മറുപടി പറയാന്‍ സമ്മതിക്കാതെ പ്രതിപക്ഷത്തിന്റെ തെറി മുദ്രാവാക്യം; നാട്ടുകാരെ ഉപദേശിക്കുന്ന മാധ്യമങ്ങള്‍ക്ക് ഒരു വിഷമവും തോന്നിയില്ല
തിരുവനന്തപുരം > പറയാന്‍ സന്നദ്ധനായിട്ടും നിയമസഭയില്‍ തന്നെ കാര്യങ്ങള്‍ വിശദീകരിക്കാന്‍ അനുവദിക്കാതെ തെറിമുദ്രാവാക്യങ്ങള്‍ വിളിക്കുകയാണ് പ്രതിപക്ഷം ചെയ്‌തതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷം അവതരിപ്പിച്ച അവിശ്വാസപ്രമേയത്തിന്മേല്‍ നടന്ന ചര്‍ച്ചയില്‍ മുഖ്യമന്ത്രി കൂടുതല്‍ സമയം സംസാരിച്ചു എന്ന ആരോപണത്തെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
നിയമസഭയില്‍ കൂടുതല്‍ സമയം എടുത്തതില്‍ പ്രതിപക്ഷത്തിന് വിഷമം ഉണ്ടാകും. പറയാനുള്ള ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ടായിട്ടും ചുരുക്കി പറയാനാണ് ശ്രമിച്ചത്. പറഞ്ഞ് അവസാനിപ്പിക്കാമെന്നു കരുതിയപ്പോള്‍ ലൈഫ് മിഷനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പറയണമെന്ന ആവശ്യമുണ്ടായി. അത് പറയാന്‍ തുടങ്ങിയപ്പോഴാണ് മുദ്രാവാക്യംവിളി ആരംഭിച്ചത്.
എന്തു സംസ്‌കാരമാണ് അന്ന് നിയമസഭയില്‍ കണ്ടത്. എന്നില്‍ അര്‍പിതമായ ചുമതലയനുസരിച്ചാണ് ജനങ്ങള്‍ക്കുവേണ്ടി സര്‍ക്കാര്‍ എന്തൊക്കെ ചെയ്‌തു എന്ന് സഭയില്‍ പറഞ്ഞത്. അതിന്റെ പേരില്‍ കള്ളനെന്ന് വിളിക്കുകയാണോ വേണ്ടത്. എന്തെല്ലാം തെറികളാണ് വിളിച്ചുപറഞ്ഞത്. ഇതാണോ സംസ്‌കാരം?. നാട്ടുകാരെ ഉപദേശിക്കുന്ന മാധ്യമങ്ങള്‍ക്ക് ഇതിലൊക്കെ ഒരു വിഷമവും തോന്നിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
എല്ലാ കാര്യങ്ങളും സന്നദ്ധനായിട്ടും പറയാന്‍ സമ്മതിക്കാതെ മുദ്രാവാക്യം വിളിക്കുകയാണ് ചെയ്തത്. ഏതു കക്ഷിയുടെ അംഗങ്ങളുടെ പെരുമാറ്റവും നിയന്ത്രിക്കാന്‍ ആ കക്ഷിയുടെ നേതാക്കള്‍ തയ്യാറാകണം. മറുപടി കേള്‍ക്കാന്‍ നില്‍ക്കാതെ തെറിമുദ്രാവാക്യത്തിലേക്ക് പോകുകയാണ് പ്രതിപക്ഷം ചെയ്‌തതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. സര്‍ക്കാര്‍ ചെയ്ത കാര്യങ്ങളില്‍ ജനങ്ങള്‍ക്ക് സര്‍ക്കാരിനോട് മതിപ്പ് മാത്രമേ ഉള്ളൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.
ഓണക്കാലത്ത് ശമ്പളവും ക്ഷേമപെന്‍ഷനും സഹായവുമായി 7000 കോടി വിതരണം ചെയ്‌തു: മുഖ്യമന്ത്രി
തിരുവനന്തപുരം > ഓണക്കാലത്ത് ശമ്പളവും പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളുമായി 7000 ത്തിലധികം കോടി വിതരണം ചെയ്‌തുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ശമ്പളം ബോണസ് ഫെസ്റ്റിവല്‍ അലവന്‍സ്, അഡ്വാന്‍സ് എല്ലാം കൂടി 2304.57 കോടി വിതരണം ചെയ്‌തു.
സര്‍വീസ് പെന്‍ഷന്‍- 1545 കോടി
സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍- 1170.71 കോടി
ക്ഷേമനിധി പെന്‍ഷന്‍- 158.85 കോടി
ഓണക്കിറ്റ്- 440 കോടി
നെല്ല് സംഭരണം-710 കോടി
ഓണം റേഷന്‍- 112 കോടി
കണ്‍സ്യൂമര്‍ ഫെഡ്- 35 കോടി
ശമ്പളം പെന്‍ഷന്‍ ഗ്രാറ്റുവിറ്റി കുടിശ്ശിക എന്നിവയ്ക്കായി കെ.എസ്.ആര്‍.ടി.സിക്ക് നല്‍കിയത്-140.63 കോടി
ആശവര്‍ക്കര്‍മാര്‍- 76.42 കോടി
സ്‌കൂള്‍യൂണിഫോം- 30 കോടി
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍, അംഗന്‍വാടി വര്‍ക്കര്‍മാര്‍, അടഞ്ഞുകിടന്ന തൊഴില്‍സ്ഥാപനങ്ങള്‍ക്കുള്ള സഹായം. പൊതുമേഖല സ്ഥാപനങ്ങള്‍ക്കുള്ള സഹായം എന്നിവയെല്ലാമായി 7000-ത്തിലധികം കോടി രൂപയാണ് വിതരണം ചെയ്തത്. അടഞ്ഞുകിടക്കുന്ന കശുവണ്ടി ഫാക്‌ടറികളിലെ തൊഴിലാളികള്‍ക്ക് എക്‌സ്‌ഗ്രേഷ്യയായി 2000 വീതവും 10 കിലോ അരിയും വിതരണം ചെയ്യാന്‍ 5.32 കോടി അനുവദിച്ചു.
ലൈഫ് മിഷന്‍: വിവരങ്ങള്‍ക്കായി കാത്തുനില്‍ക്കാം; കരാര്‍ ഒപ്പിടുന്നതിന് പ്രത്യേക കേന്ദ്ര അനുമതി ആവശ്യമില്ല: മുഖ്യമന്ത്രി
തിരുവനന്തപുരം> ലൈഫ് മിഷനുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കൃത്യമായ വിവരം ലഭിച്ചാല്‍ മാത്രമെ അന്വേഷണം നടത്താനാകു എന്ന് മുഖ്യമന്ത്രി.മാധ്യമങ്ങള്‍ പറയുന്ന റിപ്പോര്‍ട്ടാണിപ്പോള്‍ പുറത്തുവരുന്നത്. വിവരങ്ങള്‍ക്കായി കാത്തുനില്‍ക്കാം. അന്വേഷണ ഏജന്‍സികള്‍ക്ക് ചില വിവരങ്ങളുണ്ടെന്ന് പറയുന്നുണ്ട്. കൂടുതല്‍ കാര്യങ്ങള്‍ നാം ചെയ്യേണ്ടതുണ്ടെങ്കില്‍ അവര്‍ പറയും. അല്ലെങ്കില്‍ മറ്റ് തരത്തില്‍ വിവരം ശേഖരിക്കാനാകും. ഇത്തരത്തിലുള്ള എല്ലാ കാര്യങ്ങളും സ്വീകരിക്കുക എന്നതാണ് ഉദ്ദേശിക്കുന്നത്.
സര്‍ക്കാരും റെഡ് ക്രസന്റും തമ്മിലാണ് ധാരണാ പത്രം ഒപ്പുവച്ചത്. സര്‍ക്കാര്‍ വിട്ട് നല്‍കുന്ന സ്ഥലത്ത് ഭവനസമുച്ചയം അവര്‍ പണിയുക എന്നുള്ളതാണത്. അവര്‍ പ്രത്യേക ഏജന്‍സിയെ നിശ്ചയിക്കുന്നു. ആ ഏജന്‍സിയുമായി കരാര്‍ ഉണ്ടാക്കിയെന്ന് വാര്‍ത്തകള്‍ വന്നു, അതില്‍ പണം ചെലവഴിച്ച കാര്യങ്ങളെ സംബന്ധിച്ചും.സര്‍ക്കാരിന് ഇത്തരം കാര്യത്തില്‍ പ്രത്യേക റോള്‍ ഇല്ല എന്നാണ് കാണേണ്ടത്.
ലൈഫുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് പൊതുവായ നിബന്ധനകളുണ്ട്. ഏത് രീതിയിലാണ് കെട്ടിടങ്ങള്‍ എന്നത് സംബന്ധിച്ച് വ്യക്തമായ നിലപാടുണ്ട്.അതുമായി ബന്ധപ്പെട്ട കെട്ടിടമാണോ പണിയുന്നത് എന്ന കാര്യത്തില്‍ ലൈഫ് മിഷന് പ്ലാന്‍ സമര്‍പ്പിച്ച് അംഗീകാരം വാങ്ങിയെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, ഇത്തരം ഒരു കരാര്‍ ഒപ്പിടുന്നതിന് പ്രത്യേക അനുമതിയുടെ ആവശ്യമില്ലെന്ന് കേന്ദ്ര വിദേശ കാര്യ സെക്രട്ടറിയുടെ വിമര്‍ശനത്തോട് മുഖ്യമന്ത്രി പ്രതികരിച്ചു. ഒരു വിദേശത്തുള്ള സര്‍ക്കാരുമായി, അല്ലെങ്കില്‍ പ്രാദേശിക സര്‍ക്കാരുമായി കരാര്‍ ഒപ്പിടുകയാണെങ്കിലെ പ്രത്യേക അനുമതി അവശ്യമുള്ളു.
നിലവില്‍ പ്രത്യേക അനുമതി ആവശ്യമില്ല. ഇത്തരം ഒരു കാര്യം നടന്നു എന്ന് കേന്ദ്രത്തിനെ അറിയിക്കേണ്ടതുണ്ട്. അതില്‍ കൂടുതല്‍ കാര്യങ്ങള്‍ അറിയിക്കേണ്ട പ്രശ്‌നമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി
തീപിടിത്തം: കാരണങ്ങള്‍ സംബന്ധിച്ച് ഒരാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റിന് നിര്‍ദ്ദേശം നല്‍കി: മുഖ്യമന്ത്രി
തിരുവനന്തപുരം > ചൊവ്വാഴ്ച്ച വൈകുന്നേരം സെക്രട്ടറിയേറ്റിലെ പൊതുഭരണ പൊളിറ്റിക്കല്‍ വിഭാഗത്തിലുണ്ടായ തീപ്പിടിത്തത്തില്‍ അവിടെയുണ്ടായിരുന്ന ചില ഫയലുകള്‍ ഭാഗീകമായി കത്തിയെന്നാണ് പ്രാഥമികമായി മനസ്സിലാക്കുന്നതെന്ന് മുഖ്യമന്ത്രി. സംഭവത്തെക്കുറിച്ച് എ.ഡി.ജി.പി മനോജ് ഏബ്രഹാമിന്റെ നേതൃത്വത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
തീപ്പിടിത്തത്തിന്റെ കാരണം ഉള്‍പ്പെടെയുള്ള സാങ്കേതിക വശം പരിശോധിക്കാന്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് കമ്മീഷണര്‍ എ. കൗശികന്റെ നേതൃത്വത്തില്‍ ഒരു ഉന്നതതല സമിതിയെ കൂടി നിയോഗിച്ചിട്ടുണ്ട്. കെ.എസ്.ഡി.എം.എ. മെമ്പര്‍ സെക്രട്ടറി, ഫയര്‍ ആന്റ് റെസ്‌ക്യൂ ടെക്‌നിക്കല്‍ ഡയറക്ടര്‍, പി.ഡബ്ല്യൂ.ഡി ചീഫ് എഞ്ചിനീയര്‍, വൈദ്യുതിവകുപ്പിലെ ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ എന്നവര്‍ അടങ്ങുന്നതാണ് ഈ കമ്മിറ്റി.
തീപ്പിടിത്തത്തിന്റെ കാരണം, നഷ്ടം ഏതെല്ലാം ഫയലുകള്‍ നഷ്ടപ്പെട്ടു, ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ എന്നിവയാണ് ഈ സമിതി പരിശോധിക്കേണ്ടത്. ഒരാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കാനും സമിതിയോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. തീപ്പിടിത്തം ചെറുതാണെങ്കിലും സെക്രട്ടറിയേറ്റിലെ സുരക്ഷാസംവിധാനങ്ങള്‍ പരിശോധിച്ച് ശക്തിപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.
ഇതിനായി ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിയെ ഇന്നലെ മന്ത്രിസഭായോഗം ചുമതലപ്പെടുത്തുകയുണ്ടായെന്നും അദ്ദേഹം വ്യക്തമാക്കി.
ഓണത്തിന് മറ്റ് സംസ്ഥാനങ്ങളിലെ കച്ചവടക്കാര്‍ക്കും പൂക്കൾ വിൽക്കാം; പരമാവധി കാഷ്‌ലെസ് സംവിധാനം ഒരുക്കണം: മുഖ്യമന്ത്രി
തിരുവനന്തപുരം > മറ്റ് സംസ്ഥാനങ്ങളിലെ കച്ചവടക്കാര്‍ക്കും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് പൂക്കള്‍ വില്‍ക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. പൂ കൊണ്ടു വരുന്ന കുട്ടയും മറ്റും ഉപയോഗത്തിന് ശേഷം നശിപ്പിക്കണം. ഇടകലര്‍ന്ന് കച്ചവടം നടത്തരുത്. ശാരീരിക അകലമടക്കമുള്ള നിയന്ത്രണം പാലിക്കണം. പരമാവധി കാഷ്‌ലെസ് സംവിധാനം ഒരുക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു.
കോവിഡ് വ്യാപനത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ നേരത്തെ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് പൂക്കള്‍ കൊണ്ടുവരുന്നതിന് വിലക്കിയിരുന്നത്. ഓണക്കാലത്ത് കോവിഡുമായി ബന്ധപ്പെട്ട ചുമതല നിര്‍വഹിക്കുന്നതിനായി 20000 പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. സ്‌റ്റേഷനുകളിലേതടക്കം സാധാരണയുള്ള ജോലികള്‍ക്കായി 10000 ഉദ്യോഗസ്ഥരേയും നിയോഗിച്ചു. ജനങ്ങള്‍ വീട്ടിലിരുന്ന് തന്നെ ഓണം ആഘോഷിക്കുന്നുവെന്ന് പൊലീസ് ഉറപ്പ് വരുത്തും. ഓണക്കാലത്തെ നിയന്ത്രണം നടപ്പിലാക്കാന്‍ ജനമൈത്രി പോലീസും രംഗത്തുണ്ടാകും.
No comments:
Post a Comment