അതിരാവിലെ എരിവും പുളിയും ചേർത്ത് സർക്കാർ വിരുദ്ധ ‘ഫെയ്‌സ്ബുക് പോസ്‌റ്റ്’. മണിക്കൂറുകൾക്കുള്ളിൽ അതിനെ ആസ്‌പദമാക്കി ചാനലുകളിൽ ബ്രേക്കിങ്. മിനിറ്റുകൾക്കുള്ളിൽ വാട്സാപ്പുകളിലേക്ക് നുണകളുടെ ഒഴുക്ക്. മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിനിടെ വാട്സാപ് സന്ദേശങ്ങളായി ചില പ്രത്യേക മാധ്യമപ്രവർത്തകർക്ക് ചോദ്യങ്ങളും ഉപചോദ്യങ്ങളും. അവർക്ക് ചോദ്യങ്ങൾ ചോദിക്കുകയേ വേണ്ടു. ബാക്കിയെല്ലാം പിആർ ഏജൻസിയുടെ ചുമതലയാണ്.
ഒരു കേന്ദ്രത്തിലിരുന്ന് ഒരേ വാർത്തകൾ പലർക്കും കൈമാറിയിരുന്ന രീതി പഴയ കഥയാണ്. ഇപ്പോൾ പ്രൊഫഷണൽ മികവോടെയുള്ള വാർത്ത ചമയ്‌ക്കലും കൈമാറ്റവുമാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നിയന്ത്രണത്തിലുള്ള ഒരു ഓൺലൈൻ ഗ്രൂപ്പാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത്. ലക്ഷക്കണക്കിന് രൂപയാണ് ഇതിനായി ചെലവിടുന്നത്. നഗരഹൃദയത്തിൽ കൂറ്റൻ കെട്ടിടം വാടകയ്‌ക്ക് എടുത്തിട്ടുണ്ട്. മാധ്യമങ്ങളിൽനിന്ന് വിരമിച്ചവരും രാജിവച്ചവരുമായ വലിയ സംഘത്തെ വൻതുക പ്രതിഫലം നൽകി ഈ ഉപജാപക സംഘത്തിൽ കണ്ണിയാക്കിയിട്ടുണ്ട്.
കോടതികളിൽ അന്വേഷണ ഏജൻസി നടത്തുന്ന വെളിപ്പെടുത്തൽ പോലും ഈ സംഘം ഞൊടിയിടയ്‌ക്കുള്ളിൽ സർക്കാരിനെതിരെ തിരിച്ചുവിടും. കോടതി കാര്യ ലേഖകൻ യഥാർഥ വസ്‌തുതയിലേക്ക് പ്രവേശിച്ചാൽ ഉടൻ ചാനൽ മേലാളന്മാർ മുന്നറിയിപ്പ് നൽകും. ബ്രേക്കിങ് പുറത്തുവരുന്ന മുറയ്‌ക്ക് തന്നെ അവലോകനത്തിനും ചർച്ചയ്‌ക്കുമുള്ള സ്‌ക്രിപ്റ്റ് തയ്യാറായിരിക്കും. കഴിഞ്ഞ ദിവസം സ്വപ്‌ന സുരേഷിന്റെ ജാമ്യാപേക്ഷയെ എതിർത്ത് എൻഐഎയുടെ അഭിഭാഷകൻ കോടതിയിൽ നടത്തിയ വെളിപ്പെടുത്തൽ പോലും തിരുവനന്തപുരത്തെ പിആർ കേന്ദ്രത്തിലാണ് വളച്ചൊടിച്ചത്. മുഖ്യമന്ത്രിയെ അറിയാമെന്ന് സ്വപ്‌ന അന്വേഷണ സംഘത്തോട് പറഞ്ഞിട്ടുണ്ടെന്ന് എൻഐഎ കോടതിയിൽ പറഞ്ഞത് മുഖ്യമന്ത്രിയുമായി അടുപ്പം എന്ന് വ്യാഖ്യാനിച്ചു. എൻഐഎ യഥാർഥത്തിൽ പറഞ്ഞത് ചില മാധ്യമങ്ങൾ കൊടുത്തില്ല. സ്വർണക്കടത്തിൽ എം ശിവശങ്കറിന് ബന്ധമില്ലെന്ന എൻഐഎയുടെ കണ്ടെത്തലും അവഗണിച്ചു.
പ്രതിപക്ഷ നേതാവിന് പുറമെ ചില ബിജെപി നേതാക്കളുടെ പിആർ ജോലിയും ഈ സംഘത്തെ ഏൽപ്പിച്ചിട്ടുണ്ട്. വാർത്താസമ്മേളനത്തിനുള്ള കുറിപ്പ് ചില നേതാക്കൾക്ക് തയ്യാറാക്കി നൽകുന്നതും ഈ ഗ്രൂപ്പാണ്.
No comments:
Post a Comment