തിരുവനന്തപുരം> വെഞ്ഞാറമ്മൂട്ടിൽ DYFI നേതാക്കളായ ഹഖ് മുഹമ്മദ്, മിഥിലാജ് എന്നിവരെ വെട്ടിക്കൊന്ന സംഭവത്തെ മുഖ്യമന്ത്രി ശക്തമായി അപലപിച്ചു.
ഇരട്ടകൊലപാതകത്തിന് നേതൃത്വം നൽകിയവരെ പിടികൂടുന്നതിന് സമഗ്രമായ അന്വേഷണം നടത്താൻ പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ടൈന്ന് അദ്ദേഹം പറഞ്ഞു. കൊലപാതകത്തിന് കാരണമായ വിഷയങ്ങളേയും പിന്നിൽ പ്രവർത്തിച്ചവരേയും കണ്ടെത്തുന്നതിനുതകുന്ന അന്വേഷണം നടത്തും. ഹഖ് മുഹമ്മദിനും, മിഥിലാജിനും ആദരാഞ്ജലികൾ അർപ്പിക്കുന്നു.
തിരുവോണ പൂക്കളത്തിന് പകരം കോൺഗ്രസ് ഒരുക്കിയത് ചോരപ്പൂക്കളം; ബഹുജനവികാരം ഉയരണം: കോടിയേരി
തിരുവനന്തപുരം> അക്രമവും കൊലപാതകവും നടത്തി അരക്ഷിതാവസ്ഥ സൃഷ്ടിക്കാനുള്ള കോൺഗ്രസ് ശ്രമത്തിനെതിരെ ശക്തമായ ബഹുജനവികാരം ഉയർന്നുവരണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ അഭ്യർത്ഥിച്ചു.
തിരുവോണ നാളിൽ കോൺഗ്രസ് ഇട്ട ചോരപൂക്കളം കണ്ട് പ്രബുദ്ധ കേരളം തല കുനിക്കുകയാണെന്ന് അദ്ദേഹം ഫേസ്‌ബുക്ക് പോസ്‌റ്റിൽ പറഞ്ഞു .തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ തിരുവോണ ദിവസം പുലരുമ്പോഴാണ് രണ്ട് ചെറുപ്പക്കാരെ കോൺഗ്രസ് ഗുണ്ടാസംഘം പൈശാചികമായി വെട്ടിക്കൊന്നത്. ഡി വൈ എഫ് ഐ പ്രവർത്തകരായ മിഥിലാജിനെയും ഹഖ് മുഹമ്മദിനെയും വടിവാൾ കൊണ്ട് വെട്ടിയരിഞ്ഞ് കൊന്നുതള്ളിയ കോൺഗ്രസ്, തിരുവോണ പൂക്കളത്തിന് പകരം ചോരപ്പൂക്കളമൊരുക്കിയാണ് ലോകമെങ്ങുമുള്ള മലയാളികൾക്ക് ആശംസ നേരുന്നത്.
കോൺഗ്രസിൻ്റെ വടിവാൾ രാഷ്ട്രീയത്തിൽ ഇല്ലാതായ രണ്ട് ചെറുപ്പക്കാരുടെയും കുടുംബത്തിൻ്റെ ദുഖം വിവരണാതീതമാണ്. അവരുടെ പ്രതീക്ഷകളെല്ലാം കൊലപാതക രാഷ്ട്രീയം കൊണ്ട് കോൺഗ്രസ് ഇല്ലാതാക്കി. കോവിഡ് മഹാമാരിയുടെ ഈ അസാധാരണ കാലത്ത് അതിജീവനത്തിൻ്റെ കരുതലോടെ നമ്മൾ മുന്നോട്ടു പോവുമ്പോൾ, കൊലക്കത്തിയുമായി ജീവനെടുക്കാൻ ഇറങ്ങിത്തിരിച്ച കോൺഗ്രസ് സംസ്കാരം പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ല.
ഇത് ആസൂത്രിതമായ കൊലപാതകമാണ്. ഇതിനായി ഉന്നതതലത്തിൽ ഗൂഡാലോചന നടന്നിട്ടുണ്ട്. നേരത്തെ ഈ പ്രദേശത്ത് വധശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്. അതിൻ്റെ തുടർച്ചയാണ് ഈ കൊലപാതകം. കോൺഗ്രസിൻ്റെ ഉന്നത നേതൃത്വത്തിന് ഈ കൊലപാതകത്തിൽ പങ്കുണ്ട്. ഇത് സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണം.
കോൺഗ്രസ് നേതൃത്വം വികലമായ പ്രവൃത്തികൾ കൊണ്ടും പ്രസ്താവനകൾ കൊണ്ടും ജനങ്ങളിൽ നിന്ന് ഒറ്റപ്പെട്ടുകൊണ്ടിരിക്കുമ്പോൾ കേരളത്തിൽ അക്രമവും കൊലപാതകവും നടത്തി അരക്ഷിതാവസ്ഥ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. ഈ നീക്കത്തിനെതിരെ ശക്തമായ ബഹുജനവികാരം ഉയർന്നുവരണം.
ധീര രക്തസാക്ഷികളായ സഖാക്കൾ മിഥിലാജിനും ഹഖ് മുഹമ്മദിനും കോടിയേരി ആദരാഞ്ജലികൾ അർപ്പിച്ചു.
കേരളത്തിൽ ആകമാനം കലാപം സൃഷ്ടിക്കാനാണ് കോൺഗ്രസിൻെറ ശ്രമം: എസ് രാമചന്ദ്രൻ പിള്ള
തിരുവനന്തപുരം> കേരളത്തിൽ ആകമാനം കലാപം സൃഷ്ടിക്കാനാണ് കോൺഗ്രസിൻ്റെ ശ്രമമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻ പിള്ള പറഞ്ഞു.
തിരുവോണദിനത്തിൽ വെഞ്ഞാറമൂട്ടിലെ രണ്ട് സിപിഐ എം -ഡിവൈഎഫ്ഐ പ്രവർത്തകരെ അരുംകൊല ചെയ്തതിലൂടെ കോൺഗ്രസിൻ്റെ കൊലപാതക രാഷ്ട്രീയം തുറന്നുകാട്ടപ്പെട്ടിരിക്കയാണ്. കോൺഗ്രസ് കേരള രാഷ്ട്രീയത്തിൽ തികച്ചും ഒറ്റപ്പെട്ടതോടെയാണ് കൊലപാതക രാഷ്ട്രീയം അഴിച്ചുവിട്ടിരിക്കുന്നത്. ദിവസങ്ങൾക്ക് മുമ്പ് കായംകുളത്ത് സിപിഐ എം പ്രവർത്തകൻ സിയാദിനെ കൊല ചെയ്യാൻ കൂട്ടുനിന്നത് കോൺഗ്രസ് നേതാക്കളാണ്. അതിന് പിന്നാലെയാണ് ഹഖ് മുഹമ്മദ്, മിഥിലാജ് എന്നിവരെ കോൺഗ്രസ് ക്രിമിനലുകൾ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. തികച്ചും അപലപനീയമായ ഈ ഇരട്ടക്കൊലപാതകത്തിനെതിരെ പ്രതിഷേധിക്കാൻ എല്ലാ ജനാധിത്യവിശ്വാസികളും രംഗത്തുവരണമെന്ന് എസ് ആർ പി പ്രസ്താവനയിൽ പറഞ്ഞു.
No comments:
Post a Comment