Wednesday, December 11, 2013

ഡബ്ല്യുടിഒ ബാലി ചര്‍ച്ചയിലെ കള്ളക്കളി വെളിപ്പെടുന്നു

ലോകവ്യാപാര സംഘടനയ്ക്ക് പുതുജീവന്‍ ലഭിച്ച ബാലിവട്ടം ചര്‍ച്ചയില്‍ അമേരിക്കയും യൂറോപ്യന്‍ യൂണിയനും നടത്തിയ കൂടുതല്‍ കള്ളക്കളികള്‍ വെളിപ്പെടുന്നു. കാര്‍ഷിക-ഭക്ഷ്യമേഖലകളില്‍ കനത്ത സബ്സിഡി നല്‍കുന്ന സമ്പന്നരാജ്യങ്ങളാണ് മൂന്നാംലോകരാജ്യങ്ങളെ സബ്സിഡി നിയന്ത്രണത്തിനുള്ള കരാറില്‍ എത്തിച്ചത്. കരാര്‍ നിലവില്‍വന്ന ദിവസത്തെ തോതില്‍ സബ്സിഡികള്‍ നിലനിര്‍ത്തണമെന്ന നിബന്ധന വഴി മൂന്നാംലോക രാജ്യങ്ങളെ വെട്ടിലാക്കി. ഇതിന് ഇന്ത്യ കൂട്ടുനില്‍ക്കുകയുംചെയ്തു. സമ്പന്നരാജ്യങ്ങള്‍ക്ക് നിലവിലുള്ള സബ്സിഡികള്‍ തുടരാം. അവരുടെ ഉല്‍പ്പന്നങ്ങള്‍ കുറഞ്ഞ വിലയില്‍ കയറ്റുമതിചെയ്യാം. എന്നാല്‍, കുറഞ്ഞ സബ്സിഡി ലഭിക്കുന്ന മൂന്നാംലോകരാജ്യങ്ങളില്‍ കാര്‍ഷിക ഉല്‍പ്പാദനച്ചെലവ് വര്‍ധിക്കുകയും കര്‍ഷകര്‍ കടക്കെണിയിലാവുകയുംചെയ്യും. വിദേശവിപണിയിലും അവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് രക്ഷയുണ്ടാകില്ല.

2012ല്‍ മാത്രം അമേരിക്കന്‍ സര്‍ക്കാര്‍ 3000 കോടി ഡോളറാണ് കാര്‍ഷിക സബ്സിഡി നല്‍കിയത്. ഇതിനുപുറമെ അമേരിക്ക ഓരോ വര്‍ഷവും ശരാശരി 7500 കോടി ഡോളര്‍വീതം പോഷകാഹാരപദ്ധതികള്‍ക്കായി ചെലവഴിക്കുന്നു. പ്രതിവര്‍ഷം 4.7 കോടി പേര്‍ക്ക് 240 കിലോഗ്രാം വീതം ഭക്ഷ്യധാന്യം സൗജന്യമായി നല്‍കുന്നതാണ് പദ്ധതി. കഴിഞ്ഞവര്‍ഷം യൂറോപ്യന്‍ യൂണിയന്‍ 27 അംഗരാജ്യങ്ങളിലായി മൊത്തം 10,700 കോടി ഡോളറാണ് സബ്സിഡി നല്‍കിയത്. എന്നാല്‍, കാര്‍ഷിക-ഭക്ഷ്യ മേഖലകളില്‍ മൊത്തത്തിലായി ഇന്ത്യ നടപ്പുവര്‍ഷം ചെലവഴിക്കുക 4500 കോടി ഡോളറാണ്. ഇന്ത്യയില്‍ 130 കോടി ജനസംഖ്യയുള്ളപ്പോള്‍ അമേരിക്കയില്‍ 31 കോടിയും യൂറോപ്യന്‍ യൂണിയനില്‍ മൊത്തത്തിലായി 50 കോടിയും മാത്രമാണ് ജനസംഖ്യ. സബ്സിഡിയുടെ ആളോഹരി വിഹിതം ഇന്ത്യയില്‍ എത്ര കുറവാണെന്ന് വ്യക്തം. 1995-2012 കാലയളവില്‍ അമേരിക്ക കര്‍ഷകര്‍ക്ക് നല്‍കിയ മൊത്തം സബ്സിഡി 29,250 കോടി ഡോളറാണ്. 10 ശതമാനം വരുന്ന സമ്പന്നകര്‍ഷകര്‍ക്കാണ് ബഹുഭൂരിപക്ഷവും ലഭിച്ചത്. വന്‍തോതില്‍ കയറ്റുമതിചെയ്യുന്ന വിളകള്‍ക്കാണ് സബ്സിഡി ആനുകൂല്യം കിട്ടിയതെന്നര്‍ഥം. സ്വതന്ത്രവ്യാപാരം അനുവദിക്കുകയും സമ്പന്നരാജ്യങ്ങളില്‍ കുറഞ്ഞ ചെലവില്‍ കൃഷി നടക്കുകയുംചെയ്യുമ്പോള്‍ സ്വാഭാവികമായും മൂന്നാംലോകരാജ്യങ്ങളിലേക്ക് ഉല്‍പ്പന്നങ്ങള്‍ ഒഴുകും. മൂന്നാംലോകരാജ്യങ്ങളിലെ കര്‍ഷകര്‍ പ്രതിസന്ധിയിലാകും. ഇന്ത്യയില്‍ 20 കോടി പേര്‍ കടുത്ത പട്ടിണിയിലാണെന്ന് യുഎന്‍ കണക്കുകള്‍തന്നെ പറയുന്നു. അതിനാല്‍ വര്‍ധിച്ച കാര്‍ഷിക-ഭക്ഷ്യ സബ്സിഡികള്‍ നല്‍കേണ്ട രാജ്യമാണ് ഇന്ത്യ. അതിന് തടയിട്ട ബാലി കരാര്‍ ആരുടെ താല്‍പ്പര്യങ്ങളാണ് സംരക്ഷിക്കുന്നതെന്ന് വിശദീകരിക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്.

deshabhimani

No comments:

Post a Comment