അവിശ്വാസപ്രമേയം നനഞ്ഞ പടക്കം; വഴിയില്‍ പോയവന്‍ മുഖ്യമന്ത്രിയുടെ കസേരയില്‍ ഇരുന്ന് നിരങ്ങിയ കാലമല്ല ഇപ്പോള്‍: എം സ്വരാജ്
തിരുവനന്തപുരം> പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം നനഞ്ഞ പടക്കമാണെന്നും കേരളത്തില്‍ ഇടതുവിരുദ്ധ ദുഷ്ട സഖ്യം പ്രവര്‍ത്തിക്കുന്നുണ്ടെന്നും എംഎല്‍എ എം സ്വരാജ്.
പരാജയപ്പെടാന്‍ വേണ്ടി മാത്രമുള്ള വാദങ്ങളുന്നയിക്കുന്നവരായതിനാല്‍ പ്രതിപക്ഷത്തിന് നാണം തോന്നുകയില്ലെന്നും നിയമസഭയില്‍ സ്വരാജ് പറഞ്ഞു. പ്രതിപക്ഷം അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡല്‍ഹിയില്‍ ഒരു അവിശ്വാസ പ്രമേയമിപ്പോള്‍ നടക്കുകയാണ്. സോണിയ ഗാന്ധിയിലുള്ള ആ അവിശ്വാസം തെരുവില്‍ അടിപിടിയായിരിക്കുന്നുവെന്നും സ്വരാജ് വ്യക്തമാക്കി.
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ അവസാന കാലത്തെ നടപടികളെ പരാമര്‍ശിച്ച്, ഇതെല്ലാം വെറും കൊള്ളയല്ല തീവെട്ടിക്കൊള്ളയാണെന്ന് പ്രമേയാവതാരകന്‍ മുമ്പ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എല്‍ഡിഎഫിനെതിരെ പോലും അദ്ദേഹം അങ്ങനെ ഒരു വാക്ക് പറഞ്ഞില്ല. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ചെന്നിത്തല പറഞ്ഞത് അഴിമതി കൊടികുത്തി വാഴുന്നു എന്നാണ്. കേരളം മാഫിയാ രാജായെന്ന് വി എം സുധീരനും പറഞ്ഞു. ഇൗ സര്‍ക്കാരിനെതിരെ അങ്ങനെ അദ്ദേഹം പറഞ്ഞിട്ടില്ല.
മന്ത്രിമാരുടെ ഓഫീസുകള്‍ കുറ്റവാളികളുടെ താവളമാകുന്നുവെന്ന് യുഡിഎഫ് ഭരിക്കുമ്പോള്‍ ഡിജിപി റിപ്പോര്‍ട്ട് നല്‍കി. സോളാര്‍ കേസില്‍, കുറ്റവാളികളുടെ ഓഫീസായോ മുഖ്യമന്ത്രിയുടെ ഓഫീസ് എന്നാണ് ഹൈക്കോടതി ചോദിച്ചത്. വഴിയില്‍ പോയവന്‍ മുഖ്യമന്ത്രിയുടെ കസേരയില്‍ ഇരുന്ന് നിരങ്ങിയ കാലമല്ല ഇപ്പോള്‍; സ്വരാജ് വിമര്‍ശിച്ചു.
2012 ല്‍ പിഎസ് സി പരീക്ഷയുടെ ചോദ്യപ്പേപ്പര്‍ വില്‍പ്പനയ്ക്ക് എന്ന വാര്‍ത്ത ഒരു പ്രമുഖ പത്രത്തില്‍ വന്നു.പിഎസ്‌സിയില്‍ 1,23,104 പേരെയാണ് യുഡിഎഫ് അഞ്ച് കൊല്ലം കൊണ്ട് നിയമിച്ചത്.എന്നാല്‍ 1,40,615 പേരെ എല്‍ഡിഎഫ് ഇപ്പോള്‍ തന്നെ നിയമിച്ചുവെന്നും സ്വരാജ് വ്യക്തമാക്കി.ദുരിതാശ്വാസ നിധിയില്‍ നിന്നും യുഡിഎഫ് ആകെ കൊടുത്തത് 651 കോടി. എല്‍ഡിഎഫ് കൊടുത്തത് 5100 കോടി.എല്ലാം കേരളം വിലയിരുത്തട്ടെ; അദ്ദേഹം വിശദീകരിച്ചു
ദുരന്തങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ച് അതിലൂടെ അധികാരത്തിലേക്കെത്താന്‍ മാര്‍ഗം തെളിഞ്ഞുവരും എന്ന് പ്രതീക്ഷിക്കുന്നവരായി പ്രതിപക്ഷം മാറി. എസ്ഡിപിഐയുമയി സഖ്യമുണ്ടാക്കാന്‍ തീരുമാനിച്ചു. എസ്എസ്എല്‍സി പരീക്ഷ നടത്തുന്ന മുഖ്യമന്ത്രിക്ക് വട്ടാണെന്ന് പറഞ്ഞവരാണ് നിങ്ങള്‍.
സാലറി ചലഞ്ചിനെ എതിര്‍ത്ത് കോടതിയില്‍ പോയി നാണം കെട്ടില്ലേയെന്നും പ്രതിപക്ഷ നേതാവിനോട് സ്വരാജ് ചോദിച്ചു. 'വിമാനത്താവളം വഴിയും അല്ലാതേയും സംസ്ഥാനത്ത് സ്വര്‍ണക്കടത്ത് കൂടിവരുന്നു, അവര്‍ സിബിഐ ഉള്‍പ്പെടെയുള്ള അന്വേഷണ ഏജന്‍സികളുടെ പിടിയിലാകുന്നു'; ഈ വിവരം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ എന്ന് നിയമസഭയില്‍ ചോദിച്ച ചോദ്യത്തിന്, വിമാനത്താവളങ്ങളുടെ നിയന്ത്രണം സംസ്ഥാന പൊലീസിനല്ല, സ്വര്‍ണക്കടത്ത് കേസ് കൈകാര്യം ചെയ്യുന്നത് കസ്റ്റംസും ഡിആര്‍ഐയുമാണ് എന്നാണ് താങ്കള്‍ ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ പറഞ്ഞതെന്നും പ്രതിപക്ഷ നേതാവിനെ സ്വരാജ് ഓര്‍മിപ്പിച്ചു.
വികസനത്തിന്റെ വഴിമുടക്കികളായി നിങ്ങള്‍ നില്‍ക്കരുത്. മലപ്പുറത്തെ തിരൂരിലെ എസ്എസ്എം പോളിടെക്‌നിക്കിന്റെ ചെയര്‍മാനും സെക്രട്ടറിയും ആരാണെന്ന് ഞാന്‍ പറയുന്നില്ല. 16 കോടിരൂപ ഖലീഫ ഫൗണ്ടേഷന്‍ വഴി കിട്ടി.നിര്‍മാണം നടക്കുന്നു. എന്‍എംസി ഗ്രൂപ്പാണ് നിര്‍മാണം നടത്തുന്നത്. അവര്‍ സബ് കോണ്‍ട്രാക്ടര്‍ക്ക് കൊടുത്തിരിക്കുന്നു. ഇതില്‍ എത്രയാണ് കമ്മീഷന്‍ അന്വേഷിച്ചോ; സ്വരാജ് ചോദിച്ചു
ഈ കപ്പൽ ആടി ഉലയുമെന്നത് നിങ്ങളുടെ സ്വപ്‌നംമാത്രമാണ്; അതിനൊരു കപ്പിത്താൻ ഉണ്ട്': വീണാ ജോർജ്ജ്
തിരുവനന്തപുരം > പ്രതിപക്ഷം കാണിച്ച രാഷ്‌ട്രീയ അബദ്ധമാണ് അവിശ്വാസ പ്രമേയം അവതരിപ്പിക്കാനുള്ള തീരുമാനമെന്ന് വീണ ജോർജ്ജ് എംഎൽഎ. യുഡിഎഫിന്റെ അവിശ്വാസ പ്രമേയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു വീണ. വി ഡി സതീശൻ അവതരിപ്പിച്ച പ്രമേയം അത്രയും ദുർബലമായ ഒന്നാണ്. എന്താണ് ഇവർ പറയുന്ന കാര്യത്തിന്റെ ഉള്ളടക്കം എന്താണെന്ന് അവർക്ക് തന്നെ ബോധ്യപ്പെടുത്താൻ കഴിയുന്നില്ല. സർക്കാരിനെതിരെ കൃത്യമായ ഒരു ആരോപണം ഉന്നയിക്കാൻ അവർക്ക് കഴിഞ്ഞിട്ടില്ല. അഴിമതിയുടെ ചെളിക്കുണ്ടിൽ കിടക്കാൻ ഇടതുപക്ഷത്തെ കിട്ടില്ല. അവർ ആദ്യം അവിശ്വാസം അവതരിപ്പിക്കേണ്ടത് പ്രതിപക്ഷ നേതാവിനെതിരെയാണ്. എത്ര ദുർബലമായ വാദങ്ങളാണ് ഓരോ വിഷയത്തിലും അദ്ദേഹം കോടതിയിൽ പോയി പറയുന്നത്.
നിങ്ങൾ സൃഷ്‌ടിച്ച പുകമറ ഒന്നും ഇവിടെ ഇല്ലായെന്ന് ഈ സഭയിൽ ജനങ്ങൾക്ക് വ്യക്തമാകുകയാണ്. ഈ സർക്കാരിനെയും മുൻ സർക്കാരിനെയും താരതമ്യം ചെയ്യാൻ ജനങ്ങൾക്ക് അവസരം ഒരുക്കിയിരിക്കുകയാണ് പ്രതിപക്ഷം. മുൻ മുഖ്യമന്ത്രിയെ ഇടിച്ചുതാഴ്‌ത്താനായിരിക്കാം പ്രതിപക്ഷ നേതാവ് ഈ തന്ത്രം ഉപയോഗിച്ചത്.
മുസ്ലിം ലീഗിന്റെ എത്ര പ്രവർത്തകരാണ് ഈ സ്വർണക്കടത്ത് കേസിൽ അറസ്‌റ്റിലായത്. കെ എം ഷാജിക്ക് അതിന് മറുപടിയുണ്ടോ?. റമീസും മുഹമ്മദ് ഷാഫിയുമെല്ലാം ലീഗ് ബന്ധമുള്ളവരാണ്. ഒരാൾ ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറിയുടെ ബന്ധുവാണ്. ഇത് മാത്രമല്ല, എത്രയോ സ്വർണക്കടത്ത് കേസുകളാണ് ലീഗ് പ്രവർത്തകരുടെ പേരിൽ ഉള്ളത്.
പ്രതിപക്ഷ എംഎൽഎമാരുടെ മണ്ഡലങ്ങളിലടക്കം കോടിക്കണക്കിന് രൂപയുടെ വികസനങ്ങളാണ് ഈ സർക്കാരിന്റെ കാലത്ത് നടത്തുന്നത്. ഹരിപ്പാട്, പറവൂർ മണ്ഡലങ്ങളുടെ കാര്യം പ്രത്യേകമായി എടുത്ത് പറയേണ്ടത്. 1200 വീടുകളാണ് പറവൂർ മണ്ഡലത്തിൽ ലൈഫ് മിഷൻ പദ്ധതിപ്രകാരം പണിതുകഴിഞ്ഞു. പ്രതിപക്ഷ നേതാവിന്റെ ഹരിപ്പാട് മണ്ഡലത്തിൽ 1700 വീടുകളും. എല്ലാ മേഖലയിലും വലിയ മാറ്റം കൊണ്ടുവന്ന സർക്കാർ ആണിത്. ഈ കപ്പൽ ആടി ഉലയുമെന്നത് നിങ്ങളുടെ സ്വപ്‌നം മാത്രമാണ്. അതിനൊരു കപ്പിത്താൻ ഉണ്ട്. അത് നവകേരളത്തിലേക്ക് അടുക്കുക തന്നെ ചെയ്യും - വീണ പറഞ്ഞു.
പ്രതിപക്ഷമെന്നാല്‍ പ്രതികളുടെ പക്ഷമാകരുത്: മുല്ലക്കര
തിരുവനന്തപുരം> പ്രതിപക്ഷം എന്നുപറഞ്ഞാല്‍ പ്രതികളുടെ പക്ഷമാകരുതെന്ന് എംഎല്‍എ മുല്ലക്കര രത്നാകരന്‍. ജനങ്ങളുടെ പ്രശ്നങ്ങള്‍ വേണം പ്രതിപക്ഷം സഭയിലും പുറത്തും കൊണ്ടുവരാന്‍. യോദ്ധ സിനിമയില്‍ ജഗതിയും മോഹന്‍ലാലും സഹോദരന്‍മാരാണ്. എല്ലാ മല്‍സരത്തിലും ജഗതി തോല്‍ക്കും. അപ്പോള്‍ കാവിലെ പാട്ടുമല്‍സരത്തിന് കാണാമെന്നു പറഞ്ഞാണ് മോഹന്‍ലാലിനെ വെല്ലുവിളിക്കുന്നത്.
എന്നാല്‍ അങ്ങനെ വെല്ലുവിളിയും കൊണ്ടുവന്നാല്‍ കോണ്‍ഗ്രസ് അടുത്ത തവണയും തോല്‍ക്കുകയേ ഉള്ളൂവെന്നും മുല്ലക്കര പറഞ്ഞു. നിയമസഭയിലെ അടിയന്തര പ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
അമിത് ഷായെ കൂട്ടുപിടിച്ച് പ്രമേയം അവതരിപ്പിക്കാൻ മാത്രം പ്രതിപക്ഷം തരം താഴരുത്: എസ് ശർമ്മ
തിരുവനന്തപുരം > ജനപിന്തുണ നഷ്‌ടപ്പെട്ട പ്രതിപക്ഷത്തിന് എങ്ങനെ അവിശ്വാസം കൊണ്ട് വരാൻ കഴിയുമെന്ന് എസ് ശർമ്മ എംഎൽഎ. അവിശ്വാസ പ്രമേയത്തിൽമേൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ പിന്തുണ നേടിയെടുക്കാൻ കഴിയാത്ത പ്രതിപക്ഷമാണ് കേരളത്തിലുള്ളത്. അതിന് തെളിവാണ് വട്ടിയൂർക്കാവ്, കോന്നി, പാലാ തുടങ്ങിയ യുഡിഎഫ് സീറ്റുകൾ ഉപതെരഞ്ഞെടുപ്പുകളിൽ എൽഡിഎഫിന് വിജയിക്കാൻ കഴിഞ്ഞത്.
സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി അവിശ്വാസം കൊണ്ടുവരാന്‍ മൂന്ന് കാരണങ്ങളാണ് ഉണ്ടാവുക. സര്‍ക്കാരിന്റെ ജനപിന്തുണ കുറയുകയും പ്രമേയം കൊണ്ടുവരുന്ന കക്ഷിയുടെ ജനപിന്തുണ വര്‍ധിച്ചിരിക്കയും വേണം.പ്രതിപക്ഷത്തിന്റെ അംഗബലം കൂടിയിരിക്കണം. എന്നാല്‍ ഇവിടെ കുറഞ്ഞിരിക്കുകയാണ്. മുന്നണി ബന്ധം ശക്തിപ്പെട്ടിരിക്കണമെന്നതാണ് മറ്റൊരു കാരണം. എന്നാല്‍ ഇതുപോലെ അലങ്കോലമായ മുന്നണി സംവിധാനം പ്രതിപക്ഷത്ത് ഇതിനുമുമ്പുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
എൽഡിഎഫിന് തുടർഭരണം ലഭിക്കുമെന്ന ഒരു ചാനൽ സർവ്വേ ഫലം പുറത്തുവന്നതുമുതൽ തുടങ്ങിയതാണ് പ്രതിപക്ഷത്തിന് ഈ വെപ്രാളം. അമിത് ഷായുടെ തലയുടെ കഥ പറഞ്ഞ് പ്രമേയം അവതരിപ്പിക്കേണ്ട കാര്യം ഉണ്ടോയെന്ന് പ്രതിപക്ഷം ചിന്തിക്കണം. യുപിഎ സർക്കാർ ചെയ്‌തുകൂട്ടിയ അഴിമതികൾ കോൺഗ്രസ് മറന്നുപോകരുത്. കൽക്കരി, ട്രക്ക്, ടു ജി സ്‌പെക്‌ട്രം വിഷയങ്ങൾ കേരളത്തലെ ജനങ്ങൾ മറന്നുപോയിട്ടില്ല - ശർമ്മ പറഞ്ഞു.
സ്വര്‍ണക്കടത്തുണ്ടായ ദിവസം ബിജെപി പ്രസിഡന്റിന്റെ ആരോപണമാണ് ഒരുവാക്കുപോലും തെറ്റാതെ യുഡിഎഫ് ഏറ്റുപറഞ്ഞത്. പ്രതിയായ സന്ദീപ് സിപിഎമ്മുകാരനാണെന്ന് പ്രചരിപ്പിച്ചു, പിന്നീട് അദ്ദേഹത്തിന്റെ അമ്മ തന്നെ പറഞ്ഞു ബിജെപിക്കാരനാണെന്ന്. സിസിടിവി ദൃശ്യങ്ങള്‍ കൈമാറുന്നില്ലെന്ന് പ്രചരിപ്പിച്ചു, എന്നാല്‍ അത് നല്‍കാന്‍ തയ്യാറാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
ലോക്ക്ഡൗണ്‍ കാലത്ത് സ്വപ്‌ന അതിര്‍ത്തി കടന്നത് പോലീസ് സഹായത്തോടെയന്നായിരുന്നു അടുത്ത ആരോപണം. തിരുവനന്തപുരം വിട്ടത് ലോക്ക്ഡൗണിന് മുമ്പാണെന്ന് വ്യക്തമായി. ഓരോ സംഭവങ്ങളിലും കള്ളക്കഥകളുണ്ടാക്കി കെട്ടിച്ചമച്ച് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ശ്രമിച്ചു. ഇതൊക്കെ തുറന്നുകാണിക്കാനും അത് മനസിലാക്കുനുള്ള വിവേകവും കേരളത്തിലെ ജനങ്ങള്‍ക്കുണ്ട്.
പ്രകടന പത്രികയില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ നാലുവര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കിയ സര്‍ക്കാരാണ് ഇത്. അമിത് ഷായെ കൂട്ടുപിടിച്ചിട്ടുവേണം പ്രതിപക്ഷത്തിന് അവിശ്വാസം അവതരിപ്പിക്കേണ്ടതെന്ന ഗതികേടിലായി. മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടുവെന്ന് ഒരു അന്വേഷണ ഏജന്‍സിയും പറഞ്ഞിട്ടില്ല. രാജ്യദ്രോഹക്കുറ്റം നടന്നിട്ടുണ്ടെന്ന് അറിയാമെങ്കില്‍ അന്വേഷണ സംഘങ്ങള്‍ക്ക് തെളിവുകൊടുക്കണം. അറിഞ്ഞിട്ടും തെളിവുകൊടുക്കാതിരിക്കുന്നത് രാജ്യദ്രോഹ കുറ്റമാണ്.
പ്രകൃതി ദുരന്തങ്ങളെ ലോകപ്രശസ്‌തമായ വിധത്തില്‍ കൈകാര്യം ചെയ്‌ത സര്‍ക്കാരാണ് ഇത് - ശർമ്മ പറഞ്ഞു.
No comments:
Post a Comment