Thursday, December 19, 2013

കോര്‍പറേറ്റുകളെയും വന്‍കിടക്കാരെയും ഒഴിവാക്കി

പാലക്കാട്: പശ്ചിമഘട്ട സംരക്ഷണത്തിന്റെ പേരില്‍ തയ്യാറാക്കിയ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളില്‍ വന്‍കിടക്കാരേയും കോര്‍പറേറ്റുകളേയും ഭരണകക്ഷി നേതാക്കളുടെ സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്ന പ്രദേശങ്ങളേയും ഒഴിവാക്കിയതായി ആരോപണം. കേരളത്തിലെ രണ്ട് പത്രസ്ഥാപനങ്ങളുടെ ഉടമകളുടെ ഭൂമി പൂര്‍ണമായും ഒഴിവാക്കി. ഭൂരിഭാഗം ചെറുകിട കര്‍ഷകരുടേയും ജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തുന്ന റിപ്പോര്‍ട്ട് തയ്യാറാക്കിയതിനുപിന്നില്‍ ഉന്നതതല ഗൂഢാലോചനയുണ്ടെന്നാണ് ആക്ഷേപം. വയനാട്ടില്‍ 22 വില്ലേജുകള്‍ റിപ്പോര്‍ട്ടിന്റെ പരിധിയില്‍ വന്നപ്പോള്‍ അതിന്റെ മധ്യത്തിലെ വനപ്രദേശത്തെ ഒഴിവാക്കി. ഇതില്‍ ഭൂരിഭാഗവും ഒരു പത്രം നടത്തിപ്പുകാരന്റേതാണ്. അതുപോലെ എറണാകുളം ജില്ലയിലെ ഒരു വില്ലേജിനെമാത്രമാണ് കസ്തൂരിരംഗന്‍ സമിതി ഉള്‍പ്പെടുത്തിയത്. 82 കിലോമീറ്റര്‍ നീളമുള്ള വനഭൂമി ഒഴിവാക്കിയതിനുപിന്നില്‍ കോട്ടയം കേന്ദ്രമായ പത്രത്തിന്റെ ഇടപെടലുണ്ടെന്നും ആരോപണമുണ്ട്. കാസര്‍കോട് ജില്ലയെ പൂര്‍ണമായും ഒഴിവാക്കിയത് ഭരണകക്ഷിനേതാക്കളുടെ ഇടപെടലാണെന്നും പരാതി നിലനില്‍ക്കുന്നു. കോര്‍പറേറ്റ് മുതലാളിമാരുടേയും ഭരണകക്ഷിനേതാക്കളുടേയും റിസോര്‍ട്ടുകളും കോട്ടേജുകളും സ്ഥിതിചെയ്യുന്ന വാഗമണ്ണിനെ ഒഴിവാക്കിയതിനു പിന്നിലും ദുരൂഹതയുണ്ട്.

ഗാഡ്ഗില്‍ കമ്മിറ്റിയംഗമായ ഡോ. വി എസ് വിജയന്‍ ജൈവവൈവിധ്യബോര്‍ഡ് ചെയര്‍മാനായിരിക്കെയാണ് കമ്മിറ്റിയില്‍ അംഗമായത്. ഭാര്യ ഡോ. ലളിത വിജയന്‍ സലീം അലി നാഷണല്‍ പാര്‍ക്കിന്റെ പ്രോജക്ട് കോ-ഓര്‍ഡിനേറ്ററായിരുന്നു. ഈ സമയത്ത് 3.7 കോടി രൂപ സലീം അലി നാഷണല്‍ പാര്‍ക്കിന് സാമ്പത്തികസഹായം ലഭിച്ചതായി അവരുടെ വെബ്സൈറ്റ് വെളിപ്പെടുത്തുന്നു. ഡോ. വിജയന്‍ സര്‍വീസില്‍നിന്ന് വിരമിച്ചശേഷം സലീം അലി നാഷണല്‍ പാര്‍ക്കിന്റെ ചെയര്‍മാനായി. ഗാഡ്ഗില്‍ കമ്മിറ്റിയിലെ മറ്റൊരു അംഗമായ ഗണേശയ്യ പരിസ്ഥിതി സംഘടനയായ അശോക ട്രസ്റ്റിന്റെ ഉടമയാണ്. ഈ സംഘടനയ്ക്കും 28 കോടി രൂപ സഹായം ലഭിച്ചതായി വൈബ്സൈറ്റുകളില്‍ കാണുന്നു. വിവാദമുയര്‍ന്നതോടെ വെബ്സൈറ്റുകളില്‍നിന്ന് ഈ വിവരങ്ങള്‍ നീക്കി. ഇതും ദുരൂഹതയുള്ളവാക്കുന്നു.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ജനവാസമേഖലകളെ ഒഴിവാക്കിയാണ് പശ്ചിമഘട്ട സംരക്ഷണ റിപ്പോര്‍ട്ട് നല്‍കിയത്. ഇത് യുനെസ്കോ പരിഗണിച്ചില്ല. 2012 ജൂലൈയില്‍ റഷ്യയിലെ സെന്റ് പീറ്റേഴ്സ് ബെര്‍ഗില്‍ നടന്ന ലോക പൈതൃക സോണ്‍ പ്രഖ്യാപന കണ്‍വന്‍ഷനില്‍ പശ്ചിമഘട്ടത്തെ പൈതൃകപട്ടികയില്‍ ഉള്‍പ്പെടുത്താന്‍ യുനെസ്കോ മാപ്പ് തയ്യാറാക്കി അവതരിപ്പിച്ചു. ഇത് കേന്ദ്രസര്‍ക്കാരിന്റെ പ്രതിനിധികളായി പങ്കെടുത്തവര്‍ അംഗീകരിച്ചതോടെയാണ് പശ്ചിമഘട്ടത്തെ പൈതൃകപട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഇതിനുശേഷമാണ് വി എന്‍ ഗാഡ്ഗില്‍ അധ്യക്ഷനായ കമ്മിറ്റിയെ കേന്ദ്രസര്‍ക്കാര്‍ നിയമിച്ചത്. യുനെസ്കോ നിര്‍ദേശിച്ച 38 മേഖലകളില്‍ 19 എണ്ണവും കേരളത്തിലാണ്. പൈതൃകപട്ടികയില്‍പ്പെടുന്ന ആറ് സംസ്ഥാനങ്ങളിലെ 52ലക്ഷം ജനങ്ങളില്‍ 28 ലക്ഷവും കേരളത്തിലാണ്. യുനെസ്കോ അംഗീകരിച്ച പ്രദേശങ്ങള്‍ അതേപടി ഗാഡ്ഗില്‍കമ്മിറ്റി ഉള്‍പ്പെടുത്തുകയും കസ്തൂരിരംഗന്‍ സമിതി പരിഗണിക്കുകയും ചെയ്തു. ഇതില്‍ ഇടപടാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകാത്തതാണ് ഇന്നത്തെ അവസ്ഥയ്ക്കു കാരണം. ഇതിനുപുറമെ പശ്ചിമഘട്ട സംരക്ഷണമേഖലകളില്‍ 10 കിലോമീറ്റര്‍ ബഫര്‍സോണ്‍ പ്രഖ്യാപിക്കണമെന്ന നിര്‍ദേശവും കര്‍ഷകര്‍ക്ക് കൂടുതല്‍ ദുരിതമാകും. വായുദൂരം കണക്കാക്കുമ്പോള്‍ വലിയൊരു മേഖലകൂടി സംരക്ഷിതപട്ടികയില്‍ ഉള്‍പ്പെടും.
(വേണു കെ ആലത്തൂര്‍)

deshabhimani

No comments:

Post a Comment