Tuesday, December 3, 2013

എന്‍പിആര്‍ഡി ദേശീയസമ്മേളനം: ഒരുക്കം പുരോഗമിക്കുന്നു

ശാരീരികവും മാനസികവുമായി അവശതയനുഭവിക്കുന്ന രാജ്യത്തെ ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് കൂട്ടായ വിലപേശലിന് കരുത്തും പുത്തന്‍ ദിശാബോധവും പകരുന്ന നാഷണല്‍ പ്ലാറ്റ്ഫോം ഫോര്‍ ദി റൈറ്റ്സ് ഓഫ് ഡിസേബിള്‍ഡ് (എന്‍പിആര്‍ഡി) പ്രഥമ അഖിലേന്ത്യാ സമ്മേളനത്തിന്റെ മുന്നൊരുക്കങ്ങള്‍ കൊച്ചിയില്‍ പുരോഗമിക്കുന്നു. സമ്മേളനം 6, 7, 8 തീയതികളില്‍ എറണാകുളം ടൗണ്‍ഹാളിലാണ് ചേരുന്നത്. ആറിനു വൈകിട്ട് നാലിന് ഹൈക്കോടതി കവലയില്‍ പൊതുസമ്മേളനം വൃന്ദാകാരാട്ട് ഉദ്ഘാടനംചെയ്യും.

പുത്തന്‍ സാമ്പത്തികപരിഷ്കരണങ്ങളുടെ കാലഘട്ടത്തില്‍ ശാരീരിക അവശതകളനുഭവിക്കുന്നവരുടെ ദുരിതങ്ങള്‍ സംബന്ധിച്ച് സമ്മേളനം ചര്‍ച്ചചെയ്യും. സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ, ആരോഗ്യ രംഗത്ത് ശാരീരികവും മാനസികവുമായ അവശതകള്‍ അനുഭവിക്കുന്നവരുടെ പിന്നോക്കാവസ്ഥ പരിഹരിക്കാനും കൂട്ടായ വിലപേശലിനുള്ള മാര്‍ഗങ്ങളുമാണ് സമ്മേളനം പ്രധാനമായും ചര്‍ച്ചചെയ്യുക. എന്‍പിആര്‍ഡിയുടെ ഭാവിപരിപാടികള്‍ക്കും സമ്മേളനം രൂപംനല്‍കും. ശാരീരിക അവശതകളെ അവഗണിച്ചും ഈ മേഖലയിലെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള നാനൂറില്‍പ്പരം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

അഖിലേന്ത്യാ സമ്മേളനം വിജയിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ സംഘാടകസമിതി ഊര്‍ജിതമാക്കി. ആറിന് പൊതുസമ്മേളനത്തില്‍ ചിത്രകാരന്‍ സി എന്‍ കരുണാകരന്‍ അധ്യക്ഷനാകും. 7, 8 തീയതികളില്‍ എറണാകുളം ടൗണ്‍ഹാളില്‍ പ്രതിനിധിസമ്മേളനം ചേരും. എട്ടിനു സമാപനദിവസം രാവിലെ വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ളവരുടെ കലാപ്രകടനങ്ങള്‍ അരങ്ങേറും. മറൈന്‍ഡ്രൈവിലെ പൊതുസമ്മേളനവേദിയുടെ നിര്‍മാണം പുരോഗമിക്കുകയാണ്.

അഖിലേന്ത്യാ സമ്മേളനത്തിന്റെ സന്ദേശപ്രചാരണത്തിനായി ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ ജാഥ തുടങ്ങി. തിങ്കളാഴ്ച രാവിലെ പള്ളുരുത്തി കച്ചേരിപ്പടിയില്‍ ഡിഎഡബ്ല്യുഎഫ് സംസ്ഥാന പ്രസിഡന്റ് ഒ വിജയന്‍ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് വി പി ശശി അധ്യക്ഷനായി. വി കെ ശശിധരന്‍, പള്ളുരുത്തി ഏരിയ സെക്രട്ടറി ഷൈജുദാസ് എന്നിവര്‍ സംസാരിച്ചു. തോപ്പുംപടി, ഞാറക്കല്‍, പറവൂര്‍, നെടുമ്പാശേരി എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം അങ്കമാലിയില്‍ സമാപിച്ചു. സമാപനസമ്മേളനത്തില്‍ കെ സി വേലായുധന്‍ അധ്യക്ഷനായി. പി ജെ വര്‍ഗീസ്, ടി വി സാമുവല്‍ എന്നിവര്‍ സംസാരിച്ചു. വിവിധ കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ജാഥാക്യാപ്റ്റന്‍ ഡിഎഡബ്ല്യുഎഫ് ജില്ലാ സെക്രട്ടറി സാജു വി പോള്‍ നന്ദി പറഞ്ഞു. ചൊവ്വാഴ്ച രാവിലെ ഒമ്പതിന് കാലടിയില്‍നിന്ന് ജാഥ പര്യടനം തുടങ്ങും. പെരുമ്പാവൂര്‍, കോതമംഗലം, നെല്ലിമറ്റം, മൂവാറ്റുപുഴ, കൂത്താട്ടുകുളം, മുളന്തുരുത്തി, തൃപ്പൂണിത്തുറ, കോലഞ്ചേരി, കാക്കനാട് എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം വൈകിട്ട് 6.30ന് വൈറ്റിലയില്‍ സമാപിക്കും. സംസ്ഥാന ജനറല്‍ സെക്രട്ടറി പരശുവയ്ക്കല്‍ മോഹനന്‍ ഉദ്ഘാടനംചെയ്യും.

deshabhimani

No comments:

Post a Comment