Saturday, August 29, 2020

മാഹി ബൈപ്പാസ്‌; സംസ്ഥാനത്തിന് പ്രവൃത്തി നടത്താനുള്ള യാതൊരു ചുമതലയുമില്ല; പ്രതിപക്ഷ നേതാവിന്‌ അത്‌ അറിയാഞ്ഞിട്ടല്ല: മുഖ്യമന്ത്രി

 തിരുവനന്തപുരം > മാഹി ബൈപ്പാസിലെ പാലം തകർന്നതിൽ സർക്കാരിന് പങ്കുണ്ടെന്ന പ്രതിപക്ഷനേതാവിൻ്റെ പ്രസ്‌താവന നേരത്തെ പറഞ്ഞ അദ്ദേഹത്തിൻ്റെ പ്രത്യേകത കൊണ്ട് പറയുന്നതാണെന്ന്‌ മുഖ്യമന്ത്രി. പഞ്ചവടിപ്പാലത്തിൻ്റെ കാര്യം അദ്ദേഹം പരാമർശിച്ചതായി കണ്ടു. അതൊക്കെ ഓർക്കുന്നത് നല്ലതാണ്. ആ ബൈപ്പാസിൻ്റെ നിർമ്മാണപ്രവർത്തനം ഉദ്ഘാടനം ചെയ്‌തത് മുഖ്യമന്ത്രിയാണെന്ന പ്രചാരണം ഒരു വഴിക്ക് നടക്കുന്നുണ്ട്.


കേരളത്തിലെ ദേശീയപാതാ വികസനത്തിൻ്റെ ഭാഗമായാണ് മാഹി ബൈപ്പാസ് നിർമ്മിക്കുന്നത്. അതിനായി കേരളത്തിൽ ആവശ്യമായ ഇടപെടൽ നടത്തി യഥാർത്ഥ്യമാക്കുക എന്നത് സംസ്ഥാന സർക്കാരിൻ്റെ പ്രാഥമികമായ ഉത്തരവാദിത്തമാണ്, അതിനാണ് സർക്കാർ ശ്രമിച്ചത്. അപ്പോഴാണ് ഭൂമിയേറ്റെടുക്കാനുള്ള പണത്തിൻ്റെ ഒരു ഭാഗം സംസ്ഥാനം വഹിക്കണം എന്ന് കേന്ദ്രം ആവശ്യപ്പെട്ടത്. അതിനു നാം തയ്യാറായി. ഒരു ഭാഗം നമ്മൾ കൊടുത്തു എന്നു വച്ചാൽ പദ്ധതിയാകെ നാം നടത്തുന്നുവെന്നല്ല.

ആ ഭൂമി കലക്‌ടർമാർ വഴി ഏറ്റെടുക്കുക എന്നതാണ് സംസ്ഥാനത്തിൻ്റെ ചുമതല. ആ ജോലി യുഡിഎഫ് സർക്കാർ ചെയ്യാത്തത് കൊണ്ടാണ് കേരളത്തിൽ ദേശീയപാതാവികസനം തീരെ നടക്കാതെ പോയത്. എന്നാൽ എൽഡിഎഫ് സർക്കാർ വന്നപ്പോൾ കേന്ദ്രവുമായി നിരന്തരം ചർച്ചനടത്തുകയും കേന്ദ്രമന്ത്രിയെ കാണുകയും ചെയ്‌തു. ഭൂമിവില വളരെ കൂടുതാലണെന്നും അതിനാൽ പകുതി തരണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. അതിൻമേൽ ചർച്ച നടത്തിയാണ്. 21 ശതമാനം ചിലവ് കേരളം ഏറ്റെടുക്കാം എന്ന് സമ്മതിച്ചത്. യുഡിഎഫ് ഒന്നും ചെയ്യാതിരുന്ന ഒരു കാര്യം സർക്കാർ ഏറ്റെടുത്ത് നടപ്പാക്കുകയാണ്. അതു സംസ്ഥാനത്തിൻ്റെ അഭിമാനപദ്ധതിയാണ്.

എന്നാൽ പദ്ധതിയുടെ നടത്തിപ്പ് സംസ്ഥാനത്തിനാണ് എന്ന് അർത്ഥമില്ല. സംസ്ഥാനത്തിന് പ്രവൃത്തി നടത്താനുള്ള യാതൊരു ചുമതലയുമില്ല. ഭൂമിയെടുപ്പിൽ സംസ്ഥാനം സഹകരിച്ചില്ലെങ്കിൽ ആ പദ്ധതി നടക്കില്ലായിരുന്നു. ഭൂമിയേറ്റെടുക്കല്ലിൽ കുടുങ്ങിയ പദ്ധതിയാണ് സംസ്ഥാനം ഇടപെട്ട് യഥാർത്ഥ്യമാക്കിയത്. ഇതിനായി എസ്റ്റിമേറ്റ് തയ്യാറാക്കിയതും ഡിപിആർ ഒരുക്കിയതും മേൽനോട്ടം വഹിക്കുന്നതും അളവെടുക്കുന്നതും കരാറുകാരന് പണം നൽകുന്നതും എല്ലാം കേന്ദ്രത്തിന്‍റെ ദേശീയപാതാ അതോറിറ്റിയാണ്. സംസ്ഥാന സർക്കാരിനോ പൊതുമാരമത്ത് വകുപ്പിനോ അവിടെ റോളില്ല.

നിര്‍മ്മാണോദ്ഘാടനം നിർവഹിച്ചത് കേന്ദ്രമന്ത്രിയാണ്. മുഖ്യമന്ത്രിയും കേന്ദ്രസഹമന്ത്രിയും ആ ചടങ്ങിൽ പങ്കെടുത്തു. ഇതൊന്നും അറിയാത്ത ആളല്ല പ്രതിപക്ഷനേതാവ്. അദ്ദേഹം ഒന്നിലേറെ തവണ മന്ത്രിയായിരുന്നു. എന്തോ ഒരു വിഭ്രാന്തിയിൽ അദ്ദേഹം എന്തൊക്കെയോ പറയുകയാണ്. എന്നാൽ ആളുകൾ ശ്രദ്ധിക്കുന്ന ഒരു കാര്യമുണ്ട്. കേന്ദ്രത്തെയോ ബിജെപിയേയോ പറയേണ്ടി വരുമ്പോൾ അദ്ദേഹം മൃദുവായി സംസാരിക്കുന്നുണ്ട്. പലതും വിഴുങ്ങുന്നുണ്ട്.

കോണഗ്രസിൽ ഇപ്പോൾ നടക്കുന്ന പ്രധാന ചർച്ച ബിജെപിയോട് ആര് മൃദു സമീപനം സ്വീകരിക്കുന്നു എന്ന കാര്യത്തിലാണ്. നാം കാണേണ്ട ഒരു കാര്യമുണ്ട്. ഇത്തരം കാര്യങ്ങള്‍ സംസ്ഥാനത്തിന് ഇടപെട്ട് തീർക്കാൻ സാധിക്കുമായിരുന്നുവെങ്കിൽ കുതിരാൻ തുരങ്കവും ആലപ്പുഴ ബൈപ്പാസും എന്നോ തീർത്ത് ഉദ്ഘാടനം ചെയ്തേനെ. കൊല്ലം ബൈപ്പാസ് ഉദ്ഘാടനം നടത്തിയ കഥ മറന്നു പോയോ. ദേശീയപാത എന്താണെന്ന സാമാന്യ ധാരണ ഇല്ലാഞ്ഞിട്ടല്ല ഇങ്ങനെ പറയുന്നത്. ഒന്നേ പറയുന്നുള്ളു, പലവട്ടം പറഞ്ഞതാണ് സ്വന്തം ശീലം വച്ച് മറ്റുള്ളവരെ അളക്കരുത് - മുഖ്യമന്ത്രി പറഞ്ഞു.

ജിഎസ്‌ടി നഷ്‌ടപരിഹാരം പൂർണമായും കിട്ടിയേ തീരൂ; വേർതിരിവ് അംഗീകരിക്കാനാവില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം > ജിഎസ്‍ടി കോംപൻസേഷനിൽ നമ്മുടെ സംസ്ഥാനം നേരത്തെ നിലപാട് വ്യക്തമാക്കിയതാണെന്നും നഷ്‌ടപരിഹാരം പൂർണമായും കിട്ടിയേ തീരൂ എന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതിന്‌ വായ്‌പ എടുക്കാനുള്ള ചുമതല സംസ്ഥാനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കരുത്. അതിന് മൂന്ന് കാരണം ചൂണ്ടിക്കാണിക്കുന്നു. സംസ്ഥാനങ്ങൾക്ക് എടുക്കുന്ന വായ്‌പ‌യ്ക്ക് കേന്ദ്രസർക്കാരിനേക്കാൾ 1.5-2 ശതമാനം പലിശ നൽകേണ്ടി വരും. രണ്ടാമത്തെ കാരണം കേന്ദ്രസർക്കാർ വായ്‌പാ പരിധി എത്ര ഉയർത്തും എന്നത് അനിശ്ചിതമാണ്. ഓരോ സംസ്ഥാനത്തിനുമുള്ള നഷ്‌ട‌പരിഹാരത്തിൽ വലിയ ഏറ്റക്കുറച്ചിലുണ്ട്. ഓരോ സംസ്ഥാനത്തിനും അനുവദിക്കുന്ന ധനക്കമ്മി പരിധിയിലെ ഇളവ് വ്യത്യസ്‌തമാണ്.

2020-21 റവന്യൂകമ്മി 3 ലക്ഷം കോടിയായിരിക്കും എന്നാണ് കണക്ക്. എന്നാൽ ജിഎസ്‌ടി സെസിൽ നിന്നും 70000 കോടി മാത്രമേ പിരിഞ്ഞു കിട്ടു. ബാക്കി തുക എവിടെ നിന്നും കിട്ടും. ബാക്കിയുള്ള 2.30 ലക്ഷം കോടി ജിഎസ്‌ടി ഇടിവിലെ നഷ്‌ട‌മാണ്. ജിഎസ്‌ടി നഷ്‌ടം വഹിക്കുന്നതിലെ വേർതിരിവ് അംഗീകരിക്കാനാവില്ല. ഈ നഷ്‌ടം കേന്ദ്രം വായ്‌പ എടുത്ത് നികത്തണം. ജിഎസ്‌ടി കൗണ്‍സിലില്‍ ഈ നിലപാട് സ്വീകരിച്ച സംസ്ഥാനങ്ങളുടെ ധനമന്ത്രിമാരുടെ യോഗം കേരളം മുൻകയ്യെടുത്ത് നടത്തുന്നുണ്ട് - മുഖ്യമന്ത്രി.

ബിജെപി ഇത്ര പെട്ടെന്ന്‌ ജനം ടിവിയെ തള്ളിപ്പറഞ്ഞത് കടന്നകൈയായി പോയി: മുഖ്യമന്ത്രി

തിരുവനന്തപുരം > സ്വര്‍ണ്ണക്കടത്ത് കേസ് പ്രതിയായ സ്വപ്‌ന സുരേഷുമായി ജനം ടിവിയിലെ കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ അനില്‍ നമ്പ്യാര്‍ക്ക് ബന്ധമുണ്ടെന്ന് വെളിപ്പെട്ടതോടെ ബിജെപി നേതാക്കള്‍ ചാനലിനെ തള്ളിക്കളഞ്ഞ സംഭവത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.

അന്വേഷണം അതിന്റേതായ വഴിയ്ക്ക് നീങ്ങട്ടെയെന്നും ശരിയായ ദിശയിലാണ് അന്വേഷണം പുരോഗമിക്കുന്നത് എന്ന് നേരത്തെ തന്നെ പറഞ്ഞതാണെന്നും അദ്ദേഹം വ്യക്തമാക്കി. ‘അതിന്റെ ഭാഗമായി മറ്റൊരു ചിത്രം വരച്ചുകാട്ടാന്‍ ശ്രമിച്ചപ്പോഴാണ് അന്വേഷണം കൂടുതലായി നടക്കട്ടെ, അപ്പോള്‍ ആരുടേ നെഞ്ചിടിപ്പ് കൂടുമെന്ന് നോക്കാമെന്ന് പറഞ്ഞത്’

അന്വേഷണം നടക്കട്ടെ. പക്ഷെ അപ്പോഴേക്ക് തന്നെ ജനം ടി.വിയെ പോലൊരു ചാനലിനെ തന്നെ തള്ളിപ്പറയുന്ന നില എന്തുകാണ്ടാണ് സ്വീകരിച്ചത് എന്ന് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ‘അതൊരു കടന്നകൈയായി പോയി. നാടിന്റെ മുന്നില്‍ അങ്ങനെ സംസാരിച്ചവര്‍ പരിഹാസ്യരാകുന്ന നിലയാണല്ലോ ഉണ്ടാകുന്നത്. എല്ലാവര്‍ക്കും അറിയാല്ലോ വസ്‌തുത’, മുഖ്യമന്ത്രി പറഞ്ഞു.

നേരത്തെ ജനം ടിവിയുമായി ബിജെപിയ്ക്ക് ബന്ധമില്ലെന്നായിരുന്നു സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞിരുന്നത്. മാധ്യമപ്രവര്‍ത്തകന്‍ അനില്‍ നമ്പ്യാരുമായി അടുത്ത സൗഹൃദമുണ്ടായിരുന്നതായി സ്വപ്‌ന സുരേഷ് മൊഴി നല്‍കിയതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

വ്യാഴാഴ്‌ച സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അനില്‍ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്‌തിരുന്നു. കേസില്‍ പ്രതിയായ സ്വപ്ന സുരേഷുമായുള്ള ബന്ധം വെളിപ്പെട്ടതിന് പിന്നാലെ ജനം ടി.വിയില്‍ നിന്ന് മാറിനില്‍ക്കുകയാണെന്ന് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ അനില്‍ നമ്പ്യാര്‍ അറിയിച്ചിരുന്നു.

No comments:

Post a Comment