ന്യൂഡൽഹി ചരക്കുകടത്തിലും സ്വകാര്യവൽക്കരണത്തിന് റെയിൽവേ നീക്കം. 81,459 കോടി രൂപ ചെലവിട്ട് നിർമിക്കുന്ന പൂർവ, പശ്ചിമ ചരക്ക് ഇടനാഴികളിൽ(ഡിഎഫ്‌സി) സ്വകാര്യപങ്കാളിത്തം അനുവദിക്കാനാണ് പദ്ധതി. ഈ ഇടനാഴികളുടെ നിർമാണത്തിൽ കാലതാമസം നേരിടുന്നതിനിടെയാണ് സ്വകാര്യവൽക്കരണം.
വരുമാനം പങ്കിടൽ സംവിധാനത്തിൽ ഡിഎഫ്‌സിയിൽ സ്വകാര്യപങ്കാളികളെ നിയോഗിക്കാനാണ് ഉദ്ദേശ്യം. കമ്പോളനിരക്കിലാണ് വരുമാനം നിശ്ചയിക്കുക. എന്നാൽ 3,000ൽപ്പരം കിലോമീറ്ററുള്ള ഡിഎഫ്‌സിയിൽ 500 കിലോമീറ്റർ മാത്രമാണ് പൂർത്തീകരിച്ചത്. 2022 ജൂണിൽ രണ്ട് ഇടനാഴിയും പൂർത്തീകരിക്കാനായിരുന്നു പദ്ധതി. പഞ്ചാബിലെ ലുധിയാനയിൽനിന്നാരംഭിച്ച് ഹരിയാന, ഉത്തർപ്രദേശ്, ബിഹാർ, ജാർഖണ്ഡ് വഴി പശ്ചിമബംഗാളിലെ ദാങ്കുനിയിൽ എത്തുന്നതാണ് പൂർവ ഇടനാഴി(1856 കിലോമീറ്റർ). ഉത്തർപ്രദേശിലെ ദാദ്രിയിൽനിന്ന് തുടങ്ങി മുബൈയിലെ ജെഎൻപിടി തുറമുഖത്ത് എത്തുന്നതാണ് പശ്ചിമ ഇടനാഴി(1504 കിലോമീറ്റർ). ഇത് ഹരിയാന, രാജസ്ഥാൻ, ഗുജറാത്ത് വഴിയാണ് മഹാരാഷ്ട്രയിൽ എത്തുക.
സ്ഥലം ഏറ്റെടുക്കുന്നതിലുള്ള ബുദ്ധിമുട്ടാണ് നിർമാണം വൈകാൻ ഇടയാക്കുന്നത്. ഉത്തർപ്രദേശ്, ബിഹാർ, ഗുജറാത്ത് സംസ്ഥാനങ്ങളിൽ റെയിൽവേ മേൽപ്പാലങ്ങൾ നിർമിക്കാൻ വൻതോതിൽ ഭൂമി ഏറ്റെടുക്കേണ്ടതുണ്ട്. ബിഹാറിൽ 29, ഗുജറാത്തിൽ ഏഴ് വീതം മേൽപ്പാലങ്ങളുടെ പണി വൈകുന്നു.
കോവിഡ് അടച്ചുപൂട്ടൽ നിർമാണജോലികൾ തടസ്സപ്പെടാൻ ഇടയാക്കി.
No comments:
Post a Comment