കേന്ദ്രസർക്കാർ വകുപ്പുകളിൽ നിയമനമില്ലാതെ എട്ട് ലക്ഷത്തിലേറെ ഒഴിവ്. അഞ്ചിൽ ഒന്നുവീതം തസ്‌തിക ഒഴിഞ്ഞുകിടക്കുന്നു. ആഭ്യന്തരം ഒഴികെ എല്ലാ വകുപ്പുകളിലും ജീവനക്കാർ കുറയുകയാണ്.
അഭ്യസ്‌തവിദ്യരുടെ തൊഴിലില്ലായ്‌മ 24 ശതമാനമായി ഉയർന്നിരിക്കെയാണ് കേന്ദ്രം നിയമനം മരവിപ്പിച്ചത്. പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിൽ കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിങ് അറിയിച്ചത്, 2018 മാർച്ച് ഒന്നിലെ കണക്കുപ്രകാരം 6.83 ലക്ഷം ഒഴിവുണ്ടെന്നാണ്. നിലവിലെ ഒഴിവുകള്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. 2019, 2020 വർഷങ്ങളിൽ ലക്ഷത്തിലേറെ പേർ വിരമിച്ചിട്ടുണ്ട്. ഇതിലൊന്നും നിയമനം നടത്തിയിട്ടില്ല.
റവന്യൂവകുപ്പിൽ പകുതിയോളം തസ്‌തിക ഒഴിഞ്ഞുകിടക്കുന്നു. പ്രതിരോധ (സിവിൽ), ആരോഗ്യ വകുപ്പുകളിൽ 30 ശതമാനം വീതവും തപാൽ വകുപ്പിൽ 25 ശതമാനവും റെയിൽവേയിൽ 20 ശതമാനവും ആഭ്യന്തരവകുപ്പിൽ 10 ശതമാനവും ഒഴിവുണ്ട്. മൂന്നരലക്ഷം തസ്‌തിക ഒഴിഞ്ഞുകിടക്കുന്ന റെയിൽവേയിൽ നിയമനം പൂർണമായും നിരോധിച്ച് അടുത്തിടെ ഉത്തരവിറക്കി. ഇതര വകുപ്പുകളിൽ ശരാശരി 25 ശതമാനം തസ്‌തികകളിൽ നിയമനമില്ല. 2014ൽ പ്രതിരോധം ഒഴികെയുള്ള വകുപ്പുകളിൽ 33 ലക്ഷം ജീവനക്കാരുണ്ടായിരുന്നു.
പ്രതിരോധസേനകളിൽ 14 ലക്ഷം പേരുണ്ട്. പ്രതിരോധസേനകളിൽ ഒഴികെ അംഗീകരിച്ച തസ്‌തികകളുടെ എണ്ണം 38 ലക്ഷമാണ്. 31.17 ലക്ഷം പേരാണ് 2018ൽ സർവീസിൽ ഉണ്ടായിരുന്നത്. 1994ൽ കേന്ദ്രസർവീസിൽ പണിയെടുക്കുന്നവർ രാജ്യത്തെ സംഘടിതതൊഴിൽ മേഖലയുടെ 12.4 ശതമാനമായിരുന്നു. ഇപ്പോൾ ഇത് എട്ട് ശതമാനത്തിൽ താഴെയായി. അർധസൈനിക വിഭാഗങ്ങൾ അടക്കം ആഭ്യന്തരവകുപ്പിൽ ജീവനക്കാരുടെ എണ്ണം 2006നെ അപേക്ഷിച്ച് 32 ശതമാനം ഉയർന്നപ്പോൾ മറ്റെല്ലാ വകുപ്പുകളിലും ഇടിഞ്ഞു.
ഇതേസമയം കരാർ, താൽക്കാലിക നിയമനങ്ങൾ വ്യാപകമായി നടക്കുന്നു. മൂന്നുലക്ഷം കരാർ ജീവനക്കാരാണ് കേന്ദ്രസർക്കാർ വകുപ്പുകളിൽ ജോലി ചെയ്യുന്നത്. മാനദണ്ഡങ്ങൾ ഒന്നും പാലിക്കാതെയാണ് കരാർ നിയമനം. വിരമിച്ചവരെ ദിവസക്കൂലിക്ക് ജോലി ചെയ്യിക്കാനും അനുമതി നൽകി.
തൊഴില്‍ ഇല്ലാതാക്കാന്‍ സ്വകാര്യവൽക്കരണം
പൊതുമേഖലാ സ്ഥാപനങ്ങൾ കൂട്ടത്തോടെ സ്വകാര്യവൽക്കരിക്കാനുള്ള തീരുമാനം തൊഴിലവസരം വൻതോതിൽ ഇല്ലാതാക്കും. സ്ഥാപനങ്ങളിൽ തൊഴിലാളികൾ അധികമാണെന്നാണ് ‘കണ്ടെത്തൽ’.
സ്വകാര്യമേഖലയിൽ നടക്കുന്ന നിയമനങ്ങളിൽ സംവരണം ഉൾപ്പെടെ ബാധകമാകില്ല. എസ്‌എസ്‌സി, യുപിഎസ്‌സി എന്നീ റിക്രൂട്ട്മെന്റ് ഏജൻസികളെ അപ്രസക്തമാക്കുന്ന സാഹചര്യമാണ് രൂപംകൊള്ളുന്നത്. ഈ നിയമന ഏജൻസികളിലെ ഒഴിവുകളും നികത്തുന്നില്ല.
സാജൻ എവുജിൻ
റെയിൽവേയും കേന്ദ്ര സർക്കാരും കൈയൊഴിഞ്ഞു ; ജീവിതം വഴിമുട്ടി 6 ലക്ഷം റെയിൽവേ തൊഴിലാളികൾ
റെയിൽവേയും കേന്ദ്ര സർക്കാരും കൈയൊഴിഞ്ഞതോടെ ജീവിതം വഴിമുട്ടി ആറ് ലക്ഷത്തോളം കരാർ തൊഴിലാളികൾ. റെയിൽവേയെ ആശ്രയിച്ചിരുന്ന ലക്ഷക്കണക്കിന് കരാർ - അനുബന്ധ തൊഴിലാളികളാണ് കോവിഡ്‌മൂലം തൊഴിൽരഹിതരായത്. ഇവർക്ക് ആശ്വാസധനഹായം പ്രഖ്യാപിക്കാൻപോലും ബന്ധപ്പെട്ടവർ തയ്യാറല്ല.
പതിമൂവായിരത്തോളം യാത്രാവണ്ടികൾ ദിവസവും ഓടിയിരുന്ന സ്ഥാനത്ത് ആകെ നൂറിൽ താഴെ ട്രെയിനുകളാണ് ഇപ്പോൾ സർവീസ് നടത്തുന്നത്. കാറ്ററിങ്, പാൻട്രി കാറുകളിൽ രണ്ട് ലക്ഷത്തോളം പേർ ജോലി ചെയ്തിരുന്നു. വിവിധ സ്റ്റേഷനുകളിലായുള്ള എൺപതിനായിരത്തോളം പോർട്ടർമാരും ദുരിതത്തിലാണ്. കോച്ച് അറ്റൻഡർമാർ, ബെഡ്‌റോൾ വിതരണക്കാർ, ഓൺബോർഡ് ക്ലീനിങ് ജോലിക്കാർ, പാർസൽ പോർട്ടർമാർ, റണ്ണിങ് റൂം ജോലിക്കാർ, ബോക്സ് ബോയ്മാർ, കാൾ ബോയ്മാർ, ക്ലീനിങ് ആൻഡ് വാട്ടറിങ് ജോലിക്കാർ തുടങ്ങിയവരും തൊഴിൽരഹിതരായി. കരാർ തൊഴിലാളികൾക്ക് ലോക്ഡൗൺ കാലത്ത് ശമ്പളം നൽകണമെന്ന് റെയിൽവേ ബോർഡ് ഉത്തരവിറക്കിയിരുന്നെങ്കിലും തൊഴിലുടമകൾ കോടതിയെ സമീപിച്ചപ്പോൾ ഉത്തരവ് പിൻവലിച്ചു.
സിഐടിയു നേതൃത്വത്തിലുള്ള കരാർ തൊഴിലാളി സംഘടനയുടെ ശ്രമഫലമായി ക്ലീനിങ്, വാട്ടറിങ് തൊഴിലാളികൾക്ക് ഒരു മാസത്തെ ശമ്പളം ചില മേഖലകളിൽ ലഭ്യമാക്കി. ഡിആർഇയു നേതൃത്വത്തിൽ ജീവനക്കാർ പണം സമാഹരിച്ച് തൊഴിൽരഹിതരായ പോർട്ടർമാർക്ക് നൽകുകയും ചെയ്‌തു. തൊഴിൽ നഷ്ടപ്പെട്ടവർക്ക് സംസ്ഥാന സർക്കാർ ക്ഷേമനിധികൾ വഴി ആശ്വാസധനസഹായവും നൽകി. എന്നാൽ, റെയിൽവേയും കേന്ദ്ര സർക്കാരും തങ്ങളെ പൂർണമായും അവഗണിച്ചെന്നാണ് തൊഴിലാളികൾ പറയുന്നത്. അടിയന്തരമായി സഹായധനം അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധത്തിന് ഒരുങ്ങുകയാണ് ഇവർ.
No comments:
Post a Comment