സബ്‌സിഡി ഇല്ലാതാക്കുക എന്ന പ്രഖ്യാപിതലക്ഷ്യത്തോടെ രാജ്യത്തെ ഖാദിവസ്‌ത്ര ഉൽപ്പാദന യൂണിറ്റുകളെ സ്വകാര്യവൽക്കരിക്കാനുള്ള പദ്ധതിയുമായി കേന്ദ്രസർക്കാർ മുന്നോട്ട്. തൊഴിലാളികളുടെ വേതനം നിശ്‌ചയിക്കുന്നതുമുതൽ തുണിത്തരങ്ങളുടെ ഉൽപ്പാദനവും വിപണനവുംവരെ സ്വകാര്യ നിയന്ത്രണത്തിലാക്കുന്ന റോസ്‌ഗാർ യുക്ത ഗാവോൺ എന്ന പദ്ധതിയാണ് നടപ്പാക്കുന്നത്. യൂണിറ്റുകൾ ഏറ്റെടുത്തുനടത്താൻ സ്വകാര്യ സംരംഭകരെ ക്ഷണിച്ച് കേന്ദ്ര ചെറുകിട, ഇടത്തരം, സൂക്ഷ്‌മ വ്യവസായമന്ത്രാലയത്തിന്റെ പരസ്യം ഞായറാഴ്‌ച മാധ്യമങ്ങളിൽ വന്നു. ഖാദിവസ്‌ത്ര വ്യവസായത്തിലെ സർക്കാർ സബ്‌സിഡികൾ അവസാനിപ്പിക്കലാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് സംരംഭകർക്കുള്ള താൽപ്പര്യപത്രത്തിൽ വ്യക്തമാക്കുന്നു. സർക്കാർ സൗകര്യമൊരുക്കുന്ന ഏജൻസിമാത്രമാകും. ആദ്യഘട്ടമായി രാജ്യത്തെ 50 യൂണിറ്റുകൾ സ്വകാര്യവൽക്കരിക്കും. പതിനായിരം ചർക്കകളും രണ്ടായിരം തറികളും ഇതിൽ ഉൾപ്പെടും. രാജ്യത്താകെ 15 ലക്ഷത്തോളം ഖാദിത്തൊഴിലാളികളാണുള്ളത്. കേരളത്തിൽ ഖാദി നൂൽനൂൽപ്പിലും നെയ്‌ത്തിലുമായി 13,500 പേർ തൊഴിലെടുക്കുന്നു.
ഖാദി ബിസിനസ് പാർട്‌ണർ എന്ന പേരിലാണ് സ്വകാര്യ സംരംഭകരെ അനുവദിക്കുന്നത്. തൊഴിലാളികളുടെ വേതനം നിശ്‌ചയിക്കാനും ഏതുതരം വസ്‌ത്രം ഉൽപ്പാദിപ്പിക്കണമെന്ന് തീരുമാനിക്കാനും ആഭ്യന്തര, വിദേശ വിപണികൾ കൈകാര്യം ചെയ്യാനുമുള്ള അവകാശവും സ്വകാര്യ ഉടമയ്‌ക്കാണ്. വാർഷിക അറ്റാദായത്തിലെ 75 ശതമാനം ഉടമയ്‌ക്കും 25 ശതമാനം തൊഴിലാളികൾക്കുമാണെന്നാണ് വ്യവസ്ഥ. സ്വകാര്യ ഉടമസ്ഥതയിലാകുന്നതോടെ ഖാദിവസ്‌ത്രങ്ങൾക്കുള്ള സംസ്ഥാന സർക്കാർ സബ്‌സിഡിയും നഷ്‌ടമായേക്കും. നിലവിൽ വർഷത്തിൽ 108 ദിവസത്തെ വിൽപ്പനയ്‌ക്ക് 20 ശതമാനം സംസ്ഥാന സബ്‌സിഡിയുണ്ട്. ഈവർഷം 15 കോടിയാണ് ഈയിനത്തിൽ സംസ്ഥാന സർക്കാർ നൽകിയത്. 10 ശതമാനംമാത്രമാണ് കേന്ദ്ര സബ്‌സിഡി. ഉൽപ്പാദനച്ചെലവ് കൂടുതലായതിനാലാണ് ഖാദിക്ക് മറ്റു തുണിത്തരങ്ങളേക്കാൾ വിലയുള്ളത്.
അതുകൊണ്ടുതന്നെ സബ്‌സിഡിയുള്ള ഉത്സവകാലങ്ങളിലാണ് കൂടുതൽ വിൽപ്പന. സബ്‌സിഡി ഒഴിവാക്കുന്നതോടെ വില ഉയരാനും വിൽപ്പന ഇടിയാനുമുള്ള സാധ്യതയേറും. തൊഴിലാളികൾക്ക് ഇപ്പോൾത്തന്നെ ഏറ്റവും കുറഞ്ഞ വേതനമാണുള്ളത്. ന്യായമായ വേതനം നൽകണമെന്നുമാത്രമാണ് പുതിയ പദ്ധതിയിൽ വ്യവസ്ഥയുള്ളത്. സ്വകാര്യ ഉടമയ്‌ക്കുകീഴിൽ വേതനം ഇനിയും കുറഞ്ഞേക്കുമെന്ന ആശങ്കയും ഉയരുന്നു.
എം എസ‌് അശോകൻ
No comments:
Post a Comment