Monday, August 17, 2020

ജനകീയാസൂത്രണത്തിന് കാൽനൂറ്റാണ്ട്‌

 കേരളത്തിന്റെ സാമൂഹ്യവികസന ചരിത്രത്തിൽ നാഴികക്കല്ലായ ജനകീയാസൂത്രണം ഇരുപത്തഞ്ചാം വർഷത്തിലേക്ക് കടക്കുകയാണ്. ജനകീയ പങ്കാളിത്തത്തോടെയുള്ള  ആസൂത്രണവും നിർവഹണവും ലക്ഷ്യമിട്ടുകൊണ്ട് 1996 ആഗസ്ത്‌ 17ന് (കൊല്ലവർഷം 1171 ചിങ്ങം 1) ആരംഭിച്ച ചരിത്രപ്രധാനമായ പരീക്ഷണമാണിത്. ജനകീയാസൂത്രണം സംബന്ധിച്ച കാഴ്ചപ്പാടും സമീപനവും രൂപീകരിക്കുന്നതിൽ ഇ എം എസ് വഹിച്ച പങ്ക് നിർണായകമാണ്. അന്നത്തെ മുഖ്യമന്ത്രി ഇ കെ നായനാർ, തദ്ദേശമന്ത്രി പാലൊളി മുഹമ്മദ് കുട്ടി എന്നിവർ നൽകിയ ധീരമായ നേതൃത്വം അവിസ്മരണീയമാണ്.

1996ൽ എൽഡിഎഫ്‌ സർക്കാരിന്റെ  പ്രധാന വികസന മുൻഗണനകളിൽ ഒന്നായിരുന്നു അധികാര വികേന്ദ്രീകരണം. ബജറ്റിന്റെ മൂന്നിൽ ഒരു ഭാഗം സമ്പൂർണ ആസൂത്രണാധികാരത്തോടെ തദ്ദേശസ്ഥാപനങ്ങൾക്ക്‌ കൈമാറാനുള്ള എൽഡിഎഫിന്റെ തീരുമാനം ജനകീയാസൂത്രണത്തിന് തുടക്കമിട്ടു. പദ്ധതി രൂപീകരണവും നിർവഹണവും അതുവരെ ഉദ്യോഗസ്ഥ കേന്ദ്രീകൃതവും പരസ്പരം വെള്ളം കയറാത്ത അറകളുമായിട്ടാണ് നിലനിന്നിരുന്നത്. ഈ കാഴ്ചപ്പാടും രീതികളും ഏറെക്കുറെ ജനങ്ങളും അംഗീകരിച്ച മട്ടായിരുന്നു. ഈ ശീലങ്ങളെ പൊളിച്ചെഴുതുന്നതിന്‌ ജനകീയാസൂത്രണത്തിനു കഴിഞ്ഞു. ജനാധിപത്യത്തിന്റെ ഏറ്റവും സുന്ദരമായ അനുഭവമായിരുന്നു ജനകീയാസൂത്രണം. മുഴുവൻ ജനങ്ങളുടെയും പിന്തുണയും പങ്കാളിത്തവും ഉറപ്പാക്കിയ  ജനകീയ ക്യാമ്പയിനിലൂടെയാണ് അതിന് തുടക്കം കുറിച്ചത്. രാജ്യം മുഴുവൻ പകർത്താനാഗ്രഹിക്കുന്ന ഒരു വികസന പന്ഥാവായി ജനകീയാസൂത്രണം അംഗീകരിക്കപ്പെട്ടിരിക്കുന്നു. 2018ലാണ് കേന്ദ്രം ഈ മാതൃകയിൽ തദ്ദേശവികസന പ്ലാൻ തയ്യാറാക്കുന്നതിനായി ഒരു പദ്ധതി ആവിഷ്കരിച്ചത്.

അധികാരം തദ്ദേശസ്ഥാപനങ്ങൾക്ക് കൈമാറുന്ന ശക്തമായ നിയമനിർമാണങ്ങൾ നടത്താൻ ഭൂരിപക്ഷം സംസ്ഥാനങ്ങളും തയ്യാറായിട്ടില്ല. ത്രിതല പഞ്ചായത്ത് രാജ് സംവിധാനത്തിലെ ചുമതലകൾ വിശദമായി മറ്റൊരു  സംസ്ഥാനവും നിർവചിച്ചിട്ടില്ല. നവോത്ഥാനത്തിന്റെയും ഇടതുപക്ഷ ബദൽ വികസന മാതൃകയുടെയും തുടർച്ചയിലാണ് ജനകീയാസൂത്രണവും സാധ്യമായത്. 

ജനകീയാസൂത്രണത്തെ  ആരംഭംമുതൽതന്നെ ദുർബലപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളും ഉണ്ടായിട്ടുണ്ട്. കേരള വികസനപദ്ധതി എന്ന പേരിൽ ഉള്ളടക്കം ചോർത്തിക്കളയാൻ ശ്രമിച്ചു. ജനശ്രീയുടെ മറവിൽ കുടുംബശ്രീ സംഘങ്ങളെ ഭിന്നിപ്പിച്ചു. ആദ്യത്തെ സമ്പൂർണ പാർപ്പിടപദ്ധതിയായ ഇ എം എസ് ഭവനപദ്ധതി  ദുർബലപ്പെടുത്താൻ ശ്രമിച്ചു. പദ്ധതി ആസൂത്രണത്തിൽ ഉദ്യോഗസ്ഥ കേന്ദ്രീകരണം തിരിച്ചുകൊണ്ടുവരാനും ശ്രമങ്ങളുണ്ടായി. എൽഡിഎഫിന്റെ വികസന കാഴ്ചപ്പാടും ജനകീയ സമ്മർദവുമാണ്  ഇത്തരം നീക്കങ്ങളെ ചെറുത്തുതോൽപ്പിക്കാൻ കരുത്തുപകർന്നത്.

ഘടനാപരമായ കെട്ടുറപ്പ്

വികസന, ക്ഷേമ രംഗങ്ങളിൽ  പ്രാദേശിക ജനകീയാധികാരം സ്ഥാപിച്ചുകൊണ്ടാണ് ജനകീയാസൂത്രണം കേരള വികസന ചരിത്രത്തിൽ വഴിത്തിരിവ്‌ കുറിച്ചത്. അത് തദ്ദേശ സ്ഥാപനങ്ങൾക്കുമേലുള്ള സംസ്ഥാന സർക്കാരിന്റെ നിയന്ത്രണാധികാരം പരിമിതപ്പെടുത്തി. പ്രാദേശിക സർക്കാരുകൾക്ക് ആളും അർഥവും അധികാരവും കൈമാറി. പൊതുവിദ്യാഭ്യാസം, പൊതുജനാരോഗ്യം, ദാരിദ്ര്യ ലഘൂകരണം, പാർപ്പിടം തുടങ്ങിയ രംഗങ്ങളിൽ ജനകീയാസൂത്രണം വലിയ മാറ്റങ്ങൾക്ക് അടിത്തറയിട്ടു. മെഡിക്കൽ കോളേജുകളും സ്പെഷ്യാലിറ്റി ആശുപത്രികളും ഒഴികെയുള്ള ചികിൽസാ കേന്ദ്രങ്ങൾ തദ്ദേശസ്ഥാപനങ്ങളുടെ നിയന്ത്രണത്തിലാക്കി. സ്കൂളുകൾ കൈമാറി. കൃഷി, മൃഗസംരക്ഷണം തുടങ്ങിയ മേഖലകളിൽ നേതൃത്വവും നിയന്ത്രണാധികാരവും ഉറപ്പുവരുത്തി.

എൽഡിഎഫ്‌ സർക്കാരിന്റെ നാലുവർഷത്തെ പ്രവർത്തനങ്ങൾ ജനകീയാസൂത്രണത്തിന്റെ  മികവിന് കൂടുതൽ തിളക്കം നൽകിയിരിക്കുന്നു. ആസൂത്രണസമിതികൾ പ്രാദേശികാസൂത്രണത്തിന് പുതിയ ഊർജം പകരുന്നു. 1967ൽ രണ്ടാം ഇ എം എസ് സർക്കാർ ആദ്യമായി അവതരിപ്പിച്ച ജില്ലാ പദ്ധതി എന്ന ആശയം, രാജ്യത്താദ്യമായി, ഈ സർക്കാരിനുകീഴിൽ  യാഥാർഥ്യമായിരിക്കുന്നു. ത്രിതല പഞ്ചായത്തുകൾ, നഗരസഭകൾ, വിവിധ സർക്കാർ വകുപ്പുകൾ എന്നിവയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന  പ്രവർത്തനങ്ങൾ ജില്ലാതലത്തിൽ ഏകോപിപ്പിക്കപ്പെട്ടിരിക്കുന്നു. ദുരന്തനിവാരണത്തിലും തദ്ദേശഭരണ സ്ഥാപനങ്ങൾ നിർണായക പങ്കുവഹിക്കുകയാണ്. തദ്ദേശ പൊതുസർവീസും യാഥാർഥ്യമാകുകയാണ്.

ഇന്ത്യയിൽ ഏറ്റവുമാദ്യം കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതും രോഗികളോ രോഗാണുവാഹകരോ ആയ  കൂടുതൽ പേർ വിദേശത്തുനിന്ന്‌ എത്തിച്ചേർന്നതും കേരളത്തിലാണ്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് പതിന്മടങ്ങ് ഭേദപ്പെട്ട നിലയിൽ രോഗവ്യാപനം നിയന്ത്രിച്ചുനിർത്താൻ കേരളത്തിനായി. ഈ മികവിനുപിന്നിൽ കാൽനൂറ്റാണ്ടത്തെ ജനകീയാസൂത്രണത്തിന്റെ അനുഭവക്കരുത്തുണ്ട്. കമ്യൂണിറ്റി കിച്ചനുകൾ സജ്ജീകരിക്കുന്നതുമുതൽ ഏറ്റവും ഒടുവിൽ, ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ ഒരുക്കുന്നതുവരെ  തദ്ദേശസ്ഥാപനങ്ങൾ പിറകോട്ട് നിന്നില്ല.

നവകേരളത്തിന്റെ വികസനനേതൃത്വം

നവകേരള ദൗത്യത്തിന്റെ പശ്ചാത്തലത്തിൽ പുതിയൊരു വികസന സംസ്കാരം കരുപ്പിടിപ്പിക്കുന്നതിനുള്ള ശ്രമത്തിലാണ് തദ്ദേശസ്ഥാപനങ്ങൾ. മഹാപ്രളയംമുതൽ കൊറോണ വൈറസ്  വ്യാപനംവരെയുള്ള ദുരന്തങ്ങൾക്ക് ചരിത്രത്തിൽ സമാനതകളില്ല. ഈ പ്രതിസന്ധികളെ കേരളം അതിജീവിക്കുകയാണ്. ആർദ്രം ദൗത്യം പൊതുജനാരോഗ്യ സംവിധാനത്തിന്റെ യൗവനം തിരിച്ചുകൊണ്ടുവന്നിരിക്കുന്നു. രണ്ടേകാൽ ലക്ഷത്തിലധികം കുടുംബങ്ങൾക്ക് പാർപ്പിടം ഉറപ്പുവരുത്തി ലൈഫ് മുന്നേറുകയാണ്. വിവിധ സാമൂഹ്യ സുരക്ഷാ പെൻഷനുകൾ വാങ്ങുന്നവരുടെ എണ്ണത്തിൽ കഴിഞ്ഞ നാലുവർഷംകൊണ്ട് വലിയ വർധനയാണ് വന്നിരിക്കുന്നത്. പെൻഷൻതുക 600ൽനിന്ന് 1,300 രൂപയായി ഉയർത്തി. പൊതു വിദ്യാലയങ്ങൾ സംരക്ഷിക്കാൻ ജനങ്ങൾ അണിനിരന്നു. ഹരിത കേരള ദൗത്യം ഒരു പാരിസ്ഥിതിക നവോത്ഥാനത്തിന് നാന്ദി കുറിച്ചു. 

മാലിന്യപ്രശ്നത്തിന്‌ വികേന്ദ്രീകൃതമായ രീതിയിൽ പരിഹാരം കാണാൻ കഴിഞ്ഞു. കൃഷിയുടെയും ജലസംരക്ഷണത്തിന്റെയും സംസ്കാരം തിരിച്ചുവന്നു. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം, മത്സ്യബന്ധനം എന്നീ മേഖലകളിൽ 3,860 കോടി രൂപയുടെ പദ്ധതികൾ നടപ്പാകുകയാണ്. മുന്നനുഭവങ്ങളുടെ അഭാവമായിരുന്നു ജനകീയാസൂത്രണത്തിന്റെ തുടക്കത്തിലെ ഏറ്റവും വലിയ വെല്ലുവിളി. ഒരു വർഷത്തിലേറെ നീണ്ടുനിന്ന തയ്യാറെടുപ്പുകൾക്കൊടുവിലാണ്  ആദ്യ വാർഷികപദ്ധതി തയ്യാറായത്. രാജ്യത്താദ്യമായി പദ്ധതിവിഹിതത്തിന്റെ 10 ശതമാനം സ്ത്രീകൾക്കുവേണ്ടി മാറ്റിവച്ചത് കേരളത്തിലെ തദ്ദേശസ്ഥാപനങ്ങളാണ്. കുടുംബശ്രീ സംവിധാനം പ്രാദേശിക വികസന പ്രക്രിയയിൽ സ്ത്രീകളുടെ സമഗ്രപങ്കാളിത്തം ഉറപ്പാക്കി. ഇ എം എസ് ഭവനപദ്ധതിയടക്കമുള്ള ബൃഹത്തായ സാമൂഹ്യ വികസനപദ്ധതികൾ യാഥാർഥ്യമായി. അസാധ്യമായി കരുതപ്പെട്ട തൊണ്ണൂറു ശതമാനത്തിനു മുകളിൽ പദ്ധതിച്ചെലവെന്ന ലക്ഷ്യവും നാം താണ്ടിയിരിക്കുന്നു.

രണ്ടാംഘട്ടം സുവർണഘട്ടം

ജനകീയാസൂത്രണത്തിന്റെ രണ്ടാംഘട്ടം അതിന്റെ സുവർണഘട്ടമായി മാറിയിരിക്കുന്നു. കേരളത്തിന്റെ  മാതൃകയെ പുതിയ കാലത്തിന്റെ വെല്ലുവിളികൾ നേരിടുന്നതിന് പര്യാപ്തമാക്കാനാണ്  സർക്കാർ ശ്രമിക്കുന്നത്. പദ്ധതി രൂപീകരണം സെപ്തംബർ, ഒക്ടോബർ മാസങ്ങൾവരെ നീണ്ടുപോയിരുന്ന സ്ഥാനത്ത്,  2018–-19ലെ വാർഷികപദ്ധതി 2018 മാർച്ച് അവസാനത്തോടെ തയ്യാറായി. ആദ്യ പ്രവൃത്തി ദിവസംതന്നെ നിർവഹണവും ആരംഭിച്ചു.  സമയം ലഭിച്ചതോടെ പദ്ധതികളുടെ ഗുണനിലവാരത്തിലും  നിർവഹണ മികവിലും മാറ്റം പ്രകടമായി. 2016–--17ൽ സംസ്ഥാന ബജറ്റ് വിഹിതം 23 ശതമാനത്തിൽ താഴെയായിരുന്നത്  2020-–-21ൽ 25 ശതമാനമായി വർധിപ്പിച്ചു. പ്രളയത്തിൽ തകർന്ന ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിനായി മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിപ്രകാരം 961 കോടി രൂപയും റീബിൽഡ് കേരള പദ്ധതിയിൽനിന്ന്‌ 481 കോടി രൂപയും പ്രത്യേകമായി അനുവദിച്ചിട്ടുണ്ട്. ആധുനിക കേരളത്തിന്റെ ശിൽപ്പിയായ ഇ എം എസാണ്‌  ജനകീയാസൂത്രണത്തിന്റെ സങ്കൽപ്പം രൂപപ്പെടുത്തിയത്.

*

എ സി മൊയ്‌തീൻ ( തദ്ദേശഭരണമന്ത്രി )

No comments:

Post a Comment