Thursday, August 6, 2020

ഹിന്ദുരാഷ്‌ട്രത്തിലേക്ക്‌ ശിലയിട്ടു ; ചടങ്ങ് ഏറ്റെടുത്ത് കേന്ദ്രവും യുപി സര്‍ക്കാരും

രാമക്ഷേത്രം ദേശീയവികാരമാണെന്ന്‌ പ്രഖ്യാപിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോഡി അയോധ്യയിൽ ക്ഷേത്രത്തിന് ശിലയിട്ടു. 1992 വരെ അഞ്ച്‌ നൂറ്റാണ്ട്‌ ബാബ്‌റി മസ്‌ജിദ്‌ നിലനിന്ന സ്ഥലത്താണ്‌ ക്ഷേത്രനിര്‍മാണം. സുപ്രീംകോടതിവിധി പ്രകാരം ക്ഷേത്രചുമതല ട്രസ്റ്റിനായിരിക്കെ, ഭൂമിപൂജ ആർഎസ്‌എസും കേന്ദ്ര–-സംസ്ഥാനസർക്കാരുകളും ഏറ്റെടുത്ത് രാഷ്ട്രീയപരിപാടിയാക്കി.

ബാബ്‌റി മസ്‌ജിദ്‌ തകർത്ത ​കേസില്‍ സിബിഐ കോടതിയില്‍ വിചാരണ തുടരവെ കൃത്യത്തിൽ പങ്കാളിയായവരെ ആദരിക്കുംവിധമായിരുന്നു ചടങ്ങ്‌‌. പള്ളി‌ തകർത്ത് ക്ഷേത്രനിര്‍മാണത്തിന് വഴിയൊരുക്കിയവരെ സ്വാതന്ത്ര്യസമരസേനാനികൾക്കു‌ തുല്യരായി പ്രധാനമന്ത്രി വാഴ്ത്തി. ശിലാസ്ഥാപന നാളിനെ സ്വാതന്ത്ര്യദിനത്തോടാണ്‌ പ്രധാനമന്ത്രി ഉപമിച്ചത്‌. ഹിന്ദുരാഷ്ട്രം സ്ഥാപിക്കാനുള്ള ആർഎസ്‌എസ്‌ പദ്ധതിയുടെ പരസ്യമായ തറക്കല്ലിടലായി ചടങ്ങ്. ജമ്മു കശ്മീരിന് പ്രത്യേകപദവി എടുത്തുകളഞ്ഞതിന്റെ വാര്‍ഷികദിനംതന്നെയാണ് ഭൂമിപൂജയ്‌ക്കും കേന്ദ്രം തെരഞ്ഞെടുത്തത്.

വിശ്വഹിന്ദു പരിഷത്ത്‌ 1989ൽ വിഭാവനംചെയ്‌ത രാമക്ഷേത്രം യാഥാർഥ്യമാക്കുന്നതിനുള്ള ആദ്യചടങ്ങില്‍ ഉത്തർപ്രദേശ്‌ ഗവർണർ ആനന്ദിബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌, ആർഎസ്‌എസ്‌ തലവൻ മോഹൻ ഭാഗവത്‌, വ്യവസായിയും യോഗ ഗുരുവുമായ ബാബ രാംദേവ്‌ തുടങ്ങിയവരും സംഘപരിവാർ–- ബിജെപി നേതാക്കളും പങ്കെടുത്തു. മസ്‌ജിദ്‌ തകർത്തതിന്റെ ഗൂഢാലോചനക്കേസിൽ പ്രതിയായ ഉമാ ഭാരതിയും സംബന്ധിച്ചു.

ലഖ്‌നൗവിൽനിന്ന്‌ ഹെലികോപ്‌റ്ററിൽ അയോധ്യയിൽ എത്തിയ പ്രധാനമന്ത്രി ആദ്യം ഹനുമാൻക്ഷേത്രം സന്ദർശിച്ചു. പൂജകൾക്കുശേഷം പന്ത്രണ്ടരയോടെ 40 കിലോഗ്രാം വെള്ളിയിൽതീർത്ത ശിലയിട്ടു. രാമക്ഷേത്രം  ഇന്ത്യൻ പാരമ്പര്യത്തിന്റെ ആധുനിക പ്രതീകമായി മാറുമെന്ന്‌ പ്രധാനമന്ത്രി പറഞ്ഞു. പൊളിക്കുകയും പുനർനിർമിക്കുകയും ചെയ്യുന്ന ആവർത്തനചക്രത്തിൽനിന്ന്‌ രാമജന്മഭൂമി മോചിതമായി.

മഹാത്മാഗാന്ധി നേതൃത്വം നല്‍കിയ സ്വാതന്ത്ര്യസമരംപോലെ രാമക്ഷേത്രനിർമാണവും സാധാരണക്കാരുടെ പങ്കാളിത്തത്തോടെ‌ നടത്തും. ആഗസ്‌ത്‌ 15 പോലെ തലമുറകൾ നൂറ്റാണ്ടുകളായി നടത്തിയ പോരാട്ടം സഫലമായ ദിനമായി രാമക്ഷേത്രനിർമാണത്തിന്‌ തുടക്കംകുറിച്ച ദിവസം ഓർമിക്കപ്പെടുമെന്ന്‌- മോഡി പറഞ്ഞു. 

ആർഎസ്‌എസ്‌ സ്വപ്‌നംകണ്ട ദിവസമാണ് ഇതെന്നും പുതിയ ഇന്ത്യയുടെ തുടക്കമാണെന്നും മോഹൻ ഭാഗവത്‌ പറഞ്ഞു. അങ്ങേയറ്റം വൈകാരികമായ ദിനത്തിന്‌  പ്രധാനമന്ത്രിക്ക്‌ നന്ദി രേഖപ്പെടുത്തുന്നതായി ആദിത്യനാഥ്‌ പറഞ്ഞു. സരയൂനദീതീരത്തെ ചടങ്ങ്‌ വീക്ഷിക്കാൻ സംഘപരിവാർ പ്രവർത്തകരും നാട്ടുകാരും വൻതോതിൽ തടിച്ചുകൂടി. വേദിക്കു പുറത്ത്‌ ബാരിക്കേഡ്‌ സ്ഥാപിച്ച്‌ പൊലീസ്‌ ഇവരെ തടഞ്ഞു. അതിഥികൾ മാസ്‌ക്‌ ധരിച്ചിരുന്നു. എന്നാൽ, ജനക്കൂട്ടത്തിൽ മാസ്‌ക്‌ ധരിച്ചവർ കുറവായിരുന്നു. ശാരീരിക അകലം പാലിക്കലും ഉണ്ടായില്ല.

ക്ഷേത്രമുയരുന്നതില്‍ കോണ്‍​ഗ്രസിനും ആവേശം

അയോധ്യയിലെ ഭൂമിപൂജ സംഘപരിവാറിനൊപ്പം കോൺഗ്രസും ആഘോഷമാക്കി. യുപിയിലും മധ്യപ്രദേശിലും മറ്റും ഭൂമിപൂജ മുൻനിർത്തി പ്രത്യേക പൂജയും  പ്രാർഥനയും സംഘടിപ്പിച്ചു. കമൽനാഥ്‌ അടക്കമുള്ള മുതിർന്ന കോൺഗ്രസ്‌ നേതാക്കളുടെ വസതികളിൽ പ്രത്യേക പ്രാർഥന നടന്നു. ക്ഷേത്രനിർമാണത്തിനായി 11 വെള്ളി ഇഷ്ടിക അയോധ്യയിലേക്ക്‌ അയക്കുമെന്ന്‌ കമൽനാഥ്‌ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനുള്ള പണം കോൺഗ്രസ്‌ പ്രവർത്തകര്‍‌ സമാഹരിക്കും. അയോധ്യയിൽ രാമക്ഷേത്രം വികാരമാണെന്നും രാമരാജ്യം വരുമെന്ന്‌ രാജീവ്‌ ഗാന്ധി 1989ൽ പറഞ്ഞിരുന്നുവെന്നും കമൽനാഥ്‌ പറഞ്ഞു. ക്ഷേത്രത്തിന്‌ ശില പാകിയത്‌ രാജീവ്‌ ഗാന്ധിയാണ്‌. അദ്ദേഹം കാരണമാണ്‌ രാമക്ഷേത്ര സ്വപ്‌നം യാഥാർഥ്യമാകുന്നത്‌. ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ അദ്ദേഹം ഏറെ സന്തോഷിച്ചേനെ–- കമൽനാഥ്‌ പറഞ്ഞു. 

കമൽനാഥിന്റെ വാക്കുകളെ മധ്യപ്രദേശ്‌ മുൻമുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ ദിഗ്‌വിജയ്‌ സിങ്ങും ശരിവച്ചു. അയോധ്യയിലെ ബാബ്‌റി മസ്‌ജിദ്‌ ഭൂമിയിൽ രാമക്ഷേത്രം വരണമെന്ന്‌ രാജീവ്‌ ഗാന്ധി ആഗ്രഹിച്ചിരുന്നുവെന്ന്‌ ദിഗ്‌വിജയ്‌ പറഞ്ഞു. എന്നാൽ‌, അശുഭ മുഹൂർത്തത്തിലാണ്‌ ഭൂമിപൂജയെന്ന് അദ്ദേഹം പരിഭവിച്ചു. വേദിവിധി പ്രകാരമല്ല പൂജയെങ്കിലും ക്ഷേത്രത്തിന്റെ വേഗത്തിലുള്ള നിർമാണത്തിന്‌ തടസ്സം വരില്ലെന്നാണ്‌ പ്രതീക്ഷയെന്ന്‌ ദിഗ്‌വിജയ്‌ ട്വിറ്ററിൽ പറഞ്ഞു.

പഞ്ചാബ്‌ മുഖ്യമന്ത്രി അമരീന്ദർ സിങ്‌, രാജസ്ഥാൻ മുഖ്യമന്ത്രി അശോക്‌ ഗെഹ്‌ലോട്ട്‌ എന്നിവരും ക്ഷേത്രനിർമാണത്തെ സ്വാഗതം ചെയ്‌തു. എല്ലാ ഇന്ത്യക്കാരുടെയും ദീർഘനാളായുള്ള സ്വപ്‌നമാണ്‌ പൂവണിയുന്നതെന്ന്‌ അമരീന്ദർ പറഞ്ഞു. സംസ്‌കാരത്തിലും പാരമ്പര്യത്തിലും വലിയ സ്ഥാനമാണ്‌ രാമനുള്ളതെന്ന്‌ ഗെഹ്‌ലോട്ട്‌ പറഞ്ഞു. രാഹുലും പ്രിയങ്കയും ക്ഷേത്രനിർമാണത്തെ സ്വാഗതം ചെയ്‌തതോടെയാണ്‌ ഇവരുടെ പ്രതികരണം. ഛത്തിസ്‌ഗഢ്‌ മുഖ്യമന്ത്രി ഭൂപേഷ്‌ ബാഗല്‍ റായ്‌പുരിൽ ‘മാതാ കൗസല്യയുടെ’ വമ്പൻ ക്ഷേത്രം നിർമിക്കുമെന്ന്‌ പ്രഖ്യാപിച്ചു. രാമായണവുമായി ബന്ധപ്പെടുത്തി മത വിനോദസഞ്ചാര സർക്ക്യൂട്ടുകൾ വികസിപ്പിക്കുമെന്നും രാമൻ നിർമിച്ചതെന്ന്‌ വിശ്വസിക്കുന്ന ജഗദൽപ്പുരിലെ ശിവക്ഷേത്രം പുനരുദ്ധരിക്കുമെന്നും ബാഗെൽ പ്രഖ്യാപിച്ചു.

സാജൻ എവുജിൻ

അയോധ്യയിൽ സംഭവിക്കുന്നത് ജനാധിപത്യത്തിന് ഗുണകരമല്ല : എം ജി എസ് നാരായണൻ

കോഴിക്കോട്: അയോധ്യയിൽ സംഭവിക്കുന്നത് മതനിരപേക്ഷമായ നമ്മുടെ രാഷ്ട്ര സങ്കൽപത്തിന് ഗുണകരമല്ലെന്ന് ചരിത്രകാരൻ ഡോ. എം ജി എസ് നാരായണൻ.  പ്രധാനമന്ത്രിയടക്കം പങ്കെടുക്കുന്നത് എന്തായാലും പ്രോത്സാഹജനകമായി തോന്നുന്നില്ല. ജനാധിപത്യ സമൂഹത്തിൽ ഇതേക്കുറിച്ചെല്ലാം ഏറെ ആശങ്കകൾ നിലനിൽക്കുന്നുണ്ട്. എന്തായാലും ആരോഗ്യകരമായ ജനാധിപത്യ–--മതനിരപേക്ഷ സംവിധാനത്തിന് ചേർന്നതല്ല ഇതൊന്നും.

കോൺഗ്രസ് എന്നും സ്വീകരിച്ചത് മൃദുഹിന്ദുത്വം , രാഷ്ട്രം എന്ന സങ്കൽപ്പമുള്ള പാർടി പെരുമാറേണ്ടത് ഇങ്ങനെയല്ല : എം എൻ കാരശേരി

കോഴിക്കോട്: പ്രിയങ്കയുടെ വാക്കുകളിൽ അത്ഭുതപ്പെടാനില്ല. കോൺഗ്രസിന്റെ ഈ നിലപാട് പുതിയതുമല്ല. കേരളത്തിലെ കോൺഗ്രസിന്റെ മുതിർന്ന നേതാവാണ് എ കെ ആന്റണി. അദ്ദേഹം സംഘപരിവാറിനെതിരെ ഒരിക്കലും ഒന്നും പറയാറില്ല. 1992 ഡിസംബർ ആറിനാണ് ബാബറി മസ്ജിദ് തകർത്തത്. അന്ന് ആന്റണിയുടെ പ്രതികരണം ന്യൂനപക്ഷങ്ങൾ ഭൂരിപക്ഷ വികാരം മാനിച്ച് വിധേയരായി ജീവിക്കണമെന്നായിരുന്നു. പള്ളിപൊളിച്ചത് തെറ്റാണെന്ന് ആന്റണി അന്നേരവും  പറഞ്ഞില്ല.

പള്ളി പൊളിക്കാനിടയാക്കിയത് രാജീവ് ഗാന്ധിയുടെ നിലപാടാണ്. 1986ൽ ഹിന്ദുത്വവാദികൾക്ക് വിവാദത്തിലുള്ള കെട്ടിടത്തിന്റെ ഒരു ഭാഗം തുറന്നു കൊടുത്തതിനാലാണത്. ആറുകൊല്ലം കഴിഞ്ഞ് പള്ളി പൊളിക്കുമ്പോൾ പ്രധാനമന്ത്രി വാജ്‌പേയിയോ മോഡിയോ ആയിരുന്നില്ല, പി വി നരസിംഹ റാവുവായിരുന്നു. മൃദുഹിന്ദുത്വം കോൺഗ്രസ് എന്നും സ്വീകരിച്ചുപോന്ന നയമാണ്. യുപിയിൽ ഗോവധം നിരോധിച്ചത് ബിജെപി അല്ല, കോൺഗ്രസായിരുന്നു.

കോൺഗ്രസിനങ്ങനെ അവകാശപ്പെടാൻ ഒരു മതനിരപേക്ഷ നിലപാടില്ലെന്ന് ചരിത്രം പരിശോധിച്ചാൽ മനസ്സിലാകും. ഗാന്ധിജിയും നെഹ്റുവും അബ്ദുൾ കലാം ആസാദുമാണിതിനപവാദം. അവരെ മറക്കുന്നില്ല. എന്നാൽ മറ്റുള്ള എല്ലാക്കാലത്തും മതമൗലികവാദപ്രീണനമായിരുന്നില്ലേ നയം.

രാഷ്ട്രം എന്ന സങ്കൽപ്പമുള്ള പാർടി പെരുമാറേണ്ടത് ഇങ്ങനെയല്ല. വലിയ സങ്കൽപ്പങ്ങളും വലിയ നേതാക്കളുമുള്ള പാർടിയായിരുന്നു കോൺഗ്രസ്. അതിനേറ്റവും വലിയ തെളിവാണ് 1949ൽ അയോധ്യയിൽ നെഹ്റു സ്വീകരിച്ച നിലപാട്. അന്ന് പ്രശ്നമുണ്ടാക്കിയപ്പോൾ കെട്ടിടം അടച്ചിട്ടു. അത് ചരിത്രസ്മാരകമാക്കി സംരക്ഷിക്കണം, മതത്തിന്റെ ശക്തികൾക്ക് വിട്ടുകൊടുക്കരുത് എന്നതായിരുന്നു നെഹ്‌റു സ്വീകരിച്ച സമീപനം. ഈ ചരിത്രമാണ് ഇന്നത്തെ കോൺഗ്രസുകാർ മറന്നു പോകുന്നത്.

രാമക്ഷേത്രം: പ്രിയങ്കയുടെ പ്രസ്‌താവനയിൽ എതിർപ്പ്‌ രണ്ട്‌ വരിയിൽ ഒതുക്കി ലീഗ്‌

മലപ്പുറം > പ്രിയങ്ക ഗാന്ധിയുടെ രാമക്ഷേത്ര നിർമാണത്തെ അനുകൂലിച്ചുള്ള നിലപാടിൽ എതിർപ്പ്‌ രണ്ട്‌ വരിയിൽ ഒതുക്കി മുസ്ലിം ലീഗ്‌ ദേശീയ നിർവാഹക സമിതിയോഗം. നിലപാടിൽ എതിർപ്പ്‌ അറിയിച്ച്‌ പ്രമേയം പാസ്സാക്കി. യോഗത്തിനുശേഷം വാർത്താസമ്മേളനത്തിലാണ്‌ ഇക്കാര്യം അറിയിച്ചത്‌.

പ്രിയങ്കയുടെ നിലപാട്‌ അനവസരത്തിലുള്ളതാണ്‌ എന്ന്‌ മാത്രമാണ്‌ ലീഗ്‌ പ്രമേയത്തിൽ പറയുന്നത്‌. പരാമർശത്തിൽ എതിർപ്പ്‌ എന്നതല്ലാതെ പ്രതിഷേധമോ മറ്റ്‌ കാര്യങ്ങളോ ഒന്നുംതന്നെ പ്രമേയത്തിൽ ഇല്ല. പ്രിയങ്കയോട്‌ പ്രസ്‌താവന പിൻവലിക്കണം എന്ന്‌ ആവശ്യപ്പെടുമോ എന്ന ചോദ്യത്തിൽ നിന്നും ലീഗ്‌ നേതാക്കൾ ഒഴിഞ്ഞുമാറി.

അയോധ്യ വിഷയത്തിൽ ലീഗ്‌ കോടതി വിധിയെ സ്വഗതം ചെയ്‌തില്ലെന്നും, സാമുദായിക ഐക്യം തകരാതെ നോക്കുകയാണ്‌ ഉണ്ടായതെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇ ടി മുഹമ്മദ്‌ ബഷീർ, കെ പി എ മജീദ്‌, എം കെ മുനീർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.

കോൺഗ്രസ്‌ പ്രതികരണം നിരാശപ്പെടുത്തുന്നത്‌; മതനിരപേക്ഷതയ്‌ക്കു‌വേണ്ടി നിലകൊള്ളുന്ന പാർടി വ്യക്തമായ നിലപാടാണ്‌ എടുക്കേണ്ടിയിരുന്നത്‌ : സച്ചിദാനന്ദൻ

രാമക്ഷേത്രനിർമാണത്തിന്‌ തുടക്കംകുറിച്ചതിനോടുള്ള കോൺഗ്രസിന്റെ പ്രതികരണം നിരാശപ്പെടുത്തുന്നതാണ്‌. ക്ഷേത്രനിർമാണത്തിന്‌ ആശംസ നേർന്നും ശ്രീരാമനെ സ്‌തുതിച്ചുമാണ്‌ പ്രിയങ്ക ഗാന്ധി പ്രതികരിച്ചത്‌. രാഹുൽ ഗാന്ധി പരോക്ഷമായി അനുകൂലിച്ചു. മതനിരപേക്ഷതയ്‌ക്കു‌വേണ്ടി നിലകൊള്ളുന്ന പാർടി വ്യക്തമായ നിലപാടാണ്‌ എടുക്കേണ്ടിയിരുന്നത്‌. രാജീവ്‌ഗാന്ധിയുടെ കാലംമുതലാണ്‌ കോൺഗ്രസ്‌ മൃദുഹിന്ദുത്വ സമീപനം തുടങ്ങുന്നത്‌.  നരസിംഹ റാവു പ്രധാനമന്ത്രിയായിരുന്നപ്പോഴാണ്‌ ബാബ്‌റി മസ്‌ജിദ്‌ ധ്വംസനം നടക്കുന്നത്‌. 

മതനിരപേക്ഷ രാഷ്‌ട്രത്തിന്റെ പ്രധാനമന്ത്രി മോഡിയാണ്‌ ബാബ്‌റി മസ്‌ജിദ്‌ തകർത്ത സ്ഥലത്ത്‌ ക്ഷേത്രം നിർമിക്കാൻ ശിലാസ്ഥാപനം നടത്തിയത്‌. ആർഎസ്‌എസിന്റെ പ്രധാന നേതാവ്‌ മോഹൻ ഭാഗവതിനെ അതിഥിയായി ക്ഷണിച്ചാണ്‌ ചടങ്ങ്‌ നടത്തിയത്‌. ഇതിനെയാണ്‌ കോൺഗ്രസ്‌ പിന്തുണച്ചത്‌. ജുഡീഷ്യറിയുടെ അപചയം വിളിച്ചോതിയ വിധിയുടെ പേരിലാണ് ഈ മന്ദിരം ഉയർത്തുന്നത്.

ജുഡീഷ്യറിയുടെയും ജനാധിപത്യത്തിന്റെയും അപചയത്തിനെതിരെയും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളുടെ സമ്പൂർണ നിരാകരണത്തിനെതിരെയും ശബ്ദമുയർത്തേണ്ട പ്രതിപക്ഷം നിശ്ശബ്ദമാകുന്നെങ്കിൽ അതിനർഥം ജനാധിപത്യം അനാഥമായിരിക്കുന്നുവെന്നാണ്.

അയോധ്യയിൽ പ്രതിഷ്‌ഠിക്കുന്ന രാമൻ വാൽമീകിയുടെയോ കബീറിന്റെയോ രാമനല്ല. ആത്മീയത ചോർത്തിക്കളഞ്ഞ വർഗീയത മുഖമുദ്രയാക്കിയ മറ്റ്‌ മതങ്ങളെ അന്യവൽക്കരിക്കുകയും ചെയ്യുന്ന രാമനാണ്‌. ഇവർ ചിത്രീകരിക്കുന്ന രാമൻ‌ അമ്പും വില്ലുമായി യുദ്ധത്തിന്‌ തയ്യാറായിരിക്കുന്ന രാമനാണ്‌. സീതയെ തെരയുന്ന പാവപ്പെട്ട രാമനല്ല. ഇത്‌ യഥാർഥ ഹിന്ദുവിശ്വാസികൾ തിരിച്ചറിയണം.

രാഷ്ട്രീയപരിപാടിയായി ഭൂമിപൂജ ; കര്‍സേവ സ്വാതന്ത്ര്യ പോരാട്ടമാക്കി മോഡി

ഹിന്ദുത്വരാഷ്ട്രം സ്ഥാപിക്കാനുള്ള ആർഎസ്‌എസ്‌ പദ്ധതിക്ക്‌ ഇനി ഗതിവേഗമേറും. രഹസ്യഅജൻഡയുടെ കാലം കഴിഞ്ഞു. രാമക്ഷേത്രം ഇന്ത്യൻ സംസ്‌കാരത്തിന്റെയും ശാശ്വതവിശ്വാസത്തിന്റെയും ദേശീയബോധത്തിന്റെയും പ്രതീകമാണെന്ന്‌ പ്രഖ്യാപിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇതിന്‌ അടിവരയിട്ടു.

ജമ്മുകശ്‌മീരിന്റെ പ്രത്യേക പദവി എടുത്തുകളയുകയും വെട്ടിമുറിക്കുകയും ചെയ്‌തതിന്റെ വാർഷികദിനത്തിലാണ് പ്രചണ്ഡമായ മാധ്യമപ്രചാരണത്തിന്റെ അകമ്പടിയിൽ‌ മോഡിയും യോഗി ആദിത്യനാഥും മോഹൻ ഭാഗവതും ചേർന്ന്‌ രാമക്ഷേത്രത്തിന്‌ ശിലയിട്ടത്‌. മസ്‌ജിദ്‌ തകർത്ത കേസിലെ പ്രതികളെ ആദരിക്കുന്ന ചടങ്ങു‌കൂടിയായി ഇത്‌ മാറി. കേസ്‌ പ്രത്യേക സിബിഐ കോടതിയിൽ വിചാരണ തുടരുകയാണ്‌. മസ്‌ജിദ്‌ തകർത്തത്‌ കുറ്റകരമായ പ്രവൃത്തിയാണെന്നു‌ സുപ്രീംകോടതി ഭരണഘടനാ ബെഞ്ച്‌ വ്യക്തമാക്കിയിട്ടുണ്ട്‌. എന്നാല്‍ ഇതിൽ പങ്കെടുത്തവരെ സ്വാതന്ത്ര്യസമരസേനാനികൾക്കു‌ തുല്യരായി വാഴ്‌ത്തുകയാണ്‌ പ്രധാനമന്ത്രി ചെയ്‌തത്‌. സ്വാതന്ത്ര്യസമരത്തിൽനിന്നു‌ ഒളിച്ചോടിയവർ പുതിയ ചരിത്രം ചമയ്‌ക്കുകയാണ്‌. രാമക്ഷേത്ര നിർമാണത്തിന്‌ തുടക്കംകുറിച്ച നാളിനെ സ്വാതന്ത്ര്യദിനമായ ആഗസ്‌ത്‌ 15നോടാണ്‌ പ്രധാനമന്ത്രി ഉപമിച്ചത്‌.

സംഘപരിവാറിനുവേണ്ടി സംഘപരിവാർ നിർമിക്കുന്ന ക്ഷേത്രത്തെ ഇന്ത്യൻ ക്ഷേത്രമായി വിശേഷിപ്പിച്ചത് പ്രധാനമന്ത്രി വിഭാവന ചെയ്യുന്ന ‘പുതിയ ഇന്ത്യ’യുടെ സ്വഭാവം വ്യക്തമാക്കുന്നു. രാമക്ഷേത്ര നിർമാണം 35 വർഷം മുമ്പുമാത്രം ഉയർന്ന ആവശ്യമാണ്‌. നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ആവശ്യം എന്നാണ്‌ പ്രധാനമന്ത്രി വ്യാഖ്യാനിച്ചത്‌. ബിജെപി വൻനേട്ടം കൊയ്‌ത 2019ലെ തെരഞ്ഞെടുപ്പിൽപോലും ലഭിച്ചത്‌ 37 ശതമാനം വോട്ടാണ്‌. മൊത്തം ഇന്ത്യക്കാരുടെയും അവകാശികളായി മാറിയെന്ന മട്ടിലാണ് മോ‍‍ഡിയു‌ടെ പ്രഖ്യാപനം.

മതേതരത്വത്തെ വെല്ലുവിളിക്കുന്നു: ഐഎൻഎൽ

അയോധ്യയിൽ രാമക്ഷേത്ര ഭൂമിപൂജക്കും ശിലാന്യാസത്തിനും പ്രധാനമന്ത്രി മോഡി നേതൃത്വംകൊടുത്തത്   മതേതര ജനാധിപത്യക്രമത്തോടുള്ള വെല്ലുവിളിയാണെന്ന്‌ ഐഎൻഎൽ അഖിലേന്ത്യാ പ്രസിഡന്റ്‌ പ്രൊഫ. മുഹമ്മദ് സുലൈമാൻ.

അയോധ്യയിൽ ഉയരുന്നത് ഹിന്ദുത്വശക്തികളുടെ രാഷ്ട്രീയാധികാരത്തിന് വേണ്ടിയുള്ള രാമക്ഷേത്രമാണ്. ഇത് തിരിച്ചറിയാനും രാജ്യത്തെ മതേതര മൂല്യങ്ങളിലേക്ക് തിരിച്ചുകൊണ്ടുപോകാനും മതേതര വിശ്വാസികൾ തയാറാകണം. രാജ്യത്തിന്റെ ഐക്യവും ജനങ്ങൾ തമ്മിലുള്ള പാരസ്പര്യവും നിലനിർത്താൻ എല്ലാ വിഭാഗങ്ങളും അതീവ ജാഗ്രത പുലർത്തേണ്ട സമയമാണിത്.

No comments:

Post a Comment