Wednesday, August 19, 2020

ഔദ്യോഗിക രേഖകളിലൊന്നും "വൃത്തിഹീന തൊഴില്‍' എന്ന് ഉപയോഗിക്കുന്നില്ല; പഴയ രേഖകള്‍ വെച്ച് തെറ്റായ പ്രചരണം നടത്തരുത്‌: എ കെ ബാലൻ

 തിരുവനന്തപുരം > ഔദ്യോഗിക രേഖകളിലൊന്നും വൃത്തിഹീന തൊഴില്‍ എന്ന് ഉപയോഗിച്ചുവരുന്നില്ല എന്ന്‌ മന്ത്രി എ കെ ബാലൻ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട പ്രചാരണങ്ങൾ തെറ്റിദ്ധാരണ മൂലമുണ്ടായതാണ്‌. മാലിന്യനിര്‍മ്മാജ്ജനവുമായി ബന്ധപ്പെട്ട തൊഴിലില്‍ ഏര്‍പ്പെട്ടവരുടെ മക്കള്‍ക്ക് നല്‍കുന്ന കേന്ദ്ര സ്കോളര്‍ഷിപ്പിന്‍റെ പേര് Prematric Scholarship to the children of those engaged in Unclean Occupation എന്നായിരുന്നു. അതിലെ Unclean Occupation എന്നതിന്‍റെ മലയാളമായാണ് 'വൃത്തിഹീനം' എന്ന വാക്ക് സര്‍ക്കാര്‍ രേഖകളില്‍ ഉപയോഗിച്ചുവന്നത്. പദ്ധതി ആരംഭിച്ച കാലം മുതൽ തുടർന്നുവരുന്ന പേരാണിത്.

മുൻ സർക്കാരുകളുടെ കാലത്തും ഈ പേരാണ് ഉപയോഗിച്ചു വന്നത്. കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയുടെ പേര് പിന്നീട് Prematric Scholarship to the children of those engaged in Occupations Involving cleaning and prone to health hazards എന്ന് മാറ്റിയിട്ടുണ്ട്. ഇത് പ്രകാരം വകുപ്പിന്‍റെ വെബ്സൈറ്റിലും മറ്റ് രേഖകളിലും ഭേദഗതി വരുത്തുവാന്‍ നേരത്തെ തന്നെ നിര്‍ദ്ദേശം നല്‍കിയിരുന്നു. അത് പ്രകാരം ഇപ്പോള്‍ ഔദ്യോഗിക രേഖകളിലൊന്നും വൃത്തിഹീന തൊഴില്‍ എന്ന് ഉപയോഗിച്ചുവരുന്നില്ല.

ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന പിആര്‍ഡിയുടെ കുറിപ്പ് ഈ അടുത്തകാലത്തൊന്നും ഉള്ളതല്ല. ഈ വര്‍ഷം പട്ടികജാതി വികസന വകുപ്പ് ഇതുവരെ ഈ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചിട്ടുമില്ല. പഴയ രേഖകള്‍ വെച്ച് ആരും തെറ്റായ പ്രചരണം നടത്തരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു.

No comments:

Post a Comment