Monday, December 16, 2013

ലാല്‍സലാം മാഡിബ

ക്യുനു: ജനകോടികളുടെ ഹൃദയത്തില്‍ ഉണങ്ങാത്ത മുറിവ് അവശേഷിപ്പിച്ച് ദക്ഷിണാഫ്രിക്ക, രാഷ്ട്രത്തിന്റെ ധീരനായ പുത്രന് വിടചൊല്ലി. വര്‍ണവിവേചനത്തിനെതിരെ ജീവിതകാലം മുഴുവന്‍ പോരാടിയ ഇരുപതാംനൂറ്റാണ്ടിന്റെ വിമോചനനായകന്‍ നെല്‍സണ്‍ മണ്ടേലയ്ക്ക് ഇനി ജന്മനാടായ ക്യുനുവില്‍ അന്ത്യവിശ്രമം. ലോകനേതാക്കളുടെ സാന്നിധ്യത്തില്‍ പൂര്‍ണ ഔദ്യോഗികബഹുമതികളോടെയാണ് പരമ്പരാഗത ഗോത്രആചാരങ്ങളോടെ മണ്ടേലയുടെ സംസ്കാരം നടന്നത്.

ലോകത്തെമ്പാടുമുള്ള വിമോചന പോരാളികള്‍ക്ക് എക്കാലവും ആവേശം പകരുന്ന ധീരസ്മരണയായിരിക്കും ഇനി മാഡിബ. മണ്ടേലയുടെ വിധവ ഗ്രേസ, മുന്‍ ഭാര്യ വിന്നി എന്നിവരും അടുത്ത ബന്ധുക്കളും തെരഞ്ഞെടുത്ത അതിഥികളുമടക്കം 450 പേര്‍ക്ക് മാത്രമാണ് അന്തിമ ചടങ്ങുകള്‍ നേരിട്ടുകാണാന്‍ അവസരം ലഭിച്ചത്. ഇന്ത്യന്‍ സമയം പകല്‍ പന്ത്രണ്ടരയോടെ കുടുംബവീട്ടുവളപ്പില്‍ ആരംഭിച്ച വികാരനിര്‍ഭരമായ സംസ്കാരച്ചടങ്ങുകള്‍ ലോകരാഷ്ട്രങ്ങളില്‍ തത്സമയം സംപ്രേഷണം ചെയ്തു. പത്തുദിവസം നീണ്ട അന്ത്യാഭിവാദ്യ ചടങ്ങുകള്‍ക്ക് സമാപനം കുറിച്ച് ഞയറാഴ്ച രാവിലെ സൈനിക അകമ്പടിയോടെ മണ്ടേലയുടെ ചലനമറ്റ ദേഹം സംസ്കാരച്ചടങ്ങ് നടക്കുന്ന മണ്ഡപത്തില്‍ എത്തിച്ചു.

അന്തിമസംസ്കാരദൃശ്യങ്ങള്‍ തത്സമയം സംപ്രേഷണം ചെയ്തില്ല. ഗോത്രാചാരപ്രകാരം ഇതിന് വിലക്കുണ്ട്. മണ്ടേല ഉള്‍പ്പെട്ട തെംബു ഗോത്രവംശത്തിന്റെ പരമ്പരാഗതഗാനങ്ങള്‍ ചടങ്ങില്‍ ആലപിച്ചു. 21 തോക്കുകളില്‍നിന്ന് ആചാരവെടി മുഴക്കി. പ്രത്യേകം തയ്യാറാക്കിയ താല്‍ക്കാലികമണ്ഡപത്തില്‍ സംഘടിപ്പിച്ച അനുശോചനച്ചടങ്ങില്‍ ലോകനേതാക്കളടക്കമുള്ള നാലായിരത്തഞ്ഞൂറോളം പ്രമുഖര്‍ മണ്ടേലയ്ക്ക് അന്തിമയാത്രാമൊഴിയേകി. ലോകസമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം നേടിയ മണ്ടേലയുടെ 95 വര്‍ഷത്തെ ജീവിതത്തെ അനുസ്മരിച്ച് അദ്ദേഹത്തിന്റെ കൂറ്റന്‍ ഛായാചിത്രത്തിനുമുന്നില്‍ 95 മെഴുകുതിരികള്‍ കത്തിച്ചു.

ദക്ഷിണാഫ്രിക്കയെ ദാരിദ്ര്യത്തില്‍നിന്നും തൊഴിലില്ലായ്മയില്‍നിന്നും മോചിപ്പിക്കണമെന്ന മണ്ടേലയുടെ ആഗ്രഹത്തിനുവേണ്ടി പ്രവര്‍ത്തിക്കുമെന്ന് ദക്ഷിണാഫ്രിക്കാന്‍ പ്രസിഡന്റ് ജേക്കബ് സുമ അനുശോചനച്ചടങ്ങില്‍ പറഞ്ഞു. ആര്‍ച്ച് ബിഷപ് ഡെസ്മണ്ട് ടുട്ടു, ബ്രിട്ടീഷ് രാജകുമാരന്‍ ചാള്‍സ്, ഇറാന്‍ ഉപരാഷ്ട്രപതി മുഹമ്മദ് ഷരിയത്മാദാരി, നിരവധി ആഫ്രിക്കന്‍ രാഷ്ട്രത്തലവന്മാര്‍ എന്നിവര്‍ സംസാരിച്ചു. മണ്ടേലയുടെ ചെറുമക്കളായ നഡാബയും നന്‍ഡിയും കുടുംബത്തിനുവേണ്ടി അനുശോചനസന്ദേശം വായിച്ചു. തെരഞ്ഞെടുപ്പിലൂടെ അധികാരമേറ്റ ദക്ഷിണാഫ്രിക്കയുടെ ആദ്യ കറുത്തവംശജനായ പ്രസിഡന്റായ മണ്ടേല ഡിസംബര്‍ അഞ്ചിനാണ് അന്തരിച്ചത്.

deshabhimani

No comments:

Post a Comment