Wednesday, August 26, 2020

ഉമ്മൻചാണ്ടി ഭരണകാലത്ത്‌ സെക്രട്ടറിയറ്റിൽ തീപിടിച്ചത്‌ ആറ്‌ തവണ; മുഖ്യമന്ത്രിയുടെ ഓഫീസിലടക്കം തീപിടിച്ചു

 തിരുവനന്തപുരം > കഴിഞ്ഞ യുഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ സെക്രട്ടറിയറ്റിൽ തീപിടിത്തം ഉണ്ടായത്‌ ആറ്‌ തവണ. ഉമ്മൻചാണ്ടി മുഖ്യമന്ത്രി ആയിരുന്ന കാലത്താണ്‌ സെക്രട്ടറിയറ്റിലെ പല ഓഫീസുകളിലും തീപിടിത്തം ഉണ്ടായത്‌. ഇക്കാര്യം വ്യക്തമായി അറിയാവുന്ന പ്രതിപക്ഷ നേതാവും യുഡിഎഫ്‌ എംഎൽഎമാരുമാണ്‌ ഇപ്പോൾ തീപിടിത്തത്തിന്റെ പേരിൽ ഗൂഢാലോചന കഥകൾ മെനയുന്നത്‌. സമരത്തിൽ മുൻനിരയിൽ ഉണ്ടായിരുന്ന തിരുവനന്തപുരം എംഎൽഎ വി എസ്‌ ശിവകുമാറിന്റെ ഓഫീസിൽവരെ അക്കാലത്ത്‌ തീപിടിത്തം ഉണ്ടായി. ശിവകുമാർ ആരോഗ്യ മന്ത്രിയായിരുന്ന സമയത്തായിരുന്നു ഇത്‌.

മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഓഫീസിൻ്റെ ഭാഗമായ നോർത്ത് ബ്ലോക്കിലെ നാലാം നിലയിൽ 5-8- 12 ന്‌ രാത്രി തീപിടിത്തം ഉണ്ടായി. ഷോർട്ട്‌ സർക്യൂട്ട് ആണെന്നായിരുന്നു ഔദ്യോഗിക റിപ്പോർട്ട്. ആരോഗ്യ മന്ത്രി വി എസ് ശിവകുമാറിൻ്റെ  ഓഫീസിൽ തീപിടിത്തം ഉണ്ടായത്‌ 20- 3 - 2014 നാണ്‌.

സെക്രട്ടറിയേറ്റ് അനക്‌സിലെ പിആർഡി ഓഫീസ് സെക്ഷനിലും യുഡിഎഫ്‌ ഭരണകാലത്ത്‌ തീപിടിത്തം ഉണ്ടായി. 6-9 - 12 നായിരുന്നു ഇത്‌. 20-6-2014 ന് നോർത്ത് സാൻഡ്വിച്ച് ബ്ലോക്കിലെ സർവ്വർ റൂമിൽ തീപിടിത്തം ഉണ്ടായി.

17 - 6 - 15 ന്‌ നോർത്ത് ബ്ലോക്കിലെ ഗ്രൗണ്ട് ഫ്ലോറിൽ ഇലക്ട്രിക് റൂമിൽ തീപിടിച്ചു. ക്യാബിനറ്റ് റൂമി ലെ എ സി യുടെ  സ്വിച്ചിലെ പ്രശ്‌നം ആയിരുന്നു തീപിടുത്ത കാരണം. 14-10 -2015 ൽ  അനക്‌സ് മന്ദിരത്തിലെ സെർവർ റൂമിൽ ബാറ്ററികൾ പൊട്ടിതെറിച്ചു.

ഇപ്പോൾ പ്രോട്ടോകോൾ പൊളിറ്റിക്‌സ്‌ വിഭാഗത്തിൽ ആദ്യം തീ പിടിച്ചത്‌ പഴയ ഫാനിനായിരുന്നു എന്ന്‌ റിപ്പോർട്ട്‌ വന്നിട്ടുണ്ട്‌. പൊതുഭരണ വകുപ്പിലെ ഒരു  ഉദ്യോഗസ്ഥന് കോവിഡ്‌‌ സ്ഥിരീകരിച്ചിരുന്നു. തുടർന്ന്‌ ഈ സെക്‌ഷൻ അണുനശീകരണത്തിനെത്തിയവർ ഫാൻ ഓഫാക്കാൻ മറന്നതിനെത്തുടർന്ന്‌ ഷോർട്ട്‌ സർക്യൂട്ട്‌ വഴി കത്തുകയായിരുന്നു. ഇവ ഷെൽഫിന്‌ മുകളിൽ വീണാണ്‌ തീപിടിച്ചത്‌. കോടായിരുന്ന ഈ ഫാൻ മാറ്റാൻ നേരത്തേ എഴുതി കൊടുത്തിരുന്നു. ഇക്കാര്യങ്ങൾ ഇപ്പോൾ എല്ലാവർക്കും വ്യക്തമാണ്‌. എന്നിട്ടും പുകമറ സൃഷ്‌ടിക്കാനാണ്‌ കോൺഗ്രസ്‌ ‐ ബിജെപി സഖ്യത്തിന്റെ ശ്രമം.

No comments:

Post a Comment