ജനാധിപത്യ ഭരണത്തിൽ ജനപ്രതിനിധി സഭകൾക്കുള്ള പ്രാധാന്യം ശരിയായി മനസ്സിലാക്കാത്ത പ്രതിപക്ഷത്തിന്റെ ദയനീയ പതനത്തിനാണ് പതിനാലാം കേരള നിയമസഭയുടെ ഇരുപതാം സമ്മേളനം സാക്ഷ്യംവഹിച്ചത്. മുഖ്യമന്ത്രി മറുപടി പറയുമ്പോൾ നടുത്തളത്തിലിറങ്ങി വിളിച്ച മുദ്രാവാക്യങ്ങൾ അവരുടെ അധമ സംസ്കാരം വിളിച്ചറിയിക്കുന്നതായിരുന്നു. പാർലമെന്റിനെ നോക്കുകുത്തിയാക്കി ജനവിരുദ്ധനയങ്ങൾ ഒന്നൊന്നായി അടിച്ചേൽപ്പിച്ചുകൊണ്ടിരിക്കുന്ന കേന്ദ്രത്തിലെ ബിജെപി സർക്കാരിനെതിരായ സമരവേദികൂടിയായി ഭരണപക്ഷം സഭയെ മാറ്റി. എന്നാൽ, കോൺഗ്രസ് നയിക്കുന്ന പ്രതിപക്ഷമാകട്ടെ മുനയൊടിഞ്ഞ രാഷ്ട്രീയ കുതന്ത്രങ്ങൾക്ക് മൂർച്ചകൂട്ടാനാകുമോ എന്ന വൃഥാവ്യായാമമാണ് സമ്മേളനത്തിൽ നടത്തിയത്.
യുഡിഎഫ് ഭരണകാലത്ത്, ജനങ്ങളുടെ പ്രശ്‌നങ്ങൾ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനുള്ള വേദിയായി നിയമസഭയെ ഉപയോഗിച്ചതായി അവർക്ക് അവകാശപ്പെടാനാകില്ല. നിയമപരമായ ബാധ്യതകൾ നിർവഹിക്കുന്നതിന്റെ ഭാഗമായല്ലാതെ, ആവശ്യമായ നിലയിൽ സഭ സമ്മേളിക്കുകയോ ചർച്ചകൾ നടത്തുകയോ ചെയ്‌ത പാരമ്പര്യം യുഡിഎഫിനില്ല. ഇക്കാര്യത്തിൽ ഏറ്റവും ദയനീയ പ്രകടനം കഴിഞ്ഞ ഉമ്മൻചാണ്ടി സർക്കാരിന്റേതാണെന്ന് സഭാ രേഖകൾ തെളിയിക്കും. യഥാസമയം സഭ ചേരുകയും സമയമെടുത്ത് ജനകീയ പ്രശ്‌നങ്ങളും നിയമനിർമാണവും പരിശോധിക്കുകയും ചെയ്‌തതാണ് എൽഡിഎഫ് സർക്കാരിന്റെ നാലുവർഷത്തെ ചരിത്രം. ഇതിനോടെല്ലാം നിഷേധാത്മകമായാണ് യുഡിഎഫ് പ്രതികരിച്ചതെങ്കിലും സർക്കാരിന്റെ ഉത്തരവാദിത്തം വിട്ടുവീഴ്‌ചയില്ലാതെ നിർവഹിച്ചു.
കഴിഞ്ഞ മാർച്ചിൽ നിയമസഭാ സമ്മേളനം ചേരുമ്പോഴാണ് കോവിഡ് ഭീഷണി സംസ്ഥാനത്തും ഉയർന്നത്. രാജ്യം സമ്പൂർണ ലോക്ഡൗണിലേക്ക് നീങ്ങുന്ന ഘട്ടത്തിലാണ് സഭാ സമ്മേളനം വെട്ടിക്കുറച്ചത്. കോവിഡിനെ പ്രതിരോധിക്കുന്നതിനുള്ള ശ്രമകരമായ പ്രവർത്തനങ്ങളിലായിരുന്നു തുടർന്നുള്ള നാളുകളിൽ കേരളം. സർക്കാർ ഫലപ്രദമായി മഹാരോഗത്തെ നേരിടുന്ന ഘട്ടത്തിൽ ആരോഗ്യമന്ത്രിക്ക് മീഡിയാ മാനിയ എന്ന ആരോപണം ഉന്നയിച്ച് വഴിമുടക്കാൻ തുടങ്ങിയ പ്രതിപക്ഷം, ഒടുവിലിപ്പോൾ ഏറെ പരിഹാസ്യരായി തീർന്നിരിക്കുന്നു.
കേന്ദ്രത്തിൽനിന്ന് ഒരു സഹായവും ലഭിക്കാതെ ബുദ്ധിമുട്ടിയ സംസ്ഥാന സർക്കാർ ജനങ്ങളിൽനിന്ന് സംഭാവന സമാഹരിക്കാൻ ശ്രമിച്ചപ്പോഴാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു ചില്ലിക്കാശ് നൽകരുതെന്ന് പ്രതിപക്ഷനേതാക്കൾ ഒന്നടങ്കം പ്രചാരണം നടത്തിയത്. എന്നാൽ, അടച്ചിടലും രോഗഭീതിയും തകർത്തുകളഞ്ഞ സാധാരണ ജനങ്ങളുടെ ജീവിതത്തെ താങ്ങിനിർത്താനുള്ള സർക്കാരിന്റെ ശ്രമങ്ങളെ തടസ്സപ്പെടുത്താൻ പ്രതിപക്ഷത്തിനായില്ല.
സൗജന്യറേഷനും പലവ്യഞ്ജന കിറ്റും ഏറ്റവുമൊടുവിൽ ഓണക്കിറ്റും പെൻഷനും എല്ലാ വീടുകളിലുമെത്തി. കോവിഡ് രോഗ നിയന്ത്രണമാകട്ടെ ലോകത്തിലെതന്നെ മികച്ചതെന്ന് പ്രകീർത്തിക്കപ്പെട്ടു. വികസന പ്രവർത്തനങ്ങളും മുടക്കമില്ലാതെ മുന്നോട്ടുകൊണ്ടുപോയി. ഇതെല്ലാം ജനങ്ങൾക്ക് നേരിൽ ബോധ്യമുള്ള കാര്യങ്ങളാണെങ്കിൽ, പ്രതിപക്ഷം ഈ സമയത്ത് കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ആൾക്കൂട്ട സമരങ്ങൾ സംഘടിപ്പിക്കുകയായിരുന്നു. ഒന്നും വിലപ്പോകാതെ വന്നപ്പോൾ ഒരു വിഭാഗം മാധ്യമങ്ങളും പ്രതിപക്ഷവും ചേർന്നു നടത്തിയ ഗൂഢാലോചനയാണ് ഒടുവിൽ സർക്കാരിനെതിരായ അവിശ്വാസ പ്രമേയത്തിൽ എത്തിയതെന്ന് കാര്യങ്ങൾ വീക്ഷിക്കുന്ന ഏതൊരാൾക്കും വ്യക്തമാകും.
പ്രതിപക്ഷം പറയുന്ന കാര്യങ്ങൾ ചില മാധ്യമങ്ങളും തിരിച്ചും മാറിമാറി ഉപയോഗിക്കുകയായിരുന്നു. സ്‌പ്രിങ്ക്‌ളർ മുതൽ സ്വർണക്കടത്തും ലൈഫ് പദ്ധതിയുംവരെയുള്ള വിഷയങ്ങളിൽ മുഖ്യമന്ത്രിയും സർക്കാരും ഓരോ ഘട്ടത്തിലും വ്യക്തമായ വിശദീകരണങ്ങൾ നൽകിയിട്ടുണ്ട്. പ്രസക്തമായ കാര്യങ്ങളിൽ ശക്തമായ നടപടിയും സ്വീകരിച്ചിട്ടുണ്ട്. എന്നാൽ, പ്രതിപക്ഷവും ചില മാധ്യമങ്ങളും പഴയ വിമോചനസമരത്തിന്റെ ഓർമയിൽ സർക്കാരിനെതിരെ നുണപ്രചാരണങ്ങൾ തുടർന്നു. നിയമസഭാ സ്‌പീക്കർക്കെതിരെയും നെറികെട്ട ആരോപണങ്ങൾ ചൊരിഞ്ഞു. ബിജെപിയും ഇതിന് മറയില്ലാത്ത പിന്തുണ നൽകി. പലവട്ടം സർക്കാരിനെതിരെ കോടതിയെ സമീപിച്ചുവെങ്കിലും ഒന്നും സ്വീകരിക്കപ്പെട്ടില്ല.
ഇതിനിടയിലാണ് ജൂലൈ 27ന് ഭരണഘടനാപരമായ ബാധ്യത നിറവേറ്റാൻ നിയമസഭ ചേരാൻ തീരുമാനമായത്. കോവിഡ് കാലത്ത് മാനദണ്ഡങ്ങൾ പാലിച്ച് സഭാ നടപടികൾ പൂർത്തിയാക്കാനുള്ള സഹകരണമല്ല പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നുണ്ടായത്. ജനമധ്യത്തിൽ ചീറ്റിപ്പോയ ആരോപണങ്ങൾ സഭയിലേക്ക് കൊണ്ടുവരാൻ പ്രതിപക്ഷം അവിശ്വാസ പ്രമേയത്തിന് കോപ്പുകൂട്ടി. തലസ്ഥാനത്ത് ലോക്‌ഡൗൺ പ്രഖ്യാപിച്ചതിനാൽ സഭാ സമ്മേളനം റദ്ദാക്കേണ്ടിവന്നു.
ഉപധനാഭ്യർഥന പാസാക്കുന്നതിനും രാജ്യസഭാ തെരഞ്ഞെടുപ്പിനുമായി ആഗസ്‌തിൽ സഭ ചേരാൻ തീരുമാനിച്ചപ്പോഴും പ്രതിപക്ഷ സമീപനത്തിൽ മാറ്റമൊന്നും ഉണ്ടായില്ല. സംസ്ഥാനം നേരിടുന്ന അടിയന്തര സാഹചര്യങ്ങൾ വിസ്‌മരിച്ച് ഒരു പകൽ നീണ്ട അവിശ്വാസ ചർച്ചയ്‌ക്ക് പ്രതിപക്ഷം വഴിവച്ചു. വസ്‌തുതാപരമായി എന്തെങ്കിലും സർക്കാരിനെതിരെ ഉന്നയിക്കാൻ പ്രമേയത്തെ അനുകൂലിച്ച ഒരാൾക്കും സാധിച്ചില്ല. പ്രതിപക്ഷത്തിന്റെ തൊലിയുരിക്കുന്ന പ്രസംഗങ്ങളാണ് ഭരണപക്ഷത്തുനിന്നുള്ളവർ കാഴ്‌ചവച്ചത്. പ്രതിപക്ഷം ഉന്നയിച്ച ദുരാരോപണങ്ങൾക്ക് മന്ത്രിമാരും അക്കമിട്ട് മറുപടി നൽകി. ജനങ്ങൾ അർപ്പിച്ച വിശ്വാസത്തോട് നീതിപുലർത്താൻ സർക്കാർ സ്വീകരിച്ച നടപടികളും മുഖ്യമന്ത്രി വിശദീകരിച്ചു. കോൺഗ്രസിനകത്തെ ദേശീയ സംഭവവികാസങ്ങൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി നൽകിയ മറുപടി പ്രതിപക്ഷത്തിന്റെ വായടപ്പിച്ചു.
ചുരുക്കത്തിൽ നേട്ടങ്ങളാകെ ജനങ്ങൾക്കുമുന്നിൽ ഒന്നിച്ച് അവതരിപ്പിക്കാനുള്ള മറ്റൊരു അവസരംകൂടി സർക്കാരിന് ലഭിച്ചു. കോവിഡ് രോഗം കൂടുതൽ വ്യാപിച്ചേക്കുമെന്ന സാധ്യതയാണ് പഠനങ്ങളിൽ വ്യക്തമാകുന്നത്. കോവിഡ് പ്രോട്ടോകോൾ പാലിച്ച് നടത്തിയ നിയമസഭാ സമ്മേളനം പതിനൊന്നുമണിക്കൂറിലേറെ നീണ്ടു. അതിൽ ഭൂരിഭാഗം സമയവും വിനിയോഗിച്ചത് അവിശ്വാസ പ്രമേയ ചർച്ചയ്‌ക്കാണ്. ഈ സന്ദിഗ്‌ധഘട്ടത്തിലും യുഡിഎഫ് നാടിനോടും ജനങ്ങളോടും സ്വീകരിക്കുന്ന പ്രതികാരബുദ്ധിയും രാഷ്ട്രീയ സങ്കുചിതത്വവും തുറന്നുകാട്ടാൻ സഹായകമായി എന്ന നിലയിലാകും ഈ ഏകദിന നിയമസഭാ സമ്മേളനം ചരിത്രത്തിന്റെ ഭാഗമാകുക.
deshabhimani editorial 2508202
No comments:
Post a Comment