വിമാനത്താവള കൈമാറ്റം: കേന്ദ്രസർക്കാർ വഴങ്ങാതിരുന്നത് കോടികളുടെ കോഴ ലക്ഷ്യമിട്ട്
വിമാനത്താവള നടത്തിപ്പിനുള്ള ടെൻഡറിൽ അദാനി എന്റർ പ്രൈസസ് വാഗ്‌ദാനംചെയ്‌ത അതേ തുക നൽകാമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചിട്ടും കേന്ദ്രസർക്കാർ വഴങ്ങാതിരുന്നത് കോടികളുടെ കോഴ ലക്ഷ്യമിട്ട്.
ബിഎംഎസിന്റെ എതിർപ്പ് അവഗണിച്ച് സംസ്ഥാന ബിജെപി നേതൃത്വം അദാനിക്ക് അനുകൂലമായി നിലപാട് മാറ്റിയതും വൻ സാമ്പത്തികനേട്ടം ലക്ഷ്യമിട്ടാണെന്ന് പാർടിക്കുള്ളിൽനിന്നുതന്നെ ആരോപണമുയർന്നിട്ടുണ്ട്.
വിമാനത്താവളം സ്വകാര്യവൽക്കരിക്കാൻ കേന്ദ്രം ലക്ഷ്യമിട്ടപ്പോൾത്തന്നെ ഏറ്റെടുത്ത് നടത്താൻ തയ്യാറാണെന്ന് സംസ്ഥാന സർക്കാർ അറിയിച്ചിരുന്നു. ഇക്കാര്യം മുഖ്യമന്ത്രി നേരിട്ട് പ്രധാനമന്ത്രിയെയും വ്യോമയാനമന്ത്രിയെയും അറിയിച്ചു. വ്യോമയാനമന്ത്രിക്ക് രണ്ടുതവണയും പ്രധാനമന്ത്രിക്ക് മൂന്നുവട്ടവും സർക്കാർ കത്തയച്ചു. ഇതെല്ലാം അവഗണിച്ചാണ് കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തിൽ കേന്ദ്രമന്ത്രിസഭ തീരുമാനമെടുത്തത്. കഴിഞ്ഞ വർഷം 170 കോടി രൂപ ലാഭമുണ്ടാക്കിയ വിമാനത്താവളത്തിന്റെ ലാഭം രണ്ടായിരത്തി ഇരുപത്തഞ്ചോടെ കുതിച്ചുയരുമെന്ന് കണക്കാക്കിയിരുന്നു.
600 കോടി രൂപയുടെ വികസനപ്രവർത്തനമാണ് വിമാനത്താവളത്തിൽ നടന്നുവന്നത്. റൺവേ വികസനത്തിനടക്കം 18 ഏക്കർകൂടി ഏറ്റെടുത്ത് നൽകാൻ സംസ്ഥാന സർക്കാർ നടപടി ആരംഭിച്ചിരുന്നു.
ഏത് കാലാവസ്ഥയിലും പ്രവർത്തിക്കുന്ന തിരുവനന്തപുരം വിമാനത്താവളത്തിന് അപകടരഹിത ഫ്ലൈറ്റ് ഓപ്പറേഷനുകളുടെ ട്രാക്ക് റെക്കോഡുണ്ട്. അന്താരാഷ്ട്ര ഫ്ലൈറ്റ് റൂട്ടിനു സമീപത്തായതിനാൽ ദീർഘദൂര വിമാനങ്ങൾ ഇന്ധനം നിറയ്‌ക്കാൻ എത്തുമെന്നും കണക്കാക്കുന്നു. ഇതുവഴിയും ഗണ്യമായ വരുമാനമാണ് പ്രതീക്ഷിക്കുന്നത്. ഈ സാഹചര്യത്തിലാണ് വികസനങ്ങൾ പൂർത്തിയാകുന്നതിനുമുമ്പ് തിടുക്കത്തിലുള്ള കൈമാറ്റം.
തിരുവനന്തപുരം വിമാനത്താവള കൈമാറ്റം: സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ
കൊച്ചി > തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ സമീപിച്ചു. വിമാനത്താവളം സർക്കാരിന് കൈമാറണമെന്ന സർക്കാരിന്റെ ഹർജി കോടതിയുടെ പരിഗണനയിലിരിക്കെ അദാനി ഗ്രൂപ്പിന് പാട്ടത്തിന് നൽകാനുള്ള കേന്ദ്ര സർക്കാർ നടപടി ചോദ്യം ചെയ്താണ് സർക്കാരിന്റെ ഉപഹർജി.
ഹർജിയിൽ അന്തിമ തീരുമാനം ഉണ്ടാകും വരെ കൈമാറ്റം തടയണമെന്നാണ് ആവശ്യം' വിമാനത്താവളവും അനുബന്ധ കെട്ടിടങ്ങളും മറ്റാർക്കും കൈമാറരുതെന്നു ° സംസ്ഥാന സർക്കാർ വിമാനത്താവളം ഏറ്റെടുക്കാൻ തയ്യാറാണന്നും ചൂണ്ടിക്കാട്ടിയാണ് സർക്കാർ നേരത്തെ കോടതിയെ സമീപിച്ചത്.സർക്കാരിനു വേണ്ടി ഗതാഗതവകപ്പായായിരുന്നു ഹർജി നൽകിയത്.ഹർജി ഹൈക്കോടതി തള്ളിയതിനെ തുടർന്ന് സർക്കാർ സുപ്രീം കോടതിയിൽ അപ്പിൽ സമർപ്പിച്ചു. അപ്പിൽ അനുവദിച്ച സുപ്രീം കോടതി സർക്കാരിന്റെ ഹർജി വീണ്ടും പരിഗണിക്കാൻ ഉത്തരവിട്ടു.തുടർന്ന് ഹർജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് കേന്ദ്ര സർക്കാർ പുതിയ തീരുമാനം എടുത്തത്.സർക്കാരിന്റെ ഉപഹർജി തിങ്കളാഴ്ച പരിഗണിക്കും.
വിമാനത്താവള വിൽപ്പന : പോർമുഖം തുറന്ന് കേരളം
തിരുവനന്തപുരം വിമാനത്താവള വിൽപ്പനയ്‌ക്കെതിരെ പോർ മുഖം തുറന്ന് കേരളം. രാജ്യത്തെ ഒരു വിമാനത്താവളം എന്നതിനപ്പുറം കേരളീയരുടെ പൊതുവികാരമാണ് തിരുവനന്തപുരം വിമാനത്താവളത്തിന്റെ കൈമുതൽ. വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറാനുള്ള കേന്ദ്രതീരുമാനം പുറത്തുവന്ന് മണിക്കൂറുകൾക്കുള്ളിൽത്തന്നെ ജനരോഷം തിളച്ചുപൊങ്ങി.
വിമാനത്താവളം കൈവിട്ടുപോകുന്നത് തടയാൻ അതിവേഗ നീക്കങ്ങളാണ് സംസ്ഥാന സർക്കാർ നടത്തിയത്. ഉടനടി സർവകക്ഷി യോഗം വിളിച്ച് കേരളത്തിന്റെ ശക്തമായ വികാരം കേന്ദ്രത്തെ അറിയിച്ചു. ബിജെപി ഒഴികെയുള്ള ഒട്ടുമിക്ക രാഷ്‌ട്രീയ കക്ഷികളെയും സാമൂഹ്യ–- സാംസ്‌കാരിക സംഘടനകളെയും കേരളത്തിന്റെ വികാരത്തിനൊപ്പം അണിനിരത്താനും കഴിഞ്ഞു. യോഗത്തിൽ എല്ലാ കക്ഷികളും സ്വകാര്യവൽക്കരണത്തെ എതിർത്തു. ഇതോടെ വിമാനത്താവള വിൽപ്പനയെ പിന്താങ്ങി രംഗത്ത് വന്ന കേന്ദ്രമന്ത്രി വി മുരളീധരനും ശശി തരൂർ എംപിയും അപഹാസ്യരായി.
വിമാനത്താവള നടത്തിപ്പ് സംസ്ഥാനത്തിന് ലഭിക്കുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായ കേന്ദ്രനീക്കം. അദാനി ഗ്രൂപ്പിന് വിമാനത്താവളം വിട്ടുകൊടുക്കരുതെന്ന് പലവട്ടം മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതാണ്. കെഎസ്‌ഐഡിസിയുടെ പങ്കാളിത്തത്തിൽ കൺസോർഷ്യം രൂപീകരിച്ച് ബദൽ മാതൃകയും കേന്ദ്രത്തിനു മുന്നിൽ സമർപ്പിച്ചു. അതെല്ലാം തള്ളിയാണ് അദാനിയുടെ കൈകളിൽ എത്തിക്കാനുള്ള തീരുമാനം. ഈ തീരുമാനം വന്നയുടൻതന്നെ അത് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തയച്ചു.
സംസ്ഥാനത്തിന്റെ സഹായമില്ലാതെ നടത്താനാകില്ല: മുഖ്യമന്ത്രി
ആരു വിമാനത്താവളം എടുത്താലും സംസ്ഥാന സർക്കാരിന്റെ സഹകരണമില്ലാതെ നടത്തിക്കൊണ്ടുപോകാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർവകക്ഷി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസന കാര്യങ്ങളിൽ സർക്കാർ സഹായം അത്യാവശ്യമാണ്. സംസ്ഥാനത്തോട് വെല്ലുവിളി നടത്തി വ്യവസായമറിയാവുന്നവർ വരുമെന്ന് തോന്നുന്നില്ല. ഇക്കാര്യം കേന്ദ്ര സർക്കാരിന്റെ മുന്നിൽ കത്തുമുഖേനയും നേരിട്ടും പറഞ്ഞതാണ്. സംസ്ഥാന സർക്കാരിനെ ഏൽപ്പിക്കാമെന്ന് ഉന്നതതലത്തിൽ സംസാരിച്ചപ്പോൾ വാക്കു തന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.പൊതുമേഖലയിൽ നിലനിന്നപ്പോൾ വിമാനത്താവളത്തിനു നൽകിയ സഹായസഹകരണങ്ങൾ സംസ്ഥാന സർക്കാരിന്റെ ശക്തമായ അഭിപ്രായത്തെ മറികടന്ന് സ്വകാര്യവൽക്കരിക്കുന്ന വിമാനത്താവളത്തിന് നൽകാൻ കഴിയില്ല.
സുപ്രീംകോടതി ഉത്തരവ് പ്രകാരം കേസ് ഹൈക്കോടതിയിൽ നിലനിൽക്കുന്നുണ്ട്. നിയമനടപടി സാധ്യമായ രീതിയിൽ മുന്നോട്ടുകൊണ്ടുപോകാനുള്ള നിയമോപദേശം തേടുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 2005-ൽ സംസ്ഥാന സർക്കാർ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യക്ക് 23.57 ഏക്കർ ഏറ്റെടുത്ത് സൗജന്യമായി വിമാനത്താവളത്തിന്റെ വികസനത്തിനായി നൽകി. 18 ഏക്കർ ഭൂമി കൂടി ഏറ്റെടുത്തു നൽകാൻ നടപടികൾ ആരംഭിച്ചു. സൗജന്യമായി നൽകിയ ഭൂമിയുടെ വില എസ്‌പിവിയിൽ സംസ്ഥാന സർക്കാരിന്റെ ഓഹരിയായി കണക്കാക്കണമെന്ന നിബന്ധനയിലാണ് ഏറ്റെടുത്ത് നൽകിയതെന്നും മുഖ്യമന്ത്രി അറിയിച്ചു.
No comments:
Post a Comment