Thursday, August 13, 2020

വിൽക്കാനുണ്ട്‌ വിദ്യാഭ്യാസമേഖലയും

 ഒരു വർഷത്തേക്കുള്ള നിക്ഷേപമാണ് ലക്ഷ്യമെങ്കിൽ ധാന്യം വിതയ്ക്കുക. പത്തു വർഷത്തേക്കാണ് നിക്ഷേപമെങ്കിൽ മരങ്ങൾ നടുക. മുഴുവൻ ജീവിതകാലത്തേക്കുള്ളതാണ് നിക്ഷേപമെങ്കിൽ നിങ്ങൾ കുട്ടികളെ വിദ്യാഭ്യാസം ചെയ്യിപ്പിക്കുക.

കൺഫ്യൂഷ്യസ്

ഏതൊരു രാഷ്ട്രത്തിന്റെയും ഭാഗധേയം നിർണയിക്കുന്നത് അറിവും മൂല്യബോധവുമുള്ള ജനതയാണ്. മികവുറ്റ വിദ്യാഭ്യാസ സമ്പ്രദായത്തിലൂടെയാണ് രാഷ്ട്രം ഗുണമേന്മയുള്ള പൗരന്മാരെ സൃഷ്ടിക്കുന്നത്. വിദ്യാഭ്യാസത്തിന് പിഴവ് പറ്റിയാൽ ആ സമൂഹം കാലത്തിനു പിന്നിലേക്ക് തള്ളപ്പെടും. ആധുനികവും സമഗ്രവുമായ  ബോധനരീതികൾ ഉണ്ടാകേണ്ടത് ജനാധിപത്യ സമൂഹസൃഷ്ടിക്ക് അത്യന്താപേക്ഷിതമാണ്. ജനാധിപത്യത്തിലെ ഏറ്റവും പ്രാധാന്യമേറിയ വ്യവഹാരം വിദ്യാഭ്യാസമാണ്. മനുഷ്യൻ ആർജിച്ച എല്ലാ നേട്ടങ്ങളുടെയും അടിസ്ഥാനവുമതാണ്. കൺഫ്യൂഷ്യസ് പറഞ്ഞതുപോലെ നൂറ്റാണ്ടുകൾ നീളുന്ന പദ്ധതിയാണ് നിങ്ങൾ ആവിഷ്കരിക്കുന്നതെങ്കിൽ, മനുഷ്യരെ വിദ്യാഭ്യാസം ചെയ്യിപ്പിക്കുകയാണ് വേണ്ടത്.

ദേശീയ വിദ്യാഭ്യാസ നയം

-കരട് ദേശീയ വിദ്യാഭ്യാസ നയം 2020 കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചിരിക്കുകയാണ്. ഒരു വർഷമായി ഇതിനെ കുറിച്ചുള്ള ചർച്ചകൾ ഉണ്ടായിരുന്നുവെങ്കിലും കോവിഡിന്റെ ദുരിതകാലത്ത് ഇത്ര ധൃതി പിടിച്ച് അംഗീകരിക്കും എന്നാരും കരുതിയിരുന്നില്ല. ഒരു വർഷം മുമ്പ്‌ കേന്ദ്ര ഗവൺമെന്റ് പറഞ്ഞിരുന്നത് വിപുലമായ ചർച്ചകൾ പാർലമെന്റിനകത്തും പുറത്തും നടത്തി മാത്രമേ നയം രൂപീകരിക്കുകയുള്ളൂ എന്നായിരുന്നു. എന്നാൽ, ചർച്ച നടത്താതെയും പാർലമെന്റിൽ അവതരിപ്പിക്കാതെയും നയത്തിന് മന്ത്രിസഭ അംഗീകാരം കൊടുത്തു.

കോവിഡ് കാലത്ത്, പ്രതിഷേധങ്ങൾ അധികമുണ്ടാകില്ല എന്ന ആനുകൂല്യം ഉപയോഗിച്ചുകൊണ്ട് വിദ്യാഭ്യാസ സമ്പ്രദായത്തെ പൊളിച്ചു പണിയാൻ ശ്രമിക്കുകയാണ് ബിജെപി ഗവൺമെന്റ്. പുതിയ നയപ്രകാരം വിദ്യാഭ്യാസമേഖലയിലെ നിർണയാധികാരം മൊത്തമായി കേന്ദ്രഗവൺമെന്റിലേക്കെത്തുകയാണ്. ഭരണഘടനയുടെ കൺകറന്റ് ലിസ്റ്റിന്റെ ഭാഗമായ വിദ്യാഭ്യാസം എന്ന വിഷയത്തിൽ സാങ്കേതികമായി മാത്രമാണ് സംസ്ഥാനങ്ങൾക്ക് ഇനി അധികാരം. പ്രയോഗത്തിൽ ഏതാണ്ട് പൂർണമായും കേന്ദ്ര വിഷയമായി.

1976ൽ ഇന്ദിര ഗാന്ധി കൊണ്ടുവന്ന നാൽപ്പത്തിരണ്ടാം ഭരണഘടനാ  ഭേദഗതിയിലൂടെയാണ് സംസ്ഥാന ലിസ്റ്റിൽ ഉൾപ്പെട്ടിരുന്ന വിദ്യാഭ്യാസത്തെ, കേന്ദ്രത്തിനും സംസ്ഥാനത്തിനും സംയുക്ത അധികാരമുള്ള കൺകറന്റ് ലിസ്റ്റിലേക്ക് മാറ്റിയത്. വിദ്യാഭ്യാസത്തിൽ ശക്തമായ ഫെഡറൽ മൂല്യങ്ങൾ പ്രതിഫലിച്ചിരുന്ന രാജ്യമാണ് നമ്മുടേത്. രാജ്യത്തിന്റെ സാംസ്കാരിക–-ചരിത്ര ഭാഷാ വൈവിധ്യത്തെ ബഹുമാനിച്ചുകൊണ്ടാണ് വിദ്യാഭ്യാസരംഗം മുന്നോട്ടുപൊയ്ക്കൊണ്ടിരുന്നത്. പൊതുവായ കേന്ദ്ര മാനദണ്ഡങ്ങൾ അംഗീകരിക്കുമ്പോൾ തന്നെ പ്രാദേശികമായ പാഠ്യപദ്ധതികളും ബോധനരീതികളും ഉണ്ടായിരുന്നു. പ്രദേശത്തിന്റെയും മൗലികത അംഗീകരിച്ചുള്ള പാഠഭേദങ്ങൾ നിലനിന്നിരുന്നു. ജനാധിപത്യപരവും സാർവത്രികവുമായ ഒരു ഉള്ളടക്കം അതിനുണ്ടായിരുന്നു. പുതിയ നയത്തോടെ ആ രീതികളെല്ലാം മാറിമറിയുകയാണ്. പ്രൈമറി ക്ലാസു‌മുതൽ ഗവേഷണസ്ഥാപനങ്ങൾ  വരെയുള്ളയിടങ്ങളിൽ പൊളിച്ചെഴുത്ത്‌ നടക്കുന്നു. വിദ്യാഭ്യാസ രീതിയിലും പാഠ്യപദ്ധതിയിലും പരീക്ഷ നടത്തിപ്പിലും അധ്യാപന നിയമനങ്ങളിലുമെല്ലാം സമൂലമാറ്റം വിഭാവനം ചെയ്യപ്പെടുന്നു.

പതിനഞ്ചു വർഷം നീളുന്നതാകും ഇനിമുതൽ സ്കൂൾ വിദ്യാഭ്യാസം. പ്രീ പ്രൈമറിമുതൽ രണ്ടാം ക്ലാസു‌വരെയുള്ള ഒന്നാം ഘട്ടവും മൂന്നുമുതൽ അഞ്ചുവരെയുള്ള രണ്ടാം ഘട്ടവും ആറുമുതൽ എട്ടുവരെയുള്ള മൂന്നാം ഘട്ടവും ഒമ്പതുമുതൽ പന്ത്രണ്ടുവരെയുള്ള നാലാം ഘട്ടവുമായി ക്രമീകരിക്കപ്പെടുന്നു.  5+3+3+4 എന്ന ക്രമമാണ് നയം മുന്നോട്ടുവയ്ക്കുന്നത്.

ഉന്നത വിദ്യാഭ്യാസ മേഖല പൊളിച്ചെഴുതാനുള്ള ശുപാർശകളാണ് നയത്തിലുള്ളത്. ബിരുദ വിദ്യാഭ്യാസം നാലുവർഷമായിരിക്കും. ഒന്നാം വർഷം പൂർത്തിയാക്കിയാൽ തൊഴിൽ സർട്ടിഫിക്കറ്റ്, രണ്ടാം വർഷം ഡിപ്ലോമ, മൂന്നു വർഷം കഴിഞ്ഞാൽ ഡിഗ്രി, നാലു വർഷവും പൂർത്തിയാക്കിയാൽ ഗവേഷണ നിലവാരത്തിലുള്ള ബിരുദം എന്നിങ്ങനെ ലഭിക്കും. ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഏകീകൃത പ്രവേശന പരീക്ഷകളുണ്ടാകും. എംഫിൽ കോഴ്സ് നിർത്തലാക്കുകയും ബിഎഡ് നാലു വർഷമാക്കുകയും ചെയ്യും. ഉന്നതവിദ്യാഭ്യാസത്തെ നിയന്ത്രിക്കുന്ന യുജിസി, എഐസിടിഇ ഉൾപ്പെടെ പൂർണമായും ഇല്ലാതാകും. മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയും ബാർ കൗൺസിൽ ഓഫ്‌ ഇന്ത്യയും മാത്രം ബാക്കിയാകും. മറ്റുള്ളവയ്‌ക്കെല്ലാം പകരമായി ഉന്നത വിദ്യാഭ്യാസകൗൺസിൽ സൃഷ്ടിക്കപ്പെടും. അന്തിമ തീരുമാനങ്ങൾ എടുക്കുന്ന, പരമമായ അധികാരകേന്ദ്രമായി പ്രധാനമന്ത്രി അധ്യക്ഷനായ ഈ കൗൺസിൽ മാറും.

സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കുന്ന എല്ലാവരും ഉന്നത വിദ്യാഭ്യാസ മേഖലയിലേക്ക് എത്തേണ്ടതില്ല എന്നതാണ് സർക്കാർ തീരുമാനം. സർവകലാശാലകളും കോളേജുകളുമെല്ലാം സാമ്പത്തിക സ്വയംപര്യാപ്തത കൈവരിക്കണമെന്ന ശുപാർശയും പുതിയ നയത്തിലുണ്ട്. ഉന്നത വിദ്യാഭ്യാസ മേഖലയെ സമ്പൂർണമായും സ്വകാര്യവൽക്കരിക്കാനുള്ള നിർദേശങ്ങൾ നയത്തിലുടനീളമുണ്ട്. സേവനം ചെയ്യുന്ന സാമൂഹ്യ സ്ഥാപനങ്ങളും വ്യക്തികളും മുന്നോട്ടുവന്ന് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങണം എന്ന് നയം ആവശ്യപ്പെടുന്നു. കോർപറേറ്റ് മുതലാളിമാർ വിദ്യാഭ്യാസമേഖലയെ ഏറ്റെടുക്കണം എന്നാണ് അതിന്റെ ലളിതമായ അർഥം.

സ്വകാര്യവൽക്കരണത്തിനുള്ള ആഹ്വാനം

രാജ്യത്ത് മൂന്നുതരം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ മതി എന്നാണ് ശുപാർശ. ഒന്ന്-  ഗവേഷണ സർവകലാശാലകൾ, രണ്ട് അധ്യയന സർവകലാശാലകൾ, മൂന്ന്  സാധാരണ കോളേജുകൾ. ഇതിൽതന്നെ മൂന്നാമത്തെ ഗണത്തിൽപ്പെടുന്ന സാധാരണ കോളേജുകൾ പത്തുവർഷത്തിനുള്ളിൽ സ്വയംഭരണപദവി ആർജിക്കണം. അല്ലാത്തപക്ഷം അംഗീകാരം റദ്ദാക്കപ്പെടും. സർവകലാശാലകളെ ഇങ്ങനെ വേർതിരിക്കുന്നത് തന്നെ അശാസ്ത്രീയവും അക്കാദമിക വിരുദ്ധവുമാണ്. സംസ്ഥാന സർക്കാരുകൾക്കും സർവകലാശാല സിൻഡിക്കറ്റ് -അക്കാദമിക് കൗൺസിലുകൾക്കും അധികാരം നഷ്ടപ്പെടും. ഒരു കോളേജിൽ ഒരു ബിരുദ കോഴ്സ് അനുവദിക്കണമെങ്കിൽപ്പോലും ന്യൂഡൽഹിയിൽനിന്നുള്ള അനുമതി വേണ്ടിവരും. സിലബസുകളും പഠന രീതികളും നിശ്ചയിക്കുന്നതിൽ ഒരു പങ്കാളിത്തവും പ്രാദേശികസ്ഥാപനങ്ങൾക്ക് ഉണ്ടാകില്ല. ഒരൊറ്റ കേന്ദ്രത്തിൽനിന്നുള്ള തീരുമാനങ്ങളെ അനുസരിക്കുക എന്നതിനപ്പുറം സംസ്ഥാനങ്ങളുടെ പങ്ക് ഇല്ലാതാവുകയാണ്.

അധികാരങ്ങളിൽനിന്ന് സംസ്ഥാന സർക്കാരുകളെയും അക്കാദമിക് ബോഡികളെയും മാറ്റിനിർത്തുന്നത് കോർപറേറ്റുവൽക്കരണത്തിനും രാഷ്ട്രീയവൽക്കരണത്തിനും വേണ്ടിയാണ്. ന്യൂനപക്ഷ അവകാശങ്ങൾ ഇല്ലാതാക്കപ്പെടും. സ്വകാര്യവൽക്കരണം പൂർണമാകുന്നതോടെ സംവരണവും അട്ടിമറിക്കപ്പെടും. കൗൺസിൽ നിഷ്കർഷിക്കുന്ന മിനിമം യോഗ്യതകൾ ഇല്ലാത്ത പ്രാദേശിക കോളേജുകളുടെ അംഗീകാരം റദ്ദാക്കണം എന്ന ശുപാർശ അപകടകരമാണ്. പിന്നോക്ക മേഖലയിലെ സ്ഥാപനങ്ങൾക്കു നേരെയുള്ള കടന്നു കയറ്റമാകുമിത്.

അധ്യാപക നിയമനങ്ങളുമായി ബന്ധപ്പെട്ട ശുപാർശകളാണ് പ്രതിലോമകരമായ മറ്റൊരു ഭാഗം. സ്ഥിരം അധ്യാപക ജോലി എന്ന സങ്കല്പത്തെ തന്നെ പുതിയ വിദ്യാഭ്യാസ നയം ചോദ്യം ചെയ്യുകയാണ്. കോർപറേറ്റ് മേഖലയിലെ ഒരു തൊഴിലിനെപ്പോലെ അധ്യാപനവും ഈ നയം വിലയിരുത്തുന്നു. തൊഴിലുകൾ ഇല്ലാതാക്കുന്ന കേന്ദ്രനയത്തിന്റെ തുടർച്ച കൂടിയാണിത്. സംഘപരിവാറും കോൺഗ്രസും ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങളിൽ കടുത്ത നിയമനനിരോധനം ആണ് നിലനിൽക്കുന്നത്. യുപിഎസ്‌സി, എസ്എസ്‌സി പോലെയുള്ള സ്ഥാപനങ്ങൾ നോക്കുകുത്തിയായി. രാജ്യത്താകമാനം തൊഴിൽ നൽകുന്ന യുപിഎസ്‌സി കഴിഞ്ഞവർഷം നൽകിയത് വെറും 14000 നിയമന ശുപാർശയാണ്. കേരള പിഎസ്‌സി പ്രതിവർഷം 35000ൽ അധികം നിയമനശുപാർശകൾ നൽകുമ്പോഴാണിത് എന്നോർക്കണം. കരാർ നിയമനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സ്ഥിതി കടന്നുവരികയാണ്.

ഓൺലൈൻ -ഡിജിറ്റൽ വിദ്യാഭ്യാസവും വിർച്വൽ ക്ലാസ് റൂമുകളും വ്യാപകമാക്കുകയും സ്വകാര്യ സർവകലാശാലകളും കോളേജുകളും പ്രോത്സാഹിപ്പിക്കപ്പെടുകയും ചെയ്യുന്നതോടെ വിദ്യാഭ്യാസത്തിന്റെ സാർവത്രികത ചോദ്യം ചെയ്യപ്പെടുകയാണ്. ഇന്ത്യയിലെ ആദ്യത്തെ വിർച്വൽ യൂണിവേഴ്സിറ്റിക്കുള്ള അനുമതി അംബാനിയുടെ ജിയോക്ക്‌ നൽകി.

സംഘപരിവാറിന്റെ അജൻഡ

ഒറ്റക്കല്ലിൽ തീർത്ത ഒരു കപടദേശീയതയെ രാജ്യത്ത് സൃഷ്ടിച്ചെടുക്കുക എന്നതാണ് സംഘപരിവാറിന്റെ രാഷ്ട്രീയഉദ്ദേശ്യം. ഒരു ചരിത്രവും ഒരു മതവും ഒരു ഭാഷയും ഒരു സംസ്കാരവും ഒരു നിയമവുമുള്ള ഇന്ത്യ. ആ പദ്ധതിയുടെ ചുവടുപിടിച്ചാണ് വിദ്യാഭ്യാസ നയവും നിർമിക്കപ്പെട്ടിട്ടുള്ളത്. സംസ്ഥാനങ്ങളുടെ അധികാരങ്ങൾ കവർന്നെടുത്ത് ജിഎസ്ടി എന്ന ഒറ്റ നികുതി നടപ്പിലാക്കിയത് പോലെ, കശ്മീരിന്റെ സവിശേഷ പദവി റദ്ദാക്കിയത് പോലെ, ഏകീകൃത സിവിൽ നിയമം നടപ്പിലാക്കാൻ പദ്ധതിയിടുന്നത് പോലെ ഏകശിലാ രൂപമുള്ള വിദ്യാഭ്യാസ രീതി നടപ്പിലാക്കുകയാണ് അവരുടെ ലക്ഷ്യം.

ഒരു ഇന്ത്യ ഒരു നികുതി, ഒരു ഇന്ത്യ ഒരു നിയമം, ഒരു ഇന്ത്യ ഒരു മതം, ഒരു ഇന്ത്യ ഒരു ഭാഷ തുടങ്ങിയ സംഘപരിവാർ അജൻഡകളുടെ തുടർച്ചയാണ് ഒരു ഇന്ത്യ ഒരു സിലബസ്, ഒരു ഇന്ത്യ ഒരു പരീക്ഷ തുടങ്ങിയ നയങ്ങളും. സാംസ്കാരിക വൈവിധ്യങ്ങളെ ഇതുവഴി തകർക്കുകയുമാകാം. സംഘപരിവാർ മുന്നോട്ടുവയ്ക്കുന്ന കപട ദേശീയതാവാദം തന്നെയാണ് ഈ നയത്തിന്റെയും അന്തർധാര.

ദേശീയ വീക്ഷണമുള്ള സിലബസുകൾ രൂപപ്പെടുത്തും എന്നാണ് നയം പറഞ്ഞിരിക്കുന്നത്. പ്രാദേശിക കൂട്ടിച്ചേർക്കലുകൾ നടത്താമെങ്കിലും സിലബസുകൾ തീരുമാനിക്കപ്പെടുന്നത് ദേശീയതലത്തിൽ ആയിരിക്കും. ദേശീയ പാഠ്യക്രമം എന്ന പേരിൽ തങ്ങളുടെ സങ്കുചിത അജൻഡ നടപ്പിലാക്കാനുള്ള തന്ത്രമാണത്. തങ്ങൾക്ക് ഭരണമുള്ള സംസ്ഥാനങ്ങളിൽ അന്ധവിശ്വാസം നിറഞ്ഞതും അബദ്ധജടിലവുമായ കാര്യങ്ങൾ പഠിപ്പിക്കുന്നതുപോലെ, ദേശീയതലത്തിലും ചെയ്യുക എന്നതാണ് ലക്ഷ്യം. ദേശീയ ശാസ്ത്ര കോൺഗ്രസിൽ പങ്കെടുത്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം ഓർമയുണ്ടാവും. പൗരാണിക ഭാരതത്തിൽ തന്നെ പ്ലാസ്റ്റിക് സർജറി നിലവിലുണ്ടായിരുന്നുവെന്നും ഗണപതിയുടെ തല വച്ചുപിടിപ്പിച്ചത് അതിന്റെ  ഉദാഹരണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അസംബന്ധങ്ങളുടെ പ്രചാരണവും പ്രക്ഷേപണവുമൊക്കെ ആധികാരികമായി അവതരിപ്പിക്കപ്പെടും.

ഒരേസമയം വർഗീയതയുടെയും കോർപറേറ്റ് പ്രീണനത്തിന്റെയും ഇരട്ട ധാരകൾ ആണ് പുതിയനയത്തിന്റെ ഉള്ളടക്കം. ജനാധിപത്യപരവും ബഹുസ്വരവുമായ  മൂല്യങ്ങൾ തകർക്കുക എന്നതാണ് ലക്ഷ്യം. പുതിയ വിദ്യാഭ്യാസ നയത്തിനെതിരെ ശക്തമായ പ്രതിഷേധം രാജ്യവ്യാപകമായി ഉയർന്നുവരേണ്ടതാണ്.

കെ എൻ ബാലഗോപാൽ

No comments:

Post a Comment