തൃശൂർ പ്രളയം സംഹാരമാടിയ ചാലക്കുടിയിലെയും നടത്തറ നവകേരളഗ്രാമത്തിലെയും 34 കുടുംബങ്ങളെ ഇപ്പോൾ കാറും കോളും ഭയപ്പെടുത്താറില്ല. കാരണം, ലൈഫിന്റെ തണലിൽ സുമനസ്സുകൾ ഒരുക്കിയ സുരക്ഷയിലേക്ക് അവർ ചേക്കേറിക്കഴിഞ്ഞു.
സർക്കാർ നൽകിയ ഭൂമിയിൽ ഫൈസൽ ആൻഡ് ഷബാന ഫൗണ്ടേഷനാണ് ഇവർക്ക് വീടുകൾ നിർമിച്ചത്. 2018ലെ പ്രളയത്തിൽ വീടുകൾ നഷ്ടപ്പെട്ട് പുറമ്പോക്കിൽ കഴിഞ്ഞിരുന്ന മേലൂരിലെ 19ഉം ഒല്ലൂർ നടത്തറയിൽ മലയിടിഞ്ഞതിനെ തുടർന്ന് വീടുമാറേണ്ടിവന്ന 15ഉം കുടുംബങ്ങൾക്കാണ് ഇതുവഴി പുത്തൻ ജീവിതം ലഭിച്ചത്.
പദ്ധതിക്ക് പ്രത്യേകം കരാർ
പദ്ധതിക്കായി പ്രത്യേകം കരാർ തയ്യാറാക്കിയാണ് തുടക്കം മുതലുള്ള പ്രവർത്തനങ്ങൾ നടത്തിയത്. ഓരോവീടിനും അഞ്ചുലക്ഷം രൂപവീതം കരാറുകാരന് കൈമാറിയത് ഫൗണ്ടേഷൻ നേരിട്ടാണ്. ജിഎസ്ടിയും ഇവർതന്നെ അടച്ചു. ഇങ്ങനെ ഓരോഘട്ടത്തിലും പ്രവർത്തനങ്ങൾ സുധാര്യമായി നടത്തി. വീടുകളിരിക്കുന്ന ഭൂമിയുടെ പട്ടയം സർക്കാർ നൽകി.
മേലൂരിൽ 82 സെന്റ് പുറമ്പോക്കു ഭൂമിയിലും നടത്തറയിൽ 50 സെന്റ് പുറമ്പോക്കുഭൂമിയിലുമാണ് നിർമാണം. മേലൂരിലെ വീടുകൾക്ക് ചുറ്റുമതിൽ നിർമിക്കാൻ ബി ഡി ദേവസി എംഎൽഎ പത്തുലക്ഷം അനുവദിച്ചു. വൈദ്യുതി, വെള്ളം, അകത്തെ റോഡ് നിർമാണം എന്നിവയ്ക്കായി മേലൂർ പഞ്ചായത്ത് 16 ലക്ഷവും നൽകി. നടത്തറയിൽ കെ രാജൻ എംഎൽഎയുടെ ഫണ്ടിൽനിന്ന് ഏഴ് ലക്ഷംരൂപ നൽകി റോഡുകൾ നിർമിച്ചു. പ്രളയത്തിൽ തകർന്ന 105 വീട് പുനർനിർമിച്ചു നൽകാമെന്നാണ് ഫൗണ്ടേഷൻ മുഖ്യമന്ത്രിയെ അറിയിച്ചത്. ഇതിന്റെ ഭാഗമായാണ് ഈ 34 വീട് നിർമിച്ചതെന്ന് ഫൗണ്ടേഷൻ ഡയറക്ടർ ഡോ. ജോസഫ് സെബാസ്റ്റ്യൻ വ്യക്തമാക്കി.
‘ഇനിയൊരു പ്രളയം ഇവർക്ക് ദുരിതം തീർക്കരുത്...
കണ്ണൂർ: ‘ഇനിയൊരു പ്രളയം ഇവർക്ക് ദുരിതം തീർക്കരുത്...’ ഇതുമാത്രമായിരുന്നു ഹിന്ദുസ്ഥാൻ യൂണി ലിവറിന്റെ ആവശ്യം. സർക്കാർ സ്ഥലമെടുത്ത് നൽകിയാൽ സംസ്ഥാനത്താകെ പ്രളയത്തിൽ വീട് തകർന്നവർക്ക് 75 വീട് നിർമിച്ചു നൽകാമെന്ന കമ്പനിയുടെ വാഗ്ദാനത്തിലൂടെ ഇരിട്ടി പായത്ത് 15 പേർക്ക് സുരക്ഷിതമായ മേൽക്കൂരയൊരുങ്ങുകയാണ്. സ്ഥല ലഭ്യതയിലെ കാലതാമസവും കോവിഡുമാണ് വീട് നിർമാണം വൈകാനിടയാക്കിയത്.
2019ലെ പ്രളയത്തിലാണ് കർണാടകത്തിലെ മാക്കൂട്ടത്തുണ്ടായ ഉരുൾപൊട്ടലിൽ കൂട്ടുപുഴ, കിളിയന്തറ പുഴ പുറമ്പോക്കുകളിലെ 15 കുടുംബങ്ങളുടെ വീടുകൾ ഒലിച്ചുപോയത്. ഈ സമയത്താണ് പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് റീബിൽഡ് കേരളയുടെ ഭാഗമായി 75 വീടുകൾ സാമൂഹ്യ സേവന ഫണ്ട് (സിഎസ്ആർ) ഉപയോഗിച്ച് നിർമിച്ച് നൽകുമെന്ന് ഹിന്ദുസ്ഥാൻ യൂണിലിവർ അധികൃതർ അറിയിച്ചത്. നിർമാണത്തിനുള്ള ഫണ്ട് നിർമാണ കമ്പനിക്ക് ഹിന്ദുസ്ഥാൻ യൂണിലിവർ നേരിട്ടാണ് നൽകുക.
പഞ്ചായത്ത് മുൻകൈയെടുത്ത് ഒരേക്കറോളം സ്ഥലം വാങ്ങി. ഹിന്ദുസ്ഥാൻ യൂണിലിവറിനുവേണ്ടി മോസൺസ് എക്സ്ട്രാക്‌ഷൻസ് എന്ന കമ്പനിയാണ് വീട് നിർമിച്ചുനൽകുന്നത്. നിലമൊരുക്കൽ പൂർത്തിയായി. നിർമാണ പ്രവൃത്തി തുടങ്ങാനിരിക്കെയായിരുന്നു ലോക് ഡൗൺ. ഗുണമേന്മയുള്ള വീട് നിർമിക്കണമെന്നതാണ് ഹിന്ദുസ്ഥാൻ യൂണിലിവർ കമ്പനിയുടെ നിർദേശമെന്ന് മോസൺസ് ചെയർമാൻ എം പി അൻവർ പറഞ്ഞു.
ചിറ്റൂരിൽ കോൺഗ്രസ് പണ്ടേ തുടങ്ങി ; ലൈഫ് മിഷൻ പദ്ധതി തടസ്സപ്പെടുത്താന്‍ കോൺഗ്രസ് ഭരണസമിതി ശ്രമിച്ചത് മൂന്നു വര്‍ഷം
വേണു കെ ആലത്തൂർ
പാലക്കാട്: ചിറ്റൂർ–- തത്തമംഗലം നഗരസഭയിൽ ലൈഫ് മിഷൻ പദ്ധതി തടസ്സപ്പെടുത്താന്‍ കോൺഗ്രസ് ഭരണസമിതി ശ്രമിച്ചത് മൂന്നു വര്‍ഷം. 5.19 കോടി രൂപ ചെലവിൽ 66 കുടുംബങ്ങൾക്കായി നാലുനില ഫ്ലാറ്റ് സമുച്ചയ പദ്ധതിയാണ് നഗരസഭാ ഭരണസമിതി അട്ടിമറിക്കാൻ ശ്രമിച്ചത്. 2017ൽ സര്‍ക്കാര്‍ അനുവദിച്ച സമുച്ചയത്തിന് മൂന്നു വർഷത്തിനുശേഷമാണ് നഗരസഭ സ്ഥലമേറ്റെടുത്ത് നൽകിയത്. സ്ഥലം ഏറ്റെടുക്കാനും കൈമാറാനും ഇല്ലാത്ത തടസ്സവാദങ്ങളും ഉന്നയിച്ചു. ഒടുവിൽ സിപിഐ എം അംഗങ്ങളുടെ സമരത്തെത്തുടർന്ന് മാർച്ചിൽ സ്ഥലം വിട്ടുനൽകി നിർമാണം ആരംഭിച്ചു.
വെള്ളപ്പനയിൽ 50.7 സെന്റാണ് സർക്കാർ കണ്ടെത്തിയത്. 26,787 ചതുരശ്ര അടിയിൽ നിർമിക്കുന്ന ഫ്ലാറ്റ് നിർമാണത്തിന് കൺസൾട്ടന്റായി ഹാബിറ്റാറ്റിനെയും നിശ്ചയിച്ചു. 2017 മെയ് 28ന് മന്ത്രി എ കെ ബാലൻ പദ്ധതിക്ക് കല്ലിട്ടു. തെലങ്കാന ആസ്ഥാനമായ പെന്നാർ ഇൻഡസ്‌ട്രീസ് ലിമിറ്റഡ് കരാറും ഏറ്റെടുത്തു. 2017 കേരളപ്പിറവി ദിനത്തിൽ ഉദ്‌ഘാടനം നിശ്ചയിച്ച ഫ്ലാറ്റിന് നഗരസഭ സ്ഥലം കൈമാറിയത് 2020 മാർച്ചിൽ. ഏറ്റെടുക്കേണ്ട സ്ഥലത്തെ പൊതു ശുചിമുറി പൊളിക്കാനെടുത്തത് രണ്ടുവർഷം. നിരവധി തവണ ലൈഫ് മിഷൻ കത്ത് നൽകിയെങ്കിലും ശുചിമുറി പൊളിക്കാനുള്ള ടെൻഡർ അംഗീകരിച്ചത് 2019 ഡിസംബർ 30ന്. ഇതിനടിയിൽ പൊളിക്കരുതെന്നാവശ്യപ്പെട്ട് കോൺഗ്രസ് തന്നെ സമരവുമായി വന്നു.
ബോധപൂർവം നിർമാണം വൈകിപ്പിച്ചതാണെങ്കിലും പഴി സംസ്ഥാന സർക്കാരിനുമേൽ കെട്ടിവയ്ക്കാനും കോൺഗ്രസ് ശ്രമിച്ചു. നടപടി പൂർത്തിയാക്കി 2020 മാർച്ച് നാലിന് ഫ്ലാറ്റ് നിർമാണം ആരംഭിച്ചെങ്കിലും ലോക്‌ഡൗണിനെത്തുടർന്ന് നിർത്തിവച്ചു. ചിറ്റൂരിനൊപ്പം അനുവദിച്ച പുതുപ്പാടി, സുൽത്താൻബത്തേരി, പെരിന്തൽമണ്ണ എന്നിവിടങ്ങളിൽ ഫ്ലാറ്റ് സമുച്ചയങ്ങൾ പൂർത്തിയായി. ആറുമാസത്തിനകം സമുച്ചയ നിർമാണം പൂർത്തിയാക്കാനാണ് ലൈഫ് മിഷൻ ഇപ്പോള്‍ ശ്രമിക്കുന്നത്.
ജീവനക്കാർ കൈകോർത്തു: പൂർത്തിയായത് 8 വീട്
തിരുവനന്തപുരം: സംഘടനാപ്രവർത്തനത്തിന് നീക്കിവച്ച തുകകൊണ്ട് തലസ്ഥാനത്ത് കേരള എൻജിഓ യൂണിയൻ വീടൊരുക്കിയത് എട്ടുകുടംബങ്ങൾക്ക്. ലൈഫ് മിഷനിൽ സന്നദ്ധ സംഭാവന സർക്കാർ ഉറപ്പാക്കുന്നത് എങ്ങനെയെന്നതിന് ഉത്തമ ഉദാഹരണമാണിത്. മണ്ണന്തലയിൽ സർക്കാർ പ്രസിന്റെ സ്ഥലത്തോടുചേർന്ന് ഇടയിലക്കോണത്താണ് വീടുകൾ. രണ്ടു കിടപ്പുമുറിയും അടുക്കളയും തീൻമുറിയും കുളിമുറിയുമുള്ള കൊച്ചുവീട്. സെപ്‌തംബർ ഏഴിന് ഓൺലൈനിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ താക്കോൽ കൈമാറുമെന്ന് ജനറൽ സെക്രട്ടറി ടി സി മാത്തുകുട്ടി പറഞ്ഞു.
ലൈഫ് മിഷൻ പദ്ധതിയിൽ പൊതുസംഭാവനയ്‌ക്കുള്ള സർക്കാർ അഭ്യർഥന 2018ലെ എൻജിഒ യൂണിയൻ സംസ്ഥാന സമ്മേളനം ഏറ്റെടുത്തിരുന്നു. പ്രവർത്തന ഫണ്ടിൽനിന്നുള്ള ചെലവുകൾ പരിമിതപ്പെടുത്തി ഒരു കോടി രൂപ നീക്കിവച്ചു. സർക്കാരിനെ സന്നദ്ധത അറിയിക്കുകയും സംഘടനയുടെ കത്ത് ലൈഫ് മിഷൻ പരിഗണിക്കുകയും ചെയ്തു. സ്ഥലം കണ്ടെത്താൻ തിരുവനന്തപുരം കോർപറേഷനോട് നിർദേശിച്ചു. മണ്ണന്തലയിലെ കോർപറേഷൻ വക സ്ഥലത്ത് വീട് നിർമാണത്തിന് അനുമതി നൽകാൻ കൗൺസിൽ തീരുമാനിച്ചു. യൂണിയൻ സമർപ്പിച്ച പ്ലാനും അടങ്കലും അംഗീകരിച്ചു. യൂണിയനുമായുള്ള ധാരണപത്രത്തിൽ സുരക്ഷ ഉറപ്പാക്കാൻ കോർപറേഷൻ എൻജിനിയറിങ് വിഭാഗം നിർമാണ മേൽനോട്ടം വഹിക്കുമെന്ന് കോർപറേഷൻ വ്യവസ്ഥവച്ചു.
ഗുണഭോക്താക്കളെ നിശ്ചയിക്കുന്നതും കോർപറേഷനായിരിക്കും. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സംഘവും യുണിയനുമായാണ് നിർമാണ കരാർ. നിർമാണ കാര്യങ്ങളിലെല്ലാം ഈ രണ്ടുകക്ഷികൾക്കുമാത്രമാണ് ബാധ്യത. സർക്കാരിനോ കോർപറേഷനോ കരാറിൽ ഒരു ബാധ്യതയുമില്ല. നഗരസഭ എൻജിനിയറിങ് വിഭാഗം നിർമാണത്തിലെ സുരക്ഷയും ഉറപ്പാക്കിയിട്ടുണ്ട്. താക്കോൽ കൈമാറുന്നതോടെ എട്ടുകുടുംബങ്ങൾ കൂടി ലൈഫിന്റെ സുരക്ഷിതത്വത്തിലേക്ക് ചേക്കേറും.
ലൈഫ്: ദുർബലർക്ക് നൽകി 45,450 വീട്
സംസ്ഥാനത്ത് നാലു വർഷംകൊണ്ട് ദുർബലവിഭാഗത്തിൽപ്പെട്ട 45,450 കുടുംബത്തിന് ലൈഫ് പദ്ധതിയുടെ ഭാഗമായി വീട് നൽകി. പട്ടികജാതി വിഭാഗത്തിൽപ്പെട്ട 26,380 കുടുംബത്തിനും പട്ടികവർഗ വിഭാഗത്തിൽപ്പെട്ട 19,070 കുടുംബത്തിനുമാണ് വീട് ലഭിച്ചത്. ലൈഫ് പദ്ധതിയുടെ ഭാഗമായി മൂന്ന് ഘട്ടത്തിൽ 2,24,286 വീടാണ് നാല് വർഷത്തിനിടെ നിർമിച്ച് നൽകിയത്.
എസ്‌സി വിഭാഗത്തിൽ ഒന്നാം ഘട്ടത്തിൽ 19,077 വീടും രണ്ടാംഘട്ടത്തിൽ 7303 വീടുമാണ് നിർമിച്ച് നൽകിയത്. ഒന്നാംഘട്ടത്തിൽ 495 വീടും രണ്ടാംഘട്ടത്തിൽ 4248 വീടും നിർമാണം വിവിധ ഘട്ടങ്ങളിലാണ്. പട്ടികവർഗ വിഭാഗത്തിൽ ഒന്നാംഘട്ടത്തിൽ 17,213 വീടും രണ്ടാംഘട്ടത്തിൽ 1857 വീടും നിർമിച്ചു. ഒന്നാംഘട്ടത്തിൽ 997 വീടും രണ്ടാംഘട്ടത്തിൽ 2034 വീടുമാണ് പൂർത്തീകരിക്കാനുള്ളത്. ഇതിൽ ഒന്നാംഘട്ടത്തിൽ ബാക്കിയുള്ളത് സാങ്കേതിക പ്രശ്‌നങ്ങളിൽപ്പെട്ടവയാണ്.
ജി രാജേഷ് കുമാർ
വകുപ്പ് നൽകി 25,169 വീട്
ലൈഫ് പദ്ധതിയുടെ ഭാഗമായി എസ്‌സി, എസ്‌ടി, ഫിഷറീസ് വകുപ്പുകൾ നേരിട്ടും വീടുകൾ നിർമിച്ചു നൽകി. 25,169 വീടാണ് ഇങ്ങനെ നിർമിച്ച് നൽകിയത്. ഇതിൽ എസ്‌സി വകുപ്പ് 19,247 വീടും എസ്‌ടി വകുപ്പ് 1745 വീടും നിർമിച്ചു നൽകി. 4177 വീട് ഫിഷറീസ് വകുപ്പ് നിർമിച്ച് നൽകിയവയാണ്.
സുമനസ്സുകൾ കൈത്താങ്ങായി ; 2527 വീട് ഉയർന്നു
തിരുവനന്തപുരം: കേരള പുനർനിർമാണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് വ്യക്തികളും സംഘടനകളും സ്ഥാപനങ്ങളും ഒന്നര വർഷത്തിനിടെ നിർമിച്ച് നൽകിയത് 2527 വീടുകൾ. 2752 വീടുകൾ നിർമിക്കുന്നതിൽ 225 എണ്ണത്തിന്റെ നിർമാണം പുരോഗമിക്കുകയാണ്. പ്രളയത്തിൽ വീട് നഷ്‌ടപ്പെട്ടവർക്ക് സർക്കാർ നിർദേശ പ്രകാരമാണ് വീടുകൾ സ്‌പോൺസർഷിപ്പിലൂടെ നൽകിയത്.
ലൈഫ് പദ്ധതിയുടെ മൂന്നാം ഘട്ടത്തിലും വിവിധ സംഘടനകളുടെ സഹായ വാഗ്‌ദാനമുണ്ട്. അത്തരത്തിലൊന്നാണ് യുഎഇയിലെ റെഡ് ക്രസന്റിന്റേത്. അതിന്റെ പേരിൽ വിവാദമുണ്ടാക്കുന്നവരുടെ ലക്ഷ്യം സർക്കാരിന്റെ ഭവന പദ്ധതി തകർക്കുകയാണ്. തദ്ദേശ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയാണിത്. ലൈഫ് ഭവന പദ്ധതിയുടെ പേരിലുള്ള കള്ള പ്രചാരണങ്ങൾ ഇത്തരം പ്രവർത്തനങ്ങളിൽനിന്ന് സംഘടനകളെയും വ്യക്തികളെയും അകറ്റും.
2018ലെ പ്രളയത്തിലും 2019ലെ മഴയിലും ഉരുൾപൊട്ടലിലും പൂർണമായും തകർന്ന വീടുകൾക്ക് ലൈഫ് പദ്ധതിക്ക് സമാനമായി നാല് ലക്ഷം രൂപ അനുവദിച്ചു. സ്‌പോൺസർഷിപ്പിലൂടെയും വീട് നിർമാണത്തിന് സഹായം തേടി. ഒട്ടേറെ സംഘടനകൾ മുന്നോട്ട് വന്നു. പലരും നേരിട്ടാണ് സർക്കാർ പട്ടികയിലെ ഗുണഭോക്താക്കൾക്ക് വീട് നിർമിച്ചതും. കെയർഹോം പദ്ധതിയിൽ 2000 വീട് സഹകരണ സ്ഥാപനങ്ങൾ നിർമിച്ചു. 250 വീടുകൾ പ്രാദേശിക സ്‌പോൺസർഷിപ്പിലാണ് നിർമിക്കുന്നത്. ഇതിൽ 209 എണ്ണം പൂർത്തിയായി. ആലപ്പുഴ ജില്ലയിൽ 121 വീടുകൾ കുടുംബശ്രീ നിർമാണ ടീം വഴി ഏഴ് കോടി ചെലവിട്ടാണ് ഹൈദരാബാദിലെ റാമോജി ഫിലിം ഇൻസ്‌റ്റിറ്റ്യൂട്ട് നിർമിച്ചത്. മുത്തൂറ്റ് ഗ്രൂപ്പ് നൽകുന്ന 70 വീടുകളിൽ 32 എണ്ണം പൂർത്തിയായി. വിവിധ മത സംഘടനകൾ –- 41, ഫൈസൽ ആൻഡ് ഷബാന ഗ്രൂപ്പ് –-24, ആർഎസ്‌എസ് –- 16, ഹിന്ദുസ്ഥാൻ ലിവർ –- 15, സൊസൈറ്റി ഓഫ് ജെസ്യൂട്ട് –- 15, റോട്ടറി ക്ലബ് –- 13, തണൽ –- 12 , ആപ്പിൾ ഫൗണ്ടേഷൻ കെയർ ആൻഡ് ഷെയർ –-11, ആസ്‌റ്റർഹോംസ് –- 11, വികെഎൽ ഗ്രൂപ്പ് –- ഒമ്പത്, എഫ്‌സിഎ ചെന്നൈ –- എട്ട് , ദയാപുരം ട്രസ്‌റ്റ് –- ആറ്, ചെങ്കുളം ക്വാറി –- അഞ്ച് എന്നിങ്ങനെയും നിർമിച്ചു നൽകുന്നു. എൻജിഒ യൂണിയൻ ഉൾപ്പെടെ നിരവധി സംഘടനകളും വീട് നൽകി. കൊല്ലം ജില്ലയിൽ ആർപി ഗ്രൂപ്പ് 200 വീടുകൾ താമസിയാതെ നിർമിച്ച് നൽകും.
കെപിസിസിയുടെ ആയിരത്തിൽ നൽകിയത് ഒന്ന് മാത്രം
ആയിരം വീട് പ്രഖ്യാപിച്ച കെപിസിസി നിർമിച്ച് നൽകിയത് ആറന്മുളയിൽ ഒരു വീട്. ബാക്കി വീടുകളെക്കുറിച്ച് പറയുന്നുമില്ല. പ്രളയത്തിൽ ദുരിതമനുഭവിച്ചവരെ വഞ്ചിക്കാനായിരുന്നു കോൺഗ്രസിന്റെ പ്രഖ്യാപനമെന്ന് ഇതോടെ വ്യക്തമായി. 2018ലെ പ്രളയത്തെ തുടർന്നാണ് ആയിരം വീട് നിർമിച്ച് നൽകുമെന്ന് കെപിസിസി പ്രസിഡന്റായിരുന്ന എം എം ഹസ്സൻ പ്രഖ്യാപിച്ചത്. വീട് നിർമാണത്തിന് കെപിസിസി വലിയതോതിൽ പണം പിരിച്ചതായും ആരോപണമുണ്ടായിരുന്നു. ഇത് വിവാദമായതോടെ വീട് നൽകിയവരുടെ പട്ടിക മുഖ്യമന്ത്രിക്ക് കൈമാറുമെന്ന് നിലവിലെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. എന്നാൽ ഇതുവരെ പട്ടിക കൈമാറിയിട്ടില്ല.
റഷീദ‌് ആനപ്പുറം
പാർപ്പിട സമുച്ചയങ്ങൾക്ക് 24.96 ഏക്കർ
മലപ്പുറം: സംസ്ഥാന സർക്കാരിന്റെ ലൈഫ് പദ്ധതിയിൽ പാർപ്പിട സമുച്ചയ നിർമാണത്തിന് ജില്ലയിൽ 24.96 ഏക്കർ ഭൂമി ലഭ്യമായി. 11 തദ്ദേശസ്ഥാപനങ്ങളിലാണ് പാർപ്പിട സമുച്ചയങ്ങൾ ഉയരുന്നത്. പദ്ധതി പ്രവർത്തനങ്ങൾക്ക് സുമനസ്സുകളും സഹായം നൽകി. അഞ്ച് പേർ സൗജന്യമായി ഭൂമി വിട്ടുനൽകി. തൃക്കലങ്ങോട് പഞ്ചായത്തിലെ വഫാ മൻസിലിൽ പി പി ഫാത്തിമ–- 50.48 സെന്റ്, പുറത്തൂർ പഞ്ചായത്തിലെ കൈപ്പാടത്ത് അബ്‌ദുള്ള എന്ന ബാവ ഹാജി–- 50 സെന്റ്, വട്ടംകുളം പഞ്ചയത്തിലെ അങ്ങാടിപറമ്പിൽ അബ്‌ദുൾ റസാഖ്–- 23.40 സെന്റ്, എടക്കര പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ആയിഷക്കുട്ടി–- 11 സെന്റ് വീതമാണ് നൽകിയത്. ഊരകം പഞ്ചായത്തിലെ നബീൽ നിവാസിൽ എം കെ അബുഹാജിയും സ്ഥലം കൈമാറി. ശേഷിക്കുന്ന ഭൂമി തദ്ദേശഭരണ സ്ഥാപനങ്ങളും സർക്കാർ വകുപ്പുകളും ചേർന്ന് ലഭ്യമാക്കി.
പെരിന്തൽമണ്ണ നഗരസഭയിലെ പാർപ്പിട സമുച്ചയ നിർമാണം പുരോഗമിക്കുകയാണ്. 12 ഫ്ലാറ്റുകളുള്ള 10 യൂണിറ്റാണ് നിർമിക്കുന്നത്. കൂടാതെ തിരൂർ, പൊന്നാനി, നഗരസഭകൾ, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത്, ആലങ്കോട് പഞ്ചായത്ത്, റവന്യൂ വകുപ്പിന്റെ പാണ്ടിക്കാട് പഞ്ചായത്തിൽ ലഭ്യമാക്കിയ സ്ഥലത്തും പാർപ്പിട സമുച്ചയ നിർമാണത്തിന് ഭരണാനുമതിയായി.
വീടൊരുങ്ങി 18,461 കുടുംബത്തിന്
മലപ്പുറം: സ്വപ്‌നം ലൈഫ് മിഷൻ ഏറ്റെടുത്തപ്പോൾ എൽഡിഎഫ് ഭരണത്തിൽ ജില്ലയിൽ പുത്തൻ വീടുകളിലേക്ക് നടന്നുകയറിയത് 18,629 കുടുംബം. ലൈഫിൽ ആദ്യ രണ്ട് ഘട്ടങ്ങളിലായി മാത്രം നിർമിച്ചത് 18,461 വീട്. ഭവനരഹിതരായ ഭൂരഹിതർക്കുള്ള ഭവന സമുച്ചയങ്ങളുൾപ്പെടുന്ന മൂന്നാംഘട്ടം പുരോഗമിക്കുകയാണ്.
വിവിധ പദ്ധതികളിൽ വീട് അനുവദിക്കപ്പെട്ട് നിർമാണം മുടങ്ങിയവയാണ് ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തിയത്. തറപോലും മുഴുവനായി നിർമിക്കാത്തവയായിരുന്നു ഇവയിൽ ഭൂരിഭാഗവും. 2780 വീടുകൾ ഏറ്റെടുത്തു. 2735 എണ്ണം പൂർത്തിയാക്കി.
ഭൂമിയുള്ള ഭവനരഹിതരായ 15,726 പേർക്കാണ് രണ്ടാംഘട്ടത്തിൽ വീടൊരുക്കിയത്. 2011 വീട് സംസ്ഥാന പട്ടികജാതി വികസന വകുപ്പ് വഴിയും 15 എണ്ണം പട്ടികവർഗ വികസന വകുപ്പ് വഴിയും 383 എണ്ണം ഫിഷറീസ് വകുപ്പ് വഴിയുമാണ് പൂർത്തിയാക്കിയത്.
മൂന്നാംഘട്ടത്തിൽ 9897 കുടുംബം
ഒമ്പത് ഭവന സമുച്ചയങ്ങളടക്കം ഉൾപ്പെടുന്ന ലൈഫ് മിഷൻ മൂന്നാംഘട്ടത്തിൽ ഭൂരഹിതരായ 9897 പേർ ഗുണഭോക്താക്കളാണ്. ഇതിനകം 1426 പേർക്ക് ഭൂമി ലഭ്യമാക്കി. 810 പേർക്കും ത്രിതല പഞ്ചായത്തുകളുടെ സഹായത്തോടെയാണ് ഭൂമി കണ്ടെത്തിയത്. 168 വീടിന്റെ നിർമാണം പൂർത്തിയായി. നാനൂറോളം പേരുടെ വീടുപണി പുരോഗമിക്കുകയാണ്.
പെരിന്തൽമണ്ണയിൽ 408 കുടുംബങ്ങൾക്കുള്ള ഭവന സമുച്ചയത്തിന്റെ നിർമാണം അവസാനഘട്ടത്തിലാണ്. അങ്കണവാടിയും കമ്യൂണിറ്റി ഹാളും റോഡുകളും മാലിന്യ സംസ്‌കരണ സംവിധാനവുമെല്ലാമുള്ള സംസ്ഥാനത്തെ വലിയ ലൈഫ് ഭവന സമുച്ചയമാണിത്. പെരുമ്പടപ്പ് ബ്ലോക്കിൽ ചങ്ങരംകുളം പൊലീസ് സ്‌റ്റേഷനുസമീപം 40 കുടുംബങ്ങൾക്ക് ഫ്ലാറ്റ് നിർമിക്കുന്നതിന്റെ ടെൻഡർ നടപടി തുടങ്ങി. തിരൂർ, തൃക്കലങ്ങോട്, വാഴയൂർ തുടങ്ങിയ സ്ഥലങ്ങളിൽ ഭരണാനുമതിയായി.
പുതിയ അപേക്ഷകർ 37,068
ആദ്യഘട്ട പട്ടികയിൽ ഉൾപ്പെടാതെ പോയവർക്ക് വീണ്ടും അപേക്ഷിക്കാൻ സർക്കാർ അവസരം നൽകി. 37,068 പേർ ഇതുവരെ അപേക്ഷിച്ചു. ഭൂമിയും വീടുമില്ലാത്ത 8192 കുടുംബങ്ങളും ഭൂമിയുള്ള 28,876 കുടുംബങ്ങളുമാണ് അപേക്ഷ നൽകിയത്.
ലൈഫുണ്ട്; എംജി കോളനിയും മാറും
വർക്കല : ഇത്തവണത്തെ സ്വാതന്ത്ര്യദിനം വർക്കല കണ്വാശ്രമം മഹാത്മാ ഗാന്ധി കോളനിയിലെ 20 കുടുംബത്തിന് പുത്തൻ ജീവിതത്തിന്റെ തുടക്കംകൂടിയാണ്. സംസ്ഥാന സർക്കാരിന്റെ "ലൈഫ്’ പദ്ധതിയുടെ പിൻബലത്തിൽ തകർന്ന വീടുകളോട് അവർ വിടപറയുകയാണ്.
കണ്വാശ്രമം വാർഡിൽ എസ്എൻ കോളേജിനു സമീപത്തെ മഹാത്മാ ഗാന്ധി കോളനിയിലെ 20 കുടുംബത്തിനായി ലൈഫ് പ്രകാരം നാലുലക്ഷം രൂപ വീതം നൽകുന്ന പദ്ധതിക്കാണ് സ്വാതന്ത്ര്യദിനത്തിൽ തുടക്കമായത്. 150 കുടുംബമാണ് ഇവിടെയുള്ളത്. ആദ്യഘട്ടം 20 വീട് നിർമിച്ചുനൽകും. രണ്ടാംഘട്ടത്തിൽ 30 വീട്. പല വീടും തകർന്ന നിലയിലായിരുന്നു. മഴക്കാലമായാൽ ഏതു നിമിഷവും നിലംപൊത്താവുന്ന അവസ്ഥ. ഇത് മനസ്സിലാക്കിയ വർക്കല നഗരസഭാ അധികൃതർ പ്രത്യേക പദ്ധതികൾ തയ്യാറാക്കുകയായിരുന്നു.
മൂന്നു ഘട്ടത്തിലായി നാലു ലക്ഷത്തോളം രൂപ നൽകിയാണ് ഓരോ വീടും പൂർത്തീകരിക്കുക. ആദ്യഗഡു വിതരണോദ്ഘാടനം വി ജോയി എംഎൽഎ നിർവഹിച്ചു.
നഗരസഭാ ചെയർപേഴ്സൻ ബിന്ദു ഹരിദാസ് അധ്യക്ഷയായി. വൈസ് ചെയർമാൻ എസ് അനീജോ, ലതിക സത്യൻ, എൽ എസ് സജി, എസ് സന്തോഷ്, ഹണി, ശുഭ ഭദ്രൻ, ജയന്തി, ലിജു, നിതിൻ നായർ, എസ് പ്രസന്നൻ, ബലറാം, സരസ്വതി ശശിധരൻ തുടങ്ങിയവർ പങ്കെടുത്തു.
സുധീർ വർക്കല
പ്രളയം പടികടക്കില്ല ; ഇവിടെ ലൈഫ് സുരക്ഷിതമാണ്
തിരുവല്ല: പ്രളയം വന്നാലെന്താ, പ്രകൃതിദുരന്തമുണ്ടായാലെന്താ ഇവിടെ ലൈഫ് സുരക്ഷിതമാണ്.... കടപ്രയിലെ വളഞ്ഞവട്ടത്ത് സർക്കാരിന്റെ ലൈഫ് പദ്ധതി പ്രകാരം നിർമിച്ച 40 വീടുകളാണ് പ്രളയത്തെ അതിജീവിക്കുന്നത്. 2018ൽ എല്ലാ വീടുകളും മുങ്ങി എല്ലാം നശിച്ചവർ. ഉടുതുണിയില്ല, ഗൃഹോപകരണങ്ങൾ നശിച്ചു, രേഖകളെല്ലാം നഷ്ടപ്പെട്ട് മാറത്തടിച്ച് നിലവിളിച്ചവർ ... 2020ൽ പ്രളയത്തെ അതിജീവിക്കുകയാണ്.
40 കുടുംബങ്ങൾ ഇവിടെ ഹാപ്പിയാണ്. 2018ലെ മഹാപ്രളയത്തിനുശേഷം പമ്പാ റിവർ ഫാക്ടറിക്ക് പുറകിലുള്ള സ്ഥലത്താണ് വീടുകൾ നിർമിച്ചത്. സർക്കാരിന്റെ നാല് ലക്ഷം രൂപയും തണൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ ഒരു ലക്ഷം രൂപയും വിദേശ മലയാളി സംഘടനയായ ഫോമ നൽകിയ 2 ലക്ഷം രൂപയും ചേർത്ത് 7 ലക്ഷം രൂപ ചെലവിലാണ് ഓരോ വീടുകളും നിർമിച്ചത്.
തണൽ എന്ന ചാരിറ്റബിൾ സംഘടനയാണ് സ്ഥിരമായി വെള്ളം കയറുന്ന പ്രദേശത്ത് വീട് നിർമിക്കുന്നതിനുള്ള രൂപരേഖ തയ്യാറാക്കിയത്. വലിയ തോതിൽ ജലനിരപ്പ് ഉയർന്നാലും വീടുകൾക്കുള്ളിൽ കയറാതിരിക്കാൻ ഒരാൾ ഉയരത്തിൽ പില്ലറുകൾ നിർമിച്ച് അതിന് മുകളിലാണ് വീടുകൾ നിർമിച്ചിരിക്കുന്നത്.
പ്രളയം പടികടക്കില്ല
ഹരിപ്പാട് (ആലപ്പുഴ): പമ്പയാർ കരകവിഞ്ഞൊഴുകുകയാണ്. ചെറുതന മുടികുഴി ദ്വീപിലെ വീടുകളിൽ വെള്ളം കയറി എല്ലാവരും ക്യാമ്പുകളിലേക്കുള്ള നെട്ടൊട്ടം. അപ്പോഴും പാണ്ടി ചെറുവള്ളിത്തറയിൽ ഗോപാലകൃഷ്‌ണനും കുടുംബവും വീട്ടിൽ തന്നെയുണ്ട്. നാലടിപൊക്കത്തിന് ഇരച്ചെത്തിയ വെള്ളം പടികടക്കില്ല എന്ന ഉറച്ചവിശ്വാസത്തിൽ. അതിന് കാരണമുണ്ട് ഇത് വെറും വീടല്ല സംസ്ഥാന സർക്കാർ കെയർ ഹോം പദ്ധതിവഴി പ്രളയം മുൻകൂട്ടികണ്ട് നിർമിച്ച മാതൃകാവീടാണ്. ചിങ്ങോലി 1887–-ാം നമ്പർ സഹകരണ ബാങ്കിനായിരുന്നു നിർമാണത്തിന്റെ ചുമതല. സംസ്ഥാന ദുരന്തനിവാരണ സമിതി അംഗം കൂടിയായ തിരുവനന്തപുരം ഗവ. എൻജിനിയറിങ് കോളേജ് അധ്യാപകൻ ഡോ. മനോജ് കിണിയാണ് വീട് രൂപകൽപ്പന ചെയ്‌തത്.
തറനിരപ്പിൽ നിന്ന് നാലടി ഉയരത്തിൽ 12 കോൺക്രീറ്റ് തൂണുകളിലാണ് വീടിന്റെ അടിത്തറ. 520 ചതുരശ്ര അടിയിലാണ് നിർമാണം. തൂണിന്റെ ആറടി മണ്ണിനടിയിലുറപ്പിച്ചു. പ്രളയജലം തറനിരപ്പിൽ നിന്ന് നാലടി ഉയർന്നാലും വീടിനുള്ളിൽ വെള്ളം കയറില്ല. രണ്ടടി നീളമുള്ള ഭാരം കുറഞ്ഞതും ജലോപരിതലത്തിൽ പൊങ്ങി കിടക്കുന്നതുമായ പ്രത്യേക തരം
ബിമൽ റോയ്
courtesy: deshabhimani
No comments:
Post a Comment