Wednesday, August 26, 2020

പ്രതിപക്ഷത്തിനേറ്റ അടി

 ഒരു ദിവസത്തേതായിരുന്നെങ്കിലും നിയമസഭാ ചരിത്രത്തിൽ ഇടംനേടിയ സമ്മേളനമായിരുന്നു  14–-ാം നിയമസഭയുടെ 20–-ാം സമ്മേളനം. കോവിഡ് പ്രതിസന്ധിക്കിടയിലും ഭരണഘടനാപരമായ വ്യവസ്ഥ  പാലിക്കുന്നതിന് സഭ ചേരുക, ധനില്ലുകളും ഉപധനാഭ്യർഥനയും പാസാക്കുക, പ്രതിപക്ഷത്തിന്റെ അവിശ്വാസപ്രമേയം ചർച്ച ചെയ്യുക, അതിന് മുഖ്യമന്ത്രി നൽകിയ റെക്കോഡ് മറുപടി, രാജ്യസഭയിലേക്ക് കേരളത്തിൽ നിന്നുമുള്ള ഒഴിവിലേക്ക് പ്രതിനിധിയെ തെരഞ്ഞെടുക്കുക, പൊതുആവശ്യത്തിനായുള്ള ഏകകണ്‌ഠമായി പ്രമേയം പാസാക്കുക, സർവോപരി അംഗങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തി കോവിഡ് മഹാമാരിക്കിടയിലും മാതൃകാപരമായി  സമ്മേളിക്കുക. അങ്ങനെ ഈ സമ്മേളനം സഭാ ചരിത്രത്തിൽ ഇടംനേടി.

വാസ്തവത്തിൽ ഭരണഘടനാപരമായി ആറ് മാസത്തിനുള്ളിൽ സഭ ചേരുക, ധനബിൽ പാസാക്കുക എന്നീ കടമകൾ മാത്രമേ സർക്കാരിന് മുന്നിലുണ്ടായിരുന്നുള്ളൂ. കോവിഡ് മഹാമാരിക്കിടെ ഈ ഉത്തരവാദിത്തങ്ങൾ നിർവഹിക്കാൻ ഒന്നോ രണ്ടോ മണിക്കൂർ സഭ ചേർന്നാൽ മതിയായിരുന്നു. എന്നാൽ, ദുരന്തമുഖത്തും സങ്കുചിത രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്ന പ്രതിപക്ഷത്തിന്റെ ദുർവാശിയായിരുന്നു ഈ അവിശ്വാസപ്രമേയം.

മൂന്നിൽ രണ്ട് ഭൂരിപക്ഷമുള്ളപ്പോൾ അവിശ്വാസ പ്രമേയത്തെ ഭയക്കേണ്ട കാര്യമില്ല. എന്നാൽ, അവിശ്വാസപ്രമേയം വിശ്വാസപ്രമേയമായി പരിണമിക്കുമെന്നും പ്രതിപക്ഷത്തിന്റെ കാൽച്ചുവട്ടിലെ മണ്ണാണ് ഒലിച്ചുപോകാൻ തുടങ്ങുന്നതെന്നും ഭരണപക്ഷം നൽകിയ മുന്നറിയിപ്പ് യാഥാർഥ്യമായി. 47 അംഗങ്ങളുണ്ടായിരുന്ന പ്രതിപക്ഷത്ത് അവിശ്വാസപ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്യാൻ 40 പേരെ ഉണ്ടായിരുന്നുള്ളൂ.

ആരോപണങ്ങൾക്കെല്ലാം മറുപടി

വി ഡി സതീശനായിരുന്നു അവിശ്വാസപ്രമേയം അവതരിപ്പിച്ചത്.  പ്രതിപക്ഷവും ചില മാധ്യമങ്ങളും നടത്തിക്കൊണ്ടിരിക്കുന്ന പ്രസ്താവനകൾക്കും നുണക്കഥകൾക്കും അപ്പുറം വസ്തുനിഷ്ഠതെളിവുകൾ നിരത്തി ഒരു കാര്യവും ഉന്നയിക്കാൻ  കഴിഞ്ഞില്ല.  കുറെ ആരോപണങ്ങൾ മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ ഓഫീസിനും അദ്ദേഹത്തിന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിക്കും എതിരെ ഉന്നയിക്കുകയായിരുന്നു. ആര് അഴിമതി നടത്തിയെന്നോ എന്ത് അഴിമതി നടത്തിയെന്നോ ഏത് അഴിമതിക്കാണ് തെളിവുള്ളതെന്നോ ഏത് ആക്ഷേപമാണ് ഏതെങ്കിലും ഒരു അന്വേഷണ ഏജൻസിയോ കോടതിയോ കണ്ടെത്തിയിട്ടുള്ളതെന്നോ പറയാൻ തയ്യാറായില്ല.

ആരോപണങ്ങൾക്കെല്ലാം ഭരണപക്ഷം എണ്ണിയെണ്ണി മറുപടി പറഞ്ഞു. മാത്രമല്ല, യുഡിഎഫ് സർക്കാരിന്റെ കാലത്തെ നാണംകെട്ട നടപടികൾ അവരെ ഓർമിപ്പിക്കുകയും ചെയ്തു.  രാജ്യത്തെ പ്രമുഖ ഏജൻസികൾ അന്വേഷണം നടത്തുന്ന കേസുകളിൽ ലീഗ്, കോൺഗ്രസ്, ബിജെപി പ്രവർത്തകരാണ് പ്രതിസ്ഥാനത്തുള്ളത്. ആരോപണം ഉന്നയിക്കുന്നവർ അവരുടെ കൈയിലുള്ള തെളിവുകളെല്ലാം എന്തേ ഈ അന്വേഷണ ഏജൻസികൾക്ക് കൈമാറുന്നില്ല. സർക്കാരിനെതിരെ കേസുമായി കോടതിയിൽപോയ പ്രതിപക്ഷനേതാവിന് കിട്ടിയ മറുപടിയും ഭരണപക്ഷം ചൂണ്ടിക്കാട്ടി.

പാവപ്പെട്ടവർക്ക് വീട് നൽകുന്ന ലൈഫ് പദ്ധതിക്കെതിരെയും ആക്ഷേപം ഉന്നയിച്ച പ്രമേയാവതാരകന്, അദ്ദേഹം തന്റെ മണ്ഡലത്തിൽ നടപ്പാക്കുന്ന പുനർജനി പദ്ധതിക്കായി വിദേശസഹായം സ്വീകരിച്ചതിന്റെയും അതിനായി വിദേശയാത്ര നടത്തിയതിന്റെയും ധാർമികതയെ അംഗങ്ങൾ ചോദ്യം ചെയ്തു. അവിശ്വാസപ്രമേയ അവതാരകന് എതിരായ അവിശ്വാസംതന്നെ സഭ രേഖപ്പെടുത്തുകയായിരുന്നു. കൺസൾട്ടൻസി രാജെന്ന് ആക്ഷേപിച്ചവർക്ക് യുഡിഎഫ് കാലത്തെ കൺസൾട്ടൻസി കമ്പനികളുടെ എണ്ണം നിരത്തിയാണ് മറുപടി നൽകിയത്. ഞങ്ങളുടെ കാലത്ത് കൺസൾട്ടൻസികൾ ഇല്ലെന്ന് വീമ്പ് പറഞ്ഞ പ്രതിപക്ഷനേതാവിന്റെ ഹരിപ്പാട് മണ്ഡലത്തിലെ മെഡിക്കൽ കോളേജിനായി നിയമിച്ച കിറ്റ്കോ എന്ന കൺസൾട്ടൻസിയെ മാറ്റി മറ്റൊന്നിനെ തെരഞ്ഞെടുത്തതിനെക്കുറിച്ച്  ചോദിച്ചു. അദ്ദേഹം ആഭ്യന്തര മന്ത്രിയായിരിക്കെ വിജിലൻസ് ട്രിബ്യൂണലിനെ മാറ്റി നിയമിച്ച് യുഡിഎഫ് മന്ത്രിമാരുടെ കേസുകൾ പിൻവലിച്ചതിനെക്കുറിച്ചും ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞില്ല.

ഈ നാടിനുവേണ്ടി എപ്പോഴെങ്കിലും പ്രതിപക്ഷം ശബ്ദം ഉയർത്തിയിട്ടുണ്ടോ? കേന്ദ്രസർക്കാർ ഈ സർക്കാരിനെതിരെ ദ്രോഹകരമായ നടപടികൾ സ്വീകരിക്കുമ്പോൾ മിണ്ടിയിട്ടുണ്ടോ ? 

സോളാർ കേസിൽ ജനകീയ പ്രക്ഷോഭത്തെ തുടർന്ന് ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചപ്പോൾ അന്നത്തെ മുഖ്യമന്ത്രിയുടെ ഓഫീസിനെയും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യം ഉയർന്നു. എന്നാൽ, ജുഡീഷ്യൽ അന്വേഷണം എങ്ങനെ എന്റെ ഓഫീസിന്റെ പരിധിയിൽ വരും എന്ന മറുചോദ്യമാണ് അന്നത്തെ മുഖ്യമന്ത്രി ഉയർത്തിയത്. എന്നാൽ, ഇന്നത്തെ മുഖ്യമന്ത്രി ഏത് അന്വേഷണത്തെയും നേരിടാൻ തയ്യാറെന്ന് തന്റേടത്തോടെ പറയുകയാണ് ചെയ്തത്. ഈ നാടിനുവേണ്ടി എപ്പോഴെങ്കിലും പ്രതിപക്ഷം ശബ്ദം ഉയർത്തിയിട്ടുണ്ടോ? കേന്ദ്രസർക്കാർ ഈ സർക്കാരിനെതിരെ ദ്രോഹകരമായ നടപടികൾ സ്വീകരിക്കുമ്പോൾ മിണ്ടിയിട്ടുണ്ടോ. ഭരണപക്ഷത്തുനിന്ന്‌ ചർച്ചയിൽ പങ്കെടുത്ത 11 പേരും മികച്ച നിലവാരത്തിലാണ് കാര്യങ്ങൾ അവതരിപ്പിച്ചത്. എന്നാൽ, പ്രതിപക്ഷം അധിക്ഷേപത്തിനും വ്യക്തിഹത്യക്കുമാണ് തുനിഞ്ഞത്.

പ്രതിപക്ഷനേതാവും പ്രതിപക്ഷ ഉപനേതാവും അഴിമതി എന്ന പേരിൽ ചില ആക്ഷേപങ്ങൾ ഉന്നയിച്ചു. ദേശീയപാതയോരത്ത് 14 വഴിയോര വിശ്രമകേന്ദ്രം പണിയാൻ ഭൂമി പൊതുമേഖലാ സ്ഥാപനമായ ഐഒസിക്ക് നൽകാതെ സ്വകാര്യ വ്യക്തികൾക്ക് നൽകി എന്നായിരുന്നു ആരോപണം. എന്നാൽ, ദേശീയപാതയുടെ ഒരു സെന്റ് ഭൂമിപോലും എടുത്തിട്ടില്ലെന്നും സംസ്ഥാന പാതയിൽ ആവശ്യം കഴിഞ്ഞുകിടക്കുന്ന 10 സ്ഥലത്താണ് വിശ്രമകേന്ദ്രങ്ങൾ പണിയാൻ തീരുമാനിച്ചിട്ടുള്ളതെന്നും അതിന്റെ ടെൻഡർ നടപടികൾ പൂർത്തിയായിട്ടില്ലെന്നും പൊതുമരാമത്ത് മന്ത്രി  ജി സുധാകരൻ മറുപടി നൽകി. ഇതോടെ പ്രതിപക്ഷനേതാവ്  തടിതപ്പി. ആരോഗ്യപ്രവർത്തകർക്കുള്ള പിപിഇ കിറ്റ് കൂടിയ വിലയ്ക്ക് വാങ്ങി എന്നായിരുന്നു പ്രതിപക്ഷ ഉപനേതാവിന്റെ ആരോപണം. സുരക്ഷ ഉറപ്പുവരുത്താൻ മെഡിക്കൽ സർവീസ് കോർപറേഷൻ മുഖേന എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് ഗുണമേൻമയുള്ള പിപിഇ കിറ്റ് വാങ്ങിയതെന്നും അതിൽ അഴിമതി ഇല്ലെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ വ്യക്തമാക്കി. റവന്യൂമന്ത്രി ഇ ചന്ദ്രശേഖരനും  മറുപടി പറഞ്ഞു.

വികസന നേട്ടങ്ങൾ ജനങ്ങളിലേക്ക്‌

മൂന്നേമുക്കാൽ മണിക്കൂറാണ് അവിശ്വാസ പ്രമേയ ചർച്ചയ്ക്ക് മുഖ്യമന്ത്രി മറുപടി നൽകിയത്. ഇത് നിയമസഭാ രേഖകളിൽ റെക്കോഡാണ്. ഈ സർക്കാരിന്റെ ഏത് കാര്യത്തിലാണ് നിങ്ങൾക്ക് അവിശ്വാസമെന്ന് പ്രതിപക്ഷത്തോട് മുഖ്യമന്ത്രി ചോദിച്ചു. ഇവിടെ അവിശ്വാസപ്രമേയം ചർച്ച ചെയ്യുമ്പോൾ എഐസിസി ആസ്ഥാനത്ത് കോൺഗ്രസ് പ്രസിഡന്റിനെതിരെ 23 നേതാക്കൾ നൽകിയ അവിശ്വാസം ചർച്ച ചെയ്യുകയാണ്. ജനങ്ങളിൽ ഞങ്ങളർപ്പിച്ച വിശ്വാസം അവിശ്വാസമായി മാറാൻ എന്തെങ്കിലും ഈ കാലയളവിൽ സംഭവിച്ചിട്ടുണ്ടോ. എത്രയോ കാര്യങ്ങളിൽ കേരളം ഇന്ന് ലോകത്തിന് മാതൃകയാണ്.

ദേശീയ, അന്തർദേശീയ തലങ്ങളിൽ അംഗീകാരം നേടിയ ഭരണനടപടികളിലാണോ നിങ്ങൾ അവിശ്വാസം രേഖപ്പെടുത്തുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു. ഈ നേട്ടങ്ങൾ പ്രതിപക്ഷത്തിന്റെ ഉറക്കം കെടുത്തുന്നു. അതുകൊണ്ടാണ് ദുരാരോപണങ്ങളും അവിശ്വാസ പ്രമേയവും. ലീഗിൽ എസ്ഡിപിഐ വഴി മുസ്ലിം വർഗീയവൽക്കരണവും കോൺഗ്രസിൽ ആർഎസ്എസിലൂടെ ഹിന്ദുവർഗീയവൽക്കരണവും നടത്തി ഇവർ ഒത്തുചേരുന്നത് ആർക്കെതിരെയാണ്? ജനാധിപത്യ മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന എൽഡിഎഫിനെതിരെ.

ജനങ്ങൾ തെരഞ്ഞെടുത്ത മഹാഭൂരിപക്ഷമുള്ള സഭയിൽ മതനിരപേക്ഷ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഈ സർക്കാരിനെതിരെ എന്ത് അടിസ്ഥാനത്തിലാണ് അവിശ്വാസപ്രമേയം കൊണ്ടുവന്നത്. ഈ സർക്കാരിന് ജനങ്ങളെയാണ് വിശ്വാസം. ഞങ്ങളെ ജനങ്ങൾക്ക് അറിയാം. ജനങ്ങളും ഈ നാടും ഞങ്ങളെ ശരിക്കും മനസ്സിലാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇനി ജനമധ്യത്തിൽത്തന്നെ നമുക്ക് കാണാം–-മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ വിശദ മറുപടി പ്രതിപക്ഷത്തെ വിറളി പിടിപ്പിച്ചു. അവർ നടുത്തളത്തിലിറങ്ങി ബഹളമുണ്ടാക്കി. കോവിഡ് പ്രോട്ടോകോൾപോലും പാലിക്കാതെ.

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട പ്രശ്നം സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടപ്പോൾത്തന്നെ സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചു. വിവാദ സ്ത്രീയെയും പ്രിൻസിപ്പൽ സെക്രട്ടറിയെയും  നീക്കം ചെയ്തു. തുടർന്ന്, പ്രിൻസിപ്പൽ സെക്രട്ടറിയെ സസ്പെൻഡ്‌ ചെയ്തു.  ചീഫ് സെക്രട്ടറി നേതൃത്വം കൊടുക്കുന്ന ഭരണതല അന്വേഷണം തുടരുകയാണ്. സ്വപ്ന സുരേഷിന് എതിരായി ബന്ധപ്പെട്ട വകുപ്പുകൾ ചുമത്തി ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തു. എൻഐഎ, കസ്റ്റംസ്, ഇഡി അന്വേഷണം കേന്ദ്രവും നടത്തുന്നു. ഫലപ്രദമായ അന്വേഷണത്തെ ആർക്കാണ് ഭയമെന്നുള്ളത് പിടിക്കപ്പെട്ടവരുടെ സ്വഭാവം നോക്കിയാൽ മനസ്സിലാകും.  

വോട്ടിനിട്ടപ്പോൾ 40 നെതിരെ 87 വോട്ടിന് പ്രമേയം പരാജയപ്പെട്ടു. പ്രതിപക്ഷ അംഗബലം കുറയുന്നതിനും യുഡിഎഫ് നൽകിയ വിപ്പ് രണ്ട് അംഗങ്ങൾ ലംഘിക്കുന്നതിനും ഒരു ഘടകകക്ഷി രണ്ട് വിപ്പ് നൽകുന്നതിനും സഭ സാക്ഷ്യം വഹിച്ചു.

അവിശ്വാസപ്രമേയത്തിന് അനുമതി നൽകിയശേഷം സ്പീക്കർക്ക് എതിരായി  ഉമ്മർ നോട്ടീസ് നൽകിയ പ്രമേയം ചർച്ച ചെയ്യാതിരിക്കുന്നതിനെതിരെ പ്രതിപക്ഷനേതാവ് രംഗത്തെത്തി. ഭരണഘടനാ അനുച്ഛേദം 179 (ഇ) പ്രകാരം സ്പീക്കർക്കെതിരായ പ്രമേയം 15 ദിവസത്തിനു  മുമ്പ്‌ നോട്ടീസ് നൽകേണ്ടതുണ്ട്. അതുകൊണ്ടാണ് പരിഗണിക്കാത്തതെന്ന് സ്പീക്കർ വ്യക്തമാക്കി. പ്രതിപക്ഷനേതാവുമായി ആലോചിച്ച് ഈ മാസം 12ന്റെ മന്ത്രിസഭായോഗമാണ് സമ്മേളനം ചേരാൻ തീരുമാനിച്ചത്.

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവൽക്കരിക്കാനുള്ള കേന്ദ്രതീരുമാനത്തിനെതിരെ  പ്രമേയം സഭ ഏകകണ്‌ഠമായി പാസാക്കി. മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തെ പിന്താങ്ങി പ്രതിപക്ഷനേതാവ് സംസാരിച്ചു. കഴിഞ്ഞ ബജറ്റിനോടൊപ്പം അവതരിപ്പിച്ച ധനബിൽ സഭ പാസാക്കി. 2020–-21 ലെ ധനവിനിയോഗ ബിൽ, ഉപധനാഭ്യർഥന എന്നിവയും പാസാക്കി. മുൻ അംഗങ്ങളുടെ നിര്യാണത്തിൽ സഭ അനുശോചിച്ചു. എം പി വീരേന്ദ്രകുമാറിന്റെ നിര്യാണത്തെ തുടർന്ന് ഒഴിവ് വന്ന രാജ്യസഭാ സീറ്റിലേക്ക് എം വി ശ്രേയാംസ് കുമാറിനെ തെരഞ്ഞെടുത്തു.

അവിശ്വാസപ്രമേയം ആയിരുന്നു ചർച്ച എങ്കിലും ഈ സർക്കാരിന്റെ നേട്ടങ്ങൾ ജനങ്ങൾക്കുമുന്നിൽ അവതരിപ്പിക്കാനും പ്രതിപക്ഷത്തിന്റെ ഗീബൽസിയൻ തന്ത്രങ്ങളും ഈയാഗോ ബുദ്ധിയും തുറന്നുകാട്ടാനും പ്രത്യേക സമ്മേളനം സഹായകമായി.

*

എ കെ ബാലൻ

No comments:

Post a Comment