Wednesday, December 11, 2013

ജനസമ്പര്‍ക്കത്തിന് മുഖ്യമന്ത്രി ചിലവഴിച്ചത് 4.32 കോടി

ഴിഞ്ഞ വര്‍ഷം ജനസമ്പര്‍ക്ക പരിപാടി നടത്തിപ്പിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചെലവാക്കിയത് 4.32 കോടി രൂപ. 2012ലെ കണക്കാണ് പുറത്ത് വന്നത്. 24 കോടി രൂപ ധനസഹായമായി വിവിധ ജില്ലകളില്‍ വിതരണം ചെയ്തെന്നും വിവരാവകാശ രേഖ വ്യക്തമാക്കുന്നു. ജനസമ്പര്‍ക്ക പരിപാടി സംഘടിപ്പിക്കുന്നതിന് 4,32,32,342 കോടിയും ധനസഹായമായി 24,24,92,745 കോടിയും ചിലവഴിച്ചു. കേരള കോണ്‍ഗ്രസ് പി സി തോമസ് വിഭാഗം ജനറല്‍ സെക്രട്ടറി ജോര്‍ജ് സെബാസ്റ്റ്യന്‍ വിവരാവകാശ നിയമപ്രകാരമാണ് ഈ കണക്കുകള്‍ ശേഖരിച്ചത്.

ധനസഹായത്തിന് അര്‍ഹരാണെന്ന് മുഖ്യമന്ത്രിക്ക് ബോധ്യപ്പെട്ടാല്‍ തുക നല്‍കും. പ്രത്യേക മാനദണ്ഡങ്ങളോ ഉത്തരവുകളോ ഇതുസംബന്ധിച്ച് നിലവിലില്ലെന്നും വിവരാവകാശ രേഖ പറയുന്നു. കടുത്ത സാമ്പത്തിക പ്രയാസത്തിലൂടെ കേരളം കടന്നുപോകുമ്പോഴാണ് ഈ അധിക ചിലവും ധൂര്‍ത്തും വരുത്തിവെക്കുന്നതെന്ന് ജോര്‍ജ് സെബാസ്റ്റ്യന്‍ പറഞ്ഞു.

ധനസഹായത്തിന് മാനദണ്ഡമില്ലെന്ന് സര്‍ക്കാര്‍

ജനസമ്പര്‍ക്കപരിപാടിയില്‍ ധനസഹായം നല്‍കുന്നത് പ്രത്യേക മാനദണ്ഡമോ ഉത്തരവുകളോ ഇല്ലാതെയാണെന്ന് സര്‍ക്കാര്‍. മുഖ്യമന്ത്രിക്ക് അര്‍ഹരെന്ന് ബോധ്യപ്പെടുന്നവര്‍ക്കാണ് ധനസഹായം നല്‍കുന്നതെന്നും വിവരാവകാശപ്രകാരം മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്‍ നല്‍കിയ മറുപടിയില്‍ പറയുന്നു. കഴിഞ്ഞ ജനസമ്പര്‍ക്ക പരിപാടിയുടെ സംഘാടനത്തിനായി മാത്രം 4.32 കോടി ചെലവഴിച്ചതായും കേരള കോണ്‍ഗ്രസ് ജനറല്‍സെക്രട്ടറി ജോര്‍ജ് സെബാസ്റ്റ്യന് മറുപടി ലഭിച്ചു.

പരാതികള്‍ ചാക്കില്‍കെട്ടി തള്ളി

ആലപ്പുഴ: ജനസമ്പര്‍ക്കപരിപാടിയില്‍ ലഭിച്ച പരാതികളും അപേക്ഷകളും ചാക്കില്‍കെട്ടി കലക്ടറേറ്റ് വരാന്തയില്‍ ഉപേക്ഷിച്ച നിലയില്‍. ആലപ്പുഴയില്‍ നടന്ന സമ്പര്‍ക്കപരിപാടിയില്‍ തീര്‍പ്പാക്കാന്‍ കഴിയാതിരുന്ന പരാതികളും അപേക്ഷകളും നടപടികള്‍ക്കായി അതത് വകുപ്പുകള്‍ക്ക് അടുത്തദിവസംതന്നെ കൈമാറുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. പക്ഷെ, രണ്ടുനാള്‍ കഴിഞ്ഞിട്ടും അപേക്ഷകള്‍ ചാക്കില്‍തന്നെ വിശ്രമിക്കുകയാണ്. കലക്ടറേറ്റില്‍ എല്ലാവരും കാണ്‍കെ കൂട്ടിയിട്ടിരിക്കുന്ന ചാക്കുകെട്ടുകള്‍ സംസാരവിഷയമായതോടെ അവിടെനിന്നും മാറ്റിയിടാന്‍ ജില്ലാ അധികൃതര്‍ നിര്‍ദേശം നല്‍കി. ജനസമ്പര്‍ക്കപരിപാടിയില്‍ ലഭിച്ച 19,216 അപേക്ഷകളില്‍ വളരെ കുറച്ചുമാത്രമാണ് "ചടങ്ങില്‍" പരിഹാരംകണ്ടത്. യൂത്ത് കോണ്‍ഗ്രസുകാരും പൊലീസുകാരും വാങ്ങിക്കൂട്ടിയ അപേക്ഷകള്‍ ചാക്കിലാക്കി മാറ്റുകയായിരുന്നു. വില്ലേജ് ഓഫീസര്‍മാര്‍ മുന്‍കാലങ്ങളില്‍ വിതരണം ചെയ്തിരുന്ന സാമ്പത്തികസഹായം മാത്രമാണ് മുഖ്യമന്ത്രി സമ്പര്‍ക്കപരിപാടിയില്‍ വിതരണം ചെയ്തത്. വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികള്‍ മുതല്‍ ഉദ്യോഗസ്ഥ-മാഫിയ-രാഷ്ട്രീയബന്ധങ്ങളും തട്ടിപ്പുകളുംവരെ സമ്പര്‍ക്കത്തിലെടുത്തില്ല. ഇനി ഈ പരാതികളും അപേക്ഷകളും വെളിച്ചം കാണില്ലെന്നാണ് കോണ്‍ഗ്രസ് സംഘടനാനേതാക്കള്‍തന്നെ പറയുന്നത്.

deshabhimani

No comments:

Post a Comment