രാജ്യത്തെ പിന്നാക്കാവസ്ഥയുള്ള 43 ശതമാനം ജനങ്ങള്‍ക്കും ഉന്നതവിദ്യാഭ്യാസം അപ്രാപ്യമാക്കുന്നതാണ് ഇപ്പോള്‍ കേന്ദ്രം കൊണ്ടുവന്നിരിക്കുന്ന ദേശീയവിദ്യാഭ്യാസനയമെന്ന് കേരള ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ പ്രൊഫ: രാജന്‍ ഗുരുക്കള്‍ പറഞ്ഞു. ജാതീയവും സാമ്പത്തികവും സാമൂഹികവുമായ എല്ലാത്തരം പിന്നാക്കാവസ്ഥയും അസമത്വവും ഊട്ടിയുറപ്പിക്കുന്ന ഈ നയം ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി.
പത്തൊന്‍പതാമത് എന്‍. നരേന്ദ്രന്‍ സ്മാരകപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 'പുതിയ ദേശീയവിദ്യാഭ്യാസനയം: കാണാപ്പുറങ്ങള്‍' എന്നതായിരുന്നു വിഷയം. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു പ്രഭാഷണം.
പുതിയ നയത്തിലൂടെ അക്കാദമിക രംഗത്തടക്കം കേന്ദ്രം പിടിമുറുക്കുകയാണ്. പതിനഞ്ചുവര്‍ഷത്തിനകം രാജ്യത്തെ വിദ്യാഭ്യാസരംഗത്ത് സ്വയംഭരണസ്ഥാപനങ്ങളും സ്വാശ്രയസ്ഥാപനങ്ങളും മാത്രം ആകുന്ന സാഹചര്യമാണ് ഉണ്ടാകാന്‍ പോകുന്നത്. ഫീസ് നിശ്ചയിക്കാനുള്ള അധികാരംകൂടി വേണമെന്ന അവരുടെ നിര്‍ബ്ബന്ധവും അംഗീകരിക്കപ്പെടും. അതോടെ അപകടം പൂര്‍ണ്ണമാകും.
സമൂഹത്തില്‍ വിമര്‍ശനാവബോധവും സര്‍ഗ്ഗാത്മകതയും സൃഷ്ടിക്കുന്ന ഹ്യൂമാനിറ്റീസ്, സോഷ്യല്‍ സയന്‍സുകള്‍, ലിബറല്‍ ആര്‍ട്‌സ് തുടങ്ങിയ വിഷയങ്ങള്‍ വിര്‍ച്വല്‍ ആയി മാറുകയും പരിഗണന കുറയുകയും ചെയ്യും. അതോടെ കുട്ടികള്‍ വെറും യന്ത്രമനുഷ്യരായി മാറും.
ലോകത്തു വികസിച്ചുവരുന്ന വൈജ്ഞാനിക സമ്പദ്വ്യവസ്ഥയ്ക്കു വേണ്ട ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, സൂക്ഷ്മജീവിപഠനം, ജനറ്റിക്‌സ്, നാനോ ടെക്‌നോളജി, ഡി.എന്‍.എ. ബാര്‍ കോഡിങ്, ജീന്‍ എഡിറ്റിങ്, എന്‍.എം.ആര്‍. സ്‌പെക്ട്രം തുടങ്ങിയ വിഷയങ്ങളില്‍ കോര്‍പ്പറേറ്റുകള്‍ക്കുവേണ്ടി ഗവേഷണം നടത്താന്‍ വേണ്ട സമര്‍ത്ഥരെ കുറഞ്ഞ വേതനത്തില്‍ ലഭ്യമാകുന്ന സാഹചര്യം സൃഷ്ടിക്കുകയാണു ലക്ഷ്യം. വലിയ പ്രൊജക്റ്റുകളുടെ ചെറിയ അംശങ്ങള്‍ ശമ്പളക്കാരായ ഇവരെക്കൊണ്ടു വികസിപ്പിച്ചെടുത്ത് അവ സമന്വയിപ്പിച്ചു പേറ്റന്റ് സ്വന്തമാക്കി കോടികള്‍ കൊയ്യാനുള്ള പദ്ധതിയാണു ലോകമെങ്ങും നടക്കുന്നത്. അതിന്റെ ഭാഗമാണിത്.
ഉള്‍നാടുകളിലും പലതരം പിന്നാക്കാവസ്ഥയിലുമുള്ള കുട്ടികളെ ഇത്തരം പല ആധുനികവിഷയങ്ങളും പഠിപ്പിക്കുന്നതു ക്ലേശകരമാണ്. അങ്ങനെയുള്ളവരെ പകരം അവര്‍ക്ക് എളുപ്പം മനസിലാക്കാവുന്ന തൊഴിലുകള്‍ പഠിപ്പിക്കാനാണു നയം ലക്ഷ്യമിടുന്നത്. ആറാം തരം മുതല്‍ തൊഴില്‍ പരിചയം നിര്‍ദ്ദേശിച്ചിരിക്കുന്നു. പത്താം ക്ലാസോടെ പലരും പഠനം മതിയാക്കും. പിന്നെയും മുന്നോട്ടുപോകുന്നവര്‍ക്കും 12-ല്‍ അവസാനിപ്പിക്കേണ്ടിവരും. ഉന്നതവിദ്യാഭ്യാസത്തിനു പ്രത്യേക ടെസ്റ്റ് ഏര്‍പ്പെടുത്തുകയാണ്.
ലോകവ്യാപാരസംഘടനയും നാണയനിധിയുമൊക്കെ ദശാബ്ദങ്ങള്‍ക്കുമുമ്പേ കരാറുകള്‍ അടിച്ചേല്‍പിച്ചും മറ്റും ലോകത്തു നടപ്പാക്കിത്തുടങ്ങിയ അതേ നയങ്ങള്‍തന്നെയാണ് പുതിയരൂപത്തില്‍ കൊണ്ടുവന്നിരിക്കുന്നതെന്നു രാജന്‍ ഗുരുക്കള്‍ ചൂണ്ടിക്കാട്ടി. ഇവ ഇന്‍ഡ്യയില്‍ പൂര്‍ണ്ണതോതില്‍ നടപ്പാക്കാനുള്ള ശ്രമങ്ങള്‍ പല കാരണങ്ങളാല്‍ പരാജയപ്പെടുകയായിരുന്നു. ഇപ്പോള്‍ ഭരണഘടനാവഴികള്‍ മറികടന്ന് അവ നടപ്പാക്കാനാണു കേന്ദ്രം ഒരുങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.
നിര്‍ഭയവും വസ്തുനിഷ്ഠവുമായ മാദ്ധ്യമപ്രവര്‍ത്തനത്തിലൂടെ കുറഞ്ഞ കാലംകൊണ്ട് ആദരം നേടി അകാലത്തില്‍ പൊലിഞ്ഞ പത്രപ്രവര്‍ത്തകന്‍ എന്‍. നരേന്ദ്രന്റെ സ്മരണയ്ക്കായി കൂട്ടുകാരാണു പ്രഭാഷണം സംഘടിപ്പിച്ചത്. താന്‍ പ്രവര്‍ത്തിച്ച ദേശാഭിമാനി, ഇന്‍ഡ്യന്‍ എക്‌സ്പ്രസ് പത്രങ്ങളിലും സമകാലികമലയാളം വാരികയിലുമടക്കം പ്രൗഢമായ ലേഖനങ്ങളും റിപ്പോര്‍ട്ടുകളും രാഷ്ട്രീയവിശകലനങ്ങളും എഴുതിയ നരേന്ദ്രന്‍ തുറന്നുകാട്ടിയ പല അഴിമതികളും സംസ്ഥാനത്തു കോളിളക്കം സൃഷ്ടിച്ചിരുന്നു.
No comments:
Post a Comment