തിരുവനന്തപുരം> തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പും മേല്‍നോട്ടവും അദാനി എന്റര്‍പ്രൈസസിനെ ഏല്‍പ്പിക്കാന്‍ കേന്ദ്രമന്ത്രിസഭ എടുത്ത തീരുമാനം പിന്‍വലിക്കണമെന്ന് സര്‍വകക്ഷി യോഗം ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച സര്‍വ്വകക്ഷിയോഗത്തില്‍ ബിജെപി ഒഴികെ എല്ലാ കക്ഷികളും വിമാനത്താവള സ്വകാര്യവല്‍ക്കരണത്തെ എതിര്‍ത്തു. നിയമ നടപടികള്‍ തുടരുന്നതിനൊപ്പം ഒറ്റക്കെട്ടായി ഈ വിഷയത്തില്‍ മുന്നോട്ടുപോകാന്‍ യോഗം തീരുമാനിച്ചു.
എയര്‍പോര്‍ട്ടിന്റെ മേല്‍നോട്ടവും നടത്തിപ്പും സംസ്ഥാന സര്‍ക്കാരിന് മുഖ്യപങ്കാളിത്തമുള്ള സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിളില്‍ നിക്ഷിപ്തമാക്കണം എന്നാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടത് എന്ന് മുഖ്യമന്ത്രി യോഗത്തില്‍ വ്യക്തമാക്കി. കേന്ദ്ര വ്യോമയാന മന്ത്രിക്ക് രണ്ടു തവണയും പ്രധാനമന്ത്രിക്ക് മൂന്നുവട്ടവും ഈ ആവശ്യമുന്നയിച്ച് കത്ത് എഴുതിയിട്ടുണ്ട്. സംസ്ഥാന ചീഫ് സെക്രട്ടറി, കേന്ദ്ര വ്യോമയാന സെക്രട്ടറിക്ക് കാര്യങ്ങള്‍ വിശദീകരിച്ച് എഴുതിയ കത്തില്‍ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ സംസ്ഥാന സര്‍ക്കാരിനുവേണ്ടി ബിഡില്‍ പങ്കെടുത്തുവെന്നും ഈ ഓഫര്‍ ന്യായമായത് ആയിരുന്നുവെന്നും പറഞ്ഞിരുന്നു. അദാനി എന്റര്‍പ്രൈസസ് കൂടുതല്‍ തുക ക്വാട്ട് ചെയ്തതിനാല്‍ അതേ തുക ഓഫര്‍ ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാണ് എന്നും അറിയിച്ചു.
2003ല്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം സംസ്ഥാന സര്‍ക്കാരിന് നല്‍കിയ ഉറപ്പില്‍, സംസ്ഥാന സര്‍ക്കാര്‍ വിമാനത്താവള വികസനത്തിനായി നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് വിമാനത്താവളത്തിന്റെ മേല്‍നോട്ടവും നടത്തിപ്പും സംസ്ഥാന സര്‍ക്കാരിന്റെ സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിളിന് നല്‍കാമെന്ന് പറഞ്ഞിരുന്നു.
സംസ്ഥാന സര്‍ക്കാരിന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം പൊതുപങ്കാളിത്തത്തോടെ വിജയകരമായി നടപ്പാക്കിയ അനുഭവപരിജ്ഞാനമുണ്ട്. ഇതേ മാതൃകയില്‍ തന്നെ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളവും നടത്തുന്നുണ്ട്. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മേല്‍നോട്ടവും നടത്തിപ്പും ഏറ്റെടുക്കാന്‍ ബിഡ് ചെയ്ത സ്വകാര്യ സംരംഭകന് ഇത്തരത്തിലുള്ള മുന്‍പരിചയമില്ല.
2005-ല്‍ സംസ്ഥാന സര്‍ക്കാര്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്‍ഡ്യക്ക് 23.57 ഏക്കര്‍ ഏറ്റെടുത്ത് സൗജന്യമായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വികസനത്തിനായി നല്‍കിയിട്ടുണ്ട്. ഇതിനുപുറമേ, 18 ഏക്കര്‍ ഭൂമി കൂടി ഏറ്റെടുത്തു നല്‍കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഏറ്റെടുത്ത് സൗജന്യമായി നല്‍കിയ ഭൂമിയുടെ വില എസ്പിവിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഓഹരിയായി കണക്കാക്കണമെന്ന നിബന്ധനയിലാണ് ഇത് ഏറ്റെടുത്ത് നല്‍കിയത്.
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന് മുന്‍ തിരുവിതാംകൂര്‍ സംസ്ഥാനം നല്‍കിയ റോയല്‍ ഫ്‌ളയിങ്ങ് ക്ലബ്ബ് വക 258.06 ഏക്കര്‍ ഭൂമിയും വിമാനത്താവളത്തിന്റെ 636.57 ഏക്കര്‍ വിസ്തൃതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇവയടക്കം കേന്ദ്ര തീരുമാനം തിരുത്തേണ്ടതിന്റെ അനിവാര്യത വ്യക്തമാക്കുന്ന വിഷയങ്ങള്‍ മുഖ്യമന്ത്രി യോഗത്തില്‍ അക്കമിട്ട് നിരത്തി.
പൊതുമേഖലയില്‍ നിലനിന്നപ്പോള്‍ വിമാനത്താവളത്തിന് നല്‍കിയ സഹായ സഹകരണങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ ശക്തമായ അഭിപ്രായത്തെ മറികടന്നുകൊണ്ട് സ്വകാര്യവല്‍ക്കരിക്കപ്പെടുന്ന വിമാനത്താവളത്തിന് നല്‍കാന്‍ കഴിയില്ല.സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരമുള്ള കേസ് ഹൈക്കോടതിയില്‍ നിലനില്‍ക്കുന്നുണ്ട്. നിയമനടപടികള്‍ സാധ്യമായ രീതിയില്‍ മുന്നോട്ടുകൊണ്ടുപോകാനുള്ള നിയമോപദേശം തേടുന്നുണ്ട്.
രാഷ്ട്രീയ പാര്‍ട്ടികള്‍ ഏകാഭിപ്രായത്തോടെയുള്ള സമീപനം സ്വീകരിച്ച് സംസ്ഥാനത്തിന്റെ ഉത്തമ താല്‍പര്യം സംരക്ഷിക്കാനുള്ള സംയുക്ത തീരുമാനം കൈക്കൊള്ളണം. ഇതിന് എല്ലാവരുടെയും സഹകരണം അനിവാര്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വിമാനത്താവളം സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള സംവിധാനമായി മാറണമെന്നാണ് പൊതുവികാരം. നമ്മുടേത് ന്യായമായ ആവശ്യമാണ്. അത് ലഭിക്കണമെന്നുള്ളതാണ് നാടിന്റെ ആവശ്യം. ഒരു ഘട്ടം വരെ കേന്ദ്രം അത് അംഗീകരിച്ചതാണ്.
ആരു വിമാനത്താവളം എടുത്താലും സംസ്ഥാന സര്‍ക്കാരിന്റെ സഹകരണമില്ലാതെ നടത്തികൊണ്ടുപോകാനാകില്ല. വികസന കാര്യങ്ങളില്‍ സര്‍ക്കാര്‍ സഹായം അത്യാവശ്യമാണ്. സംസ്ഥാനത്തോട് വെല്ലുവിളി നടത്തി വ്യവസായമറിയാവുന്നവര്‍ വരുമെന്ന് തോന്നുന്നില്ല. ഇക്കാര്യം കേന്ദ്ര സര്‍ക്കാരിന്റെ മുന്നില്‍ കത്തുമുഖേനയും നേരിട്ടും പറഞ്ഞതാണ്. സംസ്ഥാന സര്‍ക്കാരിനെ ഏല്‍പ്പിക്കാമെന്ന് ഉന്നതതലത്തില്‍ സംസാരിച്ചപ്പോള്‍ വാക്കുതന്നതാണ്. അത് മറികടന്നുപോയിരിക്കുന്നു.
വിമാനത്താവളം വിട്ടുകൊടുക്കാനാകില്ല. എല്ലാവരും ഒറ്റക്കെട്ടാണ്. ബിജെപിയുടേത് സാങ്കേതിക പ്രതിഷേധം മാത്രമാണ്. കാര്യങ്ങള്‍ മനസ്സിലാക്കിയാല്‍ അവരും പിന്‍മാറും. ഒന്നിച്ചുനിന്നാല്‍ നമുക്ക് ഈ തീരുമാനത്തെ മാറ്റിയെടുക്കാം. നിയമസഭയില്‍ ഒന്നിച്ച് നിലപാടെടുക്കാം. തലസ്ഥാന നഗരിയുടെ പ്രൗഢിക്കനുസരിച്ചുള്ള വിമാനത്താവളമാക്കി മാറ്റാം. നിയമസഭയില്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ സ്പീക്കര്‍, പ്രതിപക്ഷ നേതാവ് എന്നിവരുമായി ആലോചിച്ച് തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ എടുക്കുന്ന എല്ലാ നടപടികള്‍ക്കും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു. ഒട്ടക്കെട്ടായി നിന്ന് നിയമസഭയില്‍ പ്രമേയം കൊണ്ടുവരുന്ന കാര്യത്തിലും അദ്ദേഹം പിന്തുണ നല്‍കി.
അതീവ പ്രാധാന്യമുള്ള വിഷയത്തില്‍ ഉടന്‍ യോഗം വിളിച്ചതിന് കക്ഷിനേതാക്കള്‍ സര്‍ക്കാരിനെ അഭിനന്ദിച്ചു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ (സി.പി.ഐ.എം), തമ്പാനൂര്‍ രവി (കോണ്‍ഗ്രസ് ഐ), മന്ത്രി ഇ. ചന്ദ്രശേഖരന്‍, സി. ദിവാകരന്‍ (സി.പി.ഐ), പി.കെ. കുഞ്ഞാലിക്കുട്ടി (മുസ്ലിം ലീഗ്), മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി (കോണ്‍ഗ്രസ് എസ്), സി.കെ. നാണു (ജനതാദള്‍ എസ്), പി.ജെ. ജോസഫ് (കേരള കോണ്‍ഗ്രസ്), ടി.പി. പീതാംബരന്‍ മാസ്റ്റര്‍ (എന്‍.സി.പി), ഷെയ്ക് പി ഹാരിസ് (ലോക് താന്ത്രിക് ജനതാദള്‍), എ.എ. അസീസ് (ആര്‍.എസ്.പി), ജോര്‍ജ് കുര്യന്‍ (ബിജെപി), മനോജ്കുമാര്‍ (കേരള കോണ്‍ഗ്രസ് ജെ), പി.സി. ജോര്‍ജ് എം.എല്‍.എ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
കേന്ദ്രതീരുമാനം ഏകപക്ഷീയം; വിമാനത്താവളം കൈമാറിയ തീരുമാനം പുനഃപരിശോധിക്കണം : മുഖ്യമന്ത്രി
തിരുവനന്തപുരം> തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറിയ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്ത് അയച്ചു. കേന്ദ്രത്തിന്റെ തീരുമാനം ഏകപക്ഷീയമാണെന്നും പുനഃപരിശോധിക്കാന്‍ തയാറാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
പല തവണ സംസ്‌ഥാന സർക്കാർ ഉന്നയിച്ച ആവശ്യങ്ങൾ തള്ളിയാണ് കേന്ദ്രതീരുമാനമെന്ന് കത്തിൽപറഞ്ഞു. സുപ്രീംകോടതിയുടെ നിർദ്ദേശപ്രകാരം കേസ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളപ്പോഴാണിത്. സംസ്‌ഥാന സർക്കാരിന്റെ വാദം പരിഗണിക്കാതെയുള്ള തീരുമാനത്തോട് സഹകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി കത്തിൽ വ്യക്‌തമാക്കി.
സംസ്ഥാന സര്‍ക്കാരിന് വ്യോമയാന മന്ത്രാലയം നല്‍കിയ ഉറപ്പുകളൊന്നും പാലിക്കപ്പെട്ടിട്ടില്ലെന്നും തീരുമാനം നടപ്പിലാക്കാനാണ് കേന്ദ്രം ഉദ്ദേശിക്കുന്നതെങ്കില്‍ അതിനോട് സഹകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിനാകില്ലെന്നും കത്തില്‍ പറയുന്നു.
നെടുമ്പാശേരി വിമാനത്താവളവും കണ്ണൂര്‍ വിമാനത്താവളവും മികച്ച രീതിയില്‍ നടത്തുന്നുവെന്നത് ചൂണ്ടിക്കാണിച്ചിട്ടും കേന്ദ്രസര്‍ക്കാര്‍ ഇത് അംഗീകരിച്ചില്ല. തിരുവനന്തപുരം വിമാനത്താവളം നടത്താന്‍ അനുവദിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം കേന്ദ്രം തള്ളിയിരുന്നു. നടത്തിപ്പ്, വികസനം, നവീകരണം തുടങ്ങിയ ചുമതലകള്‍ സ്വകാര്യ കമ്പനിക്ക് നല്‍കിയാണ് പുതിയ തീരുമാനം. അന്‍പത് കൊല്ലത്തേക്ക് സ്വകാര്യ കമ്പനിക്കായിരിക്കും തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് അവകാശം.
തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറാനുള്ള തീരുമാനം പിന്‍വലിക്കണം: എളമരം കരീം എംപി
തിരുവനന്തപുരം> തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറാനുള്ള തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സിപിഐ എം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം എംപി പ്രധാനമന്ത്രിക്കും വ്യോമയാന മന്ത്രിക്കും കത്തുനല്‍കി. വിമാനത്താവളം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് തള്ളിക്കൊണ്ടാണ് കേന്ദ്ര മന്ത്രിസഭ ഇത്തരത്തില്‍ ഒരു തീരുമാനമെടുത്തത്.
ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന വിമാനത്താവളവും അനുബന്ധമായുള്ള 635 ഏക്കര്‍ ഭൂമിയും 50 വര്‍ഷത്തേക്ക് അദാനി ഗ്രൂപ്പിന് വിട്ടുനല്‍കിക്കൊണ്ടുള്ള തീരുമാനം കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. എയര്‍പോര്‍ട്ട് സ്ഥാപിക്കാനും വികസനത്തിനുമായുള്ള ഭൂമി പലപ്പോഴായി സംസ്ഥാന സര്‍ക്കാര്‍ സൗജന്യമായി എയര്‍പോര്‍ട്ട് അതോറിറ്റിക്ക് നല്‍കിയതാണ്. ഈ ഭൂമിയും എയര്‍പോര്‍ട്ടും നടത്തിപ്പിനായി സ്വകാര്യ കമ്പനിക്ക് നല്‍കാനുള്ള തീരുമാനം പകല്‍ക്കൊള്ളയാണ്.
വിമാനത്താവള നടത്തിപ്പില്‍ യാതൊരു മുന്‍പരിചയവുമില്ലാത്ത സ്വകാര്യ കമ്പനിക്കാണ് കേന്ദ്രം തിരുവനന്തപുരം വിമാനത്താവളം ഏല്‍പിച്ചുനല്‍കിയിരിക്കുന്നത്. അതേ സമയം കണ്ണൂര്‍, കൊച്ചി മുതലായ അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ മികച്ചരീതിയില്‍ നടത്തിവരുന്ന കേരള സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന തള്ളുകയും ചെയ്തിരിക്കുന്നു. ഇത് കേന്ദ്രത്തിന്റെ കോര്‍പറേറ്റ് ദാസ്യവേലയുടെ മറ്റൊരു ഉദാഹരണമാണ്.
തിരുവനന്തപുരം വിമാനത്താവള സ്വകാര്യവല്‍ക്കരണവുമായി ബന്ധപ്പെട്ട വിഷയം പരിഗണിക്കുമ്പോള്‍ അതിന്റെ വികസനത്തിന് കേരള സര്‍ക്കാര്‍ നല്‍കിയ സംഭാവനകള്‍ കണക്കിലെടുക്കുമെന്ന് 2003ല്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം സംസ്ഥാന സര്‍ക്കാരിന് ഉറപ്പ് നല്‍കിയിരുന്നു.
കേരള മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയപ്പോള്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ഉറപ്പ് ലഭിച്ചു. ഈ ഉറപ്പുകളെല്ലാം ഇപ്പോള്‍ ലംഘിക്കപ്പെട്ടിരിക്കുന്നു. കേരള സര്‍ക്കാരിനായി ലേലത്തില്‍ പങ്കെടുത്ത കെഎസ്ഐഡിസി ബിഡ്ഡിംഗ് പ്രക്രിയയെ ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതേ ആവശ്യത്തില്‍ മറ്റൊരു ഹര്‍ജി സുപ്രീംകോടതിയിലും നല്‍കുകയുണ്ടായി. നിലവില്‍ ഇക്കാര്യം കേരള ഹൈക്കോടതിയുടെ പരിഗണനയിലാണ്.
2020 മാര്‍ച്ച് 11ന് രാജ്യസഭയിലെ എന്റെ ചോദ്യത്തിനുള്ള മറുപടിയായി സിവില്‍ ഏവിയേഷന്‍ മന്ത്രി പറഞ്ഞത് ബിഡ്ഡിംഗ് പ്രക്രിയ സംബന്ധിച്ച പ്രശ്‌നങ്ങള്‍ കോടതിയുടെ പരിഗണനയിലായതിനാല്‍ ഈ വിഷയത്തില്‍ കേന്ദ്രം അന്തിമ തീരുമാനം എടുത്തിട്ടില്ല എന്നാണ്. അങ്ങനെയെങ്കില്‍ ഇപ്പോള്‍ ഏത് നിലയിലാണ് സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനം എടുത്തത്?. പൊതുമേഖലയെല്ലാം സ്വകാര്യ കുത്തകകള്‍ക്ക് തീറെഴുതി നല്‍കുന്ന കേന്ദ്രസര്‍ക്കാര്‍ നയം നമ്മുടെ രാജ്യത്തിന് ഗുണകരമല്ല. ഇവയെല്ലാം കണക്കിലെടുത്ത് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പ് സ്വകാര്യ കമ്പനിക്ക് കൈമാറാന്‍ കേന്ദ്രസര്‍ക്കാര്‍ എടുത്ത ഏകപക്ഷീയമായ തീരുമാനം അടിയന്തിരമായി പിന്‍വലിക്കണമെന്നും വിമാനത്താവള നടത്തിപ്പിനായുള്ള അധികാരം സംസ്ഥാന സര്‍ക്കാരിന്റെ എസ്പിവിക്ക് എത്രയും വേഗം ഏല്‍പ്പിക്കണമെന്നും എളമരം കരീം കത്തില്‍ ആവശ്യപ്പെട്ടു.
തിരു.എയർപോർട്ട് സ്വകാര്യവത്കരണം: വൻപ്രതിഷേധം ഉയരണമെന്ന് എൽഡിഎഫ് കൺവീനർ
തിരുവനന്തപുരം > കേരളത്തിന്റെ എതിർപ്പും സംസ്ഥാന സർക്കാർ മുന്നോട്ടുവച്ച മാതൃകയും തള്ളി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം അദാനി ഗ്രൂപ്പിന് നൽകിയ കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ വൻ പ്രതിഷേധം ഉയർത്തണമെന്ന് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ ആവശ്യപ്പെട്ടു. കേരളത്തിൽ പൊതുമേഖലയിൽ ഇനി ബാക്കിയുള്ള എല്ലാ വിമാനത്താവളങ്ങളും തുറമുഖങ്ങളും പൊതുമേഖലാ സ്ഥാപനങ്ങളും സ്വകാര്യ മേഖലയ്ക്ക് വിൽക്കുമെന്ന് തീർച്ചയാണ്. സംസ്ഥാന നിയമസഭ ഏകകണ്ഠമായി സ്വകാര്യവൽക്കരണത്തെ എതിർത്തു. മുഖ്യമന്ത്രിയുൾപ്പെടെ പ്രധാനമന്ത്രിയെ കണ്ട് തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന സർക്കാർ വിമാനത്താവള നടത്തിപ്പിന് ബദൽ മാതൃകയും മുന്നോട്ടുവച്ചു. എന്നാൽ കേരളത്തിന്റെ വികാരം മനസ്സിലാക്കാൻ കേന്ദ്ര സർക്കാർ തയ്യാറായിട്ടില്ല. വിമാനത്താവള വിൽപ്പനയെ ന്യായീകരിച്ച് കേന്ദ്രമന്ത്രി വി മുരളീധരനും കോൺഗ്രസ് എംപി ശശി തരൂരും രംഗത്ത് വന്നത് അപഹാസ്യമാണെന്നും വിജയരാഘവൻ പറഞ്ഞു.
രാജ്യത്ത് സംസ്ഥാന സർക്കാർ നേതൃത്വത്തിൽ വിമാനത്താവളം ഏറ്റവും നല്ല നിലയിൽ നടത്തുന്നത് കേരളത്തിലാണ്. കേന്ദ്ര സർക്കാർ പൊതുസ്വത്ത് വിൽക്കുമ്പോൾ കേരളം അത് സംരക്ഷിച്ച് കൂടുതൽ വികസനം നടപ്പാക്കുകയാണ്. ഈ മാതൃകയാണ് തിരുവനന്തപുരത്തിന്റെ കാര്യത്തിലും സർക്കാർ സമർപ്പിച്ചത്. കേന്ദ്ര സർക്കാരിന്റെ ഈ വെല്ലുവിളിയ്ക്കെതിരെ ശക്തമായ പ്രതിരോധം തീർക്കാൻ തയ്യാറാകണമെന്ന് എ വിജയരാഘവൻ പ്രസ്താവനയിൽ പറഞ്ഞു.
വിമാനത്താവള വിൽപ്പനയ്‌ക്ക് കൂട്ടുനിന്ന കേരളത്തിലെ ബിജെപി നേതാക്കൾ ജനങ്ങളോട് മാപ്പ് പറയണം: തോമസ് ഐസക്
തിരുവനന്തപുരം > കോവിഡിന്റെ മറവിൽ തിരുവനന്തപുരം വിമാനത്താവള വിൽപ്പനയ്‌ക്ക് കൂട്ടുനിന്ന കേരളത്തിലെ ബിജെപി നേതാക്കൾ ജനങ്ങളോട് മാപ്പ് പറയണമെന്ന് മന്ത്രി തോമസ് ഐസക്. തിരുവനന്തപുരം വിമാനത്താവളം ബിജെപി ശിങ്കിടിയായ മുതലാളിയ്ക്ക് ചുളുവിലയ്ക്കാണ് കേന്ദ്രം കൈമാറിയത്. 365 ഏക്കർ ഭൂമിയിൽ നമ്മുടെ നികുതിപ്പണമുപയോഗിച്ച് പണി കഴിപ്പിക്കുകയും വികസിപ്പിക്കുകയും ചെയ്‌ത വിമാനത്താവളം നക്കാപ്പിച്ചാ കാശു നൽകി അദാനി ഗ്രൂപ്പ് 50 വർഷത്തേയ്ക്ക് പാട്ടത്തിന് എടുത്തിരിക്കുകയാണ്. തിരുവനന്തപുരത്തിന്റെ അഭിമാനമായി തലയുയർത്തി നിന്നിരുന്ന വിമാനത്താവളം നഷ്ടപ്പെടുന്നത് അപരിഹാര്യമായ നഷ്ടമാണ് - മന്ത്രി ഫെയ്‌സ്‌ബുക്ക് കുറിപ്പിൽ പറഞ്ഞു.
ഈ വിമാനത്താവളം നമ്മുടെ പൊതുസ്വത്തായി നിലനിർത്താൻ കേരള സർക്കാർ അവസാനനിമിഷം വരെ പോരാടിയതാണ്. നമുക്കു തന്നെ നൽകുമെന്ന് മുഖ്യമന്ത്രിയ്ക്ക് പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി വാക്കു നൽകിയതുമാണ്. ടെൻഡർ വിളിച്ചപ്പോൾ അദാനി വാഗ്ദാനം ചെയ്ത യാത്രക്കാരനൊന്നിന് 168 രൂപ. നമ്മൾ പറഞ്ഞത് 138 രൂപ. അദാനി പറഞ്ഞ തുക തന്നെ കേരളവും നൽകാമെന്ന് സമ്മതിച്ചു. ആ നിർദ്ദേശം തങ്ങൾക്കും സ്വീകാര്യമാണെന്ന് കേന്ദ്രസർക്കാരും അംഗീകരിച്ചു. അങ്ങനെയാണ് സ്വകാര്യസംരംഭകർക്ക് കൈമാറിയ ആദ്യവിമാനത്താവളങ്ങളുടെ പട്ടികയിൽ തിരുവനന്തപുരം ഉൾപ്പെടാതെ പോയത്.
ഇപ്പോഴിതാ, അപ്രതീക്ഷിതമായി തീരുമാനം വന്നിരിക്കുന്നു. കരാർ അദാനിയ്ക്കു തന്നെ. ആളൊന്നിന് 168 രൂപ പാട്ടം നൽകി 50 വർഷത്തേയ്ക്ക് അദാനി വിമാനത്താവളം കൈയടക്കി വെയ്ക്കും. നമ്മുടെ ഭൂമിയിൽ നാം പണിത പൊതുസ്വത്ത് കൊള്ളലാഭത്തിന് ബിജെപിയുടെ തോഴന്. തുച്ഛമായ മുതൽമുടക്കിൽ എത്ര ഭീമമായ ലാഭമാണ് അദാനി സ്വന്തമാക്കാൻ പോകുന്നത്? അതിന്റെ വലിപ്പം മനസിലാകണമെങ്കിൽ കൊച്ചി എയർപോർട്ടിനെ താരതമ്യം ചെയ്താൽ മതി. 380 കോടിയാണ് കഴിഞ്ഞ വർഷത്തെ ലാഭം. തിരുവനന്തപുരത്ത് ഈ പ്രതിസന്ധിക്കിടയിലും 170 കോടി രൂപയാണ് ലാഭം. ജനങ്ങളുടെ നികുതികൊണ്ട് കെട്ടിയുയർത്തിയ ഈ സംരംഭം ഒരു മുതൽമുടക്കുമില്ലാതെ യാത്രക്കാരൻ ഒന്നിന് 168 രൂപ നിരക്കിൽ 50 വർഷത്തെ കൊള്ളലാഭം കൈയടക്കാൻ അദാനിയെ ഏൽപ്പിച്ചിരിക്കുകയാണ്.
ആരെങ്കിലും പണിയെടുക്കുന്ന വിള കൊയ്യാൻ സ്വന്തം ശിങ്കിടികളെ ഏൽപ്പിക്കുകയാണ് ബിജെപിയും കേന്ദ്രസർക്കാരും. ഇതുപോലൊരു വഞ്ചനയ്ക്ക് കൂട്ടു നിന്നതിന് കേരളത്തിലെ ബിജെപി നേതാക്കൾ മാപ്പു പറയണം. നമ്മുടെ പൊതുസ്ഥാപനങ്ങൾ ഇതുപോലെ വിറ്റു തുലയ്ക്കുമ്പോൾ മലയാളിയായ കേന്ദ്രമന്ത്രിയും നാക്കിറങ്ങിയ സ്ഥിതിയാണ്.
കോൺഗ്രസ് തുടങ്ങിവെച്ച വിറ്റു തുലയ്ക്കൽ കൂടുതൽ വ്യാപിപ്പിക്കുകയാണ് ബിജെപി. പൊതുസ്വത്തെല്ലാം കോർപറേറ്റുകൾക്ക്. അതുവഴി രാജ്യഭരണത്തിന്റെ കടിഞ്ഞാൺ തന്നെയാണവർ കൈപ്പിടിയിലാക്കുന്നത്. രാജ്യത്തിനുണ്ടാകുന്ന പ്രത്യാഘാതമോ? നിയമനാധികാരം കോർപറേറ്റുകൾക്കാകുന്നതോടെ സംവരണവും മറ്റും പരിഗണിക്കാത്ത അവസ്ഥ വരും. സ്ഥിരം തൊഴിൽ എന്ന സങ്കൽപമേ ഇല്ലാതാകും.
രാജ്യം തന്നെ അതിസമ്പന്നർക്ക് പതിച്ചുനൽകി കമ്മിഷൻ പറ്റുന്നതിനാണ് ഭരണാധികാരം ബിജെപി ഉപയോഗിക്കുന്നത്. ഈ പകൽക്കൊള്ളയ്ക്ക് അവർ രാജ്യത്തോട് കണക്കു പറയേണ്ടി വരും. ഇത്തരം കച്ചവടങ്ങളിൽ കോൺഗ്രസും മൗനം പാലിക്കുകയാണ്. ജെയ്പൂർ, മാംഗ്ലൂർ വിമാനത്താവളങ്ങൾ പൊതുമേഖലയിൽ നിലനിർത്താൻ രണ്ടിടത്തേയും കോൺഗ്രസ് സർക്കാരുകൾ ഒന്നും ചെയ്തിട്ടില്ല. ചെറുത്തുനിൽപ്പുണ്ടായത് കേരളത്തിൽ നിന്ന് മാത്രമാണ്. ഇത്തരം വിഷയങ്ങളിൽ രാജ്യത്തെ ജനങ്ങളുടെ താൽപര്യം സംരക്ഷിക്കാൻ ഇടതുപക്ഷം മാത്രമേ ഉള്ളൂ എന്ന യാഥാർത്ഥ്യമാണ് ഇതിലൂടെ വെളിപ്പെടുന്നത്.
അതിശക്തമായ പ്രതിഷേധം ഇക്കാര്യത്തിലുയരണം. ഈ പകൽക്കൊള്ളയ്ക്ക് മൗനാനുവാദം നൽകിയ കോൺഗ്രസും അവരുടെ എംപിമാരും ജനങ്ങളോട് മറുപടി പറയണം. കേരളത്തിന്റെ അഭിമാനമായ വിമാനത്താവളത്തിന്റെ വിൽപനയ്ക്കെതിരെ ഒരക്ഷരം ശബ്ദിക്കാതെ വീതിച്ചു കിട്ടുന്ന കമ്മിഷൻ തുകയോർത്ത് വെള്ളമിറക്കുന്ന കേരളത്തിലെ ബിജെപിയ്ക്കെതിരെയും പ്രതിഷേധമുയരണം - മന്ത്രി പറഞ്ഞു.
No comments:
Post a Comment