Wednesday, December 11, 2013

കള്ളവാര്‍ത്തയ്ക്കു പിന്നില്‍ വന്‍ ഗൂഢാലോചന: സിപിഐ എം

കോഴിക്കോട്: കെ കെ ലതിക എംഎല്‍എയുടെ ജയില്‍ സന്ദര്‍ശനത്തെക്കുറിച്ച് നിരന്തരം കള്ളവാര്‍ത്തകള്‍ സൃഷ്ടിക്കുന്നതിനുപിന്നില്‍ മാധ്യമ-രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എളമരം കരീം എംഎല്‍എയും ജില്ലാസെക്രട്ടറി ടി പി രാമകൃഷ്ണനും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നിയമാനുസൃതമായി നടന്ന സന്ദര്‍ശനത്തെ വിവാദമാക്കി തേജോവധം ചെയ്യുന്നതിന് പിന്നില്‍ മറ്റ് അജന്‍ഡകളാണ്.

തെറ്റായതും ദുഷ്ട രാഷ്ട്രീയലക്ഷ്യത്തോടെയുമുള്ള വാര്‍ത്താപ്രചാരണത്തിനുള്ള ആയുധമായി മാറണമോയെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചിന്തിക്കണം. ഒരു കാര്യത്തെക്കുറിച്ച് വ്യക്തതവരുത്തുംമൂമ്പ് ഗൂഢാലോചനാ സ്വഭാവത്തോടെ വാര്‍ത്ത നല്‍കുന്നത് എന്തിനാണ്. ചന്ദ്രശേഖരന്‍ വധക്കേസില്‍ തുടക്കം മുതല്‍ ഒരുവിഭാഗം മാധ്യമങ്ങള്‍ ഒരുപറ്റം പൊലീസുമായി ചേര്‍ന്ന് വാര്‍ത്തകള്‍ സൃഷ്ടിച്ചു. അതാണ് കേസ് വിചാരണയുടെ അന്തിമഘട്ടത്തിലും തുടരുന്നത്. ഇക്കാര്യത്തില്‍ പാര്‍ടി നിലപാട് ഉറച്ചതും സുവ്യക്തവുമാണ്. ഈ കൊലയില്‍ പാര്‍ടിക്ക് യാതൊരു പങ്കുമില്ല. ജില്ലാ ജയിലുമായി ബന്ധപ്പെട്ട് ഇപ്പോള്‍ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ക്കും യാതൊരു അടിസ്ഥാനവുമില്ല. പൊലീസ് അന്വേഷണത്തില്‍ തെളിവ് ലഭിച്ചെന്നും മറ്റുമുള്ള വാര്‍ത്തകള്‍ കെട്ടിച്ചമയ്ക്കുന്നതാണ്. ഗൂഢാലോചന നടത്തി കള്ളവാര്‍ത്ത സൃഷ്ടിക്കുക, അതിന് വിശ്വാസ്യതയേകാന്‍ തുടര്‍വാര്‍ത്തകള്‍ നല്‍കുക എന്ന ശൈലിയാണ് സ്വീകരിച്ചിട്ടുള്ളത്. ജയിലില്‍ ഫേസ്ബുക്ക് ഉപയോഗിച്ച സംഭവത്തില്‍ സത്യസന്ധവും നിഷ്പക്ഷവുമായ അന്വേഷണമാണ് വേണ്ടത്. ഇക്കാര്യത്തില്‍ പാര്‍ടി ആരെയും ന്യായീകരിക്കുന്നില്ല. ജയിലില്‍ ഫോണ്‍ ഉപയോഗിച്ചെന്നും സാക്ഷികളെ ഭീഷണിപ്പെടുത്തിയെന്നും വരുത്തിത്തീര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെല്ലാം. കേസ് വിചാരണ തീരുന്ന വേളയിലുള്ള ഈ വാര്‍ത്തകള്‍ ബോധപൂര്‍വമായ ലക്ഷ്യത്തോടെയാണ്. പ്രതിചേര്‍ത്ത് ജയിലിലടച്ച പാര്‍ടി പ്രവര്‍ത്തകരുള്‍പ്പെടുന്ന കേസിനെ ബാധിക്കുമെന്നതിനാലാണ് ഇക്കാര്യത്തില്‍ പാര്‍ടി പ്രതികരിക്കുന്നത്. നിയമവിരുദ്ധമായി ആരെങ്കിലും ചെയ്താല്‍ ന്യായീകരിക്കാന്‍ ഞങ്ങളില്ല. ഈ വിഷയത്തില്‍ ഗൂഢാലോചനയുണ്ടോയെന്ന് അന്വേഷിക്കണമെന്ന് ജയില്‍ ഡിജിപിയായിരുന്ന അലക്സാണ്ടര്‍ ജേക്കബ് പറഞ്ഞതാണ്. ജയിലിലേക്ക് ചാനല്‍ ലേഖകന്‍ വിളിച്ച് സംസാരിച്ച ശബ്ദം വിശ്വസിക്കാനാവില്ലെന്നും പറഞ്ഞു. കോടതിവിധിയെ സ്വാധീനിക്കാനാണീ വാര്‍ത്തയെന്നും പറഞ്ഞു.

ശാസ്ത്രീയമായ അന്വേഷണത്തിലുടെ ഈ വസ്തുതകള്‍ പുറത്തുകൊണ്ടുവരണം. ജയിലിലെത്തിയ കെ കെ ലതിക എംഎല്‍എ തെളിവുകള്‍ നശിപ്പിച്ചു എന്നായിരുന്നു കഴിഞ്ഞ ദിവസത്തെ വാര്‍ത്ത. എന്നാല്‍, ലതിക ഒന്നുംകൊണ്ടുപോയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. അപ്പോള്‍ എന്തടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം വാര്‍ത്ത കൊടുത്തത്. മാധ്യമങ്ങളില്‍ ആരോപണം ഉന്നയിച്ച് കുറ്റവാളികളെ നിശ്ചയിക്കുന്ന രീതി പരിഹാസ്യമാണ്. പി മോഹനന്റെ അറസ്റ്റ് ആഘോഷമാക്കിയ മാധ്യമങ്ങള്‍ ഇപ്പോള്‍ ഭാര്യയായ എംഎല്‍എയെയും കുടുംബത്തെയും വേട്ടയാടുകയാണ്. ശാസ്ത്രീയമായി തെളിയിക്കപ്പെടാതെ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നത് മാധ്യമധര്‍മമല്ല. കേസിന്റെ തുടക്കത്തില്‍ മോഹനനടക്കം കുറ്റസമ്മതം നടത്തിയെന്നത് തത്സമയം സംപ്രേഷണം നടത്തിയ മാധ്യമങ്ങള്‍ അതേശൈലി ആവര്‍ത്തിക്കുകയാണ്. അടിയന്തരാവസ്ഥക്കാലത്ത് പോലുമില്ലാത്ത ക്രൂരതയും വേട്ടയാടലുമാണ് നടക്കുന്നത്. ഇത് ജനങ്ങള്‍ തിരിച്ചറിഞ്ഞ് തള്ളിക്കളയും- കരീമും ടി പിയും പറഞ്ഞു.

കോടതിയെ വലിച്ചിഴച്ചത് തിരുവഞ്ചൂര്‍: എളമരം കരീം

കോഴിക്കോട്: ഫേസ്ബുക്ക് വിവാദവുമായി ബന്ധപ്പെട്ട് കോടതിയെ വലിച്ചിഴച്ചത് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എളമരം കരീം എംഎല്‍എ പറഞ്ഞു. ഇക്കാര്യത്തില്‍ ജയില്‍ ഡിജിപിയായിരുന്ന അലക്സാണ്ടര്‍ ജേക്കബിനെ വിമര്‍ശിച്ച മന്ത്രി വിചാരണക്കോടതിയെ സ്വാധീനിക്കുന്ന പരാമര്‍ശമാണ് നടത്തിയത്. അത് തെറ്റാണെന്നും ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നവര്‍ നടത്താന്‍ പാടില്ലാത്തതാണെന്നും തിരിച്ചറിഞ്ഞ് പിന്‍വലിക്കണം. കോഴിക്കോട് ജയില്‍ സന്ദര്‍ശിച്ച് പുറത്തിറങ്ങിയാണ് മന്ത്രി കോടതിയുമായി ബന്ധപ്പെട്ട വിവാദപരമാര്‍ശം നടത്തിയത്. ജയിലിനകത്ത് പ്രതികള്‍ നടത്തുന്ന തോന്ന്യാസങ്ങള്‍ കോടതി പരിശോധിക്കട്ടെ എന്നും ഇവര്‍ പുറത്തിറങ്ങിയാല്‍ എന്താകുമെന്ന് കോടതി പരിഗണിക്കട്ടെയെന്നും മന്ത്രി പറഞ്ഞു. ഇത്തരം പരാമര്‍ശം മാധ്യമങ്ങള്‍ക്ക് മുന്നില്‍ നടത്തിയ മന്ത്രി, ജയില്‍ ഡിജിപി അലക്സാണ്ടര്‍ ജേക്കബ് കോടതിയെ വിമര്‍ശിച്ചെന്ന ആക്ഷേപമുന്നയിക്കുന്നതില്‍ അടിസ്ഥാനമില്ല. കേസ് വിചാരണയുടെ അവസാനഘട്ടത്തില്‍ രാഷ്ട്രീയലാക്കോടെയാണ് മന്ത്രിയുടെ ഇടപെടലെന്നും കരീം പറഞ്ഞു.

ഉപയോഗിച്ചത് കസ്റ്റഡിയിലുള്ള സിം കാര്‍ഡുകള്‍

കാസര്‍കോട്: ചന്ദ്രശേഖരന്‍ വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതികള്‍ ഫോണ്‍ ഉപയോഗിച്ചുവെന്ന് പ്രചരിപ്പിക്കുന്ന സംഭവത്തില്‍ ഉന്നതതല അന്വേഷണം നടത്തണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. പ്രതികള്‍ മുമ്പ് ഉപയോഗിച്ചിരുന്ന മൊബൈല്‍ സിം കാര്‍ഡുകള്‍ വഴിയാണ് ഫേസ്ബുക്ക് അപ്ലോഡിങ് നടന്നതെന്നാണ് പറയുന്നത്. ഇവയെല്ലാം പൊലീസ് കസ്റ്റഡിയിലാണ്. ഇവയുടെ ഡ്യൂപ്ലിക്കറ്റ് സിമ്മുകളാണ് ഫേസ്ബുക്ക് അപ്ലോഡിങ്ങിന് ഉപയോഗിച്ചിട്ടുള്ളത്. ജയിലിനകത്തുള്ള പ്രതികള്‍ക്ക് ഇതിന് കഴിയില്ല. സമാന സിം ഉണ്ടാക്കിയത് ആരാണെന്ന ചോദ്യം ഉയരുന്നു. പൊലീസ് കസ്റ്റഡിയിലുള്ള സിമ്മുകള്‍ക്ക് പകരം സിമ്മുകളുണ്ടാക്കിയതില്‍ ആഭ്യന്തര മന്ത്രിക്കും മുഖ്യമന്ത്രിക്കും പങ്കുണ്ടോയെന്ന് അന്വേഷിക്കണം. കാലിച്ചാനടുക്കം, ഉദുമ മാങ്ങാട് എന്നിവിടങ്ങളില്‍ നടന്ന പൊതുയോഗങ്ങളില്‍ സംസാരിക്കുകയായിരുന്നു പിണറായി.

പൊലീസിനെ കോണ്‍ഗ്രസ്വല്‍ക്കരിച്ചതാണ് യുഡിഎഫ് ഭരണത്തിന്റെ നേട്ടം. ഒട്ടേറെ മേന്മകളുണ്ടായിരുന്ന പൊലീസിനെ കഴിവുകെട്ടവരാക്കി മാറ്റി. ആഭ്യന്തര വകുപ്പ് എത്രമാത്രം ജീര്‍ണിച്ചുവെന്നതിന് തെളിവാണ് ജയില്‍ ഡിജിപിയുടെ പ്രസ്താവന. തങ്ങളുടെ താല്‍പര്യം സംരക്ഷിക്കാന്‍ എന്ത് നെറികേടും ചെയ്യാന്‍ മടിയില്ലാത്തവരായി ഭരണക്കാര്‍ മാറിയെന്ന് പിണറായി പറഞ്ഞു.

deshabhimani

No comments:

Post a Comment