മറ്റൊരു സ്വാതന്ത്ര്യദിനം കൂടി വന്നു ചേരുകയാണ്. മറ്റു സ്വാതന്ത്ര്യദിനങ്ങളിൽനിന്ന് വ്യത്യസ്തമായ സാഹചര്യങ്ങളാണ് ഇപ്പോൾ നിലവിലുള്ളതും.ഇതുവരെയുണ്ടായ സ്വാതന്ത്ര്യദിനങ്ങൾ ഒരു ദേശത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി നാം നടത്തിയ പോരാട്ടത്തെ ഓർമപ്പെടുത്തുന്നതിനു വേണ്ടിയായിരുന്നു. അന്ന് പോരാടിമരിച്ചവരുടെ ത്യാഗോജ്വലമായ കഥകൾ നാം അയവിറക്കി. മഹാത്മാഗാന്ധിയും ആസാദും നെഹ്‌റുവും സുഭാഷ് ചന്ദ്രബോസും മുതൽ ഇ എം എസും എ കെ ജിയും കൃഷ്ണപിള്ളയും മുഹമ്മദ് അബ്ദുറഹിമാൻ സാഹിബും അടക്കമുള്ളവരുടെ അപദാനങ്ങൾ നമ്മുടെ സ്കൂളുകളിലും വായനശാലകളിലും കലാകേന്ദ്രങ്ങളിലുമെല്ലാം നാം പഠിപ്പിച്ചു, പിന്നീട് ഇതേ സ്വാതന്ത്ര്യദിനത്തിൽ നാം വർഗീയതയ്‌ക്കും വിഘടനവാദത്തിനുമെതിരായി ചങ്ങല കോർത്തു. പുതുലോകപ്പിറവിക്ക് വേണ്ടി പ്രതിജ്ഞയെടുത്തു. മതനിരപേക്ഷതയിലും ജനാധിപത്യത്തിലും സാമൂഹ്യനീതിയിലും അധിഷ്ഠിതമായ ഇന്ത്യക്കു വേണ്ടി പ്രവർത്തിക്കുമെന്ന് 1947 ആഗസ്‌ത് 14ന് അർധരാത്രി ജവാഹർലാൽ നെഹ്‌റു നൽകിയ സന്ദേശത്തിന്റെ കാതൽ നിലനിർത്താനുള്ള ശ്രമങ്ങൾ നാമെല്ലാവരും ചേർന്ന് നടത്തി.
ഇപ്പോൾ സ്വാതന്ത്ര്യസമരത്തിനു പുതിയൊരു ഭാഷ്യം രചിക്കപ്പെട്ടിരിക്കുന്നു. ഈ വർഷം ആഗസ്‌ത് അഞ്ചിന് അയോധ്യയിൽ രാമജന്മഭൂമി ട്രസ്റ്റ് പണിയുന്ന ക്ഷേത്രത്തിന് തറക്കല്ലിടവേ പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്നെയാണ് ഈ പുതിയ ഭാഷ്യം അവതരിപ്പിച്ചത്. ക്ഷേത്രനിർമാണം ഇന്ത്യയിൽ ഒരു പുതുയുഗത്തിന് തുടക്കം കുറിക്കുന്നു എന്ന് പ്രഖ്യാപിച്ച മോഡി അത് ഒരു മോചനസമരത്തിന്റെ വിജയമായാണ് അവതരിപ്പിച്ചത്. രാമക്ഷേത്രത്തിനു വേണ്ടി കഴിഞ്ഞ മൂന്നരദശകമായി ആർഎസ്എസ് നടത്തിയ പോരാട്ടത്തെയാണ് ഇത്തരത്തിൽ മോചനസമരമായി അദ്ദേഹം വിശേഷിപ്പിച്ചത്.
സ്വാതന്ത്ര്യസമരം കേവലം ബ്രിട്ടീഷ് ആധിപത്യത്തിൽനിന്നുള്ള മോചനപോരാട്ടം മാത്രമായിരുന്നില്ല. മർദനവും ചൂഷണവുമില്ലാത്ത, സമത്വവും സ്വാതന്ത്ര്യവും സാഹോദര്യവും കളിയാടുന്ന പുതിയ ഇന്ത്യയെ എല്ലാവരും സ്വപ്നം കണ്ടിരുന്നു. ഗാന്ധി, നെഹ്‌റു, ഭഗത് സിങ്, ആസാദ്, സുഭാഷ് ചന്ദ്രബോസ്, ടാഗോർ, സരോജിനി നായിഡു തുടങ്ങിയവരുടെ രചനകളിലെല്ലാം ഈ പുതിയ ഇന്ത്യയെക്കുറിച്ചുള്ള സങ്കൽപ്പങ്ങൾ കാണാം. ഗാന്ധിയുടെ രാമരാജ്യം മുതൽ സോഷ്യലിസം വരെയുള്ള നിരവധി ആശയങ്ങൾ ഇവയുടെ ഭാഗമായി ചർച്ച ചെയ്യപ്പെട്ടിരുന്നു. സവർക്കർ, ഗോൾവാൾക്കർ പോലുള്ളവരുടെ ഒരു ന്യൂനപക്ഷമാണ് ഒരു മതരാഷ്ട്രത്തിനു വേണ്ടി വാദിച്ചത്. മുസ്ലിം ജനസാമാന്യത്തിന്റെ നല്ലൊരു ഭാഗം മതസ്വാതന്ത്ര്യത്തിനു വേണ്ടി വാദിച്ചുവെങ്കിലും അവർ മതരാഷ്ട്രത്തിനെതിരായിരുന്നു. ഇന്ത്യ സ്വതന്ത്രമായപ്പോൾ മതരാഷ്ട്രത്തിനു വേണ്ടി വാദിച്ച ആർഎസ്എസും മുസ്ലിം തീവ്രവാദികളും അടങ്ങുന്ന ന്യൂനപക്ഷം ജനങ്ങളുടെ മേൽ കൊടിയ മർദനവും അരുംകൊലകളും അഴിച്ചു വിടുന്ന കാഴ്ചയാണ് നാം കണ്ടത്. അതിൻെറ മുറിവുകൾ ഭൂതകാലപ്രേതബാധപോലെ ഇന്നും നമ്മെ പിന്തുടരുകയാണ്.
അന്നത്തെ ന്യൂനപക്ഷമായിരുന്ന, പിന്നീട് നിരവധി ദശകങ്ങളോളം ഇന്ത്യൻ രാഷ്ട്രീയത്തിൽ ഒന്നുമില്ലാതെ നിന്ന, ആർഎസ്എസും സഹയാത്രികരുമാണ് ഇന്ത്യ ഭരിക്കുന്നത്. അവരെ സംബന്ധിച്ചിടത്തോളം അന്നും ഇന്നും സ്വാതന്ത്ര്യം ബ്രിട്ടീഷ് കൊളോണിയൽ ആധിപത്യത്തിൽ നിന്നുള്ള ഇന്ത്യൻ ജനതയുടെ മോചനമല്ല, വിദേശാധിപത്യത്തിൽനിന്നുള്ള ഹിന്ദുക്കളുടെ മോചനമാണ്. അവരുടെ വിദേശികളുടെ നിർവചനത്തിൽ ബ്രിട്ടീഷുകാർ മാത്രമല്ല മുസ്ലിങ്ങളും ക്രിസ്ത്യാനികളും അവർ ദേശദ്രോഹികളായി കരുതുന്ന കമ്യൂണിസ്റ്റുകാരും പെടും. അതായത് ആർഎസ്എസുകാരുടെ മോചനപോരാട്ടം അവസാനിച്ചിട്ടില്ല. അതുകൊണ്ട് തന്നെ മതനിരപേക്ഷത, ജനാധിപത്യം, സാമൂഹ്യനീതി, സമത്വം മുതലായവയുടെ പേരിൽ മുസ്ലിങ്ങളെയും മറ്റു ന്യൂനപക്ഷങ്ങളെയും കമ്യൂണിസ്റ്റുകാരെയും ഒക്കെ സംരക്ഷിക്കുന്ന രാഷ്ട്രസങ്കൽപ്പത്തിന് തന്നെ അവർ എതിരാണ്. പൗരത്വഭേദഗതിനിയമത്തിലും ദേശീയജനസംഖ്യാരജിസ്റ്ററിനെ സംബന്ധിച്ചും അവർ എടുത്ത നിലപാട് തന്നെ അതിന് ഉദാഹരണമാണ്. കശ്മീരികൾ ഇന്നനുഭവിക്കുന്ന പൗരാവകാശനിഷേധവും ഇതിന്റെ ഭാഗമാണ്.
ഈ നിലപാടിന്റെ പരസ്യപ്രഖ്യാപനമാണ് പ്രധാനമന്ത്രി ഫൈസാബാദിൽ നടത്തിയത്. ആർക്കും ഒരു ട്രസ്റ്റുണ്ടാക്കി നാട്ടിലെവിടെയും ക്ഷേത്രം പണിയാം. പല തർക്കഭൂമികളിലും കോടതിവിധിപ്രകാരവുംമറ്റും ക്ഷേത്രങ്ങളുണ്ടായിട്ടുണ്ട്. അവിടെയൊന്നും രാജ്യത്തിന്റെ പ്രധാനമന്ത്രി നിരവധി മന്ത്രിമാരുടെയും സംസ്ഥാന മുഖ്യമന്ത്രിയുടെയും മറ്റും സാന്നിധ്യത്തിൽ ശിലാസ്ഥാപനം നടത്തിയിട്ടില്ല. അത് അഖിലേന്ത്യാവ്യാപകമായ ആഘോഷമായി മാധ്യമങ്ങൾ കൊണ്ടാടിയിട്ടില്ല. അപ്പോൾ മോഡി തറക്കല്ലിട്ടത് ഒരു ക്ഷേത്രത്തിനല്ല, ഹിന്ദുരാഷ്ട്രത്തിനാണ്. ആ ശിലാസ്ഥാപനത്തിനെയാണ് മോഡി മോചനസമരത്തിന്റെ വിജയമായി പ്രകീർത്തിച്ചത്. വിദേശിയായ ബാബർ സ്ഥാപിച്ചതും ഇക്കാലമത്രയും നിലനിന്നതുമായ ഒരു ദേവാലയത്തെ തകർത്തത് മുസ്ലിങ്ങൾക്കെതിരായ മോചനസമരത്തിന്റെ ഉന്നതാധ്യായം ആയാണ് അവർ കൊണ്ടാടിയത്. ക്ഷേത്രശിലാസ്ഥാപനം സമരത്തിന്റെ വിജയവും. 1947 ആഗസ്‌ത് 14ന് അർധരാത്രി ത്രിവർണപതാക ഉയർത്തിയതുപോലുള്ള ഒരു സംഭവമായി അവർ ക്ഷേത്രശിലാസ്ഥാപനത്തെ മാറ്റുകയാണ്.
ഈ പ്രഖ്യാപനം നാം ഇതുവരെ നിലനിർത്തിപോന്ന മതനിരപേക്ഷതയ്‌ക്കും ജനാധിപത്യത്തിനും സാമൂഹ്യനീതിക്കുമെതിരായ വെല്ലുവിളിയാണ്. സർവോപരി ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾക്കും ഹിന്ദുരാഷ്ട്രസങ്കൽപ്പം അംഗീകരിക്കാത്ത എല്ലാവർക്കും എതിരായ വെല്ലുവിളിയാണ്. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് നടത്തിയ ക്ഷേത്രശിലാസ്ഥാപനത്തിനു ലഭിച്ച സ്വീകാര്യത തന്നെ ഹിന്ദുരാഷ്ട്രസങ്കൽപ്പത്തിന് എത്രമാത്രം ആഴത്തിൽ വേരൂന്നാൻ കഴിയുന്നു എന്നതിന്റെ തെളിവാണ്. ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ യഥാർഥസന്ദേശം നിലനിർത്തണമെങ്കിൽ സ്വതന്ത്ര ഇന്ത്യയുടെ ബഹുഭാഷ ബഹുസാംസ്കാരിക ബഹുമത സ്വഭാവം നിലനിർത്തേണ്ടത് ആവശ്യമാണ്. അവയ്ക്ക് ജനാധിപത്യത്തിന്റെ ഉള്ളടക്കം നൽകേണ്ടതും ആവശ്യമാണ്. ന്യൂനപക്ഷങ്ങൾ, നഗരങ്ങളിലും ഗ്രാമങ്ങളിലുമുള്ള ചൂഷിതവർഗങ്ങൾ, ദളിതരും ആദിവാസികളുമടക്കമുള്ള അധഃകൃതർ, സ്ത്രീകൾ എന്നിവരുടെ അവകാശപോരാട്ടങ്ങൾ ശക്തിപ്പെടുത്തലും ഇതിന്റെ പ്രധാനഘടകമാണ്. പുതു ഇന്ത്യയുടെ പിറവിയെ കുറിച്ചുള്ള ശാസ്ത്രീയവും ഫലപ്രദവുമായ ചർച്ചകളും പരിപാടികളും ഇതിന്റെ ഭാഗമാണ്. ബഹുസ്വരതയുടെ ഇന്ത്യയെ നിലനിർത്തിക്കൊണ്ട് മാത്രമാണ് നമുക്ക് ഹിന്ദുരാഷ്ട്രത്തിനെതിരെ പോരാടാൻ കഴിയുക. നാം ഇത് വരെ കാത്തുസൂക്ഷിച്ച സ്വാതന്ത്ര്യത്തിന്റെ ചൈതന്യം അപ്പോൾ മാത്രമാണ് നമുക്ക് നിലനിർത്താൻ കഴിയുക.
കെ എൻ ഗണേഷ്
No comments:
Post a Comment