതര സുരക്ഷാവീഴ്ച

വിമാനത്താവളത്തിലെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് യാത്ര ചെയ്യാന്‍ ഔദ്യോഗിക വാഹനം ഏര്‍പ്പെടുത്താന്‍ പോലും കഴിയാതിരുന്നത് ഗുരുതര സുരക്ഷാ വീഴ്ച. ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോയതിനാലാണ് ഔദ്യോഗിക വാഹനം ഉപയോഗിക്കാതിരുന്നതെന്ന് വരുത്താനും സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. തീര്‍ത്തും പരിഹാസ്യമായ വാദമാണിത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകുമ്പോള്‍ മുഖ്യമന്ത്രിക്ക് പ്രചാരണത്തിന് തൊട്ട് മുമ്പുള്ള ഗസ്റ്റ് ഹൗസ് വരെ ഔദ്യോഗിക വാഹനം ഉപയോഗിക്കാം. പിന്നീട് മാത്രമേ സ്വകാര്യ കാര്‍ ഉപയോഗിക്കേണ്ടതുള്ളൂ. പ്രചാരണം കഴിഞ്ഞ് തിരിച്ചുവരുമ്പോഴും ഇതേ പോലെ ഔദ്യോഗിക വാഹനത്തില്‍ പോകാം.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഡല്‍ഹിയിലേക്ക് പോകുമ്പോള്‍ ഔദ്യോഗിക വാഹനത്തില്‍ കനത്ത സുരക്ഷയിലാണ് മുഖ്യമന്ത്രി വിമാനത്താവളത്തിലേക്ക് പോയത്. ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നും കേരളഹൗസിലേക്ക് പോയതും ഔദ്യോഗിക വാഹനത്തിലാണ്. തിരിച്ച് തിരുവനന്തപുരത്ത് എത്തിയ മുഖ്യമന്ത്രി കാല്‍മണിക്കൂറിലേറെ കാത്ത് നിന്നതും ഔദ്യോഗിക വാഹനവും സുരക്ഷാ സംവിധാനവുമെത്തുമെന്ന പ്രതീക്ഷയിലായിരുന്നു. ഇതൊന്നുമില്ലാതായതോടെയാണ് ഹതാശനായ മുഖ്യമന്ത്രി സ്വയം ടൂറിസ്റ്റ് ടാക്സി വിളിച്ച് പോയത്. കേരള ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു മുഖ്യമന്ത്രി ഇങ്ങിനെ അപമാനിക്കപ്പെടുന്നത്. സംസ്ഥാനം വിട്ടുപോകുന്ന മുഖ്യമന്ത്രിയുടെ ഓരോ നീക്കവും കണ്‍ട്രോള്‍ സെല്‍ നിരീക്ഷിക്കണം. കൂടെ യാത്ര ചെയ്യുന്ന ഗണ്‍മാനുമായി ബന്ധപ്പെട്ട് യാത്രയുടെ വിശദാംശങ്ങള്‍ അറിയണം. ഗണ്‍മാന്‍ കൂടെയില്ലെങ്കില്‍ അതാതിടത്തെ ലോക്കല്‍ പോലീസുമായി ബന്ധപ്പെടണം. തിരിച്ച് പുറപ്പെടുന്നതിന് മുമ്പും വിവരം അറിയിക്കണം. അരമണിക്കൂര്‍ മുമ്പെങ്കിലും വിമാനത്താവളത്തില്‍ ഔദ്യോഗിക വാഹനവും ഗണ്‍മാന്‍ ഉള്‍പ്പെടെയുള്ള സുരക്ഷയും വേണം. ഇതെല്ലാം അട്ടിമറിക്കപ്പെട്ടു. മുഖ്യമന്ത്രി സ്ഥിരമായി ഉപയോഗിക്കുന്ന കാര്‍ എത്തിയില്ലെങ്കില്‍ ടൂറിസം വകുപ്പിന് കീഴിലുള്ള കാര്‍ ഒരുക്കണം. ഈ കാറില്‍ മറ്റൊരു ഗണ്‍മാനെ ഉള്‍പ്പെടുത്താനുള്ള ഉത്തരവാദിത്തവും കണ്‍ട്രോള്‍ റൂമിനാണ്.

ആഭ്യന്തരവകുപ്പിന് ജാഗ്രത പോരാ: ചെന്നിത്തല

തിരു: ആഭ്യന്തരവകുപ്പിന് ജാഗ്രത പോരെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ജയിലില്‍ കഴിയുന്നവരെ ലാഘവത്തോടെ വകുപ്പ് കൈകാര്യംചെയ്തെന്ന് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഇവര്‍ ഫെയ്സ്ബുക്ക് ഉപയോഗിച്ചതായുള്ള ആരോപണം ഗുരുതരമാണ്. മുഖ്യമന്ത്രിയെ കൊണ്ടുപോകാന്‍ ഔദ്യോഗികവാഹനം എത്താതിരുന്നത് ഡ്രൈവറുടെ വീഴ്ച ആകാമെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ ആഭ്യന്തരവകുപ്പിനെതിരെ കടുത്ത വിമര്‍ശവുമായി കെ മുരളീധരനും കെ സുധാകരനും രംഗത്തെത്തി. തിരുവഞ്ചൂര്‍ സ്ഥാനമൊഴിയണമെന്നും വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കണമെന്നും കണ്ണൂര്‍ ഡിസിസി ആവശ്യപ്പെട്ടു. തിരുവഞ്ചൂര്‍ കഴിവുകെട്ടവനാണെന്നും പ്രവര്‍ത്തകരുടെ ആത്മാഭിമാനത്തിന് കോട്ടമുണ്ടാക്കുന്നതാണ് ആഭ്യന്തരവകുപ്പിന്റെ പ്രവര്‍ത്തനമെന്നും പ്രസിഡന്റ് കെ സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. വീഴ്ചകളുടെ ഉത്തരവാദിത്തത്തില്‍നിന്ന് ഒളിച്ചോടാന്‍ ആഭ്യന്തരവകുപ്പിനാകില്ലെന്നും മന്ത്രി ഭരിച്ച് കാണിക്കുകയാണ് വേണ്ടതെന്നും യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി എം സാദിഖലി പറഞ്ഞു.

ഭരണക്കാരില്‍ ഒരുവിഭാഗം പ്രതിപക്ഷത്തിനൊപ്പം: തിരുവഞ്ചൂര്‍

കോട്ടയം: ആഭ്യന്തരവകുപ്പ് വീഴ്ച വരുത്തുന്നുവെന്ന് ആവര്‍ത്തിച്ച് പറയുന്നത് ഭരണപക്ഷത്തെ ചെറിയൊരു വിഭാഗവും പ്രതിപക്ഷവുമാണെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ജയിലില്‍ കഴിയുന്നവരുടെ ചിത്രങ്ങള്‍ ഫെയ്സ്ബുക്കില്‍ കണ്ട സംഭവത്തില്‍ ആഭ്യന്തരവകുപ്പിനെ കുറ്റപ്പെടുത്തുന്നവരുടെ അജന്‍ഡ വേറെയാണ്. ചില മോഹങ്ങള്‍ മനസ്സിലിട്ടാണ് ഈ വിമര്‍ശമെല്ലാം. വിമര്‍ശകര്‍ വെറുതെ മനപ്പായസം ഉണ്ടാല്‍ മതി. അവരുടെ സ്വപ്നം നടക്കില്ല. ആഭ്യന്തരവകുപ്പിന് രണ്ടരക്കൊല്ലമായി വീഴ്ചയുണ്ടെന്നു പറയുന്നവര്‍ അങ്ങനെ പാടി സുഖിക്കട്ടെ. കുലുക്കി താഴെയിടാന്‍ നടക്കുന്നവരുടെ മോഹം നടക്കില്ല. ഇവരും പ്രതിപക്ഷവും ഒരേതൂവല്‍പക്ഷികളാണ്.

മുഖ്യമന്ത്രിക്ക് ഔദ്യോഗികവാഹനം ലഭിക്കാത്തതില്‍ ആഭ്യന്തരവകുപ്പിനെ പഴി ചാരേണ്ട. ടൂറിസം വകുപ്പാണ് വാഹനം നല്‍കേണ്ടതെന്ന് അറിയാത്ത പാവങ്ങളാണ് തന്നെ വിമര്‍ശിക്കുന്നത്. ആരെയെങ്കിലും ഇഷ്ടപ്പെടുത്താനുള്ളതല്ല ആഭ്യന്തരവകുപ്പ്. സോഡയും നാരങ്ങാവെള്ളവും കൊടുക്കാനുള്ളതുമല്ല ഈ വകുപ്പ്. നീതിബോധത്തോടെ മാത്രമേ വകുപ്പിന് പ്രവര്‍ത്തിക്കാനാകൂവെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

deshabhimani

No comments:

Post a Comment