Tuesday, December 3, 2013

10 വര്‍ഷത്തിനിടെ ഇന്ത്യയില്‍ 12,727 കസ്റ്റഡി മരണം

രാജ്യത്ത് പൊലീസ് കസ്റ്റഡിയിലും ജയിലിലും മരണനിരക്ക് വര്‍ധിക്കുന്നു. സുപ്രീംകോടതി നിയോഗിച്ച അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടും മനുഷ്യാവകാശസംഘടനയായ ഏഷ്യന്‍ സെന്റര്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്സിന്റെ കണക്കുകളുംപ്രകാരം പത്തുവര്‍ഷത്തിനിടെ 12,727 കസ്റ്റഡിമരണമാണ് ഉണ്ടായത്.

പത്തുവര്‍ഷത്തിനിടെ ജയിലുകളില്‍ അസ്വാഭാവികസാഹചര്യത്തില്‍ മരിച്ചവരുടെ കണക്ക് ഇപ്രകാരം: ഉത്തര്‍പ്രദേശിലാണ് ഏറ്റവും കൂടുതല്‍- 2171 പേര്‍, ബിഹാര്‍ രണ്ടാമത്- 1512. കേരളത്തില്‍ മരിച്ചവരുടെ എണ്ണം 402 ആണ്. മഹാരാഷ്ട്ര- 1176, ആന്ധ്രപ്രദേശ്- 1037, തമിഴ്നാട്- 744, പഞ്ചാബ്- 739, പശ്ചിമബംഗാള്‍- 601, ജാര്‍ഖണ്ഡ്- 541, മധ്യപ്രദേശ്- 520, കര്‍ണാടക- 496, രാജസ്ഥാന്‍- 491, ഗുജറാത്ത്- 458, ഹരിയാന- 431, ഒഡിഷ- 416, ചത്തീസ്ഗഢ്- 351, ഡല്‍ഹി- 224, അസം- 165, ഉത്തരാഖണ്ഡ്- 91, ഹിമാചല്‍പ്രദേശ്- 29, ത്രിപുര- 26, മേഘാലയ- 24, ചണ്ഡീഗഢ്- 23, ഗോവ- 18, അരുണാചല്‍പ്രദേശ്- 9, പോണ്ടിച്ചേരി- 8, ജമ്മു കശ്മീര്‍- 6, നാഗാലാന്‍ഡ്- 6, മിസോറം- 4, സിക്കിം- 3 , ആന്തമാന്‍ നിക്കോബാര്‍- 3, മണിപ്പുര്‍- 1, ദാദ്ര നഗര്‍ ഹവേലി- 1 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ മരണം.

രാജ്യത്ത് കസ്റ്റഡിമരണം വര്‍ധിക്കുന്നതായി സുപ്രീംകോടതി നിയോഗിച്ച അമിക്കസ് ക്യൂറി വ്യക്തമാക്കിയിരുന്നു. 11,820 കസ്റ്റഡിമരണം നടന്നെന്നാണ് നാഷണല്‍ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകള്‍പ്രകാരം അമിക്കസ് ക്യൂറി അറിയിച്ചത്. കസ്റ്റഡിയില്‍ കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും സ്ത്രീകളാണെന്നാണ് റിപ്പോര്‍ട്ട്. പൊലീസ് കസ്റ്റഡിയിലും ജയിലിലുമുള്ള മനുഷ്യാവകാശലംഘനവുമായി ബന്ധപ്പെട്ട് 2011-12ല്‍ ദേശീയ മനുഷ്യാവകാശ കമീഷന്‍ 94,985 കേസ് രജിസ്റ്റര്‍ചെയ്തു. ഇതില്‍ പകുതിയും ഉത്തര്‍പ്രദേശില്‍. ഡല്‍ഹിയും ഹരിയാനയുമാണ് തൊട്ടുപിന്നില്‍. കസ്റ്റഡിയിലെ ബലാത്സംഗവുമായി ബന്ധപ്പെട്ട് 2006-10 കാലത്ത് മനുഷ്യാവകാശ കമീഷനില്‍ 39 കേസ് എത്തി. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ സ്റ്റേഷനുകളിലും പീഡനവും കൊലപാതകങ്ങളും ബലാത്സംഗങ്ങളും വ്യാപകമാണെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സ്റ്റേഷനുകളിലും ജയിലുകളിലും നിരീക്ഷണക്യാമറകള്‍ സ്ഥാപിക്കണമെന്നും അമിക്കസ് ക്യൂറി നിര്‍ദേശമുണ്ട്. കസ്റ്റഡിയിലെയും ജയിലുകളിലെയും മരണവും പീഡനവും തടയണമെന്ന് 27 വര്‍ഷത്തിനിടെ എട്ട് ഉത്തരവിലൂടെ സുപ്രീംകോടതി കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഉത്തരവുകളൊന്നും സര്‍ക്കാര്‍ നടപ്പാക്കിയില്ലെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ടുചെയ്തിരുന്നു.

ആന്ധ്രപ്രദേശില്‍ അറസ്റ്റിലായവരെ പൊലീസ് ജനമധ്യത്തില്‍ മര്‍ദിച്ചു

ഹൈദരാബാദ്: കൊലക്കേസില്‍ അറസ്റ്റിലായവരെ പൊതുജന മധ്യത്തില്‍ ശിക്ഷിച്ച് "മാതൃക" കാട്ടിയ ആന്ധ്രപ്രദേശ് പൊലീസിന്റെ കിരാതനടപടി വിവാദമാവുന്നു. അനന്തപുര്‍ ജില്ലയിലെ ഗണ്‍ടകാല്‍ പട്ടണത്തില്‍ ഡിവൈഎസ്പി ഇ സുപ്പരാജയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്ത നാലുപേരെ ബസ്സ്റ്റാന്‍ഡിലിട്ട് തല്ലിച്ചതച്ച് നിയമം കൈയിലെടുത്തത്.

ശനിയാഴ്ച വൈകിട്ട് ഇവരെ ബസ്സ്റ്റാന്‍ഡില്‍ എത്തിച്ചശേഷം പൊതുജനമധ്യത്തില്‍ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. അറുപത്തഞ്ചുകാരനായ വൃദ്ധനെ കൊന്ന കേസിലാണ് അറസ്റ്റ്. കാഴ്ചക്കാരില്‍ ചിലര്‍ പീഡനരംഗങ്ങള്‍ മൊബൈല്‍ഫോണില്‍ പകര്‍ത്തിയപ്പോള്‍ മറ്റ് ചിലര്‍ കൈയടിച്ചും ആര്‍പ്പുവിളിച്ചും പൊലീസുകാരെ പ്രോത്സാഹിപ്പിച്ചു. ഞായറാഴ്ച ദൃശ്യങ്ങള്‍ ടിവി ചാനലുകളിലൂടെ പുറത്തായതോടെ പൊലീസ് നടപടി വിവാദമായി. നിയമം കൈയിലെടുക്കുന്നത് പൊറുക്കാനാവാത്ത തെറ്റാണെന്ന് ഡിജിപി ബി പ്രസാദറാവു മാധ്യമങ്ങളോട് പറഞ്ഞു. സ്ത്രീകളെ ശല്യം ചെയ്തതിന്റെ പേരില്‍ അറസ്റ്റിലായ ചെറുപ്പക്കാരെ പൊലീസ് ഇതേ ബസ്സ്റ്റാന്‍ഡില്‍ ക്രൂരമായി മര്‍ദിച്ചിരുന്നു.

deshabhimani

No comments:

Post a Comment