Monday, December 16, 2013

നിര്‍ഭയ: കണ്ണീര്‍ സ്മരണയ്ക്ക് ഒരു വര്‍ഷം

നാം നിര്‍ഭയയെന്നു പേരു ചൊല്ലി വിളിച്ച, രാജ്യത്തിന്റെ മുഴുവന്‍ കണ്ണീര്‍ത്തുള്ളിയായ പെണ്‍കുട്ടിയെ മനുഷ്യത്വം നശിച്ച ഇരുകാലികള്‍ പിച്ചിച്ചീന്തിയിട്ട് ഇന്നേക്ക് ഒരാണ്ട്. ആറ് മനുഷ്യമൃഗങ്ങള്‍ ചേര്‍ന്ന് കരിന്തിരി കത്തിച്ച ആ ജ്യോതിയുടെ മാതാപിതാക്കളുടെ കണ്ണില്‍ ഇപ്പോഴും ഒരു സങ്കടക്കടല്‍ ബാക്കിയാണ്. നിര്‍ഭയയെക്കുറിച്ച് പറയുമ്പോളൊക്കെ ആ കണ്ണുകള്‍ നിര്‍ത്താതെ പെയ്യുന്നു. കഴിഞ്ഞ ഡിസംബറില്‍ ഇതുപോലൊരു തണുത്ത പ്രഭാതത്തിലാണ് അവള്‍ വീട്ടില്‍ നിന്ന് യാത്രപറഞ്ഞിറങ്ങിയത്. പാരാമെഡിക്കല്‍ കോഴ്സിന് പഠിക്കുന്ന അവളെ രാത്രി വൈകിയിട്ടും കാണാതായതോടെ ഉള്ളിലൊരു ഭയം ഊളിയിട്ടെങ്കിലും അത് വിധി തങ്ങള്‍ക്കായി കരുതിവെച്ച വലിയ ദുരന്തമാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല ഈ സാധുക്കള്‍. രാത്രി ഏറെ വൈകിയാണ് ദുരന്തവാര്‍ത്ത അവരറിഞ്ഞത്- ആശുപത്രിയിലേക്ക് ഓടിയെത്തിയപ്പോഴാണ്, സുഹൃത്തിനൊപ്പം സിനിമ കണ്ട് തിരിച്ച് വന്ന അവള്‍ കയറിയ ബസില്‍വെച്ച് കാമവെറി പൂണ്ട ഒരുപറ്റം ചെന്നായ്ക്കളുടെ ക്രൗര്യം അവളെ മൃതപ്രായയാക്കിയ കാഴ്ച അവര്‍ നേരിട്ടറിഞ്ഞത്. രാജ്യം മുഴുവന്‍ അവരുടെ കണ്ണീരൊപ്പാന്‍ ഓടിയെത്തി. ഒരു ജനതയാകെ അവരുടെ പ്രതിഷേധ ശബ്ദമായി മാറി. പെണ്ണിന്റെ മാനത്തിന് വിലപറയുന്ന കെട്ടകാലത്ത് സ്ത്രീകള്‍ക്ക് പ്രതിഷേധത്തിന്റെ കൊടുങ്കാറ്റഴിച്ച് വിടാന്‍ സാധിക്കുമെന്ന് അവര്‍ തെളിയിച്ചു.

ആ കാറ്റ് ഡല്‍ഹിയുടെ തെരുവുകളില്‍ ഒതുങ്ങിയില്ല, രാഷ്ട്രപതി ഭവന്റെ വാതില്‍പ്പടിവരെയെത്തി. പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ടും ഭരണവര്‍ഗത്തിന്റെ നിഷ്ക്രിയതക്കും എതിരെ പ്രതിരോധമായി മാറിയപ്പോഴും നിര്‍ഭയയുടെ ജീവനുവേണ്ടി ഒരു രാജ്യം ഒന്നായി പ്രാര്‍ഥിച്ചു. വിദഗ്ധ ചികിത്സക്കായി സിംഗപ്പൂരില്‍ എത്തിച്ചെങ്കിലും എല്ലാ പ്രാര്‍ഥനകളെയും വിഫലമാക്കി ഡിസംബര്‍ 29ന് പുലര്‍ച്ചെ 2.15ന് അവള്‍ വിടചൊല്ലി -ജ്വലിക്കുന്ന ജ്വാലയായി, നമ്മുടെ സമൂഹം ഇനിയും സുരക്ഷിതമല്ലെന്ന ഓര്‍മപ്പെടുത്തലായി... ഇന്ദ്രപ്രസ്ഥത്തിലെ പൊതു ഇടങ്ങളില്‍ സ്ത്രീ സുരക്ഷിതയല്ലെന്ന വിളിച്ച് പറച്ചില്‍ നാണം കെടുത്തിയത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെയാണ്. ആ നാണക്കേട് മറിച്ചുവെക്കാന്‍ വേണ്ടിയാകണം സര്‍ക്കാര്‍ അവളുടെ മാതാപിതാക്കള്‍ക്ക് വീടും അനിയന് ജോലിയും പകരമായി നല്‍കി. കൈവിട്ടുപോയ മുത്തിന് പകരമാവില്ല എന്നറിഞ്ഞുകൊണ്ടു തന്നെ സ്വീകരിച്ച ആ വീടിനുള്ളില്‍ അവളുടെ ഓര്‍മകളിലാണ് അവരിപ്പോഴും ജീവിക്കുന്നത്.

നല്ലൊരു ഭക്ഷണമുണ്ടാക്കിയാല്‍, നിര്‍ഭയയുടെ അമ്മയുടെ കണ്ണ് നിറയും.. ""അവള്‍ക്ക് ഇഷ്ടപ്പെട്ട ഭക്ഷണമായിരുന്നു ഇത്.. പക്ഷെ.."" പ്രതിഷേധത്തിനും മുറവിളികള്‍ക്കുമൊടുവില്‍ പ്രതികള്‍ അഴിക്കുള്ളിലായി. ഒരാള്‍ ആത്മഹത്യ ചെയ്തു. ഒരാള്‍ക്കൊഴികെ മറ്റെല്ലാവര്‍ക്കും സാകേതിലെ അതിവേഗ കോടതി വധശിക്ഷ വിധിച്ചു. പ്രായപൂര്‍ത്തിയായിട്ടില്ല എന്ന ആനുകൂല്യം നല്‍കിയാണ് കേസിലെ ഒരു പ്രധാന പ്രതിയെ വധശിക്ഷയില്‍ നിന്ന് ഒഴിവാക്കപ്പെട്ടത്. തങ്ങളുടെ മകളെ ഏറ്റവുമധികം ഉപദ്രവിച്ച അവന് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കാനുള്ള നിയമപോരാട്ടത്തിലാണ് ഈ മാതാപിതാക്കള്‍ ഇപ്പോഴും. ഒരു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു കൊന്ന കേസില്‍ പ്രായപൂര്‍ത്തിയായിട്ടില്ല എന്ന ആനുകൂല്യം നല്‍കുന്നത് എങ്ങനെയെന്ന് കണ്ണീരൊലിപ്പിച്ച് ഈ അഛനമ്മമാര്‍ ചോദിക്കുമ്പോള്‍ അറിയാതെ നമ്മളും അത് ശരിവെച്ച് പോകും.

നീതി ഇനിയും അകലെ

നിര്‍ഭയയുടെ ഓര്‍മകള്‍ക്ക് ഒരു വയസ്സ് തികയുമ്പോള്‍, സ്വയംശിക്ഷ വരിച്ച രാംസിങ്ങൊഴികെ മറ്റുപ്രതികള്‍ ജയിലില്‍ ജീവിച്ചിരിക്കുന്നുണ്ട്. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നാല് പേര്‍ മരണം കാത്തുകിടക്കുന്നു. പ്രായപൂര്‍ത്തിയായില്ല എന്ന ആനുകൂല്യം മുതലെടുക്കാന്‍ ഒരാള്‍ ശ്രമം നടത്തുന്നു. നിര്‍ഭയയോട് മനുഷ്യത്വത്തിന്റെ നൂലംശംപോലും കാണിക്കാതിരുന്ന അയാള്‍ക്കു കൂടി പരമാവധി ശിക്ഷ ലഭിക്കാനുള്ള പോരാട്ടത്തിലാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കളും നീതി തേടുന്ന ഒരു സമൂഹവും. സുഹൃത്തിനൊപ്പം രാത്രി ബസില്‍ കയറിയ പെണ്‍കുട്ടിയെ ബസ് ജീവനക്കാരടക്കമുള്ള ആറുപേര്‍ ചേര്‍ന്നാണ് ക്രൂരമായി ബലാത്സംഗം ചെയ്ത് പുറത്തേക്ക് വലിച്ചെറിഞ്ഞത്. ആളിപ്പടര്‍ന്ന ജനരോഷത്തെ തുടര്‍ന്ന് പ്രതികളെ അറസ്റ്റ് ചെയ്തു. വിചാരണത്തടവുകാരനായി കഴിയുന്നതിനിടെ പ്രധാനപ്രതി ജയിലില്‍ തൂങ്ങിമരിച്ചു. പ്രതികളില്‍ നാല് പേര്‍ക്ക് സാകേതിലെ അതിവേഗ വിചാരണകോടതി വധശിക്ഷ വിധിച്ചു. മുകേഷ് സിങ് (26), വിനയ്ശര്‍മ (20), പവന്‍ ഗുപ്ത (19), അക്ഷയ് ഠാക്കൂര്‍ (28) എന്നിവര്‍ക്കാണ് അതിവേഗ കോടതി തൂക്കുകയര്‍ വിധിച്ചത്. പ്രായപൂര്‍ത്തിയാകാത്ത പ്രതിക്ക് ജുവനൈല്‍ കോടതി മൂന്നുവര്‍ഷത്തേക്ക് ജുവനൈല്‍ ഹോമില്‍ കഴിയാനാണ് ശിക്ഷ വിധിച്ചത്.

തങ്ങളുടെ മകളെ ക്രൂരമായി ബലാത്സംഗം ചെയ്ത ഇയാള്‍ക്ക് നിയമത്തിന്റെ ആനുകൂല്യം നല്‍കരുതെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ശക്തമായി വാദിക്കുന്നു. ഇക്കാര്യമുന്നയിച്ച് സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ് ഇപ്പോള്‍. കൗമാരക്കാനാണ് എന്ന പേരില്‍ ആനുകൂല്യം നല്‍കാനുള്ള ശ്രമം നടത്തുന്നതിനെതിരെ പല കോണുകളില്‍നിന്ന് പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ജുവനൈല്‍ ജസ്റ്റിസ് നിയമത്തില്‍ മാറ്റം വരുത്തണമെന്ന ആവശ്യവും ഉയര്‍ന്നുകഴിഞ്ഞു. നിയമയുദ്ധം ഒരുവഴിക്ക് നടക്കുമ്പോഴും സ്ത്രീകള്‍ ഇപ്പോഴും സുരക്ഷിതരല്ല എന്ന ആശങ്കാജനകമായ വാര്‍ത്തകളാണ് പുറത്ത് വരുന്നത്. ബലാത്സംഗങ്ങളുടെയും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുടെയും തോത് വര്‍ധിച്ച് വരികയാണ്. ഡല്‍ഹി കൂട്ടബലാത്സംഗത്തിന്റെ നടുക്കം മാറുന്നതിന് മുമ്പേ വീണ്ടും വീണ്ടും ബലാത്സംഗങ്ങള്‍ രാജ്യതലസ്ഥാനത്ത് നടന്നു എന്നും വാര്‍ത്തകളുണ്ട്. കഴിഞ്ഞ വര്‍ഷത്തേതിന്റെ ഇരട്ടിയോളം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

deshabhimani

No comments:

Post a Comment