എക്സൈസ്, പൊലീസ് തുടങ്ങിയ സേനകളിലേക്കുള്ള യൂണിഫോം തസ്തികയിലെ റാങ്ക് ലിസ്റ്റിന്റെ കാലാവധി ഒറ്റ വർഷമാക്കിയത് കഴിഞ്ഞ യുഡിഎഫ് സർക്കാർ. ഇതോടെ കാലാവധി നീട്ടിനൽകുന്ന പിഎസ്‌സിയുടെ ഉത്തരവുകൾ ഇത്തരം തസ്തികകൾക്ക് ബാധകമല്ലാതായി. ഒറ്റവർഷ കാലാവധിയുള്ള യൂണിഫോം തസ്തികയുടെ റാങ്ക് ലിസ്റ്റിനും കാലാവധി നീട്ടലിന്റെ ആനുകൂല്യം ആദ്യമായി നൽകിയത് ഇപ്പോഴാണ്.
ആത്മഹത്യ ചെയ്ത യുവാവ് ഉൾപ്പെട്ട സിവിൽ എക്സൈസ് ഓഫീസർ ലിസ്റ്റ് 2019 ഏപ്രിൽ എട്ടിനാണ് നിലവിൽ വന്നത്. 2020 ഏപ്രിൽ ഏഴിന് കാലാവധി അവസാനിക്കേണ്ടതായിരുന്നു. കോവിഡിന്റെ പശ്ചാത്തലത്തിൽ എല്ലാ റാങ്ക് ലിസ്റ്റുകളും നീട്ടിയപ്പോൾ ഇത്തവണ ഇതടക്കം യൂണിഫോം തസ്തികകളുടെ ഒറ്റവർഷ ലിസ്റ്റും നീട്ടി നൽകി.
അങ്ങനെയാണ് ജൂൺ 19 വരെ കാലാവധി ലഭിച്ചത്. 72 പേർക്ക് നിയമനം ലഭിച്ചു. ലിസ്റ്റ് രണ്ടര മാസത്തോളം നീട്ടി നൽകിയ സമയത്താണ് അഞ്ചിലേറെ പേർക്ക് നിയമനം ലഭിച്ചതും. ഓപ്പൺ ലിസ്റ്റിൽ 68 റാങ്കുവരെ നിയമനം ലഭിച്ചിട്ടുണ്ട്. ഇതേ തസ്തികയിൽ ഇതിന് മുമ്പുള്ള ലിസ്റ്റുകളിൽനിന്ന് 50 പേർക്കായിരുന്നു നിയമനം.
ഏതെങ്കിലും ഒരു ലിസ്റ്റ് മാത്രമായി പ്രത്യേക താൽപ്പര്യമെടുത്ത് കാലാവധി നീട്ടി നൽകാൻ പിഎസ്‌സിക്ക് ചട്ടം അനുവദിക്കുന്നില്ല. മറിച്ച് ഒരു നിശ്ചിത കാലാവധിയിലേക്ക് എല്ലാ ലിസ്റ്റുകളും നീട്ടാൻ മാത്രമേ സാധിക്കൂ. കോവിഡിന്റെ പ്രത്യേക സാഹചര്യത്തിൽ ഇത്തരത്തിൽ എല്ലാ ലിസ്റ്റുകളും നീട്ടി നൽകിയപ്പോൾ യൂണിഫോം തസ്തികയുടെ ലിസ്റ്റും നീട്ടി. ഒരു വർഷത്തെ ലിസ്റ്റിന് ഇത്തരത്തിൽ ആനുകൂല്യം ലഭിക്കുന്നത് ഇതാദ്യമാണ്. ഉമ്മൻചാണ്ടി അവകാശപ്പെടുന്ന റാങ്ക് ലിസ്റ്റ് നീട്ടലിലും ഒറ്റ വർഷമാക്കിയ യൂണിഫോം തസ്തികയുടെ ലിസ്റ്റ് നീട്ടിയിരുന്നില്ല. ചുരുക്കത്തിൽ യുഡിഎഫ് രാഷ്ട്രീയ ആയുധമാക്കാൻ ശ്രമിക്കുന്ന ലിസ്റ്റ് നീട്ടുന്നതിന് തടസ്സം അവരുടെ തന്നെ കാലത്ത് കൊണ്ടുവന്ന പരിഷ്കാരമാണ്.
No comments:
Post a Comment