Friday, December 20, 2013

സാമൂഹ്യനേട്ടങ്ങള്‍ സമരങ്ങളുടെ ഫലം: പിണറായി

സമൂഹം ഇന്നനുഭവിക്കുന്ന നേട്ടങ്ങള്‍ അതിതീഷ്ണമായ സമരങ്ങളുടെ ഫലമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. സമരങ്ങളെ പുച്ഛിക്കാന്‍ എക്കാലത്തും ചില നിക്ഷിപ്തതാല്‍പ്പര്യക്കാരും വലതുപക്ഷ മാധ്യമങ്ങളും തയ്യാറായിട്ടുണ്ട്. ജീര്‍ണതകള്‍ക്ക് നേതൃത്വം നല്‍കുന്ന ഉമ്മന്‍ചാണ്ടി രാജിവയ്ക്കുന്നതുവരെ എല്‍ഡിഎഫ് സമരം തുടരുമെന്നും ഇടതു മഹിളാസംഘടനകള്‍ നടത്തിയ ക്ലിഫ്ഹൗസ് ഉപരോധം ഉദ്ഘാടനം ചെയ്യവെ പിണറായി പറഞ്ഞു.

ഏത് സമരം നടക്കുമ്പോഴും കുറച്ചുപേര്‍ക്ക് ചെറിയ തോതിലുള്ള പ്രശ്നങ്ങളുണ്ടാകാം. അതിനല്ല പ്രാധാന്യം നല്‍കേണ്ടത്. സമരത്തില്‍ ഉയര്‍ത്തുന്ന മുദ്രാവാക്യത്തിന്റെ ശരിയാണ് പ്രധാനം. നമുക്ക് ലഭിച്ച അവകാശങ്ങള്‍ പ്രക്ഷോഭങ്ങളിലൂടെ നേടിയെടുത്തതാണ്. മാറുമറയ്ക്കാനുള്ള അവകാശത്തിനുവേണ്ടി സ്ത്രീകള്‍ ഉജ്വലമായ സമരം നടത്തിയ നാടാണിത്. ജീവിതനിലവാരത്തിലും കൂലിയിലും നേടിയെടുത്ത ആനുകൂല്യങ്ങളിലും മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വ്യത്യസ്തമാണ് കേരളം. വിവിധ പ്രക്ഷോഭങ്ങളും സമരങ്ങളും നടത്തി മര്‍ദനവും വെടിവയ്പും തടങ്കല്‍ അടക്കമുള്ള പീഡനങ്ങളും സഹിച്ചാണ് ഈ മാറ്റങ്ങളുണ്ടാക്കിയത്. എല്ലാ പ്രക്ഷോഭങ്ങളിലും ഒരുവിഭാഗം ആളുകള്‍ അതിനെ എതിര്‍ക്കാനുണ്ടായിരുന്നു. ദൃശ്യമാധ്യങ്ങള്‍ ഇല്ലാതിരുന്ന അക്കാലത്ത് വലതുപക്ഷ അച്ചടിമാധ്യമങ്ങളായിരുന്നു എതിര്‍പ്പുമായി എത്തിയത്. കമ്യൂണിസ്റ്റുകാര്‍ക്കെതിരെ പല കഥകളും സൃഷ്ടിച്ചു. നമ്പീശന്റെ വീട്ടില്‍ കയറി സ്ത്രീകളുടെ മുല കടിച്ചുപറിച്ചു എന്നുവരെ പ്രചരിപ്പിച്ചു. ഇന്ന് വലിയസ്ഥാനം വഹിക്കുന്ന മാധ്യമമാണ് അങ്ങനെ എഴുതിയത്. അവരുടെ വിശ്വാസ്യത തകര്‍ന്നുവെന്നല്ലാതെ ജനങ്ങളില്‍ അതൊന്നും ഏശിയില്ല. സ്ത്രീകള്‍ വസ്ത്രം മാറുന്നത് ഒളിഞ്ഞുനോക്കാനുളള അവകാശത്തിനുവേണ്ടിയുള്ള സമരമാണെന്ന് പാലിയം സമരത്തെ അധിക്ഷേപിച്ച് ഒരു പത്രം മുഖപ്രസംഗം എഴുതി. അവരുടെ പിന്മുറക്കാരായി ഇന്ന് ചില മാധ്യമങ്ങള്‍ അധഃപതിക്കുന്നതില്‍ വല്ലാത്ത ഖേദമുണ്ട്.

മാധ്യമങ്ങളില്‍ ചിലതിന് നിക്ഷിപ്ത താല്‍പ്പര്യങ്ങളാണുള്ളത്. എല്‍ഡിഎഫിനെ എങ്ങനെയെങ്കിലും കുറച്ചുകാണിക്കാനുള്ള മാര്‍ഗങ്ങളാണ് നോക്കുന്നത്. ലക്ഷ്യം കാണാത്തതെന്നും ജനപിന്തുണയില്ലാത്തതെന്നും സമരങ്ങളെ പരിഹസിക്കുന്നു. കുടുംബശ്രീ സമരത്തെ ആദ്യം പുച്ഛിച്ച ഭരണാധികാരികള്‍ക്ക് മെല്ലെമെല്ലെ അതിന്റെ രൂക്ഷത ബോധ്യപ്പെട്ടത് ഓര്‍ക്കണം. അങ്ങനെയാണ് സമരസമിതിയുമായി സംസാരിച്ച് സര്‍ക്കാര്‍ മാന്യമായ ഒത്തുതീര്‍പ്പുണ്ടാക്കിയത്. മിച്ചഭൂമി ചൂണ്ടിക്കാണിക്കാന്‍ നടത്തിയ സമരം ഒരു ഘട്ടം പിന്നിട്ടപ്പോള്‍ സമരസമതി നേതാക്കളെ ചര്‍ച്ചയ്ക്ക് വിളിച്ച് ഉറപ്പുകള്‍ നല്‍കി. എന്നാല്‍, ഒന്നും നേടാതെയാണ് സമരം അവസാനിപ്പിച്ചതെന്ന് വലതുപക്ഷമാധ്യമങ്ങള്‍ പ്രചരിപ്പിച്ചു. ഉറപ്പുകള്‍ പാലിക്കുന്നതില്‍ സര്‍ക്കാര്‍ വീഴ്ച വരുത്തിയെങ്കില്‍ അതിനെയല്ലേ വിമര്‍ശിക്കേണ്ടത്. ആ മര്യാദ പാലിക്കാന്‍ എത്ര മാധ്യമങ്ങള്‍ക്ക് കഴിയുന്നു.

കേരളമാകെ മുള്‍മുനയിലായ സെക്രട്ടറിയറ്റ് ഉപരോധം പിന്‍വിലിച്ചത് സമരത്തിന്റെ ചൂടേറ്റ് മുഖ്യമന്ത്രി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചപ്പോഴാണ്. ഒരുലക്ഷത്തോളം പേര്‍ സമാധാനപരമായി ക്യാമ്പ് ചെയ്യുകയും ഉജ്വലമായ സമരം നടത്തി സമാധാനപരമായി തിരിച്ചുപോകുകയും ചെയ്തു. കഴുകന്‍ കണ്ണുകളുമായി കാത്തിരുന്നവര്‍ക്ക് അത് അത്ര ഇഷ്ടപ്പെട്ടില്ല. സമരത്തെ വക്രീകരിക്കാന്‍ ശ്രമങ്ങളായി. മുഖ്യമന്ത്രിയുടെ രാജിക്കുവേണ്ടിയുള്ള സമരം തുടരുമെന്ന് അന്നുതന്നെ പറഞ്ഞിരുന്നു. എന്നാല്‍, പ്രഖ്യാപിച്ച ജുഡീഷ്യല്‍ അന്വേഷണവും മുഖ്യമന്ത്രി പ്രഹസനമാക്കി. ഈ സാഹചര്യത്തിലാണ് സമരം കൂടുതല്‍ ശക്തമാക്കാന്‍ തീരുമാനിച്ചത്. അമ്പതു ശതമാനത്തോളം ജനങ്ങളുടെ പിന്തുണയുള്ള മുന്നണിയാണിത്. ഞങ്ങള്‍ എത് നിലപാട് സ്വീകരിക്കുന്നതും നാടിനെ മുന്നില്‍ക്കണ്ടായിരിക്കും. തങ്ങളുടെ ആദ്യത്തെ ബാധ്യത ജനങ്ങളോടും നാടിനോടുമാണന്നും പിണറായി പറഞ്ഞു.

deshabhimani

No comments:

Post a Comment