ആശ്രിതനിയമനം മൂന്നിലൊന്ന് കുറഞ്ഞു ; യുഡിഎഫ് 1968; എൽഡിഎഫ് 646 ; ലക്‌ചറർ തസ്തികയിൽ നിയമിച്ചത് 1006 പേരെ
നിയമങ്ങളും ചട്ടങ്ങളും ലംഘിച്ച് എൽഡിഎഫ് സർക്കാർ ആശ്രിത നിയമനം നടത്തുന്നെന്ന ആരോപണങ്ങൾക്ക് കണക്കുകൾ നിരത്തി ധനമന്ത്രി തോമസ് ഐസകിന്റെ മറുപടി. സെക്രട്ടറിയറ്റിലെ കംപാഷനേറ്റ് നിയമന സെല്ലിലെ രേഖപ്രകാരം യുഡിഎഫ് ഭരണകാലത്ത് ആശ്രിതനിയമനം നൽകിയത് 1968 പേർക്ക്. എൽഡിഎഫ് ഭരണത്തിനുകീഴിൽ കഴിഞ്ഞ ജൂലൈവരെ 646 പേർക്കും. യുഡിഎഫ് കാലത്തുനടന്ന ആശ്രിത നിയമനങ്ങളുടെ മൂന്നിലൊന്നുപോലുമില്ലിത്.
വകുപ്പിൽ ഒരു വർഷം ഉണ്ടാകുന്ന ആകെ ഒഴിവുകളിൽ അഞ്ചു ശതമാനമേ ആശ്രിത നിയമനത്തിനായി മാറ്റിവയ്ക്കാവൂ. 2010 മുതൽ 2018 വരെ പഞ്ചായത്ത് വകുപ്പിൽ ആകെ വന്ന ഒഴിവുകളുടെ എണ്ണം 5098 ആണ്. ഇതിൽ ആശ്രിത നിയമനത്തിനായി മാറ്റിവയ്ക്കേണ്ട ഒഴിവുകളുടെ എണ്ണം 256 ഉം. ഇതിൽ 217 ഒഴിവിലാണ് നിയമനം നടത്തിയത്. ബാക്കിയുള്ള 39 ഒഴിവ് കംപാഷനേറ്റ് സെല്ലിലേക്ക് റിപ്പോർട്ട് ചെയ്തു. എന്നാൽ, യുഡിഎഫ് കാലത്ത് ഇങ്ങനെ ഒഴിവുള്ളവയിൽ സൂപ്പർ ന്യൂമററി തസ്തികകൾ സൃഷ്ടിച്ച് നിയമനം നടത്തുകയായിരുന്നു. ഇത് പാടില്ലെന്ന് ഹൈക്കോടതി വിധിയുണ്ട്. യുദ്ധമുഖത്ത് മരണപ്പെടുന്ന ധീര ജവാന്മാരുടെ അനന്തരാവകാശികളെയും സ്പോർട്സ് താരങ്ങളെയും നിയമിക്കാൻ മാത്രമാണ് എൽഡിഎഫ് സൂപ്പർ ന്യൂമററി തസ്തികകൾ സൃഷ്ടിച്ചത്.
കാലാവധി തീരുന്ന റാങ്ക് ലിസ്റ്റിലുള്ളവരെ സഹായിക്കാൻ ആശ്രിത നിയമനത്തിൽ ഒഴിവ് വന്നവകൂടി സർക്കാർ പിഎസ്‌സിക്ക് റിപ്പോർട്ടു ചെയ്തു. ഓഫീസ് അറ്റൻഡന്റുമാരുടെ ഒഴിവുകളുടെ കാര്യത്തിലും എൽഡിഎഫ് സമാനമായാണ് ഇടപെട്ടത്. ആകെ 1280 ഒഴിവാണ് 2010 മുതൽ 2018വരെ ഉണ്ടായത്. അതിൽ ആശ്രിത നിയമനത്തിന് നീക്കിവയ്ക്കേണ്ടത് 69 എണ്ണം. എന്നാൽ, 14 ഒഴിവിൽ നിയമനം നടന്നു. 55 ഒഴിവ് റിപ്പോർട്ട് ചെയ്‌തു. ഇങ്ങനെ 94 ഒഴിവാണ് പഞ്ചായത്ത് വകുപ്പിൽനിന്ന് കംപാഷനേറ്റ് എംപ്ലോയ്മെന്റ് സെല്ലിലേക്ക് ഈ സർക്കാർ റിപ്പോർട്ട് ചെയ്തത്.
ലക്‌ചറർ തസ്തികയിൽ നിയമിച്ചത് 1006 പേരെ
കഴിഞ്ഞ നാലുവർഷത്തിനിടെ കോളേജ് വിദ്യാഭ്യാസവകുപ്പിൽ ലക്‌ചറർ തസ്തികയിൽ പിഎസ്‌സി നിയമന ശുപാർശ അയച്ചത് 1006 പേർക്ക്. വിവിധ വിഷയങ്ങളിൽ 77 റാങ്ക്‌ലിസ്‌റ്റിൽനിന്നാണ് നിയമനം. യുഡിഎഫ് സർക്കാരിന്റെ കാലത്ത് അഞ്ചുവർഷം നിയമനശുപാർശ നൽകിയത് 897പേർക്കുമാത്രം.
ജൂൺ 15ന് കാലാവധി അവസാനിച്ച് ഇംഗ്ലീഷ് ലക്ചറർ റാങ്ക്‌ലിസ്‌റ്റിൽനിന്ന് 187 പേർക്ക് നിയമനം നൽകി. നാലര വർഷത്തിനിടെ വിവിധ റാങ്ക് ലിസ്‌റ്റുകളിൽനിന്നായി കൊമേഴ്‌സിൽ 112 പേർക്കാണ് നിയമനം നൽകിയത്. ഫിസിക്‌സിൽ 79 പേർക്കും കെമിസ്‌ട്രിയിൽ 65 പേർക്കും ബോട്ടണിക്ക് 25 പേർക്കും സുവോളജിയിൽ 23 പേർക്കും ലക്‌ചറായി ജോലി ലഭിച്ചു. മലയാളത്തിന് 44ഉം ഹിന്ദിക്ക് 26ഉം ലക്‌ചർമാരെ നിയമിച്ചപ്പോൾ ഫിസിക്കൽ എഡ്യൂക്കേഷനിൽ 29 പേർക്കും നിയമനശുപാർശ അയച്ചു.
No comments:
Post a Comment