ചാനൽ കാണാനുള്ള ലൈസൻസിന്റെ സൗജന്യ നിരക്ക‌് ഇല്ലാതാക്കാൻ ശ്രമിച്ചപ്പോൾ ഇംഗ്ലണ്ടിലെ 75 പിന്നിട്ടവരുടെ സമൂഹം ഒരു വാർത്താ ചാനലിനെതിരെ അടുത്തകാലത്ത‌് ബഹിഷ‌്കരണ സമരം നടത്തുകയുണ്ടായി. തങ്ങൾ പെൻഷൻകാരാണ‌്, അതുകൊണ്ട‌് നിരക്ക‌് കൂട്ടിയാൽ താങ്ങാനാവില്ല എന്നതായിരുന്നു അവരുടെ ന്യായം. ഒടുവിൽ ചാനൽ ആ ഉദ്യമത്തിൽനിന്ന‌് പിൻവാങ്ങി. പ്രായവും പക്വതയുമുള്ള ആ സമൂഹം ആവശ്യപ്പെട്ടത‌് ചാനൽ കാണാനുള്ള സൗകര്യം നിഷേധിക്കരുത‌് എന്നായിരുന്നു. അതായത‌് ആ ചാനലിന‌് അവരുടെ ഇടയിലുള്ള വിശ്വാസ്യതയാണ‌് അതിൽ നിഴലിച്ചത‌്. കേരളത്തിൽ വാർത്താ മാധ്യമങ്ങളുമായി ബന്ധപ്പെട്ട‌് ചർച്ച നടക്കുമ്പോൾ ഏറെ പ്രസക്തിയുള്ള സംഭവം. പ്രശ്നം വിശ്വാസ്യതയുടേതാണ്. നേരെ വിപരീത ദിശയിലുള്ള ചർച്ചയാണ‌് ഇവിടെ നടക്കുന്നത‌്. അതിലേക്കെത്തിച്ച സാഹചര്യം ഗൗരവമുളളതാണ്.
വിശ്വാസ്യതയുടെ പേരിൽ തങ്ങളുടെ രാഷ്‌ട്രീയ ലക്ഷ്യം ജനങ്ങളിൽ അടിച്ചേൽപ്പിക്കുന്നത‌് ഒഴിവാക്കാനാകില്ലെന്ന മട്ടിലുള്ളതാണ‌് ഇവിടത്തെ പ്രമുഖ ചാനലുകളുടെ നിലപാടും അവരുടെ പത്രാധിപ വിശദീകരണങ്ങളും. വസ്തുതകളുടെ അടിസ്ഥാനത്തിൽ വാർത്താ വിശകലനവും വിമർശനവും നടത്തി കൂടുതൽ ജനവിശ്വാസം നേടുന്നത് തന്നെയാണല്ലോ ഏതൊരു വാർത്താമാധ്യമത്തിന്റെയും വിജയം. എന്നാൽ, ഇവിടെ പല മുഖ്യധാരാ മാധ്യമങ്ങളും അത്തരത്തിലുള്ള വളർച്ചയേക്കാൾ ‘ലാഭം’ മറ്റെന്തിനോ കൽപ്പിക്കുന്നു.
പല ചാനലുകളും പത്രങ്ങളും പടച്ചുവിടുന്ന കള്ളങ്ങളെയും അർധസത്യങ്ങളെയും ഒരു പരിധിവരെ തുറന്നുകാണിക്കാൻ സോഷ്യൽമീഡിയ വഴി സാധിക്കുന്നുവെന്നതാണ‌് അത്. ഒരു പുതിയ മാധ്യമ സാമൂഹ്യ ഘടനയിലേക്ക‌് മലയാളി മാറുന്നതിന്റെ സൂചന കൂടിയായി അതിനെ കണക്കാക്കാം. നിങ്ങൾക്ക‌് ഭ്രാന്തൻ നായയെ എന്നപോലെ ഒരു നുണയെ കൂട്ടിൽനിന്ന‌് തുറന്നു വിടാം, പക്ഷേ, അത‌് ഓടാൻ തുടങ്ങുന്നതിനുമുമ്പേ പിടിച്ചുകെട്ടാൻ കഴിയുന്നുവെന്നതാണ‌് ആ മാറ്റത്തിന്റെ തലവാചകം.
അളവുകോൽ മാറുന്നു
പല മാധ്യമങ്ങൾക്കുമുള്ള കമ്യൂണിസ‌്റ്റ‌് വിരുദ്ധത സുവിദിതമാണല്ലോ. എന്നാൽ, അതിന്റെ രൂക്ഷത വലിയതോതിൽ വർധിച്ചിരിക്കുന്നു. അവരുടെ അളവുകോൽ മാറിയത‌് എന്നുമുതലാണ‌്? ഏറ്റവും ഒടുവിൽ അത‌്, മുഖ്യമന്ത്രി പിണറായി വിജയന്റെ കോവിഡ‌് വിശകലന വാർത്താസമ്മേളനങ്ങളുടെ ‘റീച്ച‌്’ അഥവാ വ്യാപനം വൻതോതിലായതോടെയാണ‌്. അത‌് പ്രളയകാലത്തെ കണക്കുകളെയും അതിശയിപ്പിക്കാൻ തുടങ്ങിയിരുന്നു. വൈകുന്നേരങ്ങളിൽ റേറ്റിങ്ങിന്റെ തലപ്പത്ത‌് വിരാജിച്ചിരുന്ന സീരിയലുകളും റിയാലിറ്റി ഷോകളുമടക്കം മൂക്കുകുത്തി വീണു. ലോകമലയാളി സമൂഹം മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം ശ്രദ്ധിച്ചു. ജനങ്ങൾക്ക‌് മുഖ്യമന്ത്രി പറയുന്നതിലുള്ള വിശ്വാസ്യത ഇത‌് വ്യക്തമാക്കി. ആ വിശ്വാസ്യതയ‌്ക്ക‌് പിന്നിൽ കഴിഞ്ഞ നാലു വർഷത്തെ ഭരണത്തിന്റെ മികവുണ്ട‌്. ഈ വാർത്താസമ്മേളനം വാണിജ്യപരമായി ഏറ്റവും ഗുണമുണ്ടാക്കിയ ഒന്നാമത്തെ ചാനൽ നടത്തിപ്പുകാരടക്കം ആശങ്കപ്പെട്ടത‌് ഈ ജനസഞ്ചയത്തെയാണ‌്. രോഗം പടരുമ്പോഴും ആക്രമണത്തിന്റെ മുന അവർ തിരിച്ചില്ല. ഇടയ്‌ക്ക‌് രോഗം കുറഞ്ഞുവന്നപ്പോഴും മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിന്റെ റേറ്റിങ് തെല്ലും കുറഞ്ഞുമില്ല.
ഇതിനിടയിൽ കുത്തിപ്പൊക്കിയ വിവാദങ്ങൾ ഓരോന്നായി ബലൂൺ പോലെ പൊട്ടി. പുതിയത് തേടി നടന്നു. ഈ ഘട്ടത്തിലാണ‌് സ്വർണക്കടത്ത‌് വീണുകിട്ടുന്നത‌്. മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക‌് തലങ്ങും വിലങ്ങും ക്യാമറകൾ തിരിച്ചുവച്ചു. പ്രതികളെ സിപിഐ എമ്മുകാരാക്കാൻ വ്യഗ്രതപ്പെട്ടു. എന്നാൽ, സ്വർണക്കടത്തിന്റെ സത്യസ്ഥിതി ഇവരാരും അന്വേഷിച്ചില്ല. പക്ഷേ, അക്കാര്യം ചാനൽ ചർച്ചകളിൽ സിപിഐ എം പ്രതിനിധികൾ വിശദമാക്കി. അതോടെ ചാനലുകൾക്ക‌് പൊള്ളാൻ തുടങ്ങി. അവർ അത‌് തടസ്സപ്പെടുത്തിയും സമയം കൊടുക്കാതെയും തടയാൻ ശ്രമിച്ചു.
മെഡിക്കൽ കോളേജ് ആശുപത്രിയെ കുറിച്ച‌് പച്ചക്കള്ളം പ്രചരിപ്പിച്ച ചാനൽ റിപ്പോർട്ടറുടെ പേരും ചിത്രവുംവച്ച‌് വിമർശന പരമ്പരകൾ പിറന്നു. ഇതൊക്കെ കേരള മാധ്യമ ചരിത്രത്തിലെ പുതിയ അധ്യായങ്ങളാണ്. അപ്പോഴിതാ, ഞങ്ങളെ സോഷ്യൽമീഡിയയിലിട്ട് ‘പെരുമാറുന്നു’ എന്നായി പരാതി. വ്യക്തിപരമായ അധിക്ഷേപത്തെ ആരും അംഗീകരിക്കുന്നില്ല, പ്രോത്സാഹിപ്പിക്കുന്നുമില്ല. പക്ഷേ, അതിന്റെ ചെലവിൽ മുൻപുണ്ടായ അധിക്ഷേപങ്ങളുടേയും നുണക്കഥകളുടേയും പെരുമ്പറയൊച്ചകൾ നിലയ്‌ക്കില്ലല്ലോ.മാധ്യമങ്ങൾ ഈ കാലാവസ്ഥ മനസ്സിലാക്കേണ്ടതല്ലേ? ബദലുകൾ ഉയരുന്നത് കാണണം. സോഷ്യൽ സെക്യൂരിറ്റി മിഷന്റെ എക്സിക്യൂട്ടീവ‌് ഡയറക്ടറായ ഡോ. മുഹമ്മദ‌് അഷീലിന്റെ വീഡിയോ വൈകാരിക തലത്തിൽ വലിയ ചർച്ചയായത് മറക്കാമോ.
തുടർന്ന‌് സ്വർണക്കടത്ത‌് ചർച്ച വന്നു. സംസ്ഥാന സർക്കാർ കൂട്ടുനിന്നുവെന്ന് ധ്വനിയുള്ള ചർച്ചാ ‘ടോപ്പിക്കു’കൾ, വാർത്താ തലക്കെട്ടുകൾ, പ്രതിയോടൊപ്പം പലരും നിൽക്കുന്ന ചിത്രങ്ങൾ എന്നിങ്ങനെ കാഴ‌്ചക്കാരിൽ മുൻകൂറായി ഒരു ‘വിധി’ അടിച്ചേൽപ്പിച്ചായിരുന്നു ‘വിധിയെഴുത്ത‌്.’ ഇതോടൊപ്പം ചർച്ചകളെ ഏകപക്ഷീയമാക്കി അവസാനിപ്പിക്കുന്ന തന്ത്രങ്ങളും. ഈ സത്യാനന്തര പെയ്ത്തുകളെയാണ‌് കേരളം തുറന്നു കാണിച്ചുകൊണ്ടിരിക്കുന്നത‌്. അത് മാധ്യമങ്ങൾക്കെതിരല്ല, വിമർശനത്തിനെതിരല്ല. മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം പിണറായി വിജയൻ, ചീഫ‌്മിനിസ‌്റ്റേഴ‌്സ‌് ഓഫീസ് തുടങ്ങി അക്കൗണ്ടുകളിലായി ലൈവായി കാണുന്നത‌് ലക്ഷങ്ങളാണ്. വാർത്താചാനലുകളുടെ പേജുകളിലെ ലൈവ് വേറെ. സിപിഐ എം പേജിലും ലൈവുണ്ട്. ഇതര സോഷ്യൽമീഡിയകൾ വഴിയും ഷെയർ ചെയ്‌ത് വീണ്ടും പതിനായിരങ്ങളിലേക്കെത്തുന്നു. വൈകിട്ട‌് ആറുമുതൽ ഏഴുവരെയുള്ള സമയത്ത‌് ചാനൽ റേറ്റിങ് 9.5 വരെ എത്തിയ ദിവസമുണ്ട‌്.
സത്യാവസ്ഥ വിശദമാക്കാൻ ചാനൽ അവതാരകർ സമയം നിഷേധിച്ചതിനെ തുടർന്ന‌് സിപിഐ എം പ്രതിനിധികൾ നടത്തിയ ലൈവ‌് വിശദീകരണങ്ങളും ലക്ഷങ്ങളിലേക്കെത്തി. പഴയ കണക്കുകളെല്ലാം അട്ടിമറിക്കപ്പെട്ടു. വാർത്താ ചാനലുകൾ പറയാത്ത പല വസ്തുതകളും ജനങ്ങളിലേക്കെത്തി. ‘നിങ്ങളെന്തിനാ ചർച്ചയ‌്ക്ക‌് പോകുന്നത‌് ? ’എന്ന ചോദ്യം താഴെതട്ടിൽ വ്യാപകമായി. ഒരു ചാനലിൽ ചർച്ചയ‌്ക്ക‌് പോകേണ്ട എന്ന നിലപാട‌് സിപിഐ എം സ്വീകരിച്ചപ്പോഴും അത് ശരിവയ‌്ക്കുന്ന പ്രതികരണമാണ‌് ബഹുഭൂരിപക്ഷം ജനങ്ങളിൽ നിന്നുമുണ്ടായത്.
‘ഇമേജു’കൾ വഴി ഒളിയുദ്ധം
കമ്യൂണിസ‌്റ്റ‌് വിരുദ്ധതയ്‌ക്ക് പേരുകേട്ട മലയാളത്തിലെ പ്രമുഖപത്രത്തിന്റെ ചാനലിന്റെ ന്യൂസ‌് ഡയറക്ടർ ചാനലുകൾ വാർത്തകളും ചർച്ചകളും പ്രതിഷ്‌ഠിക്കുന്നതിന്റെ പശ്ചാത്തലം വിശദമാക്കുന്നത് ശ്രദ്ധിക്കു: ‘ചാനലുകൾ വാർത്തയാക്കുന്നത‌് " ഇൻദ ലേറ്റസ്റ്റ് ദ ഗ്രേറ്റസ്റ്റ് ’ എന്ന തത്വത്തിന്റെ അടിസ്ഥാനത്തിൽ ആണ്.’ ഒടുവിൽ നടന്നതും താൽപ്പര്യം ജനിപ്പിക്കുന്നതു’മായ സംഭവങ്ങൾ ആണ് ചാനലുകളെ നയിക്കുന്നത് എന്ന്.
അപ്പോഴും വസ്തുതകളെ കുറിച്ചല്ല ‘തത്വം’ ! താൽപ്പര്യജനകമാക്കുന്ന സംഭവങ്ങൾ ഏതെന്ന് തീരുമാനിക്കുന്നത് സോഷ്യൽമീഡിയ ട്രെന്റ് നോക്കിയാണെന്നും ന്യൂസ‌് ഡയറക്ടർ വ്യക്തമാക്കുന്നു. ചെങ്ങന്നൂർ തെരഞ്ഞെടുപ്പ‌് ദിവസം കെവിൻ കൊലക്കേസ‌് ഈ പറഞ്ഞ ചാനലുകൾ കൈകാര്യം ചെയ്ത രീതി മാത്രം മതി ഈ തത്വവാദങ്ങളുടെ പുറംപൂച്ച് മനസ്സിലാകാൻ. അത്തരം അനവധി സന്ദർഭങ്ങൾ ചരിത്രത്താളുകളിൽ ഭദ്രമായുണ്ടുതാനും. ഇനി, ന്യൂസ‌് ഡയറക്ടർ തുടർന്നു പറയുന്നു; ‘‘ഒരു സംഭവമുണ്ടായാൽ ജനങ്ങൾ ഒരു വില്ലനെ തീരുമാനിക്കുന്നു. ആ വില്ലനെ ആര‌് ഏറ്റവും ശക്തമായി പ്രഹരിക്കുന്നുവോ ആ ചാനൽ കൂടുതൽ പേർ കാണും. ആ വില്ലൻ പിണറായിയാകാം, വി എസ‌് ആകാം.’’ ഒരു കാര്യം വിശദമാക്കാൻ പറയുന്ന ഉദാഹരണത്തിൽ പോലും തങ്ങളുടെ രാഷ‌്ട്രീയം ദുഷ്ടലാക്കോടെ പൊതിഞ്ഞിറക്കുന്നു. 1791 ൽ യൂറോപ്പിൽ അടിമകൾ നിർമിച്ച പഞ്ചസാര ബഹിഷ‌്കരിച്ച‌് ഒരു സമരം നടത്തുകയുണ്ടായി. അത‌് അടിമകളെ മോചിപ്പിക്കുന്നതിനായിരുന്നു. ബഹിഷ്കരണത്തിലും ആവിഷ്‌കാരത്തിന്റെ വലിയ സാധ്യതകളുണ്ടെന്ന് തെളിയിച്ച ഗാന്ധിജിയെ കൂടി ഈ ഘട്ടത്തിൽ ഓർക്കാം.
ദിനേശ് വർമ
No comments:
Post a Comment