Friday, August 21, 2020

വിമാനത്താവളം കൈമാറരുത്‌

 തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം അദാനി ഗ്രൂപ്പിന്‌ കൈമാറാനുള്ള കേന്ദ്ര മന്ത്രിസഭാ തീരുമാനം കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്‌. പ്രത്യേക കമ്പനി രൂപീകരിച്ച്‌ പൊതുമേഖലയിൽ നിലനിർത്താൻ തയ്യാറാണെന്ന സംസ്ഥാന സർക്കാരിന്റെ വാഗ്‌ദാനത്തിന്‌ വിലകൽപ്പിക്കാതെ സംഘപരിവാറിന്റെ ഇഷ്‌ടക്കാർക്ക്‌ വിമാനത്താവളം തീറെഴുതുകയാണ്‌ കേന്ദ്രം. രാജ്യത്തിന്റെ സമ്പത്തായ പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റുതുലയ്‌ക്കുന്ന മോഡി സർക്കാർ കോവിഡിന്റെ മറവിൽ നടത്തുന്ന മറ്റൊരു പകൽക്കൊള്ളയാണിത്‌. കേരളത്തിന്റെ പൊതുസ്വത്തായ വിമാനത്താവളം കുത്തകയ്‌ക്ക്‌ കൈമാറുന്നതിനെതിരെ ശക്തമായ പ്രതിഷേധം ഉയരേണ്ടതുണ്ട്‌.

സംസ്ഥാനത്തിന്റെ കടുത്ത വിയോജിപ്പ്‌ തള്ളിയാണ്‌ വിമാനത്താവളം 50 വർഷത്തേക്ക്‌ അദാനി ഗ്രൂപ്പിന്‌ പാട്ടത്തിന്‌ നൽകാൻ തീരുമാനിച്ചത്‌. സ്വകാര്യവൽക്കരണത്തിനെതിരെ സംസ്ഥാന സർക്കാരിന്റെ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്‌. കോടതിയുടെ തീർപ്പിന്‌ കാക്കാതെയാണ്‌ തിരക്കിട്ട്‌ സ്വകാര്യവൽക്കരണം നടപ്പാക്കുന്നത്‌.


സംസ്ഥാന സർക്കാരിന്‌ പങ്കാളിത്തമുള്ള കമ്പനികളാണ്‌ കൊച്ചി, കണ്ണൂർ വിമാനത്താവളങ്ങൾ വിജയകരമായി നടത്തുന്നത്. ഈ അനുഭവ സമ്പത്തിന്റെ വെളിച്ചത്തിലാണ്‌ തിരുവനന്തപുരം ഏറ്റെടുക്കാൻ സംസ്ഥാന സർക്കാർ താൽപ്പര്യം പ്രകടിപ്പിച്ചത്‌. അദാനി ഗ്രൂപ്പ്‌ വാഗ്‌ദാനംചെയ്‌ത തുകതന്നെ നൽകാമെന്നും ഉറപ്പുപറഞ്ഞു. ഈ നിർദേശം സ്വീകാര്യമാണെന്ന്‌ കേന്ദ്രം തത്വത്തിൽ സമ്മതിച്ചിരുന്നു. ഇതെല്ലാം അവഗണിച്ച്‌ ഇഷ്‌ടക്കാർക്ക്‌ പാട്ടത്തിന്‌ നൽകാനാണ്‌ മോഡി സർക്കാരിന്റെ തീരുമാനം.

കേരളം വിട്ടുനൽകിയ 653 ഏക്കർ ഭൂമിയിൽ ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച്‌ പടുത്തുയർത്തിയതാണ്‌ തിരുവനന്തപുരം വിമാനത്താവളം. 1932ൽ തുടക്കം കുറിക്കുമ്പോൾ തിരുവിതാംകൂർ രാജകുടുംബവും പിന്നീട്‌ പലതവണയായി സംസ്ഥാന സർക്കാരും സൗജന്യമായി നൽകിയതാണ്‌ ഭൂമി. എട്ടു വർഷത്തിനിടിയിൽ 1000 കോടി രൂപയാണ്‌ എയർപോർട്ട്‌ അതോറിറ്റി വിമാനത്താവള വികസനത്തിന്‌ ചെലവിട്ടത്‌. 600 കോടി രൂപ മുടക്കി 18 ഏക്കറിൽ പുതിയ ടെർമിനലിന്റെ നിർമാണം നടന്നുവരുന്നു. ഈ സൗകര്യങ്ങളെല്ലാം അദാനി ഗ്രൂപ്പിന്‌ അടിയറ വയ്‌ക്കുകയാണ്‌ മോഡി സർക്കാർ. സംസ്ഥാനത്തെ ജനങ്ങളുടെ അഭിപ്രായത്തിനും വികാരത്തിനും തരിമ്പും വിലകൽപ്പിക്കാത്ത ഏകാധിപത്യ നടപടിയാണിത്‌.

വിമാനത്താവള നടത്തിപ്പ്‌ വൻ ലാഭമുള്ള വ്യവസായമാണ്‌. കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ കഴിഞ്ഞ വർഷത്തെ ലാഭം 380 കോടിയാണ്‌. തിരുവനന്തപുരത്ത്‌ കഴിഞ്ഞ വർഷം 170 കോടി ലാഭമുണ്ടായി. ഈ ലാഭത്തിൽ കണ്ണുവച്ചാണ്‌ വിമാനത്താവളം നടത്തി പരിചയമില്ലാത്ത അദാനി ഗ്രൂപ്പ്‌ കടന്നുവരുന്നത്‌. അദാനി കരാർ ഒപ്പിട്ട മൂന്ന്‌ വിമാനത്താവളം ഇതുവരെ ഏറ്റെടുത്തിട്ടില്ല. കോവിഡ്‌ കാലത്ത്‌ നഷ്‌ടം വരാതിരിക്കാൻ അവർക്ക്‌ നവംബർവരെ സമയം നൽകിയിരിക്കുകയാണ്‌. അതിനിടയ്‌ക്കാണ്‌ തിരുവനന്തപുരം വിമാനത്താവളം കൈമാറുന്നത്‌. കാര്യമായ മുതൽമുടക്കില്ലാതെ ഒരു യാത്രക്കാരന്‌ 168 രൂപ നിരക്കിൽ നൽകി അദാനിക്ക്‌ കൊള്ളലാഭം കൊയ്യാം.

രാജ്യം അതിസമ്പന്നർക്ക്‌ പതിച്ചുനൽകി ജനങ്ങളെ കൊള്ളയടിക്കാൻ അവസരമൊരുക്കുകയാണ്‌ മോഡി സർക്കാർ. ഇലക്‌ഷൻ ബോണ്ടുകളിലും പിഎം കെയേഴ്‌സിലുമെല്ലാം കുമിഞ്ഞുകൂടുന്ന കോടികളിൽ രാജ്യത്തെ വിറ്റുതുലയ്‌ക്കുന്നതിനുള്ള കമീഷനും ഉൾപ്പെടും. രാജ്യസ്‌നേഹത്തിന്റെ കുത്തക അവകാശപ്പെടുന്ന  സംഘപരിവാർ കോർപറേറ്റുകളുമായി ഒത്തുകളിച്ച്‌ രാജ്യത്തെ വിൽപ്പന നടത്തുകയാണ്‌. കോൺഗ്രസ്‌ സർക്കാരുകൾ തുടങ്ങിവച്ച പൊതുമേഖല വിറ്റുതുലയ്‌ക്കൽ പരസ്യ കൈമാറ്റമാക്കുകയാണ്‌ ബിജെപി. കോർപറേറ്റ്‌ മൂലധനവും സംഘപരിവാറും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിന്‌ തെളിവാണ്‌ നവരത്ന കമ്പനികളടക്കമുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ കൈമാറാനുള്ള നീക്കങ്ങൾ.

കേരളത്തിന്റ അഭിമാനമായ തിരുവനന്തപുരം വിമാനത്താവളം അദാനിക്ക്‌ അടിയറവയ്‌ക്കുന്നതിൽ സംസ്ഥാനത്തെ കോൺഗ്രസ്‌ എംപിമാർക്കും കോൺഗ്രസ്‌ നേതൃത്വത്തിനും ഒരേ അഭിപ്രായമാണോ പറയാനുള്ളതെന്ന്‌ അറിയാൻ ജനങ്ങൾക്ക്‌ താൽപ്പര്യമുണ്ട്‌. സംസ്ഥാന സർക്കാരിനെതിരെ നിരന്തരം വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്ന യുഡിഎഫിനും മാധ്യമങ്ങൾക്കും ഇക്കാര്യത്തിൽ തികഞ്ഞ മൗനമാണ്‌. വിമാനത്താവളം പൊതുമേഖലയിൽ നിലനിർത്താൻ നിവേദനവുമായി പോയ കേന്ദ്രമന്ത്രി വി മുരളീധരന്റെ മലക്കംമറിച്ചിൽ പരിഹാസ്യമാണ്‌.  സംസ്ഥാന ബിജെപി നേതൃത്വത്തിന്‌ ഒന്നും പറയാനുണ്ടാകില്ലെന്ന്‌ എല്ലാവർക്കുമറിയാം.

മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിയെ നേരിൽക്കണ്ട്‌ വിമാനത്താവളം സ്വകാര്യവൽക്കരിക്കരുതെന്ന്‌ ആവശ്യം ഉന്നയിച്ചിരുന്നു. സംസ്ഥാന നിയമസഭയും ഇക്കാര്യം ഏകകണ്ഠമായി ആവശ്യപ്പെട്ടതാണ്‌. വിമാനത്താവളം അദാനിക്ക് കൈമാറാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി വീണ്ടും പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. മുഖ്യമന്ത്രി വിളിച്ച സർവകക്ഷിയോഗവുംഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്‌. കേരളത്തിന്റെ ഈ വികാരം അംഗീകരിച്ച്‌ സ്വകാര്യവൽക്കരണം ഉപേക്ഷിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണം.

deshabhimani editorial 21082020

No comments:

Post a Comment