മോഡിസർക്കാരിന്റെ ജനവിരുദ്ധ, തൊഴിലാളിദ്രോഹ നയങ്ങളിൽ പ്രതിഷേധിച്ച് ട്രേഡ് യൂണിയനുകളുടെയും കർഷക, കർഷകത്തൊഴിലാളി സംഘടനകളുടെയും നേതൃത്വത്തിൽ ‘സേവ് ഇന്ത്യ’ ദിനം ആചരിച്ചു. ‘‘ഇന്ത്യ വിൽപ്പനയ്‌ക്കല്ല’’, ‘‘കോർപറേറ്റ് കൊള്ളക്കാർ, ഇന്ത്യ വിടുക’’ എന്നീ മുദ്രാവാക്യമുയർത്തി. ധർണ, പൊതുയോഗം, പ്രകടനം, അറസ്‌റ്റുവരിക്കൽ, ബൈക്ക് റാലി എന്നീ സമരപരിപാടികളില്‍ രാജ്യമെമ്പാടും തൊഴിലാളികള്‍ അണിനിരന്നു. വീടുകളും തൊഴിലിടങ്ങളും പ്രതിഷേധവേദിയായി.
ലക്ഷത്തോളം കേന്ദ്രങ്ങളിലായി ഒരു കോടിയോളം പേർ പ്രതിഷേധത്തില്‍ പങ്കാളിയായെന്ന് കേന്ദ്രട്രേഡ് യൂണിയനുകളുടെ പൊതുവേദി അറിയിച്ചു. ആന്ധ്ര, ബിഹാർ, ഛത്തീഡ്‌ഗഢ്, ഹരിയാന, പഞ്ചാബ്, ജമ്മു- കശ്‌മീർ, കേരളം, ഗുജറാത്ത്, പശ്‌ചിമബംഗാൾ, മഹാരാഷ്ട്ര, ഒഡിഷ, മധ്യപ്രദേശ്, ജാർഖണ്ഡ്, ഉത്തർപ്രദേശ്, ത്രിപുര എന്നിവിടങ്ങളിലും വ്യാപകമായി പ്രതിഷേധം ഉയർന്നു.
കേന്ദ്രസർക്കാർ തൊഴിൽനിയമങ്ങൾ അട്ടിമറിച്ച് തൊഴിൽസ്ഥിരത ഇല്ലാതാക്കിയെന്ന് കേന്ദ്ര ട്രേഡ്‌യൂണിയനുകൾ വ്യക്തമാക്കി. തൊഴിലാളികളെ അടിമവേലയിലേക്ക് തള്ളി.
റെയിൽവേ, പ്രതിരോധനിർമാണം, തുറമുഖം, കൽക്കരിഖനനം, ഇൻഷുറൻസ്, ടെലികോം മേഖലയിലടക്കം 100 ശതമാനം നേരിട്ടുള്ള വിദേശനിക്ഷേപത്തിന് അനുമതി നൽകി. ബഹിരാകാശ ഗവേഷണം, ആണവോർജ മേഖലയും സ്വകാര്യവൽക്കരിക്കുന്നു. സർക്കാർ വകുപ്പുകളിൽ പുതിയ തസ്‌തിക അനുവദിക്കുന്നില്ല. ഈ നയങ്ങളിൽ പ്രതിഷേധിച്ചും ആദായനികുതിദായകരല്ലാത്ത എല്ലാ കുടുംബങ്ങൾക്കും പ്രതിമാസം 7,500 രൂപ ധനസഹായം, എല്ലാവർക്കും 10 കിലോ വീതം ഭക്ഷ്യധാന്യം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുമായിരുന്നു പ്രക്ഷോഭം.
ഡൽഹി ജന്തർമന്ദറിൽ ഡോ. കെ ഹേമലത, തപൻസെൻ, ദേവ്‌റോയി, എ ആർ സിന്ധു(സിഐടിയു), അമർ ജീത് കൗർ, വിദ്യാസാഗർ(എഐടിയുസി), അശോക് സിങ്(ഐഎൻടിയുസി), ആർ കെ ശർമ(എഐയുടിയുസി), രാജീവ് ദിമ്രി(എഐസിസിടിയു), ജവാഹ റോഫ്(എൽപിഎഫ്), ശത്രുജിത്(യുടിയുസി) എന്നിവർ സംസാരിച്ചു. കിസാൻസഭ നേതാക്കളായ ഹനൻമൊള്ള, വിജു കൃഷ്‌ണൻ, പി കൃഷ്‌ണപ്രസാദ്, ജനാധിപത്യ മഹിളാ അസോസിയേഷൻ ജനറൽ സെക്രട്ടറി മറിയം ധാവ്‌ളെ എന്നിവർ പങ്കെടുത്തു.
സേവ, യുടിയുസി, ടിയുസിസി എന്നീ ട്രേഡ് യൂണിയനുകളുടെയും ബാങ്ക്, റെയിൽവേ, പെട്രോളിയം, ഇൻഷുറൻസ്, പ്രതിരോധം, ടെലികോം, തപാൽ മേഖലകളിലെ ജീവനക്കാരുടെ സംഘടനകളുടെയും പങ്കാളിത്തവും പ്രതിഷേധപരിപാടികളിലുണ്ടായി.
No comments:
Post a Comment