Tuesday, December 3, 2013

എളമരം കരീം പരാതി നല്‍കി

വ്യാജദൃശ്യങ്ങള്‍ കാട്ടി അപമാനകരമായ വാര്‍ത്ത പ്രചരിപ്പിച്ചതിനെതിരെ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എളമരം കരീം എംഎല്‍എ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി. ഇന്ത്യാവിഷനില്‍ കാട്ടിയ ദൃശ്യം വ്യാജമായതിനാല്‍ ദൃശ്യങ്ങള്‍ പിടിച്ചെടുത്ത് കുറ്റക്കാര്‍ക്കെതിരെ നിയമനടപടി ആവശ്യപ്പെട്ട് കോഴിക്കോട് സിറ്റി ജില്ലാ പൊലീസ് മേധാവി ജി സ്പര്‍ജന്‍കുമാറിനാണ് പരാതി നല്‍കിയത്.

നരിക്കുനി പാറന്നൂരിലെ വി പി മൊയ്തീന്‍കുട്ടിഹാജിയുടെ നേതൃത്വത്തില്‍ ഒരു സംഘമാളുകള്‍ കുറച്ച് ദിവസമായി തന്നെക്കുറിച്ച് ബോധപൂര്‍വം പല തെറ്റായ വിവരങ്ങളും പ്രചരിപ്പിച്ചുവരികയാണ്. അവരാണ് ഇന്ത്യാവിഷന്‍ ചാനലിന് വീഡിയോദൃശ്യം വ്യാജമായി തയ്യാറാക്കി എത്തിച്ചുകൊടുത്തത്. എളമരം കരീമിനെ ആക്ഷേപിക്കുന്ന ഭൂമിതട്ടിപ്പുമായി ബന്ധപ്പെട്ട വാര്‍ത്തയിലായിരുന്നു വ്യാജദൃശ്യം. ഭൂമിതട്ടിപ്പ് നടത്തിയ നൗഷാദ് കരീമിന്റെ വീട്ടിലേക്ക് പോകുന്ന ദൃശ്യം പുറത്തുവിടുന്നു എന്ന് അവകാശപ്പെട്ടായിരുന്നു ഇന്ത്യാവിഷന്‍ വാര്‍ത്തയും ചിത്രവും കാണിച്ചത്. നവംബര്‍ 29-ന് വൈകിട്ട് അഞ്ചരക്കായിരുന്നു ഈ വാര്‍ത്ത. എന്നാല്‍ തന്റെ വീട്ടിലേക്ക് എന്നു പറഞ്ഞ് ചാനല്‍ കാട്ടിയ ദൃശ്യം തന്റെ വീടിന്റെ പരിസരത്തുവച്ച് എടുത്തതല്ലെന്ന് വ്യക്തമായതായി കരീം പരാതിയില്‍ പറഞ്ഞു. തെറ്റായ വിവരങ്ങള്‍ ഈ ദൃശ്യം കാട്ടി ബോധപൂര്‍വം പ്രചരിപ്പിക്കയായിരുന്നു. മനഃപൂര്‍വം കെട്ടിച്ചമച്ചതും അപമാനിക്കാനും ആക്ഷേപിക്കാനും കംപ്യൂട്ടറിലോ മറ്റോ വ്യാജമായി ഉണ്ടാക്കിയതുമാണീ ദൃശ്യങ്ങള്‍. അതിനാല്‍ ദൃശ്യങ്ങള്‍ പിടിച്ചെടുത്ത് കുറ്റക്കാര്‍ക്കെതിരെ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് കരീം പരാതിയില്‍ ആവശ്യപ്പെട്ടു.

deshabhimani

No comments:

Post a Comment