കൊച്ചി> നയതന്ത്ര ചാനലിൽ സ്വർണം കടത്തിയ കേസിൽ യുഎഇ കോൺസുലേറ്റ് അധികൃതരെ ചോദ്യം ചെയ്യണമെന്ന് പ്രത്യേക കോടതിയിൽ എൻഐഎ പറഞ്ഞു. കള്ളക്കടത്തിന് പിന്നിൽ ഗൂഢാലോചനയുണ്ട്. ഇതിൽ കോൺസുലേറ്റ് അധികൃതരുടെയും വിദേശത്തുള്ള മറ്റ് പ്രതികളുടെയും പങ്ക് കണ്ടെത്താൻ കൂടുതൽ അന്വേഷണം ആവശ്യമാണ്–- കൊച്ചിയിലെ എൻഐഎ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞു.വിദേശത്തുള്ള പ്രതികളെ വിട്ടുകിട്ടാനുള്ള നടപടികളിൽ പുരോഗതി ഉണ്ടായിട്ടില്ലെന്നും റിപ്പോർട്ടിൽ സൂചനയുണ്ട്. ഫൈസൽ ഫരീദിനെയും റബിൻസിനെയും കിട്ടാൻ ജാമ്യമില്ലാ വാറന്റും ഇന്റർപോളിന്റെ ബ്ലൂ നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്.
പ്രധാന പ്രതികളായ സ്വപ്‌ന സുരേഷും പി എസ് സരിത്തും യുഎഇ കോൺസുലേറ്റിൽ തങ്ങൾക്കുള്ള സ്വാധീനം കള്ളക്കടത്തിന് പ്രയോജനപ്പെടുത്തി എന്നു മാത്രമാണ് ഇതുവരെ എൻഐഎ പറഞ്ഞിരുന്നത്. കള്ളക്കടത്തിൽ കോൺസുലേറ്റിലെ ഉന്നതർക്കു പങ്കുള്ളതായി പറഞ്ഞില്ല. കൂടുതൽ പ്രതികളെ ചോദ്യം ചെയ്‌തതോടെയാണ് കോൺസുലേറ്റിലെ ഉദ്യോഗസ്ഥരുടെ പങ്ക് വെളിപ്പെട്ടത്.
എൻഐഎ പറയുന്നു
അറസ്‌റ്റിലായ 17 പ്രതികളെ ചോദ്യം ചെയ്‌തതിൽനിന്ന് സ്വർണക്കടത്തിന്റെ അന്താരാഷ്‌ട്ര വ്യാപ്‌തി ബോധ്യപ്പെട്ടു. ഇടപാടിലെ പങ്കാളികളെകുറിച്ച് വെളിപ്പെടുത്തിയിട്ടുണ്ട്. അതിൽ രാജ്യത്തിനകത്തും പുറത്തുമുള്ള പ്രമുഖരുണ്ട്. പ്രതികൾ രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിലൂടെ പലപ്പോഴായി സ്വർണം കടത്തി. ഉന്നതർക്ക് പങ്കുള്ളതിനാൽ മാത്രമാണ് ഇത് സാധിച്ചത്. ഇക്കാര്യത്തിൽ യുഎഇ കോൺസുലേറ്റിന്റെയും ഇടപാടിൽ പങ്കാളികളായ മറ്റു പ്രമുഖരുടെയും പങ്ക് പുറത്തുകൊണ്ടുവരണം. കള്ളക്കടത്തിലൂടെ എത്തിച്ച സ്വർണം ഭീകരപ്രവർത്തനങ്ങൾക്ക് വിനിയോഗിച്ചിട്ടുണ്ടാകുമെന്നും എൻഐഎ ആവർത്തിച്ചു. ഫൈസൽ ഫരീദ്, റബിൻസ് എന്നിവർക്കുപുറമെ കേസിലെ 15ഉം 20ഉം പ്രതികളായി വിദേശത്തുള്ള രണ്ടുപേരെക്കൂടി ചേർത്തു. മലപ്പുറം സ്വദേശികളായ സിദ്ദിഖുൽ അക്‌ബർ, കുഞ്ഞാണി എന്ന അഹമ്മദ് കുട്ടി എന്നിവരാണിവർ.
കേന്ദ്ര നിലപാട് ദുരൂഹം
യുഎഇ കോൺസുലേറ്റ് ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യണമെന്ന് എൻഐഎ വ്യക്തമാക്കിയിട്ടും കേന്ദ്ര നിലപാട് ദുരൂഹമാണ്. കോൺസുലേറ്റ് ഉദ്യോഗസ്ഥരെയും ദുബായ് പൊലീസ് അറസ്‌റ്റ് ചെയ്‌ത പ്രതികളെയും ചോദ്യം ചെയ്യാനുള്ള അനുമതിക്കായി കേന്ദ്ര വിദേശ മന്ത്രാലയം നടപടി എടുത്തിട്ടില്ല. സ്വർണം കടത്തിയത് നയതന്ത്ര ബാഗേജ് അല്ലെന്ന് ആദ്യംമുതൽ വാദിച്ചയാളാണ് കേന്ദ്രമന്ത്രി വി മുരളീധരൻ. 21 തവണ നയതന്ത്ര മാർഗത്തിൽ സ്വർണം കടത്തിയിട്ടും അതുമായി ബന്ധപ്പെട്ട കസ്‌റ്റംസ് ഉദ്യോഗസ്ഥരെയും അന്വേഷണ പരിധിയിൽ കൊണ്ടുവന്നിട്ടില്ല. രാജ്യത്തെ മറ്റ് വിമാനത്താവളങ്ങൾ വഴി നടത്തിയ സ്വർണക്കടത്ത് അന്വേഷിക്കാനും കേന്ദ്രം നിർദേശിച്ചിട്ടില്ല.
No comments:
Post a Comment