Tuesday, December 3, 2013

ഫേസ്ബുക്ക് ആരോപണം കോണ്‍ഗ്രസ് പാളയത്തില്‍ പടമുറുകുന്നു

ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന തടവുകാര്‍ ഫേസ്ബുക്കില്‍ സജീവമാണെന്ന ആരോപണം കോണ്‍ഗ്രസിലെ ചേരിപ്പോര് രൂക്ഷമാക്കുന്നു. ആഭ്യന്തര മന്ത്രി തിരുവഞ്ചൂരിനെതിരെ കെ സുധാകരന്‍ തന്റെ ആക്രമണം ശക്തമാക്കി.

പ്രശ്‌നം തികഞ്ഞ ലാഘവത്തോടെയാണ് കൈകാര്യം ചെയ്യുന്നതെന്ന കെ പി സി സി പ്രസിഡന്റിന്റെ തിരുവനന്തപുരത്തുള്ള പ്രതികരണം തിരുവഞ്ചൂരിനും അതുവഴി ഉമ്മന്‍ചാണ്ടിക്കും വരുംദിനങ്ങള്‍ കഠിനമായ ഗ്രൂപ്പുവഴക്കിന്റേതാകുമെന്ന സൂചനയാണ് നല്‍കുന്നത്.

ടി പി വധക്കേസ് പ്രതികള്‍ ഫേസ്ബുക്കില്‍ സജീവമാണെന്ന വാര്‍ത്തയെ തുടര്‍ന്ന് ജയില്‍ അധികൃതര്‍ നടത്തിയ പരിശോധനയില്‍ തെളിവൊന്നും കണ്ടെത്താനായില്ല. ഇത് ആഭ്യന്തരവകുപ്പിന്റെ കഴിവുകേടാണെന്ന് സുധാകരനും ഡി സി സി പ്രസിഡന്റ് കെ സുരേന്ദ്രനും അടക്കം ആരോപിക്കുന്നു. അവര്‍ ഒരു പടികൂടി കടന്ന് ആഭ്യന്തരവകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കണമെന്ന ആവശ്യത്തില്‍ എത്തിനില്‍ക്കുന്നു. മുഖ്യമന്ത്രിക്കെതിരെ കരുനീക്കം നടത്താനുള്ള കനകാവസരമായാണ് കെ പി സി സി പ്രസിഡന്റിന്റെ പിന്തുണക്കാര്‍ ഇതിനെ കാണുന്നത്.

നേരത്തേ തന്നെ താനുദ്ദേശിക്കുന്ന കാര്യങ്ങള്‍ വകുപ്പില്‍ കണ്ണൂരില്‍ പോലും നടത്താന്‍ കഴിയാത്തതിന്റെ അമര്‍ഷവുമായി നടക്കുന്ന സുധാകരന്‍ വീണുകിട്ടിയ പുതിയ വടിയുമായി അഭ്യന്തരവകുപ്പിനെ കണക്കിന് പ്രഹരിച്ചു. ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളെ ലാഘവത്തോടെ കൈകാര്യം ചെയ്തതു തെറ്റാണെന്നു കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് പ്രതികരിച്ചു.  ഇപ്പോഴത്തെ സംഭവങ്ങള്‍ അതീവ ഗൗരവത്തോടെ കാണണം. ആഭ്യന്തരവകുപ്പ് കുറച്ചു കൂടി ജാഗ്രത കാണിക്കണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.  കോണ്‍ഗ്രസ് നേതാക്കളുടെ ക്ഷമ പരീക്ഷിക്കുന്നതിന് അതിരുണ്ടെന്ന് പറഞ്ഞ അദ്ദേഹം അഭ്യന്തര വകുപ്പ് പൂര്‍ണ്ണ പരാജയമാണെന്നും പറഞ്ഞുവെച്ചു.

അഭ്യന്തര വകുപ്പിനെതിരെ നേരത്തെയുള്ള പല ആക്ഷേപങ്ങളും ശരിയാണെന്ന് തെളിഞ്ഞതായി കെ സുധാകരന്‍ പറഞ്ഞു.  അതേസമയം കരുണാകരന്റെ വലംകൈ ആയിരുന്ന കണ്ണൂര്‍ ഡി സി സി പ്രസിഡന്റ് കെ സുരേന്ദ്രന്‍ ഒരു പടികൂടി കടന്ന് അഭ്യന്തരവകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കണമെന്ന ആവശ്യവുമായാണ് രംഗത്തുവന്നത്. ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് കോഴിക്കോട് ജയിലില്‍ സുഖവാസമൊരുക്കിയതിന്റെ ഉത്തരവാദിത്വം ആഭ്യന്തരവകുപ്പുമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുണ്ടെന്ന് പ്രസ്താവനയില്‍ പറഞ്ഞ അദ്ദേഹം ആഭ്യന്തരമന്ത്രിയുടെ അറിവോടെയല്ല ഇത്തരം കാര്യങ്ങള്‍ നടക്കുന്നതെങ്കില്‍ മന്ത്രിസ്ഥാനത്തു തുടരാനുള്ള യോഗ്യത തിരുവഞ്ചൂര്‍ രാധാകൃഷ്ണനില്ലെന്നും പ്രസ്താവിച്ചു. കേരളത്തിലെ പോലീസിലും ജയിലിലും എന്ത് നടക്കുന്നുവെന്ന് ആഭ്യന്തരമന്ത്രി അറിയുന്നില്ലെങ്കില്‍ അദ്ദേഹം ആ സ്ഥാനത്ത് തുടരുന്നത് അപമാനകരമാണ് സുരേന്ദ്രന്‍ പറഞ്ഞു.

ടി പി വധവും പ്രതികളെ പാര്‍പ്പിച്ച ജയിലും കോഴിക്കോടാണെങ്കിലും കണ്ണൂര്‍ ഡി സി സി യാണ് രൂക്ഷമായ പ്രതികരണവുമായി രംഗത്തെത്തിയത് എന്നത് ശ്രദ്ധേയമാണ്. എ ഗ്രൂപ്പില്‍പെട്ട കെ സി അബു പ്രസിഡന്റായ കോഴിക്കോട് ഡി സി സിയാവട്ടെ ഇതേ കുറിച്ച് യാതൊരു പ്രതികരണവും നടത്തിയിട്ടില്ല.

അതിനിടെ,  പ്രതികള്‍ക്ക് മൊബൈല്‍ഫോണ്‍ ഉള്‍പ്പെടെ എല്ലാ സൗകര്യങ്ങളും ജയിലില്‍ ലഭിക്കുന്നത് പ്രതികളുമായി ജയില്‍ വകുപ്പ് ഒത്തുകളിക്കുന്നുവെന്നതിന്റെ തെളിവാണെന്ന് കൊല്ലപ്പെട്ട ടി പി ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമ പ്രതികരിച്ചു. സംഭവത്തെ കുറിച്ച് ആഭ്യന്തരമന്ത്രി മറുപടി പറയണമെന്നും രമ ആവശ്യപ്പെട്ടു.

janayugom

No comments:

Post a Comment