Monday, December 2, 2013

ഔദ്യോഗിക വാഹനമെത്തിയില്ല; മുഖ്യമന്ത്രി ടാക്സി വിളിച്ചുപോയി

മുഖ്യമന്ത്രിയുടെ സുരക്ഷയില്‍ വീണ്ടും കനത്ത വീഴ്ച . തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്നിറങ്ങിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് സഞ്ചരിക്കാന്‍ ഔദ്യോഗിക വാഹനമെത്തിയില്ല. തുടര്‍ന്ന് ടാക്സി വിളിച്ച് മുഖ്യമന്ത്രി പോയി. .നെടുമ്പാശ്ശേരിയില്‍ നിന്ന് രാവിലെ ഒമ്പതരയോടെയാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ മുഖ്യമന്ത്രിയെത്തിയത്് .15 മിനിറ്റോളളം കാത്തിരുന്ന ശേഷമാണ് മുഖ്യമന്ത്രി ടാക്സി വിളിച്ചത്. ടാക്സിയില്‍ നേരെ ക്ലിഫ്ഹൗസിലെത്തിയ മുഖ്യമന്ത്രി പിന്നീട് ഐഎംജിയുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ പോയി. വിമാനത്താവളത്തില്‍നിന്ന് നേരെ ഐഎംജിയുടെ പരിപാടിക്കാണ് പോകേണ്ടിയിരുന്നത്. എന്നാല്‍ ടാക്സിയില്‍ അവിടെ പോകുന്നത് ഒഴിവാക്കുകയായിരുന്നു.

സാധാരണ മുഖ്യമന്ത്രിയെത്തുന്നതിന് അര മണിക്കൂര്‍ മുമ്പേ ഔദ്യോഗിക വാഹനം എത്തണം. കൂടാതെ സുരക്ഷ ഉദ്യോഗസ്്ഥര്‍ സഞ്ചരിക്കേണ്ട റൂട്ട് തീരുമാനിക്കേണ്ടതും റോഡിലെ തടസ്സങ്ങളൊഴിവാക്കേണ്ടതുമാണ്. എന്നാല്‍ ഇതൊന്നും ഇന്ന് നടപ്പായില്ല. ആഭ്യന്തര വകുപ്പിന്റെ ഗുരുതര വീഴചയാണിത് കാണിക്കുന്നത്. 12 പേര്‍ അടങ്ങുന്ന തണ്ടര്‍ബോള്‍ട്ട് സംഘമടക്കം നാലുകാറുകളാണ് മുഖ്യമന്ത്രിക്ക് അകമ്പടി പോകേണ്ടത്. കൂടാതെ പൈലറ്റ് വാഹനവും ഉണ്ടായിരിക്കണം. കണ്ണൂരില്‍ മുഖ്യമന്ത്രിക്ക് നേരെ കല്ലേറുണ്ടായപ്പോള്‍ നിലവിലുള്ളതിനേക്കാള്‍ കൂടുതല്‍ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നത്്. തണ്ടര്‍ബോള്‍ട്ടടക്കമുള്ള സുരക്ഷ സേനയുടെ വലയത്തിലാണ് മുഖ്യമന്ത്രി ജനസമ്പര്‍ക്ക പരിപാടികളില്‍ വരെ പങ്കെടുക്കുന്നതും. എന്നിട്ടും വിമാനത്താവളത്തില്‍ ഔദ്യോഗിക വാഹനം എത്താത്തതില്‍ ദുരുഹതയുണ്ടെന്ന് പറയുന്നു.
എന്നാല്‍ ഇക്കാര്യത്തില്‍ സുരക്ഷാവീഴ്ച ഉണ്ടായിട്ടില്ലെന്നും ഡെല്‍ഹിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോയപ്പോള്‍ ടാക്സിയിലാണ് സഞ്ചരിച്ചതെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

കല്ലേറുണ്ടായപ്പോള്‍ മുഖ്യമന്ത്രി സഞ്ചരിച്ചിരുന്ന കാറിന്റെ ചില്ലുകള്‍ പൊട്ടിയിരുന്നു. ആ സാഹചര്യത്തില്‍ ബുള്ളറ്റ്പ്രൂഫ് കാറ് മുഖ്യമന്ത്രിക്ക് ഒരുക്കുമെന്നതടക്കം നിര്‍ദേശങ്ങള്‍ ആഭ്യന്തര വകുപ്പ് എടുത്തിരുന്നു. എന്നിട്ടും ഔദ്യോഗിക വാഹനംപോലും വിമാനത്താവളത്തിലെത്തിക്കാന്‍ കഴിഞ്ഞില്ല. കണ്ണൂരില്‍ മുഖ്യമന്ത്രിയുടെ വാഹനത്തില്‍ ഗണ്‍മാന്‍ ഇരിക്കേണ്ടിടത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാനഭാരവാഹിയായ ടി സിദ്ദിക്ക് ആണ് ഇരുന്നിരുന്നത്. അത്തരം വീഴ്ചകളടക്കം ആഭ്യന്തര വകുപ്പിനെതിരെ ആരോപണമായി ഉയര്‍ന്നിരുന്നു.

ആഭ്യന്തരമന്ത്രി കോഴിക്കോട് ജയില്‍ സന്ദര്‍ശിക്കും

ടി പി ചന്ദ്രശേഖരന്‍ വധകേസില്‍ ജയിലില്‍ കഴിയുന്ന പ്രതികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിനെ പറ്റി അന്വേഷണം നടത്താന്‍ ചൊവ്വാഴ്ച കോഴിക്കോട് ജയില്‍ സന്ദര്‍ശിക്കുമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ തന്റെ രാജി ആവശ്യപ്പെടുന്നവര്‍ ഒരേതൂവല്‍പക്ഷികളാണെന്നും രാധാകൃഷ്ണന്‍ പറഞ്ഞു. പ്രതികള്‍ ജയിലിനുള്ളില്‍ നിന്നെടുത്ത ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ അപ്ലോഡ് ചെയ്തതായുള്ള വാര്‍ത്ത രാവിലെയാണ് പുറത്ത് വന്നത്.വിഷയത്തില്‍ ജയില്‍ ഡിജിപിയോട് മന്ത്രി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോര്‍ട്ട് കിട്ടിയ ശേഷം കര്‍ശന നടപടി സ്വീകരിക്കുമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

deshabhimani

No comments:

Post a Comment