മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ്
നിര്‍മാണത്തിലിരിക്കെ തകര്‍ന്ന മാഹി ബൈപാസ് പാലം പഞ്ചവടിപ്പാലം പോലെയായെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞതായി കണ്ടു. പഞ്ചവടി പാലത്തിന്‍റെ കാര്യം ഇടയ്ക്കു ഓര്‍മിക്കുന്നത് നല്ലതാണ്. അതിനെ വേണമെങ്കില്‍ പാലാരിവട്ടം പാലം എന്നും വിളിക്കാം. ഇവിടെ അദ്ദേഹം ഒരു കാര്യം കൂടി പറഞ്ഞു. കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഇതില്‍ ഉത്തരവാദിത്തമുണ്ട്; നേട്ടത്തില്‍ അഭിമാനിക്കുന്നവര്‍ പരാജയവും ഏറ്റെടുക്കണം എന്ന്. അത് ഒറ്റപ്പെട്ട ഒരു തോന്നലല്ല. ആ ബൈപാസ് നിര്‍മാണം ഉദ്ഘാടനം ചെയ്തതു മുഖ്യമന്ത്രിയാണെന്നുള്ള പ്രചാരണം മറ്റൊരു വഴിക്കു നടക്കുന്നുണ്ട്.
കേരളത്തില്‍ നടക്കേണ്ട അഭിമാനപദ്ധതി തന്നെയാണ് എന്‍എച്ച് 66ന്‍റെ നാലുവരിപ്പാത വികസനം. അതിനു കേന്ദ്രത്തില്‍ ആവശ്യമായ ഇടപെടല്‍ നടത്തി യാഥാര്‍ത്ഥ്യമാക്കുകയെന്നതാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ടതും ചെയ്യുന്നതും. ഭൂമിയെടുപ്പിനുള്ള പണം നല്‍കുന്നത് കേന്ദ്ര സര്‍ക്കാരാണെങ്കിലും, അതിനു ജില്ലാ കലക്ടര്‍മാര്‍ വഴി സംസ്ഥാനം സഹായം നല്‍കണം. ആ സഹായം യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്തു ചെയ്യാത്തതു കൊണ്ടാണ് കേരളത്തില്‍ എന്‍എച്ച് 66 വികസനം നടക്കാതെ പോയത്. എന്നാല്‍, എല്‍ഡിഎഫ് സര്‍ക്കാര്‍ കേന്ദവുമായി ചര്‍ച്ച നടത്തി, ഭൂമിയുടെ വിലയുടെ 25 ശതമാനം സംസ്ഥാനം നല്‍കണമെന്ന വ്യവസ്ഥ അംഗീകരിച്ചതു കൊണ്ടാണ് ഇത് യാഥാര്‍ത്ഥ്യമായത്. യുഡിഎഫ് കാലത്ത് നടക്കാതിരുന്നത് ഇപ്പോള്‍ നടപ്പാക്കി. അതുകൊണ്ടാണ് ഈ വികസനം സംസ്ഥാനത്തിന്‍റെ അഭിമാന പദ്ധതിയാകുന്നത്.
അതിനര്‍ത്ഥം പദ്ധതി നടത്തിപ്പ് സംസ്ഥാനമാണെന്നല്ല. സംസ്ഥാനത്തിന് പ്രവൃത്തി നടത്താനുള്ള ചുമതലയുമില്ല. ഭൂമിയെടുപ്പില്‍ സംസ്ഥാനം സഹകരിച്ചില്ലെങ്കില്‍ ആ പദ്ധതി നടക്കില്ലായിരുന്നു. ഭൂമി ഏറ്റെടുക്കല്‍ എന്ന ഒറ്റ പ്രശ്നത്തില്‍ കുരുങ്ങി അനിശ്ചിത്വത്തിലായ പദ്ധതിയാണ് സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ട് യാഥാര്‍ത്ഥ്യത്തിലേക്ക് എത്തിച്ചത്.
ഇതിലെ ഓരോ പ്രവൃത്തിയുടേയും ഡിപിആര്‍ (എസ്റ്റിമേറ്റ്) തയ്യാറാക്കുന്നതും ടെണ്ടര്‍ ചെയ്യുന്നതും കരാറുകാരെ നിശ്ചയിച്ചു കരാര്‍ വെക്കുന്നതും പ്രവൃത്തിയുടെ നിര്‍വ്വഹണം നടത്തുന്നതും മേല്‍നോട്ടം വഹിക്കുന്നതും ഗുണനിലവാരം പരിശോധിക്കുന്നതും അളവെടുക്കുന്നതും കരാറുകാരനു പണം നല്‍കുന്നതും കേന്ദ്ര സര്‍ക്കാരിന്‍റെ ദേശീയപാതാ അതോറിറ്റിയാണ്. സംസ്ഥാന സര്‍ക്കാര്‍ എഞ്ചിനീയര്‍മാര്‍ക്കോ സര്‍ക്കാരിനോ ഒരു ചുമതലയും ഇല്ല. ഇതിന്‍റെ നിര്‍മാണ ഉദ്ഘാടനം നിര്‍വ്വഹിച്ചത് കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരിയാണ്. അധ്യക്ഷന്‍ മുഖ്യമന്ത്രിയും. കേന്ദ്ര സഹമന്ത്രി വി മുരളീധരനും പങ്കെടുത്തിരുന്നു.
സംസ്ഥാനത്തു ഒന്നിലേറെ തവണ മന്ത്രിയായിരുന്ന ഇപ്പോഴത്തെ പ്രതിപക്ഷ നേതാവിന് അതൊന്നും അറിയാത്തതാണോ? എന്തേ കേന്ദ്ര ബിജെപി സര്‍ക്കാരിനെതിരെ പറയാന്‍ മുട്ടുവിറയ്ക്കുന്നു? ഇല്ലാത്ത ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനു മേല്‍ ചാര്‍ത്തുന്നു? ബിജെപിയോട് മൃദുസമീപനം സ്വീകരിക്കുന്നത് ആരൊക്കെ എന്നതാണല്ലോ കോണ്‍ഗ്രസില്‍ ഇപ്പോള്‍ ദേശീയ തലത്തില്‍ നടക്കുന്ന ചര്‍ച്ച. അതില്‍ രമേശ് ചെന്നിത്തലയുടെ പക്ഷം ഏതാണ് എന്ന് ഉറപ്പിക്കുന്നതല്ലേ ഈ സമീപനം?
കേരളത്തിന് സ്വന്തമായി ഇടപെട്ടു തീര്‍ക്കാന്‍ കഴിയുമായിരുന്നുവെങ്കില്‍ കുതിരാന്‍ തുരങ്കം എപ്പോഴേ യാഥാര്‍ഥ്യമാകുമായിരുന്നു എന്നത് കൂടി ഓര്‍ക്കണം. ആലപ്പുഴ ബൈപാസ് ഉദ്ഘാടനം ചെയ്യാന്‍ തടസ്സം ഒരു റെയില്‍വേ മേല്‍പ്പാലമായിരുന്നു എന്നത് ആ ജില്ലക്കാരനായ പ്രതിപക്ഷ നേതാവിന് അറിഞ്ഞുകൂടേ? കൊല്ലം ബൈപാസ് ഉദ്ഘാടനം നടത്തിയ കഥ മറന്നുപോയോ? നിങ്ങള്‍ക്ക് ബിജെപിയെ പേടിയുണ്ടാകാം. അതിനു എല്‍ഡിഎഫ് സര്‍ക്കാരിന് മേല്‍ കുതിര കയറരുത്. ദേശീയപാത എന്താണെന്നുള്ള സാമാന്യ ജ്ഞാനം എങ്കിലും ആര്‍ജിക്കാന്‍ ശ്രമിക്കണം. ആവര്‍ത്തിച്ചു പറയട്ടെ സ്വന്തം ശീലം വെച്ച് മറ്റുള്ളവരെ അളക്കരുത്.
പിണറായി വിജയൻ
മുഖ്യമന്ത്രി
No comments:
Post a Comment