കോട്ടയം>കോടതിയലക്ഷ്യക്കേസിൽ മാപ്പു പറയാതെ തന്റെ ബോധ്യത്തിൽ ഇഎംഎസ് ഉറച്ചുനിന്ന കേസ് അരനൂറ്റാണ്ടു മുമ്പ് കോളിളക്കം സൃഷ്ടിച്ചതാണ്. മാർക്സിസവും ലെനിനിസവും സുപ്രിം കോടതിയിൽ വരെ തലനാരിഴകീറി പരിശോധിച്ച കേസ് ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ പ്രധാന്യമർഹിക്കുന്നു.
1967 നവംബർ 9ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി ഇഎംഎസ് നടത്തിയ പത്രസമ്മേളനമാണ് വിവാദത്തിനു തിരികൊളുത്തിയത്. മാർക്സിനെയും എംഗൽസിനെയും ഉദ്ധരിച്ച് ഇഎംഎസ് പറഞ്ഞു: ‘‘കോടതി മർദ്ദനോപകരണമാണ്. ജഡ്‌ജിമാർ വർഗ്ഗവിദ്വേഷത്താലും വർഗ്ഗ താൽപ്പര്യത്താലും വർഗ്ഗ മുൻവിധികളാലും നയിക്കപ്പെടുന്നവരാണ്. നന്നായി വസ്‌ത്രം ധരിച്ച കുടവയറനായ പണക്കാരനും കീറിപ്പറിഞ്ഞ വസ്‌ത്രം ധരിച്ച നിരക്ഷരനായ വ്യക്തിക്കും തെളിവുകൾ ഒരുപോലെ ബാധകമാണെങ്കിൽ കോടതി സഹജമായും പണക്കാരന് അനുകൂലമായി നിൽക്കും. ’’ ഭരണവർഗ്ഗത്തിന്റെ ഭാഗമായി നിൽക്കുന്ന കോടതി തൊഴിലാളികൾക്കും കർഷകർക്കും എതിരെ പ്രവർത്തിക്കുന്നുവെന്നും നിയമവും നീതിന്യായ സംവിധാനവും ചൂഷകവർഗ്ഗത്തെ സേവിക്കുന്നുവെന്നും കൂടി അദ്ദേഹം പറഞ്ഞു.
ഇത് പല പത്രങ്ങളിലും അച്ചടിച്ചുവന്നു. ഹൈക്കോടതിയുടെ മൂന്നംഗ ബഞ്ച് കോടതിയലക്ഷ്യ നടപടികർ ഏറ്റെടുത്തപ്പോൾ ഇഎംഎസ് സത്യവാങ്‌മൂലം സമർപ്പിച്ചു. താൻ പുതിയ ഒരു കാര്യവും പറഞ്ഞിട്ടില്ലെന്നും സിപിഐ എമ്മിന്റെ പാർട്ടി പരിപാടിയിലെ അഞ്ചാം അധ്യായത്തിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ വിശദീകരിക്കുക മാത്രമാണ് ചെയ്‌തതെന്നും അദ്ദേഹം വ്യക്തമാക്കി. ഇഎംഎസ് മാപ്പ് പറയാൻ തയ്യാറായില്ല.
കേസിൽ ഇഎംസിനെ ആയിരം രൂപ പിഴയടയ്‌ക്കാനും അല്ലാത്തപക്ഷം ഒരു മാസം തടവിനും ശിക്ഷിച്ചു. ജസ്‌റ്റിസ് രാമൻ നായർ, ജസ്‌റ്റിസ് കൃഷ്ണമൂർത്തി അയ്യർ എന്നിവരുടെ ഭൂരിപക്ഷവിധിയായിരുന്നു. ജസ്‌റ്റിസ് കെ കെ മാത്യു വിയോജനക്കുറിപ്പ് എഴുതി.
സുപ്രിം കോടതിയിൽ ഇഎംഎസിനു വേണ്ടി ഹാജരായത് മുൻ പ്രതിരോധമന്ത്രി കൂടിയായ വി കെ കൃഷ്ണമേനോനായിരുന്നു. കോടതിയലക്ഷ്യ നിയമം ഭരണഘടന ഉറപ്പുനൽകുന്ന അഭിപ്രായ സ്വതന്ത്ര്യത്തിൽ കടന്നുകയറ്റം നടത്താതെ പരിശോധിക്കണമെന്ന് അദ്ദേഹം വാദിച്ചു.
ജസ്‌റ്റിസ് എം ഹിദായത്തുള്ളയുടെ ബെഞ്ച് ശിക്ഷയിൽ ഇളവുവരുത്തി. 50 രൂപയായി കുറച്ചു. അല്ലാത്തപക്ഷം ഒരാഴ്‌ച തടവ്.
ഇഎംഎസിനെ ശിക്ഷിക്കരുതായിരുന്നു എന്നാണ് തന്റെ അഭിപ്രായമെന്ന് ഒരിക്കൽ മുൻ സുപ്രിം കോടതി ജഡ്‌ജി കെ ടി തോമസ് അഭിപ്രായപ്പെട്ടു. ഇഎംഎസ് ഒരു ജഡ്‌ജിയെയും വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ല. കോടതിയുടെ സമ്പ്രദായം മാറ്റണമെന്നു മാത്രമാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. ഇന്ത്യൻ ഭരണഘടന നിലവിൽ വരുന്നതിനു മുമ്പ് ഒരു സാക്ഷിയെ വിസ്‌തരിക്കാൻ കൊണ്ടുവന്നാൽ അവസാനം ചോദിച്ചിരുന്ന ചോദ്യം നിങ്ങൾ എത്ര ഭൂനികുതി കൊടുക്കുന്നുണ്ടെന്നായിരുന്നു. ഇഎംഎസിന്റെ ആരോപണം പരമാർഥമാണെന്ന് പറയുന്നത് അതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
ലെനി ജോസഫ്
അന്ന് കൃഷ്ണയ്യർ പറഞ്ഞു: ‘ യേശുക്രിസ്‌തു ഇന്നും ക്രൂശിക്കപ്പെടുന്നു’ മത്തായി മാഞ്ഞൂരാൻ പിഴയടയ്‌ക്കാതെ ജയിലിൽ പോയി
വി ആര്‍ കൃഷ്ണയ്യര്‍, മത്തായി മാഞ്ഞൂരാന്‍,പാലോളി മുഹമ്മദ് കുട്ടി,എം വി ജയരാജൻ
കോടതിയെ ശക്തമായ വാക്കുകൾ കൊണ്ട് പ്രഹരിക്കുന്നത് മുൻ സുപ്രിം കോടതി ജഡ്ജി തന്നെ ആയാലോ? അത്തരമൊരു സംഭവമായിരുന്നു 1981 ഒക്ടോബര്‍ 31ന് ഹൈക്കോടതിയുടെ മുറ്റത്തു നടന്നത്. വേദി ഹൈക്കോടതിയുടെ രജതജൂബിലിച്ചടങ്ങായതിനാൽ ഗൗരവംകൂടി.
സുപ്രീംകോടതി മുന്‍ ജഡ്ജിയും ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയിലെ നിയമമന്ത്രിയുമായിരുന്ന വി ആര്‍ കൃഷ്ണയ്യര്‍ക്കെതിരെ കേസ് വന്നത് അങ്ങനെയാണ്.
"ഡല്‍ഹി കഴ്സണ്‍ റോഡിലെ ഉത്തുംഗമായ ചെങ്കല്‍സൗധം (സുപ്രീംകോടതി) ജനങ്ങള്‍ക്ക് ആവശ്യമില്ലാത്ത കാലം വരും. ഇവിടെ യേശുക്രിസ്തു ഇന്നും ക്രൂശിക്കപ്പെടുന്നു. ജഡ്ജിമാര്‍ ബറാബസിനെ വെറുതെവിടുന്നു. സോഷ്യലിസത്തിലും മതനിരപേക്ഷയിലും വിശ്വാസമില്ലാത്ത ജഡ്ജിമാര്‍ രാജിവച്ച് സ്ഥലംവിടുകയാണു വേണ്ടത്. നീതിന്യായപീഠത്തില്‍ ചടഞ്ഞുകൂടരുത്..’ എന്നിങ്ങനെയായിരുന്നു രണ്ടുമണിക്കൂര്‍ പ്രസംഗം.
പബ്ലിക് ഇന്ററസ്റ്റ് ലോ എന്ന സംഘടനയുടെ സെക്രട്ടറി അഡ്വ. വിന്‍സന്റ് പാനികുളങ്ങര കൃഷ്ണയ്യര്‍ക്കെതിരെ ഹൈക്കോടതിയിലെത്തി. കേസ് ഫയലില്‍ സ്വീകരിക്കാന്‍ വിസമ്മതിച്ച് ജസ്റ്റിസ് സുബ്രഹ്മണ്യന്‍പോറ്റിയും ജസ്റ്റിസ് പരിപൂര്‍ണനും അടങ്ങിയ ഡിവിഷന്‍ ബെഞ്ച് നടത്തിയ നിരീക്ഷണം ഇങ്ങനെ: പ്രമുഖ ന്യായാധിപനും ലോ കമീഷന്‍ അംഗവുമായ നിയമപണ്ഡിതനായ കൃഷ്ണയ്യരുടെ അഭിപ്രായങ്ങള്‍ ദുരുദ്ദേശ്യപരമാണെന്ന് ആലോചിക്കാനാവില്ല. ജനങ്ങളെ നിയമസംവിധാനം സംബന്ധിച്ച് ജാഗരൂകരാക്കാനാകും അദ്ദേഹം ശ്രമിച്ചത്. ബന്ധപ്പെട്ട കക്ഷി (ജസ്റ്റിസ് കൃഷ്ണയ്യര്‍) പരിചയമുള്ളയാളാകുമ്പോള്‍ കേസ് കേള്‍ക്കാതിരിക്കുന്നതാണ് ഉചിതം. എന്നാല്‍ , അദ്ദേഹം എല്ലാവര്‍ക്കും സുപരിചിതനായതിനാല്‍ അഡ്വക്കറ്റ് ജനറലിന്റെയും ഹര്‍ജിക്കാരന്റെയും സാന്നിധ്യത്തില്‍ കേസ് കേള്‍ക്കുകമാത്രമാണ് കോടതി ചെയ്തത്.
1959 ലെ മത്തായി മാഞ്ഞൂരാന്‍ കേസ് ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ കാലത്തായിരുന്നു. തൃശൂര്‍ വരന്തരപ്പിള്ളിയിൽ അഞ്ചുപേര്‍ കൊല്ലപ്പെട്ട സംഭവത്തിൽ കെ എസ്‌പി നേതാവ് മത്തായി മാഞ്ഞൂരാന്റെ ‘കേരളപ്രകാശം' ദിനപത്രത്തില്‍ വന്ന വാർത്തയാണ് ഹൈക്കോടതിയുടെ കോടതിയലക്ഷ്യ കേസിന് കാരണമായത്. കോടതിയിലെത്തിയ മാഞ്ഞൂരാൻ താൻ തെറ്റൊന്നും ചെയ്‌തില്ലെന്ന് പറഞ്ഞു. മാപ്പ് പറയാൻ കൂട്ടാക്കാത്ത അദ്ദേഹത്തെ 100 രൂപ പിഴയടയ്‌ക്കാനും അല്ലാത്തപക്ഷം ഒരു മാസം തടവിനും ശിക്ഷിച്ചു. പിഴയടയ്‌ക്കാൻ അദ്ദേഹം തയ്യാറായില്ല. വിയ്യൂർ സെൻട്രൽ ജയിലിൽ ശിക്ഷ അനുഭവിച്ചു.
വരന്തരപ്പള്ളി കേസിൽ അഭിപ്രായം പറഞ്ഞതിന് മുഖ്യമന്ത്രിയായിരുന്ന ഇഎംഎസിനെതിരെ കോടതിയലക്ഷ്യത്തിന് കേസെടുത്തു. പിന്നീട് അദ്ദേഹത്തെ വെറുതെ വിട്ടു.
കോടതി മടിശീലയുടെ കനവും നോട്ടുകെട്ടുകളും നോക്കിയാണ് വിധി പ്രസ്‌താവിക്കുന്നത് എന്ന പരാമർശത്തിന്റെ പേരിൽ 2007 ൽ മുൻ മന്ത്രി പാലോളി മുഹമ്മദ് കുട്ടിക്കെതിരെയും കോടതിയലക്ഷ്യത്തിന് കേസെടുത്തു.
പാതയോരത്ത് യോഗം ചേരുന്നതിനെതിരെ വിധി പറഞ്ഞ ജഡ്‌ജിയെ ശുംഭൻ എന്ന് പരാമർശിച്ചതിന്റെ പേരിലാണ് ഹൈക്കോടതി എം വി ജയരാജനെതിരെ കേസെടുത്തത്. മാപ്പ് പറയാൻ തയ്യാറാകാതിരുന്ന അദ്ദേഹത്തെ ആറു മാസം തടവിന് ശിക്ഷിച്ചു. സുപ്രിം കോടതിയിലും അദ്ദേഹം മാപ്പ് പറഞ്ഞില്ല. സുപ്രിം കോടതി ശിക്ഷ നാലാഴ്‌ചയായി കുറച്ചു.
1982ല്‍ കോട്ടയത്തു നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് വയലാര്‍ രവിക്കെതിരെ നവാബ് രാജേന്ദ്രന്‍ ഹൈക്കോടതിയെ സമീപിച്ചത്. കോടതികള്‍ പ്രതിപക്ഷപാര്‍ടികളെപ്പോലെ സര്‍ക്കാരിനോട് പെരുമാറരുതെന്നായിരുന്നു പ്രസംഗം. എന്നാല്‍ , പരാമര്‍ശം കോടതിയലക്ഷ്യത്തിന്റെ പരിധിയില്‍വരില്ലെന്ന തീര്‍പ്പോടെ ഹൈക്കോടതി ഹര്‍ജി തള്ളി.
ലെനി ജോസഫ്
No comments:
Post a Comment