തിരുവനന്തപുരം > ലൈഫ് ഭവനപദ്ധതിക്കായി സംസ്ഥാനത്ത് നാലുവർഷംകൊണ്ട് ചെലവഴിച്ചത് 8068.70 കോടി രൂപ. സർക്കാർ വിഹിതവും തദ്ദേശഭരണ സ്ഥാപനങ്ങളുടെയും കേന്ദ്ര നഗര ഗ്രാമീണ മന്ത്രാലയത്തിന്റെ വിഹിതവും ഹഡ്‌കോ വായ്‌പയും ഉൾപ്പെടെയാണിത്. ഹഡ്‌കോ വായ്‌പ തിരിച്ചടയ്‌ക്കുന്നത് തദ്ദേശഭരണ സ്ഥാപനങ്ങളാണ്. ഇതിന്റെ 8.75 ശതമാനം പലിശ നൽകുന്നത് സർക്കാരാണ്. പദ്ധതിയിൽ 2,24,286 വീടാണ് ഇതുവരെ പൂർത്തീകരിച്ചത്. ഈ മഹത്തായ പദ്ധതിയുടെ മറവിലും സർക്കാരിനെ താറടിക്കാൻ ചില കേന്ദ്രങ്ങൾ ശ്രമിക്കുകയാണ്.
8068.70 കോടിരൂപയിൽ 2617.70 കോടിരൂപ സർക്കാർ നേരിട്ട് നൽകിയതാണ്. 1,844 കോടിരൂപ തദ്ദേശഭരണ സ്ഥാപനങ്ങളുടെ വിഹിതവും 1,057 കോടിരൂപ പിഎംഎവൈക്കുള്ള കേന്ദ്ര വിഹിതവുമാണ്. 2,550 കോടി രൂപയാണ് ഹഡ്‌കോയിൽനിന്ന് വായ്‌പയെടുത്തത്. 15 വർഷംകൊണ്ട് തദ്ദേശ സ്ഥാപനങ്ങൾതന്നെ തിരിച്ചടയ്‌ക്കും. പലിശ സംസ്ഥാന സർക്കാരും നൽകും. അതിനാൽ വായ്‌പയുടെ ബാധ്യത ഗുണഭോക്താക്കൾക്ക് വരില്ല.ഒരു വീടിന് നഗരത്തിൽ ഒന്നരലക്ഷം രൂപയും ഗ്രാമത്തിൽ 72,000 രൂപയുമാണ് കേന്ദ്ര വിഹിതം. എന്നാൽ, ലൈഫ് പദ്ധതിയുടെ ഭാഗമായ വീടിന് ഗുണഭോക്താവിന് നൽകുന്നത് നാല് ലക്ഷം രൂപയാണ്. അതിനാൽ നഗരങ്ങളിൽ രണ്ടര ലക്ഷംരൂപയും ഗ്രാമങ്ങളിൽ 3,28,000 രൂപയും സംസ്ഥാന സർക്കാരും തദ്ദേശഭരണ സ്ഥാപനവുമാണ് നൽകുന്നത്. ഈ ഇനത്തിൽമാത്രം 1988 കോടിരൂപയാണ് ഇതുവരെ കേരളം നൽകിയത്.
ഒന്നാം ഘട്ടത്തിൽ 54,151 ഗുണഭോക്താക്കളിൽ 52,289 പേരുടെയും രണ്ടാംഘട്ടത്തിൽ 2,46,337 ഗുണഭോക്താക്കളിൽ 1,70,540 പേരുടെയും വീട് നിർമാണം പൂർത്തിയായി. മൂന്നാം ഘട്ടത്തിൽ 1,25,593 ഗുണഭോക്താക്കളാണുള്ളത്. 217 വീടുള്ള ഭവനസമുച്ചയം അടിമാലിയിൽ പൂർത്തീകരിച്ചു. മറ്റ് പത്തു സ്ഥലങ്ങളിൽ നിർമാണം പുരോഗമിക്കുന്നു. 101 ഭവനസമുച്ചയങ്ങളുടെ നിർമാണം 2021 ഓടെ പൂർത്തീകരിക്കും. നാലായിരം കുടുംബങ്ങൾക്ക് ഇവിടെ താമസിക്കാനാകും. 320ഓളം സ്ഥലം ഭവനസമുച്ചയത്തിന് കണ്ടെത്തി. ക്ലസ്റ്റർ അടിസ്ഥാനത്തിൽ ഭവനം നിർമിക്കുന്നതിനും സ്വന്തമായി സ്ഥലമില്ലാത്ത ഗുണഭോക്താവിന് മൂന്ന് സെന്റിൽ കുറയാത്ത സ്ഥലം വാങ്ങി ഭവനനിർമാണം നടത്തുന്നതിനും പദ്ധതിയുണ്ട്.
പണം ചെലവഴിച്ചത് ഇങ്ങനെ
ലൈഫ് ഭവനപദ്ധതിക്കായി 8068.70 കോടിരൂപ ചെലവഴിച്ചത് ഇങ്ങനെ. സംസ്ഥാന വിഹിതമായ 2617.70 കോടി രൂപയിൽ 1226.20 കോടിരൂപ ലൈഫ് മിഷനും പിഎംഎവൈക്കായി 380 കോടിരൂപയും എസ്‌സി, എസ്‌ടി, ഫിഷറീസ് വിഭാഗങ്ങൾക്കായി 980 കോടി രൂപയും മൂന്നാംഘട്ടത്തിന് 31 കോടിരൂപയും നൽകി.
തദ്ദേശഭരണ സ്ഥാപന വിഹിതമായ 1844 കോടി രൂപയിൽ 1036 കോടിരൂപ ലൈഫ് മിഷനും 808 കോടി രൂപ പിഎംഎവൈക്കുമാണ്. 2550 കോടി ഹഡ്കോ വായ്‌പയിൽ 1750 കോടിരൂപ ലെഫ് മിഷനും 800 കോടിരൂപ നഗരസഭയ്‌ക്കുമാണ്.
റഷീദ‌് ആനപ്പുറം
"വീടെന്ന സ്വപ്‌നം തല്ലിക്കെടുത്തുകയാണ് കോൺഗ്രസുകാര്; ഒരു സഹായോം ചെയ്യൂല്ല, ഉള്ളത് മുടക്കും..'; ലൈഫ് തകർക്കുന്നതിനെതിരെ ജനങ്ങൾ
തൃശൂർ > ‘രണ്ടുദിവസമെങ്കിലും സ്വന്തം വീട്ടിൽ കിടന്നുറങ്ങണം. എന്നിട്ട് മരിച്ചാലും വേണ്ടില്ല. വടക്കാഞ്ചേരിയിൽ പാവപ്പെട്ടവർക്കായി വീടുകൾ പണി പൂർത്തിയാവുന്നതറിഞ്ഞപ്പോൾ വല്യസന്തോഷായി. കുത്തിത്തിരുപ്പുണ്ടാക്കി ആ സ്വപ്‌നം തല്ലിക്കെടുത്തുകയാണ് കോൺഗ്രസുകാര്. ഒരു സഹായോം ചെയ്യൂല്ല, ഉള്ളത് മുടക്കും'. വടക്കാഞ്ചേരി നഗരസഭയിലെ ആര്യംപാടം പൊങ്ങണംപറമ്പിൽ പരേതനായ കൊച്ചുണ്ണിയുടെ ഭാര്യ തങ്ക (65)യുടെ വാക്കുകളിൽ രോഷവും ആശങ്കയും.
ആര്യംപാടം കോളനിയിൽ വാടകവീട്ടിലായിരുന്നു തങ്ക താമസിച്ചിരുന്നത്. ഭർത്താവ് മരിച്ചതോടെ ബന്ധുവീടുകളിലായി. മുണ്ടത്തിക്കോട് പഞ്ചായത്ത് കോൺഗ്രസ് ഭരിച്ചിരുന്ന സമയത്ത് വീടിന് അപേക്ഷ നൽകി. പട്ടികജാതി വിഭാഗമെന്നനിലയിലും വിധവയെന്നനിലയിലും മുൻഗണനയുണ്ടായിട്ടും വീട് കിട്ടിയില്ല. നഗരസഭയിൽ എൽഡിഎഫ് അധികാരത്തിൽ എത്തിയതോടെ ഭൂമിയും വീടുമില്ലാത്തവരുടെ പട്ടികയുണ്ടാക്കി. തന്റെ പേര് അതിലുണ്ട്. ടിവി വാർത്തയിൽ കുത്തിത്തിരുപ്പ് കാണുമ്പോൾ ആശങ്കയുണ്ടെന്നും തങ്ക പറഞ്ഞു.
റെയിൽവേ പുറമ്പോക്കിൽ കഴിയുന്ന തങ്ങളുടെ പ്രതീക്ഷയാണ് വടക്കാഞ്ചേരിയിലെ ഫ്‌ളാറ്റെന്ന് കോലോത്തുംപറമ്പിൽ രാജൻ പറഞ്ഞു. അത് മുടക്കരുത്. ഇടതുപക്ഷ സർക്കാരാണ് തങ്ങളുടെ പ്രതീക്ഷയെന്ന് പുറമ്പോക്കിൽ താമസിക്കുന്ന ഐയിസുമ്മയും പറഞ്ഞു.
കിടപ്പാടം ഇല്ലാത്തവരുടെ കഷ്ടപ്പാട് അനുഭവിച്ചവർക്കേ അത് അറിയൂവെന്ന് മുണ്ടത്തിക്കോട് വടക്കൂടൻ ലോനപ്പന്റെ ഭാര്യ ത്രേസ്യാമ്മ (75) പറഞ്ഞു. ചെറുപ്പത്തിലേ തങ്ങളുടെ വീട് ജപ്തിയായി. അന്നുമുതൽ നെട്ടോട്ടമായിരുന്നു. ഇടിഞ്ഞുവീഴാറായ വീട്ടിലാണ് കഴിഞ്ഞിരുന്നത്. കൗൺസിലർ ജോസ് പറഞ്ഞിട്ടാണ് വീടിന് അപേക്ഷിച്ചത്. നാലുലക്ഷം സർക്കാരിൽനിന്ന് ലഭിച്ചു. അടച്ചുറപ്പുള്ള വീടായി. മനസ്സമാധാനവുമായി. ഇത്തരം സഹായങ്ങൾ ഇല്ലാതാക്കുന്നവരെ മറികടക്കണമെന്നും ത്രേസ്യാമ്മ പറഞ്ഞു. നഗരസഭയിൽ ലൈഫ് പദ്ധതിവഴി 1600ൽപ്പരം വീട് പൂർത്തിയായി. ഭൂരഹിതർക്കുവേണ്ടി നഗരസഭയുടെ 217.88 സെന്റിൽ യുഎഇ റെഡ് ക്രസന്റ് സ്പോൺസർ ചെയ്ത ഫ്‌ളാറ്റിൽ 140 വീടും പൂർത്തിയാവുന്നു. റെഡ് ക്രസന്റുമായി ലൈഫ്മിഷൻ പണമിടപാട് നടത്തിയിട്ടില്ല. ഏജൻസിയെ കണ്ടുപിടിച്ചതും കരാർ നൽകിയതും നേരിട്ടാണ്. എന്നാൽ കോൺഗ്രസ്–- ബിജെപി നേതാക്കൾ കുപ്രചാരണങ്ങൾ തുടരുകയാണ്.
സി എ പ്രേമചന്ദ്രൻ
No comments:
Post a Comment