Tuesday, August 11, 2020

മാധ്യമങ്ങളുടെ തിരക്കഥ ആടുന്നതല്ല ജനങ്ങള്‍ക്ക് കാണേണ്ടത്

 മലയാളിയുടെ സോഷ്യൽ മീഡിയയിൽ ഇതാദ്യമായല്ല സ്ത്രീവിരുദ്ധത. മലയാളിയുടെ അച്ചടിമാധ്യമങ്ങളിലും ദൃശ്യമാധ്യമങ്ങളിലും സ്ത്രീവിരുദ്ധത ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. മാധ്യമങ്ങൾ ഓൺലൈനിലോ അല്ലാതെയോ അതിന്റെ പേരിൽ മാപ്പ് പറഞ്ഞത് വളരെ വിരളമായാണ്. സ്ത്രീവിരുദ്ധതയെ എതിർക്കുകയോ, ലിംഗസമത്വം തങ്ങളുടെ നയമായി പ്രഖ്യാപിക്കുകയോ പിന്തുടരുകയോ ചെയ്തിട്ടില്ല മാധ്യമങ്ങൾ. പ്രസിദ്ധരായ സ്ത്രീകൾ മുതൽ സ്വന്തം അഭിപ്രായം പറയുന്ന, പൊതുബോധത്തിനു നേരെ ഒരു ചെറുവിരലെങ്കിലും അനക്കിയ ഒരു സ്ത്രീയും ഇന്ന് വരെ സൈബർ ആക്രമണങ്ങൾ, അച്ചടിമാധ്യമങ്ങളിലെ അപസർപ്പകകഥകൾ എന്നിവയിൽ നിന്ന് രക്ഷപെട്ടിട്ടില്ല.

ഈ അനീതിയുടെ ഭാരിച്ച ചരിത്രം ചുമലിലേന്തുമ്പോഴും എത്രതവണ മാധ്യമപ്രവർത്തകർ അധികാരികളെ  സ്ത്രീവിരുദ്ധ ആൾക്കൂട്ട ആക്രമണങ്ങൾക്ക് ഉത്തരം പറയേണ്ട തരത്തിൽ നിർത്തി ചോദ്യം ചെയ്തിട്ടുണ്ട്? ഹിന്ദുത്വരാഷ്ട്രീയ ആൺകൂട്ടങ്ങൾ ഇന്ത്യയിൽ സ്ത്രീകൾക്ക് നേരെ ഓൺലൈനിലും അല്ലാതെയും ചെയ്തുകൂട്ടിയ ആക്രമണങ്ങൾ എണ്ണത്തിൽ ഒട്ടും കുറവല്ല. അതേപ്പറ്റി എവിടെയാണ് ചോദ്യം ചെയ്യൽ?

പക്ഷേ ഇപ്പോഴാണ് കേരളത്തിലെ ചില മാധ്യമ പ്രവർത്തകർക്ക്  സ്ത്രീവിരുദ്ധത/സൈബർ അധിക്ഷേപം എന്നിവ ചോദ്യം ചെയ്യാൻ നാവ് പൊന്തുന്നത്. അത് ഇന്ന് അവരിൽ ഒരാൾക്ക് നേരെ ആ ആക്രമണം ഉണ്ടായത് കൊണ്ടല്ല.  മാധ്യമപ്രവർത്തകരായ സ്ത്രീകൾ ഓൺലൈനിൽ സ്ത്രീവിരുദ്ധത ഏകദേശം ദിവസേന എന്ന തോതിൽ അഭിമുഖീകരിക്കുന്നുണ്ട്, മലയാളി പുരുഷൻ അതുറപ്പാക്കുന്നുണ്ട്. ഇന്നത് ചോദിക്കാൻ കാരണം അതിന് പിന്നിൽ നിന്ന് ഉണ്ടാക്കിയെടുക്കാവുന്ന രാഷ്ട്രീയ നേട്ടങ്ങൾ ആണ്. ഇടതുപക്ഷ സർക്കാരിന്റെ നേതാവ് ധാർഷ്ട്യം ഉള്ളവനും മാധ്യമപ്രവർത്തകരെ അവഹേളിക്കുന്നവനും ആണെന്ന് എഴുതിയും ചർച്ച ചെയ്തും പൊതുബോധത്തിൽ ഉറപ്പിക്കാൻ ആണ്. സ്ത്രീവിരുദ്ധതയും സൈബർ ആക്രമണവും നടത്തുന്നവരെ പോലും സംരക്ഷിക്കുന്ന മുഖ്യമന്ത്രി എന്നാക്കിയാലേ ഇടതുപക്ഷത്തെ കൂടുതൽ കരിവാരി തേയ്ക്കാനും കൂടുതൽ താമര കൈപ്പത്തി കൊണ്ട് കൊയ്യിക്കാനും കഴിയൂ. ബിജെപി അവരുടെ കൈ നനയാതെ കൈപ്പത്തികൾ കൂലിക്കെടുത്താണ് ഇന്ത്യയിൽ താമര വിരിയിക്കുന്നത്. കേരളത്തെ അങ്ങോട്ട്‌ എത്തിക്കാനുള്ള അങ്ങേയറ്റം വൃത്തികെട്ട കളികളിൽ ഒന്നാണ് പിണറായി വിജയനെയും ഇടതുപക്ഷ സർക്കാരിനെയും ലക്ഷ്യമാക്കി നടത്തുന്നത്. അതങ്ങനെ ആണെന്ന് വാർത്താസമ്മേളനം കാണുന്ന ആർക്കും മനസ്സിലാവുന്നതേ ഉള്ളൂ. സ്വർണ്ണക്കള്ളക്കടത്ത് പിടിക്കുന്ന സമയം മുതൽക്ക് എല്ലാ പത്രസമ്മേളന ചോദ്യോത്തരവും അങ്ങേയറ്റം ജനാധിപത്യ വിരുദ്ധമായാണ് നടക്കുന്നത്. മഹാമാരിയെ മറന്നു, ബോധവത്കരണം മറന്നു, അതേപ്പറ്റിയുള്ള ചോദ്യങ്ങൾ ഏറ്റവും കുറച്ചു മാത്രം ആയി മലയാളം മാധ്യമങ്ങളിൽ. ഒരു സമൂഹത്തോട് കാണിക്കുന്ന ചതി, വഞ്ചന, നെറികേട് എന്നിവയിൽ 'ഞാൻ മുൻപേ ഞാൻ മുൻപേ' എന്നാണ് അവർ പാഞ്ഞത്. കള്ളക്കടത്തു കേസിന്റെ കാര്യത്തിൽ പോലും ഒരേ ചോദ്യം ആവർത്തിക്കുക അത് ദിവസങ്ങളോളം ഏറ്റു പാടുക തുടങ്ങി മാധ്യമങ്ങളുടെ ഊഹാപോഹങ്ങൾക്ക് മുഖ്യമന്ത്രി മറുപടി പറയണം എന്നതായിരുന്നു നടന്നത്. കാര്യപ്രസക്തമായ ചോദ്യങ്ങൾ ഒഴിവാക്കുകയും കോവിഡ്, പ്രളയം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് വലുതായൊന്നും ചോദിക്കുകയുമില്ല എന്ന അവസ്ഥ.

കഴിഞ്ഞ കാലങ്ങളിലെ എല്ലാ സ്ത്രീവിരുദ്ധതയേയും ചോദ്യം ചെയ്തതിന് ശേഷം മതി ഇപ്പോൾ മാധ്യപ്രവർത്തകർക്ക് നേരിടേണ്ടി വന്ന അധിക്ഷേപത്തെ ചോദ്യം ചെയ്യാൻ എന്നല്ല. പക്ഷേ അവരവരുടെ സ്ഥാപനത്തിൽ തന്നെ സ്ത്രീവിരുദ്ധത ലേഖനം ആയും കാർട്ടൂൺ ആയും ചർച്ചകൾക്കിടയിലെ ഇക്കിളി കമ്മന്റുകളായും വളർത്തുകയും പോറ്റുകയും ചെയ്യുന്ന സ്ഥാപനങ്ങൾ തങ്ങളിൽ ഒരാൾക്ക് നേരെ ഉയർന്ന അധിക്ഷേപം രാഷ്ട്രീയനേട്ടത്തിന് ഉപയോഗിക്കുന്നത് ലിംഗസമത്വമോ ജനാധിപത്യമോ മാധ്യമസ്വാതന്ത്ര്യമോ അല്ല. 'സ്ത്രീവിരുദ്ധത ഞങ്ങൾക്ക് പറയാം പ്രകടിപ്പിക്കാം പക്ഷേ ഞങ്ങൾക്ക് നേരെ സ്ത്രീവിരുദ്ധ ആക്രമണം നടക്കുന്നു മുഖ്യമന്ത്രി ഉത്തരം പറയൂ പറയൂ' എന്ന നിലവിളിയുടെ ഇരട്ടത്താപ്പ് കേൾക്കുന്നവർക്ക് മനസ്സിലാകും. ആ നിലവിളിയ്ക്ക് വേണ്ടത് നീതിയല്ല ലിംഗസമത്വം അല്ല, അവസരവാദികളുടെ നീലച്ചായം ഒലിച്ചു പോകാതെ കഴിയുന്നത്ര ചോരയൂറ്റുകയെന്നതാണ്.

അച്ചടി ദൃശ്യ മാധ്യമങ്ങൾക്കെല്ലാം രാഷ്ട്രീയപാർട്ടികളോട് ചായ്‌വുണ്ട്. റേറ്റിങ്ങും റീഡിങ്ങും കൂട്ടി കാശുണ്ടാക്കാൻ തന്നെയാണ് മാധ്യമങ്ങൾ പ്രവർത്തിക്കുന്നത്. ഇതിനെല്ലാം ഇടയിൽ ജനാധിപത്യവും, വല്ലപ്പോഴും വസ്തുതകളും, സാമൂഹ്യഉന്നതിയ്ക്ക് ഉതകുന്ന എന്തെങ്കിലും ഒക്കെയും ഉണ്ടാകും എന്ന് പ്രതീക്ഷിക്കുക പോലും വേണ്ടെന്നാണ് മാധ്യമങ്ങൾ തെളിയിക്കുന്നത്. പച്ചക്കള്ളങ്ങൾ എഴുതിവിട്ട് വായിക്കുന്നവരെയെല്ലാം നിർലജ്ജം മണ്ടന്മാരാക്കുകയാണ് അവർ. സ്‌ക്രീനിൽ എഴുതി വരുന്നതെല്ലാം മറിച്ചൊരു ചോദ്യവും കൂടാതെ സാർവലൗകിക സത്യങ്ങളായി അംഗീകരിക്കുക എന്ന മലയാളിയുടെ സോഷ്യൽമീഡിയ ഉപഭോക്‌തൃ സംസ്കാരം മാധ്യമങ്ങളുടെ ഈ ചതിയ്ക്ക് വളമാകുന്നു. 'ഇതാണ് നിങ്ങൾ അറിയേണ്ട വാർത്തകൾ ഇതൊക്കെയാണ് കലുഷിതമായ സാമൂഹ്യ സാമ്പത്തിക സാഹചര്യങ്ങളിലും നിങ്ങൾ കേൾക്കേണ്ട കാണേണ്ട ചർച്ച ചെയ്യേണ്ട വാർത്തകൾ' എന്ന് മാധ്യമങ്ങൾ തീരുമാനിക്കുന്നു.

കേരളത്തിലെ മുഖ്യമന്ത്രിയോട് ജനങ്ങൾക്ക് ചോദിക്കാൻ ഉണ്ട് -അഴിമതി നടക്കുന്നുണ്ടോ സ്വജനപക്ഷപാതം നടക്കുന്നുണ്ടോ എന്നതെല്ലാം, പക്ഷേ അതിൽ സാമൂഹ്യ പ്രസക്തി ഇല്ലാത്ത കാര്യങ്ങൾ, ഇക്കിളിപ്പെടുത്തുന്ന കഥകൾ, പൈങ്കിളി ഭാവനകൾ, ആണത്രേ ഉണ്ടത്രേ സൂചനകൾ ഇതൊന്നും ജനങ്ങളുടെ മേൽ കെട്ടിവെക്കാൻ മലയാളത്തിലെ മാധ്യമങ്ങൾ ശ്രമിക്കരുത്. ജനങ്ങൾക്ക് സത്യം അറിയണം എന്നപേരിൽ കള്ളക്കഥകൾ ഉണ്ടാക്കി അതേ ജനങ്ങളെ മഹാമാരി പടർന്നു പിടിക്കാൻ ഇടയാക്കുന്ന സാഹചര്യങ്ങളിൽ തള്ളിവിടുന്ന പ്രതിപക്ഷ രാഷ്ട്രീയ കുതിരക്കച്ചവട ദല്ലാളന്മാരുടെ ലക്ഷ്യങ്ങൾ നടപ്പിലാക്കരുത്. അത് മാധ്യമങ്ങൾ സ്വന്തം പേരിൽ നടത്തുന്നതായിരിക്കും അന്തസ്സ്. അപ്പോഴീ നിലവിളിയും വിക്ടിം കളിക്കലും ഇന്നുവരെ ഇല്ലാത്ത ലിംഗസമത്വ വാദങ്ങളും ഒഴിവാക്കാം. കാര്യപ്രസക്തമായ എത്ര ചോദ്യങ്ങൾ ആണ് അവർ മുഖ്യമന്ത്രിയോട് ചോദിക്കുന്നത്? സോളാർ അഴിമതി കേസ് എവിടെവരെയായി എന്ന് ഒരു ചോദ്യം ഉയർന്നു കേൾക്കുന്നുണ്ടോ? ഇല്ല കേൾക്കുകയില്ല, തത്പരകക്ഷികൾക്ക് താത്പര്യരഹിതമായ പഴങ്കഥകളാണ് അതൊക്കെ.

സംഘപരിവാറുകാരൻ അഭിമാനത്തോടെ ടിവിയിൽ ഇരുന്ന് പറയുന്നു മാധ്യമങ്ങളെ കാണുകയില്ല എന്നത് പ്രധാനമന്ത്രിയുടെ നയമാണ് എന്ന്, അദ്ദേഹം ഒരു മാധ്യമ പരിലാളനയും വേണ്ടെന്ന് ഉറക്കെ പറഞ്ഞയാളാണ് എന്ന്. കേൾക്കുന്നവർക്ക് തോന്നും, അതേ ഈ ശല്യം പിടിച്ച മാധ്യമങ്ങളെ ഒഴിവാക്കുക തന്നെ വേണം എന്ന്. പ്രധാനമന്ത്രിയുടെ അങ്ങേയറ്റം ജനാധിപത്യ വിരുദ്ധമായ ഈ നിലപാടിനോട് പഞ്ചപുച്ഛം അടക്കി നിൽക്കുന്നവർക്ക് കേരളത്തിലെ പ്രശ്നം മുഖ്യമന്ത്രിയുടെ സ്വരം കയർക്കുന്നതാണ്. മാധ്യമങ്ങൾ പരിലാളനം മാത്രം നടത്താൻ ഉള്ളതാണ് എന്ന പ്രധാനമന്ത്രിയുടെ തെറ്റിദ്ധാരണ തിരുത്താൻ കേരളത്തിലെ മിക്ക മാധ്യമങ്ങളും പിണറായി വിജയനെ എങ്ങനെ ചിത്രീകരിക്കുന്നു എന്ന് നോക്കിയാൽ മതി. മോഡിയെ പോലെ സകല ഉത്തരവാദിത്തങ്ങളിൽ നിന്നും ഒളിച്ചോടാതെ സ്വരമുയർത്തി ആണെങ്കിലും മറുപടികളും ഉത്തരങ്ങളും തരുന്നതിലാണ് ജനാധിപത്യം. മോദി മാധ്യമം ഉപയോഗിക്കുന്നുണ്ട്, ഇങ്ങോട്ട് പ്രഭാഷണം നടത്താൻ - ദൂരദർശനും റേഡിയോയും - ഒരു ചോദ്യവുമില്ല ഉത്തരവും പറയേണ്ട. മോദി ജനങ്ങളെ കാണുന്നുണ്ട് - സ്റ്റേജിൽ നിന്ന് പ്രസംഗിക്കുമ്പോൾ - ഒരു സംവാദവും ഇല്ല ജനാധിപത്യവും ഇല്ല. മോദിയുടെ ഈ നയത്തിനെതിരെ മലയാളത്തിൽ എത്ര മുഖപ്രസംഗങ്ങൾ ഉണ്ടായിരുന്നു?

മാദ്ധ്യമങ്ങളുടെ രാഷ്ട്രീയ ഗൂഢലക്ഷ്യങ്ങൾക്ക് ജനങ്ങളെ ചാരരുത്. സംഘപരിവാർ വളർത്തുന്ന ചാനലുകളിൽ the nation wants to know എന്നമട്ടിൽ നടത്തുന്ന പൊള്ളയായ സാമൂഹ്യവിരുദ്ധമായ ആക്രോശങ്ങൾ പോലെ മാത്രമാണ് പിണറായി വിജയനോട് വാർത്താസമ്മേളനത്തിൽ കേരളത്തിലെ മാധ്യമങ്ങൾ ഉന്നയിക്കുന്ന ചോദ്യങ്ങൾ.

സ്വന്തം വ്യക്തിത്വപ്രഭാവത്തിൽ മറ്റൊന്നും കാണാൻ കഴിയാത്തത് കൊണ്ടായിരിക്കും മോദിയ്ക്ക് മാധ്യമങ്ങൾ "തന്നെ" പരിലാളനം ചെയ്തേക്കുമോ എന്ന് തോന്നിയത്. അവിടേയും കേരളത്തെ ഉദാഹരണം ആയെടുത്താൽ മതി. പിണറായി വിജയൻ എന്ന വ്യക്തിയോടല്ല, ഇടതുപക്ഷത്തോടാണ് കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളുടെ കലി മുഴുവൻ. ആ ആശയത്തോട് അതിന് ലഭിച്ചേക്കാവുന്ന ജനപിന്തുണയോട് അടങ്ങാത്ത കലി. അണ്ടിഫാക്ടറിയിൽ പോകുന്നതും, rock dancer, മീഡിയാ മാനിയ എന്നുമൊക്കെ സൈബർ അധിക്ഷേപങ്ങൾ സ്ത്രീകൾക്ക് എതിരേ നടന്നതിനെ പറ്റി എത്ര മാധ്യമങ്ങൾ ആഭ്യന്തര മന്ത്രി കൂടെയായ പിണറായി വിജയനോട് ചോദ്യങ്ങൾ ചോദിച്ചു? ആ സ്ത്രീകൾക്ക് നീതി ഉറപ്പാക്കാൻ എത്ര മാധ്യമങ്ങൾ നിരന്തരം ചോദ്യങ്ങൾ ഉയർത്തി? ചോദിക്കുകയില്ല, കാരണം അതിൽ രാഷ്ട്രീയ നേട്ടങ്ങൾ ഉണ്ടാക്കാൻ മാധ്യമങ്ങൾക്ക് കഴിയുകയില്ല. ഫാഷിസവും മുതലാളിത്തവും ആഞ്ഞു പരിശ്രമിക്കുന്നത് ഇടതുപക്ഷത്തെ ഇല്ലാതാക്കാനാണ്. മാധ്യമങ്ങൾ ഉപയോഗിക്കപ്പെടുന്നു, മാധ്യമങ്ങൾ ഉപയോഗിച്ച് പൊതുബോധങ്ങൾ രൂപീകരിക്കപ്പെടുന്നു. ചരിത്രത്തിൽ അത്തരം മാനിപ്പുലേഷനുകൾ നടന്ന ഉദാഹരണങ്ങളുടെ കൂട്ടത്തിൽ കോവിഡ് കാലത്തെ മലയാള മാധ്യമം എന്നതുകൂടി എഴുതി വെയ്ക്കണം.

ഒരു ശരാശരി മലയാളിയ്ക്ക് ഇപ്പോൾ അറിയേണ്ടത് മഴയെക്കുറിച്ചാണ്, മഹാമാരിയെക്കുറിച്ചാണ്, നശിച്ചുപോയ കൃഷി,  ഇല്ലാതായ ജോലി, കൂലി, അനിശ്ചിതത്വത്തിൽ ആയ ഭാവി, ഉണ്ടാകാവുന്ന ഭക്ഷ്യക്ഷാമം, കുട്ടികളുടെ പഠനം, സ്കൂളുകൾ എന്നിവയാണ്. അതിലും കൂടുതലായി ദൈനംദിന ജീവിതത്തെ, സമൂഹത്തെ ബാധിക്കുന്ന, ചുറ്റുപാടും നടക്കുന്ന പ്രശ്നങ്ങൾ ആണ്. മാദ്ധ്യമങ്ങളുടെ മുതലാളിമാർക്കും അവരുടെ കുപ്പിണിപ്പടയ്ക്കും ഇതൊന്നും അറിയണ്ടായിരിക്കും.

ചോദ്യങ്ങൾ ചോദിക്കുമ്പോൾ അവരുടെ പേരും സ്ഥാപനത്തിന്റെ പേരും ഉൾപ്പെടുത്തി ചോദിക്കുക. ജനങ്ങൾക്ക് അറിയണം ആർക്കാണ് ഇക്കിളികഥകളുടെ പിന്നാലെ പോകേണ്ടത് എന്ന്, ആരാണ് എറിഞ്ഞു പഴകിയ കല്ലുകളിൽ ഒരെണ്ണം തിരിച്ചു വന്നു കൊണ്ടപ്പോൾ നൊന്തു നിലവിളിയുമായ് ജനങ്ങൾക്ക് വേണ്ടിയുള്ള സമയത്തെ അപഹരിക്കുന്നതെന്ന്. രാഷ്ട്രീയം ഉൾക്കൊണ്ട ചോദ്യങ്ങൾ, സർക്കാരിൽ വരുന്ന പിടിപ്പുകേടിന്റെ ചോദ്യങ്ങൾ ഏറ്റവും പ്രധാനമായി ഇവയെല്ലാം വസ്തുതയിലും തെളിവുകളിലും ഊന്നിയ ചോദ്യങ്ങൾ ആയിരിക്കണം. മാദ്ധ്യമങ്ങളുടെ തിരക്കഥ ആടിക്കാണിക്കുന്നത് കാണാൻ അല്ല ജനങ്ങൾ വാർത്താസമ്മേളനം കാണാൻ ഇരിക്കുന്നത്. കുത്സിതതാത്പര്യങ്ങൾക്കായി മാധ്യമസ്വാതന്ത്ര്യം ഉപയോഗിക്കുന്നത് ജനങ്ങളുടെ പേരെടുത്ത് വേണ്ട. വിമർശിക്കുമ്പോൾ അതിനെങ്കിലും സത്യസന്ധത വേണം. 

നാലാമത്തെ തൂണ് ചിതലരിച്ചു പൊടിഞ്ഞു,  ജനാധിപത്യം മുടന്തി മുടന്തി, അടുത്തതേത് വീഴും എന്ന ഭയത്തിൽ വളരെ പതുക്കെ വളരെ ഭയത്തോടെ മുന്നോട്ട് പോകുകയാണ്.

*

ഡോ.മായ ലീല

No comments:

Post a Comment