വിമാനാപകടത്തിൽ മരണസംഖ്യ ഗണ്യമായി കുറച്ചത് ക്യാപ്‌റ്റൻ ദീപക് സാഠെയുടെ വിപദിധൈര്യവും അനുഭവസമ്പത്തും. വ്യോമസേനയിൽ 22 വർഷവും എയർഇന്ത്യയിൽ 17 വർഷവും പ്രവർത്തനപരിചയമുള്ള ക്യാപ്‌റ്റൻ സാഠെ അപകടം മുന്നിൽക്കണ്ട് അവസരത്തിനൊത്തുയർന്നു. വിമാനം ഇടിച്ചിറങ്ങിയാല്‍ അപകടതീവ്രത കുറയ്‌ക്കാൻ കഴിയുന്നതെല്ലാം ചെയ്‌തു.
ലാൻഡിങ് ഗിയർ പ്രവർത്തിക്കുന്നില്ലെന്ന് വ്യക്തമായപ്പോൾ വിമാനത്താവളത്തിനു ചുറ്റും മൂന്നു പ്രാവശ്യം കറങ്ങി ഇന്ധനം പൂർണമായും തീർത്തു. എൻജിൻ ഓഫ് ചെയ്‌തശേഷമാണ് വിമാനം ഇറക്കിയത്. തീപിടിത്തം ഒഴിവാക്കിയത് ക്യാപ്‌റ്റൻ സാഠെയുടെ ഈ മുൻകരുതൽ നടപടി. വ്യോമസേനയിൽ സേവനം അനുഷ്‌ഠിക്കവെ അപകടത്തിൽപ്പെട്ട് തലയോട്ടിയിൽ അടക്കം പരിക്കേറ്റ് ആറു മാസം ചികിത്സയിൽ കഴിഞ്ഞു. വിമാനം പറത്താൻ ഇനി കഴിയില്ലെന്ന് കരുതിയവരെ അമ്പരപ്പിച്ചുകൊണ്ടാണ് ജോലിയിലേക്ക് മടങ്ങിയത്.
നാഷണൽ ഡിഫൻസ് അക്കാദമിയിലെ 58–-ാം ബാച്ചിൽ മികച്ച കേഡറ്റിനുള്ള രാഷ്ട്രപതിയുടെ സ്വർണമെഡൽ ജേതാവാണ്. വ്യോമസേനയുടെ ‘സ്‌വോഡ് ഓഫ് ഹോണർ’ ബഹുമതിക്കും അർഹന്‍. കാർഗിൽ യുദ്ധത്തിൽ പങ്കെടുത്തിട്ടുണ്ട്. ഭാര്യ സുഷമയോടൊപ്പം 15 വർഷമായി താമസം മുംബൈയില്‍. രണ്ട് ആൺമക്കൾ. മൂത്തമകൻ ബംഗളൂരുവിലും രണ്ടാമൻ അമേരിക്കയിലും ജോലിചെയ്യുന്നു. അച്ഛൻ ബ്രിഗേഡിയർ(റിട്ട.) വസന്ത് സാഠെ നാഗ്‌പുരിലാണ്. ജമ്മു–-കശ്‌മീരിൽ സേവനം അനുഷ്‌ഠിക്കവെ അപകടത്തിൽ മരിച്ച ക്യാപ്‌റ്റൻ വികാസ് സാഠെയുടെ സഹോദരനാണ് ദീപക് സാഠെ.
സുരക്ഷയൊരുക്കാതെ എയർപോർട്ട് അതോറിറ്റി; ഗുരുതരമായ സുരക്ഷാപ്രശ്‌നങ്ങളുണ്ടെന്ന് 2011ലെ റിപ്പോർട്ട്
തിരുവനന്തപുരം > കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ലാൻഡിങ് മേഖലയിൽ ഗുരുതരമായ സുരക്ഷാപ്രശ്‌നങ്ങളുണ്ടെന്ന് 2011ൽ സമർപ്പിച്ച വ്യോമയാന സുരക്ഷാ റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരുന്നു. ടേബിൾടോപ് റൺവേയായതിനാൽ എടുക്കേണ്ട ഒരു സുരക്ഷയും ഇവിടെയില്ലെന്നും വ്യോമയാന സുരക്ഷാ ഉപദേശക സമിതിക്ക് സമർപ്പിച്ച റിപ്പോർട്ടിലുണ്ട്.
എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയും (എഎഐ) ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനും(ഡിജിസിഎ) കലിക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ ഒരുക്കുന്നതിലും ഗുണനിലവാര പരിശോധന നടത്തുന്നതിലും പരാജയപ്പെട്ടെന്ന് 2016ൽ കേരള ഹൈക്കോടതിയിൽ അഡ്വ. യശ്വന്ത് ഷേണായി സമർപ്പിച്ച സത്യവാങ്‌മൂലത്തിലും പറഞ്ഞിരുന്നു.
2011–-2016 കാലയളവിൽ കലിക്കറ്റ്, കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളിൽ ഒരു സുരക്ഷാ ഓഡിറ്റുപോലും നടത്തിയിട്ടില്ല. അതിനാൽ, കോടതി സുരക്ഷാ റിപ്പോർട്ട് ആവശ്യപ്പെട്ടപ്പോൾ സ്വീകരിച്ച നടപടികളുടെ റിപ്പോർട്ടുകൾ നൽകി എയർപ്പോർട്ട് അതോറിറ്റിയും ഡിജിസിഎയും കോടതിയെ കബളിപ്പിക്കുകയാണ് ചെയ്‌തത്. കോടതികൾക്ക് സാങ്കേതികവശങ്ങളിലെ പോരായ്‌മ ഉപയോഗിക്കുകയായിരുന്നു. സമർപ്പിച്ച റിപ്പോർട്ടുകളിൽ പലതും വ്യാജമാണെന്ന സംശയവും സത്യവാങ്‌മൂലത്തിൽ ഉന്നയിച്ചിരുന്നു. പരിശോധനാ തീയതികളിൽ കൃത്യതയില്ല, ഉദ്യോഗസ്ഥരുടെ ഒപ്പുമില്ല, പരിശോധന നടത്തിയ വിമാനത്താവളങ്ങളുടെ പേരുപോലും രേഖപ്പെടുത്തിയിട്ടില്ലെന്നും സത്യവാങ്മൂലത്തിലുണ്ട്.വിമാനത്തിനും ഗ്രൗണ്ട് സ്റ്റാഫിനുമുള്ള സുരക്ഷാ പ്രശ്‌നങ്ങളെക്കുറിച്ച് പരാമർശിക്കുന്നതാണ് സുരക്ഷാ ഓഡിറ്റ് റിപ്പോർട്ട്.
ദുരന്തത്തിന് കാരണം ലാൻഡിങ് തെറ്റിയത്; റൺവേയിലിറക്കിയത് ശരിയായ രീതിയിലല്ല
കരിപ്പൂർ > ദുരന്തത്തിന് കാരണം ലാൻഡിങ് തെറ്റിയതാണെന്ന് ഡയറക്ടർ ജനറൽ ഓഫ് സിവിൽ എവിയേഷൻ (ഡിജിസിഎ). ശരിയായ രീതിയിലല്ല വിമാനം റൺവേയിലിറക്കിയത്. കനത്ത മഴയും മഞ്ഞും പൈലറ്റിന്റെ കാഴ്‌ചയെ ബാധിച്ചുവെന്നും ഡിജിസിഎയുടെ പ്രാഥമിക റിപ്പോർട്ടിലുണ്ട്. പൈലറ്റ് ദീപക് വസന്ത് സാഠെയുടെ ധീര ഇടപെടൽ അപകടത്തിന്റെ കാഠിന്യം കുറച്ചു.
പത്താം നമ്പർ റൺവേയിൽ വിമാനം ഇറക്കാനാണ് എയർ ട്രാഫിക് കൺട്രോൾ വിഭാഗം നിർദേശിച്ചത്. എന്നാൽ 13–-ാം നമ്പർ റൺവേയിലായിരുന്നു ലാൻഡിങ്. ടച്ച് ഡൗൺ സോണിൽ തൊടാതെയാണ് വിമാനം ലാൻഡ് ചെയ്‌തത്. റൺവേയിൽനിന്ന് തെന്നിമാറി നിയന്ത്രണംവിട്ട് താഴേക്ക് പതിച്ചു.
പൈലറ്റിന്റെ ആദ്യ ലാൻഡിങ് ശ്രമംപാളിയെന്നും രണ്ടാംശ്രമത്തിലാണ് അപകടമെന്നതും എയർ ഇന്ത്യയും ശരിവച്ചു. വിമാനത്തിൽനിന്ന് പുക ഉയർന്നതായി കണ്ടെത്തി. രാത്രി സമയത്ത് നടന്ന അപകടമായതിനാൽ വേണ്ടത്ര നിരീക്ഷണം ഉണ്ടായില്ലെന്നും കണ്ടെത്തി. വിമാനത്തിന്റെ രണ്ട് ചക്രങ്ങൾക്കിടയിലുള്ള ഭാഗം പല തവണ നിലത്ത് തട്ടി. എൻജിനും ഇന്ധനടാങ്കുമായുള്ള ബന്ധം പൈലറ്റ് വിച്ഛേദിച്ചതാണ് തീപിടിത്തം ഒഴിവാകാൻ കാരണമെന്നും പറയുന്നു. എന്നാൽ, ശാസ്‌ത്രീയ അന്വേഷണത്തിലേ ഇക്കാര്യത്തിൽ വ്യക്തത വരൂ.
ബഷീർ അമ്പാട്ട്
സർക്കാർ ഉണർന്നു പ്രവർത്തിച്ചു; ദുരന്തത്തിന്റെ വ്യാപ്‌തി കുറച്ചു: കേന്ദ്രമന്ത്രി
കരിപ്പൂർ > ദുരന്തമുണ്ടായ ഉടൻ വിമാനത്താവള അധികൃതരും സർക്കാർ സംവിധാനങ്ങളും ഉണർന്ന് പ്രവർത്തിച്ചതായി കേന്ദ്ര സിവിൽ വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇത് ദുരന്തത്തിന്റെ വ്യാപ്‌തി കുറച്ചു. നാട്ടുകാരുടെ ഇടപെടൽ പ്രശംസനീയമാണ്. ദുരന്തത്തെപ്പറ്റി ഊഹാപോഹങ്ങൾക്ക് പ്രസക്തിയില്ല. അന്വേഷണം ശാസ്‌ത്രീയമായ രീതിയിൽ നടക്കും. അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിനും പരിക്കേറ്റവർക്കും എയർ ഇന്ത്യ പ്രഖ്യാപിച്ചത് പ്രാഥമിക ധനസഹായമാണ്. ഇൻഷുറൻസ് ഉൾപ്പെടെ മറ്റ് സഹായങ്ങൾ വേഗം ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
കരിപ്പൂരിൽ നാട്ടുകാരുടെ ഇടപെടൽ പ്രശംസനീയം
കരിപ്പൂരിൽ വിമാനാപകടം സംഭവിച്ചപ്പോൾത്തന്നെ സമീപത്തെ പൊതുജനങ്ങളും പൊതുപ്രവർത്തകരും സ്തുത്യർഹമായ ഇടപെടലാണ് നടത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രക്ഷാപ്രവർത്തനം അത്ഭുതകരമായ വേഗത്തിലാണ് പൂർത്തിയാക്കിയത്. ഇതിൽ ഏർപ്പെട്ട എല്ലാവരെയും അഭിനന്ദിക്കുന്നു. അപകടം നടന്ന ഉടൻ നാട്ടുകാരുടെയും ഫയർഫോഴ്സ്, പൊലീസ്, റവന്യൂ, സിഐഎസ്എഫ്, ആരോഗ്യവകുപ്പ്, ട്രോമാ കെയർ വളന്റിയർമാരുടെയും സഹായത്തോടെ അപടകത്തിൽപ്പെട്ടവരെ വിവിധ ആശുപത്രികളിലെത്തിച്ച് ചികിത്സ ലഭ്യമാക്കി.
മന്ത്രി എ സി മൊയ്തീൻ, മലപ്പുറം–- കോഴിക്കോട് കലക്ടർമാർ എന്നിവർ രക്ഷാപ്രവർത്തനങ്ങൾക്ക് ഫലപ്രദമായ നേതൃത്വം നൽകി. അപകടത്തിൽപ്പെട്ടവരെ ആശുപത്രികളിലെത്തിക്കുന്നതിനായി ആംബുലൻസുകളും ടാക്സി–- സ്വകാര്യ വാഹനങ്ങളും സജീവമായി രംഗത്തിറങ്ങി. സിവിൽ ഏവിയേഷൻ മന്ത്രാലയവും മറ്റ് കേന്ദ്ര സർക്കാർ ഏജൻസികളും വിമാനയാത്രക്കാർക്ക് നഷ്ടപരിഹാരം പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കരിപ്പൂര്‍ അപകടം; സമഗ്രഅന്വേഷണം വേണം: പിബി
ന്യൂഡൽഹി > കരിപ്പൂര്‍ വിമാനത്താവളത്തിലെ എയർഇന്ത്യ എക്‌സ്‌പ്രസ് അപകടത്തെക്കുറിച്ച് സമഗ്രവും സത്വരവുമായ അന്വേഷണം വേണമെന്നും ഇത്തരം ദുരന്തം ആവർത്തിക്കില്ലെന്ന് ഉറപ്പാക്കണമെന്നും സിപിഐ എം പൊളിറ്റ്‌ബ്യൂറോ ആവശ്യപ്പെട്ടു. ദുബായിൽനിന്നെത്തിയ വിമാനം പ്രതികൂല കാലാവസ്ഥയിൽ ഇറങ്ങവെയാണ് അപകടമുണ്ടായത്. ഇരുപതോളം പേരുടെ മരണത്തിനിടയാക്കിയ അപകടത്തിൽ പിബി അഗാധമായ ദുഃഖം രേഖപ്പെടുത്തി. മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളെ പിബി അനുശോചനം അറിയിച്ചു.
ഇടുക്കി മണ്ണിടിച്ചിൽ
ഇടുക്കിയിൽ മണ്ണിടിച്ചിലിൽ 22 തേയില തോട്ടം തൊഴിലാളികൾ മരിച്ചതിൽ പൊളിറ്റ്‌ബ്യൂറോ ദുഃഖം പ്രകടിപ്പിച്ചു. കനത്ത മഴയെ തുടർന്നുണ്ടായ പ്രകൃതിദുരന്തത്തിൽ ഒട്ടേറെപ്പേരെ കാണാതായി. ദുരന്തബാധിതർക്ക് ആശ്വാസം എത്തിക്കാൻ എല്ലാ നടപടിയും സ്വീകരിക്കണമെന്ന് പിബി ആവശ്യപ്പെട്ടു.
വിമാനാപകടം, മണ്ണിടിച്ചിൽ; സിപിഐ എം സംസ്ഥാന കമ്മിറ്റി ദുഃഖം രേഖപ്പെടുത്തി
തിരുവനന്തപുരം > സിപിഐ എം സംസ്ഥാന കമ്മിറ്റി വീഡിയോ കോൺഫറൻസ് വഴി ചേർന്നു. കേന്ദ്ര കമ്മിറ്റി അംഗം എ വിജയരാഘവൻ അധ്യക്ഷനായി. കരിപ്പൂർ വിമാനാപകടത്തിലും രാജമല പെട്ടിമുടിയിലെ മണ്ണിടിച്ചിൽ ദുരന്തത്തിലും സംസ്ഥാന കമ്മിറ്റി ദുഃഖം രേഖപ്പെടുത്തി.
ദുരന്തങ്ങളിൽ മരണമടഞ്ഞവർക്കും ഇന്ത്യ–-ചൈന അതിർത്തി സംഘർഷത്തിൽ വീരമൃത്യ വരിച്ച ഇന്ത്യൻ സൈനികർക്കും ആദരാഞ്ജലി അർപ്പിച്ചു. പാർടി കേന്ദ്രകമ്മിറ്റി അംഗം ശ്യാമൾ ചക്രബർത്തി, ആന്ധ്രപ്രദേശ് സംസ്ഥാനകമ്മിറ്റി അംഗവും മുൻ എംഎൽഎയുമായ സുന്നംരാജയ്യ, കോഴിക്കോട് ജില്ലാ കമ്മിറ്റിയംഗം വി ബാലകൃഷ്‌ണൻ, ആലത്തൂർ എസി അംഗം ടി ജി ഗംഗാധരൻ, ചാല എരിയ കമ്മറ്റി അംഗം ജെ സലിംകുമാർ, തളിപ്പറമ്പ് എരിയ കമ്മറ്റി അംഗം കെ കുഞ്ഞപ്പ, മുൻ പട്ടം ലോക്കൽ സെക്രട്ടറി കെ വിജയകുമാരൻനായർ, മുൻ തിരുവനന്തപുരം താലൂക്ക് കമ്മിറ്റി അംഗവും വഞ്ചിയൂർ, പേട്ട, വലിയതുറ ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറിയുമായിരുന്ന ജി കൃഷ്‌ണൻകുട്ടി, കിഴുവിലം മുൻ ലോക്കൽ സെക്രട്ടറി കൂടത്തിൽ ഗോപിനാഥൻ, ഉഴവൂർ ലോക്കൽ കമ്മിറ്റി അംഗം എം സുകുമാരൻനായർ, ചേലക്കര പഞ്ചായത്ത് പ്രസിഡന്റ് ആർ ഉണ്ണികൃഷ്ണൻ, തൃശൂർ ചേർപ്പിലെ താന്ന്യം കുറ്റിക്കാട് ആർഎസ്എസ് ക്രിമിനൽ സംഘം കുത്തിക്കൊലപ്പെടുത്തിയ ഡിവൈഎഫ്ഐ പ്രവർത്തകൻ ആദർശ്, പുന്നപ്ര വയലാർ സമരസേനാനിയും അവിഭക്ത കമ്യൂണിസ്റ്റ് പാർടിയുടെ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുമായിരുന്ന വി കെ ഭാസ്‌കരൻ, പുന്നപ്ര വയലാർ സമരസേനാനി എൻ രാമകൃഷ്‌ണൻ, സ്വാതന്ത്ര്യസമര സേനാനിയും കമ്യൂണിസ്റ്റ് സഹയാത്രികനുമായിരുന്ന സി രൈരുനായർ എന്നിവരുടെ നിര്യാണത്തിലും കോവിഡ് ബാധിച്ച് രാജ്യത്തിനകത്തും പുറത്തുമായി മരണമടഞ്ഞവരുടെ വിയോഗങ്ങളിലും സംസ്ഥാനകമ്മിറ്റി അനുശോചനവും രേഖപ്പെടുത്തി.
അപകടമുണ്ടാക്കിയത് ടേബിൾ ടോപ് അല്ല
എയർ ഇന്ത്യാ വിമാനം അപകടത്തിൽപ്പെടാൻ കാരണം റൺവേയുടെ ടേബിൾ് ടോപ് സ്ഥാനമല്ലെന്ന് മാധ്യമപ്രവർത്തകനും വ്യോമയാന വിദഗ്‌ധനുമായ ജേക്കബ് കെ ഫിലിപ്. വിമാനം അപകടത്തിൽപ്പെട്ടശേഷം അതിന്റെ വ്യാപ്തിയും ഗൗരവവും കൂട്ടാൻ റൺവേയുടെ അറ്റത്തുള്ള താഴ്ന്ന പ്രദേശം ഇടയാക്കി. എന്നാൽ, അപകടമുണ്ടാക്കിയത് ഈ ടേബിൾ ടോപ് റൺവേ അല്ല.വിമാനം ഏഴോടെ കരിപ്പൂരിലെത്തുമ്പോൾ പെരുമഴയായിരുന്നു. തെക്കുകിഴക്കു- വടക്കുപടിഞ്ഞിറായി കിടക്കുന്ന റൺവേയിലേക്ക്, തെക്കുകിഴക്കു ഭാഗത്തുനിന്ന് (റൺവേ 28) ലാൻഡ് ചെയ്യുന്ന വിമാനങ്ങൾക്ക് റൺവേയുടെ സ്ഥാനം പറഞ്ഞുകൊടുത്തു സഹായിക്കാൻ കാറ്റഗറി-1 ഐഎൽഎസ് ഉണ്ട്. എന്നാൽ, വടക്കുപറഞ്ഞാറുനിന്ന് തെക്കുകിഴക്കേക്ക് ലാൻഡു ചെയ്യുന്നവർക്ക് (റൺവേ 10) ആ സഹായം കിട്ടില്ല. ഐഎക്‌സ് 1344 ആദ്യം ലാൻഡ്‌ചെയ്യാൻ ശ്രമിച്ചത് റൺവേ 28 ലേക്കാണ്. ഐഎൽഎസിന് സഹായിക്കാവുന്നതിലുമപ്പുറം കാഴ്ചമറയ്ക്കുന്നതായിരുന്നു മഴയെന്നതിനാൽ വിമാനം ലാൻഡ് ചെയ്യേണ്ടതില്ലെന്ന് തീരുമാനിച്ച് വീണ്ടും പറന്നുയർന്നു- ഏകദേശം 3800 അടിയോളം താഴ്ന്നു വന്നതിനുശേഷം.
പിന്നെയൊരു അരമണിക്കൂറോളം, എയർട്രാഫിക് കൺട്രോളറുടെ അനുമതിയോടെ ആകാശത്ത് ചുറ്റിപ്പറന്നു. വീണ്ടും ശ്രമം നടത്താൻ താഴ്ന്നു വന്നപ്പോൾ, റൺവേ 10 ആണ് തെരഞ്ഞെടുത്തത്. വിമാനങ്ങൾക്കായി നൽകുന്ന കാലാവസ്ഥാ കണക്കുകളിൽ ആ സമയത്തേത് ലൈറ്റ് റെയിൻ എന്നാണ് രേഖപ്പെടുത്തിയത്. ചാറ്റൽമഴയിൽ ലാൻഡു ചെയ്യാൻ വന്ന വിമാനം റൺവേയുടെ തുടക്കത്തിൽ (ടച്ച് ഡൗൺ സോൺ) ഇറങ്ങാതെ വീണ്ടും മുന്നോട്ടു പറന്ന് ഏകദേശം റൺവേയുടെ മധ്യത്തോടെയാണ് നിലം തൊട്ടത്. വിമാനവേഗം വളരെയൊന്നും കുറയാതെ അറ്റംവരെ കുതിച്ചെത്തി. അവിടെനിന്ന് ചെരിവിലൂടെ താഴേക്ക് പാഞ്ഞിറങ്ങി. ചെരിവിനറ്റത്ത് തറനിരപ്പിലുള്ള ചുറ്റുമതിൽ തകർത്ത് പുറത്തേക്കെത്തുകയായിരുന്നു. ഇടിയിൽ കോക്പിറ്റ് തകർന്നു, വിമാനം മുൻവാതിലിനടുത്തുവച്ച് രണ്ടു കഷണമായി.
റൺവേയിൽ വൈകി ഇറങ്ങൽ(ഓവർഷൂട്ടിങ്), ഇറങ്ങിയതിനുശേഷം റൺവേയുടെ അറ്റമെത്തുംമുമ്പേ നിർത്താൻ കഴിഞ്ഞില്ല എന്നീ രണ്ടു കാര്യമാണ് അപകടമുണ്ടാക്കിയത് എന്ന് വ്യക്തം. അപകടത്തിന്റെ മൂലകാരണമായ ഓവർഷൂട്ടിങ്ങിന്റെ പൂർണ ഉത്തരവാദിത്തം പൈലറ്റുമാർക്കു തന്നെയാണ്. ലാൻഡ് ചെയ്യാൻ വ്യോമഗതാഗത നിയന്ത്രകർ അനുമതി കൊടുക്കുമെന്നല്ലാതെ, എത്ര ഉയരത്തിൽനിന്ന് എത്രവേഗത്തിൽ, എത്ര ചെരിവിൽ താഴേക്കു വരണമെന്ന കാര്യങ്ങളിലെല്ലാം തീരുമാനമെടുക്കാൻ പൈലറ്റിന് പൂർണ സ്വാതന്ത്ര്യമുണ്ട്. ഐഎക്‌സ് 1344 ഇന്നലെ കൃത്യമായി ചെരിവിലും വേഗത്തിലുമായിരുന്നു റൺവേ ലക്ഷ്യമാക്കി താഴേക്കിറങ്ങിയിരുന്നതെങ്കിൽ ഒരിക്കലും റൺവേയുടെ മധ്യത്തോളമെത്തി നിലം തൊടുമായിരുന്നില്ല. മൊത്തം 2996 മീറ്റർ നീളമുണ്ട് കോഴിക്കോട് റൺവേക്ക്. ബോയിങ് 737-800 വിമാനങ്ങൾ ഓടിനിൽക്കാൻ ഇതിന്റെ പാതിപോലും ഉപയോഗിക്കാറില്ല. (ബോയിങ്ങിന്റതന്നെ കണക്കനുസരിച്ച്, പരമാവധി 1630 മീറ്റർ മതി). വിമാനത്തിന്റെ ഗതിയിൽതന്നെ പിന്നിൽനിന്ന് മുന്നോട്ടു വീശിയിരുന്ന ടെയിൽ വിൻഡും റൺവേയിൽ വെള്ളം കെട്ടിക്കിടന്നുണ്ടാകുന്ന ഹൈഡ്രോപ്ലെയിനിങ്ങുമാണ് അപകടമുണ്ടാക്കിയതെന്നും റിപ്പോർട്ടുകളുണ്ട്.
ബോയിങ് 737-800 വിമാനത്തിന് സഹിക്കാൻ കഴിയുന്ന പരമാവധി ടെയിൽ വിൻഡിന്റെ വേഗം 12 മുതൽ 15 വരെ നോട്ട്‌സാണ്.കരിപ്പൂരിൽ അന്നേരം വീശിയ കാറ്റ് പരിധിവിട്ടതല്ലായിരുന്നു എന്നർഥം. അതുകൊണ്ടു തന്നെയാകണം, പൈലറ്റുമാർ 280 ഡിഗ്രിയിൽ മുന്നോട്ട് ഓടേണ്ട റൺവേ 10 തന്നെ തെരഞ്ഞെടുത്തത്.മൂന്നു മില്ലിമീറ്ററിൽ കൂടുതൽ പൊക്കത്തിൽ വെള്ളം കെട്ടിക്കുമ്പോഴാണ്, ടയറിനും റൺവേയ്ക്കുമിടയിൽ വെള്ളം പാളിയായി തിങ്ങിക്കൂടി, ടയറിന്റെ നിയന്ത്രണമെല്ലാം തെറ്റിക്കുന്ന, ബ്രേക്ക് പിടിക്കാനാകാതാക്കുന്ന, ഹൈഡ്രോപ്ലെയിങ് ഉണ്ടാകുക.
റൺവേയിൽ അടിഞ്ഞുകൂടുന്ന റബറിന്റെ അംശം (വിമാനങ്ങളുടെ ടയറിൽനിന്ന് പറ്റിപ്പിടിക്കുന്നത്) റൺവേയുടെ തെന്നൽ കൂട്ടുമ്പോഴാണ്. എന്നാൽ, വിമാനങ്ങൾ വൻവേഗത്തിലും ആഘാതത്തിലും നിലം തൊടുന്ന ടച്ച്ഡൗണ് സോൺ എന്ന റൺവേയുടെ തുടക്കത്താലാണ് ഈ റബർ പറ്റിപ്പിടിക്കലുണ്ടാകുന്നതും മഴയത്ത് ആ തരത്തിൽ ഹൈഡ്രോപ്ലെയിനിങ് ഉണ്ടാകുന്നതും.എന്നാൽ, എയർ ഇന്ത്യാ എക്‌സ്പ്രസ് 1344 വിമാനം റൺവേയുടെ പാതിഭാഗത്തായാണ് നിലം തൊട്ടത്. ചെറുമഴയായാലും വിമാനത്തിന് പിന്നെ പ്രശ്‌നമാകുന്ന കാറ്റ് റൺവേയ്ക്കു കുറുകെ വീശുന്ന ക്രോസ് വിൻഡാണ്.- കരിപ്പൂരിൽ ഇന്നലെ അതുമില്ലായിരുന്നു. 1990ൽ ബംഗളൂരുവിൽ ഇന്ത്യൻ എയർലൈൻസ് വിമാനം, എച്ച്എൽ വിമാനത്താവളത്തിനടുത്തുള്ള മതിൽ തകർത്താണ് പാഞ്ഞത്. മരിച്ചത് 92 പേർ.
മേയിൽ കറാച്ചിയിൽ പാകിസ്ഥാൻ എയർലൈൻസ് വിമാനം, വിമാനത്താവളത്തിനടുത്തെത്തി ഒടുവിൽ റൺവേയിലല്ലാതെ നിലംതൊട്ട അപകടത്തിൽ 98 പേരാണ് മരിച്ചത്. 1997 ആഗസ്ത് ആറിന് അമേരിക്കയുടെ ഗുവാമിലെ അന്റോണിയോ ബി വൺ പാറ്റ് രാജ്യാന്തര വിമാനത്താവളത്തിൽ റൺവേയ്ക്ക് മുമ്പേ നിലത്തിറങ്ങിയ കൊറിയൻ എയർ വിമാനം തകർന്ന് മരിച്ചത് 254 പേരാണ്. അവിടെയൊന്നും അപകടമുണ്ടാക്കാൻ ഒരു ടേബിൾ ടോപ്പില്ലായിരുന്നു.
courtesy deshabhimani
No comments:
Post a Comment