Friday, December 20, 2013

വീട്ടമ്മമാര്‍ ക്ലിഫ് ഹൗസ് ഉപരോധിച്ചു

സോളാര്‍ തട്ടിപ്പിന് നേതൃത്വം നല്‍കിയ ഉമ്മന്‍ചാണ്ടി രാജിവച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടണമെന്നാവശ്യപ്പെട്ട് ആയിരക്കണക്കിന് വീട്ടമ്മമാര്‍ ക്ലിഫ് ഹൗസ് ഉപരോധിച്ചു. സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉപരോധസമരം ഉദ്ഘാടനം ചെയ്തു. രാജ്ഭവന്‍, ടെന്നീസ് ക്ലബ്, നന്തന്‍കോട് എന്നീ മൂന്ന് സ്ഥലങ്ങളില്‍ കേന്ദ്രീകരിച്ച് ആയിരക്കണക്കിന് വീട്ടമ്മമാര്‍ ഉപരോധ ത്തില്‍ പങ്കെടുക്കാന്‍ എത്തിച്ചേര്‍ന്നത്. രാവിലെ മുതല്‍ വീട്ടമ്മമാരുടെ പ്രകടനം തുടങ്ങിയിരുന്നു. മുഖ്യമന്ത്രിക്കെതിരെ മുദ്രവാക്യം മുഴക്കി വന്‍ ആവേശത്തോടെയാണ് വീട്ടമ്മമാര്‍ എത്തിയത്.

സമരത്തിന്റെ പത്താം ദിനമായ ബുധനാഴ്ച പാറശ്ശാല നിയോജക മണ്ഡലത്തിലെ വളന്റിയര്‍മാരാണ് സമരത്തില്‍ പങ്കെടുത്ത് അറസ്റ്റ് വരിച്ചത്. സിപിഐ ദേശീയ കൗണ്‍സില്‍ അംഗം ബിനോയ് വിശ്വം ഉദ്ഘാടനംചെയ്തു. ആനാവൂര്‍ നാഗപ്പന്‍, വി ഗംഗാധരന്‍ നാടാര്‍, സി കെ ഹരീന്ദ്രന്‍, കടകുളം ശശി, അഡ്വ.സതീഷ്കുമാര്‍, എം എം ബഷീര്‍, എസ് നീലകണ്ഠന്‍ എന്നിവര്‍ പങ്കെടുത്തു. കള്ളിക്കാട് ചന്ദ്രന്‍ അധ്യക്ഷനായി. സ്ഥാണുപ്രസാദ് സ്വാഗതം പറഞ്ഞു.

കടലിരമ്പമായി സ്ത്രീപ്രവാഹം

തിരു: നാണംകെട്ടും അധികാരത്തില്‍ കടിച്ചുതൂങ്ങുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് താക്കീതായി കടലിരമ്പം പോലെ സ്ത്രീശക്തിപ്രവാഹം. മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിക്കു മുമ്പില്‍ പടയണി തീര്‍ത്ത ആയിരക്കണക്കിനു സ്ത്രീകള്‍ കേരളത്തിന്റെ അന്തസ് വീണ്ടെടുക്കാന്‍ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം തുടരുമെന്ന് ഒരേസ്വരത്തില്‍ പ്രഖ്യാപിച്ചു. മാധ്യമദുഷ്പ്രചാരണങ്ങളിലൂടെ ജനകീയസമരങ്ങളുടെ മുനയൊടിക്കാമെന്ന വ്യാമോഹത്തിന് മറുപടി കൂടിയായി സ്ത്രീകളുടെ ഈ മഹാപ്രവാഹം. സോളാര്‍ അഴിമതിക്കു കൂട്ടുനിന്ന മുഖ്യമന്ത്രി രാജിവെച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് ആരംഭിച്ച ക്ലിഫ്ഹൗസ് ഉപരോധത്തിന്റെ പതിനൊന്നാം നാളിലായിരുന്നു വീട്ടമ്മമാര്‍ മാത്രം അണിനിരന്ന സമരം.

മുഖ്യമന്ത്രി രാജിവയ്ക്കുംവരെ കേരളം പിന്നോട്ടില്ലെന്നതിന്റെ വിളംബരമായി സ്ത്രീകളുടെ വന്‍മുന്നേറ്റം. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയ സ്ത്രീകള്‍ രാജ്ഭവന്‍ പരിസരം, ടെന്നീസ് ക്ലബ്, നന്തന്‍കോട് എന്നിവിടങ്ങളില്‍ നിന്ന് പ്രകടനമായാണ് ക്ലിഫ്ഹൗസിനു മുമ്പിലേക്ക് നീങ്ങിയത്. കുട്ടികള്‍ മുതല്‍ മുത്തശ്ശിമാര്‍വരെ സമരരംഗത്തണിനിരന്നു. അവര്‍ ക്ലിഫ്ഹൗസിന് മുന്നില്‍ മതില്‍ തീര്‍ത്തതോടെ നേരിടാനെത്തിയ കാക്കിപ്പട കാഴ്ചക്കാരായി. ഉദ്ഘാടനം ചെയ്യാനെത്തിയ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ ഹര്‍ഷാരവങ്ങളോടെയാണ് സമരമുഖത്തേക്ക് സ്വീകരിച്ചത്. എല്ലാ പ്രക്ഷോഭങ്ങളെയും ഒരുവിഭാഗം എതിര്‍ക്കാനുണ്ടാകുമെന്നും മാറുമറയ്ക്കാനുള്ള പ്രക്ഷോഭത്തിനുപോലും അത് നേരിടേണ്ടിവന്നുവെന്നും പിണറായി പറഞ്ഞു. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് എസ് പുഷ്പലത അധ്യക്ഷയായി. മേയര്‍ കെ ചന്ദ്രിക, മഹിളാ ഫെഡറേഷന്‍ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് ഇന്ദിരാ രവീന്ദ്രന്‍, മെര്‍ളിന്‍, രാധിക(ഐക്യമഹിളാസംഘം)സെലിന്‍(കേരള വനിതാ കോണ്‍ഗ്രസ്) ലളിതകുമാരി(മഹിളാ ഫെഡറേഷന്‍) സരള(നാഷണലിസ്റ്റ് വനിതാ കോണ്‍) എന്നിവര്‍ സംസാരിച്ചു. മഹിളാ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി എം ജി മീനാംബിക സ്വാഗതം പറഞ്ഞു. സ്ത്രീകള്‍ അറസ്റ്റിന് തയ്യാറായെങ്കിലും ഇത്രയും പേരെ നീക്കംചെയ്യുക അസാധ്യമാണെന്ന് കണ്ട് പൊലീസ് പിന്മാറി.

ക്ലിഫ് ഹൗസിനുമുന്നില്‍ വഴി തടഞ്ഞത് പൊലീസ്: വൈക്കം വിശ്വന്‍

ക്ലിഫ് ഹൗസ് ഉപരോധത്തിന്റെ മറവില്‍ ബാരിക്കേഡ് സൃഷ്ടിച്ച് വഴി തടഞ്ഞത് പൊലീസാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സമരം ആരംഭിച്ചപ്പോള്‍ത്തന്നെ ഇക്കാര്യം ഡിജിപിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ഇപ്പോള്‍ വിവാദം ഉയര്‍ത്തിയ സഹോദരി രാവിലെ കുട്ടികളുമായി സ്കൂളിലേക്ക് പോയപ്പോള്‍ ആരും തടഞ്ഞില്ല. പിന്നീടാണ് പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞത്. ഇതിന് ഉത്തരവാദി പൊലീസാണ്. വാഴ വെട്ടിയെന്ന പേരിലും കുപ്രചാരണമാണ് ചിലര്‍ അഴിച്ചുവിട്ടത്. ഉമ്മന്‍ചാണ്ടി രാജിവയ്ക്കണമെന്ന ആഗ്രഹം വേഗത്തില്‍ നടക്കാത്തതുകൊണ്ടായിരിക്കാം ഉപരോധസമരം സംബന്ധിച്ച് ചില ഘടകകക്ഷി നേതാക്കളില്‍നിന്നുണ്ടായ പ്രതികരണം. സമരത്തിനെതിരെ വ്യാപകമായ പ്രചാരണമാണ് ചിലര്‍ ബോധപൂര്‍വം അഴിച്ചുവിട്ടത്. സോളാര്‍ അഴിമതിയുമായി ബന്ധപ്പെട്ട് നടത്തിയ സമരങ്ങളെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ ശ്രമിച്ചപ്പോഴും മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ ഉള്‍പ്പെട്ട ഭൂമിതട്ടിപ്പ് ഉയര്‍ന്നുവന്നപ്പോഴും ആരും ഉന്നയിക്കാത്ത മനുഷ്യാവകാശപ്രശ്നങ്ങളാണ് ഇപ്പോള്‍ ഉയര്‍ത്തുന്നത്. സലിംരാജിനെപ്പോലുള്ളവരെ സംരക്ഷിക്കുന്ന നിലപാടില്‍നിന്ന് സര്‍ക്കാര്‍ പിന്നോട്ടുപോയിട്ടില്ലെന്നാണ് ഓരോ ദിവസവും ഹൈക്കോടതിയില്‍നിന്നുണ്ടാകുന്ന പരാമര്‍ശങ്ങള്‍ തെളിയിക്കുന്നത്. ഭൂമി തട്ടിയെടുക്കപ്പെട്ടവരുടെ മനുഷ്യാവകാശപ്രശ്നങ്ങള്‍ ആരും പരിഗണിച്ചില്ല.

ക്ലിഫ് ഹൗസിനുമുന്നില്‍ സമരം തുടങ്ങിയപ്പോള്‍ മനുഷ്യാവകാശത്തിന്റെ പാതിവ്രത്യം തകര്‍ക്കപ്പെട്ടുവെന്നാണ് പ്രചാരണം. ജനസമ്പര്‍ക്കപരിപാടിയുടെ പേരില്‍ വന്‍ തട്ടിപ്പാണ് നടക്കുന്നത്. മുഖ്യമന്ത്രിക്ക് ഇഷ്ടമുള്ളവര്‍ക്ക് ആനുകൂല്യം നല്‍കുകയാണ്. സംസ്ഥാനത്തിന്റെ പണമാണ് ഇങ്ങനെ ചെലവഴിക്കുന്നത്. എപിഎല്‍ കാര്‍ഡ് ബിപിഎലാക്കുന്നതിനുള്ള പരാതികളാണ് മുഖ്യമന്ത്രിക്ക് ലഭിക്കുന്നവയില്‍ ഏറെയും. കഴിഞ്ഞ ജനസമ്പര്‍ക്കപരിപാടിയില്‍ കിട്ടിയ രണ്ടുലക്ഷം പരാതി കുപ്പത്തൊട്ടിയിലാണ്. കേരളത്തിന്റെ മതേതരപാരമ്പര്യം തകര്‍ക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ യുഡിഎഫ് ബിജെപിയില്‍ അഭയംപ്രാപിക്കുന്നതിന്റെ തെളിവാണ് മോഡിയുടെ സംഘത്തെ സ്വീകരിച്ചത്. പി സി ജോര്‍ജിനെ ബിജെപിയുടെ കൂട്ടയോട്ടം ഉദ്ഘാടനം ചെയ്യാന്‍ അയച്ചത് ബോധപൂര്‍വമാണ്. ചില മന്ത്രിമാരുടെ ഇടപാടുസംബന്ധിച്ച് പി സി ജോര്‍ജിന്റെ വെളിപ്പെടുത്തലുകള്‍ തള്ളിക്കളയാവുന്നതല്ല. ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള ചില മന്ത്രിമാര്‍ക്ക് ഗുജറാത്തിലെ മലയാളിവ്യവസായിയുമായി ബന്ധമുണ്ടെന്ന് വ്യക്തമായിട്ടുണ്ടെന്ന് വൈക്കം വിശ്വന്‍ പറഞ്ഞു. സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്റെ അധ്യക്ഷതയിലായിരുന്നു എല്‍ഡിഎഫ് യോഗം. നിയമസഭാ സമ്മേളനത്തിനുമുമ്പ് വീണ്ടും എല്‍ഡിഎഫ് യോഗം ചേരും.

ഉപരോധം ശക്തമായി തുടരും: എല്‍ഡിഎഫ്

സോളാര്‍ അഴിമതിയില്‍ മുങ്ങിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് നടത്തുന്ന ക്ലിഫ് ഹൗസ് ഉപരോധം കൂടുതല്‍ ശക്തമായി തുടരാന്‍ എല്‍ഡിഎഫ് സംസ്ഥാന കമ്മറ്റി തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയായ ക്ലിഫ് ഹൗസ് ഉപരോധിക്കാന്‍ എല്ലാ ഘടകകക്ഷികളും ചേര്‍ന്ന് തീരുമാനിച്ചതാണ്. അത് മാറ്റേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും യോഗത്തിനുശേഷം കണ്‍വീനര്‍ വൈക്കം വിശ്വന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ക്രിസ്മസ് കണക്കിലെടുത്ത് 24നും 25നും ഉപരോധം ഒഴിവാക്കാനും യോഗം തീരുമാനിച്ചു.

deshabhimani

No comments:

Post a Comment