തിരുവനന്തപുരം > ജിഎസ്‌ടി നികുതി വിഹിതമായി സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നല്‍കേണ്ട 2.35 ലക്ഷം കോടി രൂപ നല്‍കാനാവില്ലെന്ന കേന്ദ്രഗവണ്‍മെന്റ് ജിഎസ്‌ടി കൗണ്‍സിൽ തീരുമാനം സർക്കാരുകൾക്ക് കനത്ത സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്‌താവനയിൽ പറഞ്ഞു. ഇതിന്റെ ഭാഗമായി കേരളത്തിനും ആയിരക്കണക്കിന് കോടി രൂപ കിട്ടാതെവരും. ഏപ്രില്‍ മുതല്‍ ജൂലൈ 31 വരെയുള്ള നാല് മാസക്കാലത്തേയ്‌ക്ക് 7100 കോടി രൂപയോളം ലഭിക്കാനുണ്ട്. ആഗസ്റ്റ് മുതല്‍ ഡിസംബര്‍ വരെയുള്ള പ്രതീക്ഷിത വിഹിതം ചേര്‍ക്കുമ്പോള്‍ 9000 കോടി രൂപ കൂടി ലഭിക്കേണ്ടതുണ്ട്. കേന്ദ്രം നല്‍കാനുള്ള തുക നിഷേധിച്ചാല്‍ 2020-ലെ കുടിശ്ശിഖ മാത്രം 16000 കോടി രൂപയിലധികമാകും.
സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്ഥിതി തകര്‍ക്കുകയും ശമ്പളമുള്‍പ്പെടെയുള്ള നിത്യ ചെലവുകള്‍ നല്‍കാന്‍ പണമില്ലാതെ വരുകയും ചെയ്യുന്ന സ്ഥിതി ഇതുവഴി സംജാതമാകും. ജിഎസ്‌ടി സമ്പ്രദായം നടപ്പിലാക്കുന്നതിന് മുമ്പ് സംസ്ഥാനങ്ങള്‍ക്ക് സ്വന്തമായി നികുതി നിശ്ചയിക്കാനും പിരിക്കാനുമുണ്ടായിരുന്ന അവകാശം ഇല്ലാതാക്കി മുഴുവന്‍ നികുതി പിരിവും കേന്ദ്രം ഏറ്റെടുക്കുകയാണുണ്ടായത്. ഈ കേന്ദ്രനിയമം വഴി സംസ്ഥാനങ്ങള്‍ക്കുണ്ടായ നഷ്‌ടം നികത്താനുള്ള നിയമത്തിലെ വ്യവസ്ഥ അംഗീകരിക്കില്ല എന്നാണ് കേന്ദ്രഗവണ്‍മെന്റ് നിലപാട്.
കേന്ദ്രഗവണ്‍മെന്റ് നല്‍കേണ്ട വിഹിതം നല്‍കുന്നതിന് പകരം സംസ്ഥാനം കടമെടുത്ത് ചെലവ് നടത്തണം എന്നാണ് ഇപ്പോള്‍ കേന്ദ്രഗവണ്‍മെന്റ് നിര്‍ദ്ദേശിക്കുന്നത്. പ്രളയം, പ്രകൃതിക്ഷോഭങ്ങള്‍ തുടങ്ങി ഇപ്പോള്‍ കോവിഡ് മഹാമാരി കൂടി നേരിടേണ്ടി വന്ന സംസ്ഥാനം വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്. ഈ സാഹചര്യത്തില്‍ സംസ്ഥാനങ്ങളെ സഹായിക്കേണ്ട കേന്ദ്രസര്‍ക്കാര്‍, സംസ്ഥാനങ്ങള്‍ക്ക് നല്‍കാനുള്ള അര്‍ഹതപ്പെട്ട നികുതി വിഹിതം നല്‍കിയില്ലെങ്കില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനവും, ശമ്പളവും പെന്‍ഷനുമുള്‍പ്പെടെയുള്ള അടിസ്ഥാന ചെലവുകളും പ്രതിസന്ധിയിലാകും. കേന്ദ്രഗവണ്‍മെന്റ് തീരുമാനത്തിനെതിരെ വിവിധ സംസ്ഥാന ഗവണ്‍മെന്റുകള്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിക്കഴിഞ്ഞു.
ഈ നിലപാട് തിരുത്താന്‍ കേന്ദ്രഗവണ്‍മെന്റ് തയ്യാറാകണമെന്നും സംസ്ഥാനങ്ങളെ ദുരിതത്തിലാക്കുന്ന നയത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തുന്നതിന് എല്ലാവരും ഒറ്റക്കെട്ടായി രംഗത്ത് വരണമെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് ആഹ്വാനം ചെയ്‌തു.
No comments:
Post a Comment