എത്ര കൗശലത്തോടെയാണ് വിമാനത്താവള സ്വകാര്യവൽക്കരണത്തിന്റെ അടിസ്ഥാന പ്രശ്നങ്ങളിൽനിന്ന് പ്രതിപക്ഷവും മാധ്യമങ്ങളും വിഷയം അദാനിക്ക് അനുകൂലമായി വഴിതിരിച്ചുവിടുന്നത്? വിമാനത്താവളം പൊതുമേഖലയിൽത്തന്നെ വേണമെന്ന ശക്തമായ ജനവികാരത്തിനൊപ്പമാണ് തങ്ങളെന്ന് വരുത്തുകയും യഥാർഥത്തിൽ അദാനിക്കായി അഭിപ്രായ രൂപീകരണം നടത്തുകയുമാണ് ഇരുകൂട്ടരും ചെയ്യുന്നത്. ഒരു ദിവസം സ്വകാര്യവൽക്കരണത്തെ എതിർത്ത് ഗംഭീര മുഖപ്രസംഗം. തൊട്ടടുത്ത ദിവസം സ്വകാര്യവൽക്കരണത്തെ അനുകൂലിക്കുന്നതിനായി പേജുകൾ നിറയ്ക്കുക. ഇതുപോലുള്ള ഇരട്ടത്താപ്പാണ് മാധ്യമങ്ങൾ പൊതുവിൽ പുലർത്തുന്നത്. പ്രതിപക്ഷത്തിന്റെ ചാഞ്ചാട്ടവും വ്യക്തമാണ്.
ടെൻഡറിൽ പങ്കെടുത്ത കേരള സർക്കാരിന് നിയമോപദേശം നൽകിയസ്ഥാപനത്തെ മുൻനിർത്തി സംശയം സൃഷ്ടിക്കാൻ ശ്രമിക്കുന്നതിന്റെ ലക്ഷ്യവും സ്വകാര്യവൽക്കരണം സുഗമമാക്കലാണ്. ആ നിയമ സ്ഥാപനം ഇന്ത്യയിലെ ഏറ്റവും മുൻനിരയിലുള്ളതാണെന്ന കാര്യത്തിൽ ആർക്കും സംശയമില്ല. അതിന്റെ 130 പാർട്ണർമാരിൽ ഒരാളുടെ മകൾക്ക് അദാനി കുടുംബവുമായുള്ള വിവാഹബന്ധത്തിന്റെ പേരിലാണ് പുകമറയുണ്ടാക്കാൻ ശ്രമിച്ചത്. രാജ്യത്തെ മുൻനിര നിയമ സ്ഥാപനത്തിന് സ്വന്തം പ്രൊഫഷണൽവിശ്വാസ്യത എത്ര പ്രധാനമാണെന്നതോ, എത്ര തുകയ്‌ക്കാണ് ക്വോട്ട് ചെയ്യുന്നത് എന്ന കാര്യം നിയമ സ്ഥാപനത്തിന്റെ അറിവിലോ പരിഗണനയിലോ വരേണ്ട വിഷയമല്ലെന്നതോ മനസ്സിലാകാതെയല്ല ആ വഴിക്കൊരു വിഫലശ്രമം നടത്തിനോക്കിയത്. എൽഡിഎഫ് സർക്കാരിന് അദാനിയെ സഹായിക്കണമായിരുന്നെങ്കിൽ ഇടപെടാതിരിക്കുകയും ഔപചാരിക പ്രതിഷേധത്തിൽമാത്രമൊതുക്കുകയും ചെയ്യാമായിരുന്നല്ലോ. അദാനിക്കുവേണ്ടി എല്ലാം കേന്ദ്രംതന്നെ ചെയ്യുന്നുണ്ടല്ലോ.
കൊച്ചി, കണ്ണൂർ വിമാനത്താവളങ്ങളിൽ സ്വകാര്യ പങ്കാളിത്തമില്ലേ? പിന്നെന്താ തിരുവനന്തപുരം അദാനിക്ക് നൽകിയാൽ എന്നൊരു ചോദ്യം ചിലർ ഉയർത്തുന്നു. കൊച്ചിയും കണ്ണൂരും സ്വകാര്യ പങ്കാളിത്തമുണ്ടെങ്കിലും സംസ്ഥാന സർക്കാരിന് ശക്തമായ നിയന്ത്രണവും പങ്കുമുള്ളവയാണ്. അവ രണ്ടും കേന്ദ്രം പണം മുടക്കാൻ തയ്യാറാകാത്തതുകൊണ്ടാണ് സംസ്ഥാനം സ്വകാര്യ പങ്കാളിത്തത്തോടെ സ്ഥാപിച്ചത്. തുടങ്ങിയതുതന്നെ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയാണെന്നർഥം. എന്നാൽ, തിരുവനന്തപുരം പൂർണമായും പൊതുമേഖലയിലുള്ളതും 170 കോടി വാർഷികലാഭമുള്ളതുമായ രാജ്യത്തിന്റെ ആസ്തിയാണ്. അത് അദാനിക്ക് കൊടുക്കുന്നത് പൊതു സ്വത്ത് അടിയറവയ്‌ക്കലാണ്.
അദാനിക്കായുള്ള കള്ളക്കളികൾ
യുപിഎ– --ബിജെപി സർക്കാരുകൾ ഒരുപോലെ പിന്തുടർന്ന നയമാണ് രാജ്യത്തെ വിമാനത്താവളങ്ങൾ സ്വകാര്യവൽക്കരിക്കുക എന്നത്. തിരുവനന്തപുരത്തിനൊപ്പം അഹമ്മദാബാദ്, ജയ്‌പുർ, മംഗളൂരു, ഗുവഹാത്തി, ലഖ്നൗ എന്നിവയുൾപ്പെടെ ആറെണ്ണം ഒരുമിച്ചാണ് സ്വകാര്യവൽക്കരിച്ചത്. ഇവയെല്ലാം അദാനിക്ക് കിട്ടിയത് എങ്ങനെയാണ്? ആരാണ് അതിന് ഒത്തുകളിച്ചത്? ഒരു കമ്പനിക്ക് രണ്ട് വിമാനത്താവളത്തിൽ കൂടുതൽ നൽകരുത്, വിമാനത്താവള നടത്തിപ്പിൽ മുൻപരിചയം ഉള്ളവർക്കേ ടെൻഡറിൽ പങ്കെടുക്കാവൂ എന്നീ മാനദണ്ഡങ്ങൾ നിതി ആയോഗ് മുന്നോട്ടുവച്ചിരുന്നില്ലേ? കേന്ദ്രം ആ മാനദണ്ഡങ്ങൾ ഉപേക്ഷിച്ചത് അദാനിയെ സഹായിക്കാനായിരുന്നു എന്ന് വ്യക്തമല്ലേ?
വിമാനത്താവള നടത്തിപ്പിൽ മുൻപരിചയം ഉണ്ടാകണമെന്ന നിതി ആയോഗ് വ്യവസ്ഥ കേന്ദ്രം വെട്ടിയില്ലായിരുന്നെങ്കിൽ അദാനിക്കു പകരം കേരള സർക്കാരിന് തിരുവനന്തപുരത്തിന്റെ ഉടമസ്ഥത കിട്ടുമായിരുന്നു. കാരണം കൊച്ചി, കണ്ണൂർ വിമാനത്താവള നടത്തിപ്പിലൂടെ കേരളത്തിന് മുൻപരിചയമുള്ളപ്പോൾ അദാനി ഈ രംഗത്ത് അതില്ലാത്തവരാണ്. അതുകൊണ്ടുതന്നെയാണ് നിതി ആയോഗിന്റെ ഈ വ്യവസ്ഥ കേന്ദ്രം ഒഴിവാക്കിയത്. തിരുവനന്തപുരം സ്വകാര്യവൽക്കരിക്കാനുള്ള പട്ടികയിൽ ഉൾപ്പെട്ടപ്പോൾത്തന്നെ കേരള സർക്കാർ തങ്ങൾക്ക് വിട്ടുതരണമെന്ന് രേഖാമൂലം അറിയിച്ചിരുന്നു. പ്രധാനമന്ത്രിതലത്തിൽത്തന്നെ ഇടപെട്ടിരുന്നു. വിമാനത്താവളത്തിനായി കാലാകാലങ്ങളിൽ സൗജന്യമായി ഭൂമി ഏറ്റെടുത്ത് നൽകിയതടക്കമുള്ള സംസ്ഥാന സർക്കാരിന്റെ നിർണായക സംഭാവനകൾ ചൂണ്ടിക്കാട്ടിയാണ് കേരളം ഏറ്റെടുക്കാനുള്ള അവകാശം ഉന്നയിച്ചത്. എന്നാൽ, കേരളത്തിനും ടെൻഡറിൽ പങ്കെടുക്കാമെന്നാണ് കേന്ദ്രം നിർദേശിച്ചത്.
ഏതുവിധേനയും സ്വകാര്യവൽക്കരണം തടയുക എന്ന ലക്ഷ്യത്തോടെയാണ് കേരളം ടെൻഡറിൽ പങ്കെടുത്തത്. കള്ളക്കളികൾക്കെല്ലാംശേഷവും അദാനി ഗ്രൂപ്പ് ക്വോട്ട് ചെയ്ത അത്രയും തുക കേരളവും നൽകാൻ തയ്യാറാണെന്ന് മുഖ്യമന്ത്രി രേഖാമൂലം കേന്ദ്ര സർക്കാരിനെ അറിയിച്ചതുമാണ്. എന്നാൽ, അദാനിക്കുതന്നെ കൈമാറണമെന്ന നിർബന്ധബുദ്ധിയായിരുന്നു മോഡി സർക്കാരിന്. കേരളത്തിന് കൈമാറാൻമാത്രമേ കേസ് തടസ്സമാകൂ എന്നാണോ? അദാനിക്ക് കൈമാറാൻ തടസ്സമാകില്ലേ? കേന്ദ്ര സർക്കാർ എങ്ങനെ പാർലമെന്റിനെയും ജനങ്ങളെയും വഞ്ചിച്ചു എന്നാണ് ഇത് കാണിക്കുന്നത്.
കോൺഗ്രസ് സ്വീകരിച്ച നിലപാടോ? തിരുവനന്തപുരത്തിനൊപ്പം സ്വകാര്യവൽക്കരിച്ച മംഗളൂരു, ജയ്‌പുർ വിമാനത്താവളങ്ങൾ പൊതുമേഖലയിൽ നിലനിർത്താൻ സിദ്ധരാമയ്യയുടെയും അശോക് ഗെലോട്ടിന്റെയും നേതൃത്വത്തിലുള്ള കർണാടകത്തിലെയും രാജസ്ഥാനിലെയും സർക്കാരുകൾ അനങ്ങിയില്ലല്ലോ. കേരള സർക്കാർ ചെയ്തതുപോലെ അവ ഏറ്റെടുക്കാൻ അവർ എന്തേ മുന്നോട്ടു വന്നില്ല? ഇവിടെ സ്വകാര്യവൽക്കരണത്തിനെതിരായി ഇടതുപക്ഷം സ്വീകരിച്ച ഉറച്ച നിലപാടുകൊണ്ട് കോൺഗ്രസ് ഗത്യന്തരമില്ലാതെ അതിനൊപ്പം നിൽക്കാൻ നിർബന്ധിതമായതാണ്.
പാർലിമെന്ററി സമിതി കണ്ടെത്തിയത്
വിമാനത്താവളങ്ങളടക്കം പൊതുമേഖലയുടെ സ്വകാര്യവൽക്കരണം രാജ്യതാൽപ്പര്യത്തിനെതിരാണെന്ന ദൃഢനിലപാടിലൂന്നിയാണ് ഇടതുപക്ഷം എന്നും അതിനെ എതിർത്തുവന്നിട്ടുള്ളത്. ഇത് ശരിവയ്ക്കുന്നതാണ് പാർലിമെന്ററി സ്റ്റാൻഡിങ് കമ്മിറ്റിമുതൽ സിഎജിവരെ ഇതു സംബന്ധിച്ച് അംഗീകരിച്ച റിപ്പോർട്ടുകളും ഇതുവരെയുള്ള അനുഭവങ്ങളും. വിമാനത്താവള സ്വകാര്യവൽക്കരണത്തെക്കുറിച്ച് പരിശോധിച്ച പാർലിമെന്ററി സ്ഥിരംസമിതി 2013ൽ ഏകകണ്‌ഠമായി അംഗീകരിച്ച 203 നമ്പർ റിപ്പോർട്ടിലെ കണ്ടെത്തലുകൾക്കും ശുപാർശകൾക്കുമെതിരായാണ് കോൺഗ്രസ്-–- ബിജെപി സർക്കാരുകൾ തുടരുന്ന നയം. ഈ സ്ഥിരം സമിതിയുടെ ചെയർമാൻ സീതാറാം യെച്ചൂരിയായിരുന്നെങ്കിൽ അംഗങ്ങളിൽ ഒരാൾ ഇപ്പോഴത്തെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥായിരുന്നു. താൻ കൂടി അംഗീകരിച്ച ഏകകണ്ഠമായ റിപ്പോർട്ടിനെതിരെ തന്റെ സംസ്ഥാന തലസ്ഥാനമായ ലഖ്നൗവിലെ വിമാനത്താവളംകൂടി ഇക്കൂട്ടത്തിൽ സ്വകാര്യവൽക്കരിക്കുമ്പോൾ ആദിത്യനാഥിന് മിണ്ടാട്ടമില്ലാത്തത് എന്തുകൊണ്ട്?
അഴിമതിയും കൊള്ളയും
ഡൽഹി വിമാനത്താവളത്തിന്റെ സ്വകാര്യവൽക്കരണം എങ്ങനെ വൻ അഴിമതിക്ക് കളമൊരുക്കി എന്ന ഞെട്ടിക്കുന്ന കണ്ടെത്തൽ സിഎജിയുടെ റിപ്പോർട്ടിലും കാണാം. (സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ പ്രവർത്തനം പരിശോധിക്കുന്ന റിപ്പോർട്ട് നമ്പർ 5, 2013). സ്വകാര്യ കമ്പനിക്ക് ഡൽഹി വിമാനത്താവളത്തിന്റെ ഭൂമി 60 വർഷത്തേക്ക് പാട്ടത്തിന് കൊടുക്കുന്നതിലൂടെ 1.63 ലക്ഷം കോടി രൂപ ലാഭം തങ്ങൾക്ക് ഉണ്ടാകുമെന്ന സ്വകാര്യ കമ്പനിയുടെതന്നെ കണക്ക് സിഎജി ചൂണ്ടിക്കാണിക്കുന്നു! ഇത്രയും ലാഭം സ്വകാര്യകമ്പനിക്ക് ഭൂമിയുടെ വാണിജ്യ ഇടപാടിലൂടെ ഉറപ്പാക്കുന്ന കരാറിൽ എത്ര വലിയ അഴിമതി നടന്നിട്ടുണ്ടാകും? (അത് 60 വർഷമാണെങ്കിൽ ഇവിടെ അദാനിക്ക് 50 വർഷത്തിനാണ് )
മാത്രമല്ല, വിമാനത്താവളത്തിന്റെ ഉടമസ്ഥത കൈവന്നതോടെ സ്വകാര്യ കമ്പനി ടെൻഡറിൽ ഇല്ലാതിരുന്ന യൂസർ ഡെവലപ്മെന്റ് ഫീസ് യാത്രക്കാരിൽനിന്ന് പിരിച്ചുതുടങ്ങി. റെഗുലേറ്ററി അതോറിറ്റി എയർപോർട്ട് സേവന നിരക്കുകളിൽ 346 ശതമാനം വർധന സ്വകാര്യ കമ്പനിക്ക് അനുവദിക്കുകയും ചെയ്തു. ടെൻഡർ വ്യവസ്ഥകളിലില്ലാത്തതും ചട്ടവിരുദ്ധവുമായ ഈ ചാർജുകൾ ഈടാക്കുന്നതിനെതിരെ സുപ്രീംകോടതിയിൽ കേസ് വന്നു. സ്വകാര്യ കമ്പനി ഈടാക്കുന്ന ചാർജുകൾക്ക് ചട്ടങ്ങളുടെ പിൻബലമില്ലെന്നും അത് നിയമവിരുദ്ധവും തുടക്കംമുതൽ അസാധുവുമാണെന്ന് സുപ്രീംകോടതി വിധിച്ചു. ഡൽഹിയിൽനിന്ന് പിരിച്ച 1481 കോടി രൂപ ഉൾപ്പെടെ അനധികൃതമായി കൊള്ളയടിച്ച പണം മുഴുവൻ ഈ സ്വകാര്യ കമ്പനികളിൽനിന്ന് തിരിച്ചുപിടിക്കണമെന്ന ആവശ്യമുയർന്നു. എന്താണ് കേന്ദ്ര സർക്കാർ ചെയ്തതെന്നോ. പാർലമെന്റിൽ സ്വകാര്യകമ്പനിക്ക് യൂസർ ഫീ പിരിക്കാമെന്ന ചട്ടമുണ്ടാക്കി ആ കൊള്ളയ്‌ക്ക് നിയമസാധുത ഉണ്ടാക്കിക്കൊടുത്തു! ഇതിൽ കോൺഗ്രസും ബിജെപിയും ഒറ്റക്കെട്ടായിരുന്നു. ഇടതുപക്ഷംമാത്രമാണ് കൊള്ളയെ എതിർത്തത് എന്നർഥം.
കെടുകാര്യസ്ഥത
സ്വകാര്യവൽക്കരണം യാത്രക്കാരെ ചൂഷണം ചെയ്യുന്നതിനും അഴിമതിക്കും വഴിയൊരുക്കുന്നുവെന്നു മാത്രമല്ല കൊട്ടിഘാഷിക്കുന്ന കാര്യക്ഷമത സൃഷ്ടിക്കുന്നുമില്ല. സംസ്ഥാന സർക്കാർ നിയന്ത്രണത്തിലുള്ള കൊച്ചി വിമാനത്താവളത്തിന് വിമാനത്താവളങ്ങളിലെ സേവനമികവിനുള്ള എയർപോർട്ട് കൗൺസിൽ ഇന്റർനാഷണലിന്റെ പുരസ്കാരം ഉൾപ്പെടെ അനേകം അന്താരാഷ്ട്ര അംഗീകാരങ്ങൾ നേടിയത് കാര്യക്ഷമതയ്‌ക്കും യാത്രക്കാർക്ക് അന്താരാഷ്ട്രനിലവാരമുള്ള സേവനങ്ങൾ നൽകാനായതിനും തെളിവാണ്. കൊച്ചിയും തിരുവനന്തപുരവുമൊക്കെ ലാഭത്തിൽ പ്രവർത്തിക്കുകയും ചെയ്യുന്നു. എന്നാൽ, സ്വകാര്യവൽക്കരിച്ച ഡൽഹി, മുംബൈ എന്നിവ പലപ്പോഴും നഷ്ടത്തിലായിരുന്നു. മുംബൈ 2017ൽ 289 കോടിയും ഡൽഹി 2019ൽ 135 കോടിയുംവരെ നഷ്ടംവരുത്തി. ലാഭമുണ്ടാക്കിയ വർഷങ്ങളിലാകട്ടെ അത് തുച്ഛവുമായിരുന്നു. ഇതിന്റെ ഫലമായി അന്താരാഷ്ട്ര റേറ്റിങ് ഏജൻസിയായ ക്രിസിൽ ഈ രണ്ട് വിമാനത്താവളങ്ങളുടെയും റേറ്റിങ് നെഗറ്റീവാക്കി. കൊട്ടിഘോഷിക്കുന്ന കാര്യക്ഷമതയുടെ സ്ഥിതിയാണിത്. അപ്പോഴാണ് തിരുവനന്തപുരത്തിന് ചിറകുവിരിക്കാൻ അദാനി വരണമെന്ന സ്വാഗതഗാനവുമായി ചില മാധ്യമങ്ങൾ രംഗത്തുവരുന്നത് എന്നോർക്കണം.
പൊതു സ്വത്തിന്റെ സ്വകാര്യവൽക്കരണം രാജ്യത്തിന്റെയും ജനങ്ങളുടെയും താൽപ്പര്യങ്ങൾക്കെതിരായ കോർപറേറ്റ് കൊള്ളമാത്രമാണെന്ന ഇടതുപക്ഷ നിലപാട് അനുഭവങ്ങളും പഠനങ്ങളും ശരിവയ്‌ക്കുന്നു. ബിഎംഎസിനുപോലും ഇത് അംഗീകരിക്കേണ്ടി വരുന്നു. തിരുവനന്തപുരം അടക്കമുള്ള ആറ് വിമാനത്താവളത്തിന്റെ സ്വകാര്യവൽക്കരണത്തിനെതിരായി ജൂൺ 10ന് നടന്ന പണിമുടക്കിൽ അവർക്കും അണിനിരക്കേണ്ടി വന്നു. എല്ലാ പൊതു ആസ്തികളുടെയും സ്വകാര്യവൽക്കരണത്തിനെതിരായ ഇടതുപക്ഷത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാടിന്റെ ഭാഗമാണ് കേരളത്തിലെ എൽഡിഎഫ് സർക്കാർ, ലാഭത്തിലുള്ള തിരുവനന്തപുരം വിമാനത്താവളം പൊതുമേഖലയിൽ നിലനിർത്താൻ നടത്തുന്ന പോരാട്ടം.
*
എം ബി രാജേഷ്
No comments:
Post a Comment