കാലാവധി കഴിഞ്ഞ എക്‌സൈസ് റാങ്ക് ലിസ്‌റ്റിൽ നിന്ന് നിയമനം നടന്നില്ലെന്ന പ്രചാരണം തെറ്റ്; പൊള്ളത്തരം തുറന്നുകാട്ടി സോഷ്യൽമീഡിയ
തിരുവനന്തപുരം > കാലാവധി കഴിഞ്ഞ സിവിൽ എക്‌സൈസ് ഓഫീസർ റാങ്ക് ലിസ്‌റ്റിൽനിന്ന് നിയമനം നടത്തിയില്ലെന്നത് വ്യാജപ്രചാരണം. തിരുവനന്തപുരത്ത് അനു എന്ന യുവാവ് ആത്മഹത്യ ചെയ്‌തത് റാങ്ക് ലിസ്‌റ്റ് റദ്ദാക്കിയതിനെ തുടർന്നാണ് എന്നാണ് സമൂഹമാധ്യമങ്ങളിലും ചാനലുകളിലും വ്യാജപ്രചാരണം. പ്രചാരണത്തിലെ പൊള്ളത്തരം തുറന്നുകാട്ടി സമൂഹമാധ്യമങ്ങളിലടക്കം നിരവധി പേരാണ് വിശദീകരണം നൽകുന്നത്.
സിവിൽ എക്‌സൈസ് ഓഫീസർ (തിരുവനന്തപുരം) റാങ്ക് ലിസ്റ്റിൻ്റെ കാലാവധി 1 വർഷമായിരുന്നു. അദ്ദേഹത്തിൻ്റെ റാങ്ക് 77 ആയിരുന്നു. 8/4/2019 ൽ നിലവിൽ വന്ന റാങ്ക് ലിസ്റ്റ് 07/04/2020 ന് അവസാനിക്കേണ്ടതായിരുന്നു. കൊറോണക്കാലത്ത് നീട്ടിയ റാങ്ക് ലിസ്റ്റുകളിൽ ഇതും ഉൾപ്പെട്ടിരുന്നു. 2020 June 19 വരെ കാലാവധി ലഭിച്ചിരുന്നു. ഇതിൽനിന്ന് ഒരു വർഷവും 2 മാസവും 12 ദിവസം കൊണ്ട് 72 പേർക്ക് നിയമന ശുപാർശ നൽകിയിട്ടുണ്ട്.
https://keralapsc.gov.in/civil-excise-officer-excise-thiruvananthapuram
03/08/2015 ൽ നിലവിൽ വന്ന സിവിൽ എക്‌സൈസ് ഓഫീസർ (തിരുവനന്തപുരം) റാങ്ക് ലിസ്റ്റിൻ്റെ കാലാവധി 02/08/2018 ൽ അവസാനിച്ചപ്പോൾ ( 3 വർഷ കാലാവധി) 148 പേരെയാണ് മൊത്തം നിയമന ശുപാർശ നൽകിയത്. വർഷം തോറും ശരാശരി 50 എണ്ണം ആണ് നിയമന ശുപാർശ. 72 പേർക്ക് നിയമന ശിപാർശ നൽകിയപ്പോൾ ഓപ്പൺ 68 വരെയുള്ളവർക്ക് നിയമനം ലഭിച്ചിട്ടുണ്ട്. മരണപ്പെട്ട അനു ജനറൽ കാറ്റഗറിയിൽ പെടുന്നയാളാണ്.
https://www.keralapsc.gov.in/civil-excise-officer-trainee-excise-department-20.
രാംദാസിന്റെ ഫെയ്‌സ്‌ബുക്ക് കുറിപ്പ്:
ആത്മഹത്യകള്‍ക്ക് PSC ഉത്തരം പറയേണ്ടതുണ്ടോ ?
ഇന്ന് തിരുവനന്തപുരം സിവില്‍ എക്സൈസ് ഓഫീസര്‍ തസ്തികയില്‍ ഉള്‍പെട്ട് ജോലി ലഭിക്കാത്ത ഒരു യുവാവ് ആത്മഹത്യ ചെയ്തതായി വാര്‍ത്തകളില്‍ കണ്ടു. റാങ്ക് ലിസ്റ്റ് റദ്ദായതിലുള്ള മനോവിഷമം ആണ് ജീവിതമൊടുക്കാന്‍ കാരണമെന്ന് ദ്യോതിപ്പിക്കുന്ന രീതിയില്‍ ജോലിയില്ലാത്തതാണ് കാരണമെന്ന ആത്മഹത്യക്കുറിപ്പും കണ്ടു. ഇതു സംബന്ധിച്ച വൈകാരിക രോഷങ്ങള്‍ക്കപ്പുറത്ത് കുറച്ചു വസ്തുതകള്‍, ഡാറ്റ സഹിതം പരിശോധിക്കാന്‍ ശ്രമിക്കുകയാണ്.
ആദ്യം തന്നെ റാങ്ക് ലിസ്റ്റുകളുടെ കാലാവധി ഒരു വര്‍ഷത്തേക്ക് ചുരുക്കിയതിനെകുറിച്ച് പറയാം. ഫോഴ്സുകളില്‍ അപേക്ഷിക്കുന്നതിനുള്ള പ്രായം 27 ആയിരിക്കെ മുന്‍കാലങ്ങളില്‍ റാങ്ക് ലിസ്റ്റ് 7 കൊല്ലം വരെ നീളുന്ന സാഹചര്യത്തില്‍ അവസാനം നിയമനം കിട്ടുന്നവരുടെ പ്രായം 37 വരെ ആയി നീളാന്‍ സാധ്യതയുണ്ടായിരുന്നു. ഫോഴ്സിന്റെ എന്‍ട്രി പ്രായം കുറക്കുന്നതിന്റെ ലക്ഷ്യത്തിനെ തന്നെ ഇല്ലാതാക്കുന്നതായിരുന്നു ഈ പ്രവണത. മാത്രമല്ല UPSC ഒക്കെ മിക്കവാറും എല്ലാ റാങ്ക് ലിസ്റ്റും ഒരു കൊല്ലത്തെ കാലാവധി ആണ് നല്‍കാറുള്ളത് എന്നതും പ്രത്യേകം പ്രസ്താവ്യമാണ്. ഏറ്റവും മികച്ചവര്‍ക്ക് ജോലി ഉറപ്പാക്കാനും ഉദ്യോഗാര്‍ത്ഥികളില്‍ മിടുക്കരായവര്‍ക്ക് അവസരങ്ങള്‍ കൂടുതല്‍ ലഭിക്കാനും ഈ രീതി തന്നെയാണ് ഏറ്റവും ഫലപ്രദവും. അതൊക്കെ പരിഗണിച്ചു കൂടിയായിരിക്കണം സര്‍ക്കാരും PSC യും പോലീസ്, എക്സൈസ് തുടങ്ങിയ ഫോഴ്സുകളിലെ കായിക ശേഷി ആവശ്യമുള്ള യൂണിഫോം തസ്തികകളിലേക്കുള്ള റാങ്ക് ലിസ്റ്റുകളുടെ കാലാവധി ഒരു വര്‍ഷമാക്കി പുനര്‍നിര്‍ണയിച്ചത്.
ഇനി ഇപ്പോള്‍ സിവില്‍ എക്സൈസ് ഓഫീസര്‍ തസ്തികയിലേക്ക് വരാം. തിരുവനന്തപുരം ജില്ലയിലെ കണക്കുകളാണ് എടുത്തിട്ടുള്ളത്. കാരണം ദൗര്‍ഭാഗ്യകരമായ ആത്മഹത്യ നടന്നത് ആ ജില്ലയിലെ ലിസ്റ്റിനെ ആരോപണത്തിലാക്കിയാണല്ലോ. അതിന്റെ കഴിഞ്ഞ 10-12 കൊല്ലത്തെ നിയമന സ്റ്റാറ്റിസ്റ്റിക്സ് ഇതോടൊപ്പം ചേര്‍ത്തിട്ടുണ്ട്. അത് പ്രകാരം 2008 ല്‍ വന്ന ലിസ്റ്റില്‍ നിന്ന് 6-7 കൊല്ലം കൊണ്ട് 258 പേര്‍ക്കാണ് നിയമന ശുപാര്‍ശ ലഭിച്ചതെന്ന് കാണാം. 2014 ല്‍ വന്ന ലിസ്റ്റില്‍ 5 കൊല്ലം കൊണ്ട് 148 പേര്‍ക്കാണ് നിയമനശുപാര്‍ശ ലഭിച്ചത്. ഇനി ഏറ്റവും അവസാനത്തെ ലിസ്റ്റ്. ഒരു വര്‍ഷം കൊണ്ട് 72 പേര്‍ക്കാണ് നിയമന ശുപാര്‍ശ നല്‍കിയത്. പ്രതിവര്‍ഷ ശരാശരി നോക്കിയാല്‍ 2008 ലെ ലിസ്റ്റില്‍ നിന്ന് പ്രതിവര്‍ഷം 43 പേര്‍ക്കും 2014 ലെ ലിസ്റ്റില്‍ നിന്നും പ്രതി വര്‍ഷം 30 പേര്‍ക്കും മാത്രം നിയമനശുപാര്‍ശ നല്‍കിയിരിക്കെ 2019 ലെ ലിസ്റ്റില്‍ നിന്ന് ഒരു വര്‍ഷം 72 നിയമനശുപാര്‍ശയാണ് ഈ സര്‍ക്കാര്‍ നല്‍കിയത്.
ഇനി സര്‍ക്കാരുകള്‍ തമ്മിലുള്ള താരതമ്യം നോക്കാം. 2008 ലെ ലിസ്റ്റില്‍ നിന്നും അന്നത്തെ വി എസ് സര്‍ക്കാര്‍ ആദ്യത്തെ 3 വര്‍ഷം കൊണ്ട് 146 പേര്‍ക്ക് അഡ്വൈസ് നല്‍കിയപ്പോള്‍ തുടര്‍ന്നുള്ള മൂന്ന് വര്‍ഷം ആ ലിസ്റ്റില്‍ നിന്നും പിന്നീട് വന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കേവലം 112 പേര്‍ക്ക് മാത്രമാണ് നിയമനശുപാര്‍ശ നല്‍കിയത്. വി എസിന്റെ കാലത്ത് ആ ലിസ്റ്റില്‍ നിന്നും പ്രതിവര്‍ഷം ഏകദേശം 50 പേര്‍ക്ക് അഡ്വൈസ് നല്‍കിയപ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ കാലമായപ്പോള്‍ അത് ഏകദേശം 30 നടുത്തേക്ക് കുറയുകയാണുണ്ടായത്. തുടര്‍ന്ന് വന്ന ലിസ്റ്റില്‍ നിന്ന് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ അവസാന വര്‍ഷം കേവലം 33 പേര്‍ക്കാണ് അഡ്വൈസ് നല്കിയത്. എന്നാല്‍ തുടര്‍ന്നു വന്ന പിണറായി വിജയന്‍ സര്‍ക്കാര്‍ 115 പേര്‍ക്ക് ഈ ലിസ്റ്റില്‍ നിന്നും അഡ്വൈസ് നല്‍കുകയുണ്ടായി. തുടര്‍ന്ന് ഇപ്പോഴത്തെ ലിസ്റ്റില്‍ റെക്കോഡ് അഡ്വൈസ് ആണ് പിണറായി വിജയന്‍ സര്‍ക്കാര്‍ നടത്തിയത്. ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍. ഒറ്റവര്‍ഷം കൊണ്ട് 72 പേര്‍ക്ക്.
ഇനി സര്‍ക്കാരുകളെ താരതമ്യം ചെയ്താല്‍ പോലും കഴിഞ്ഞ UDF സര്‍ക്കാര്‍ ആകെ 5 കൊല്ലം കൊണ്ട് നടത്തിയത് 145 നിയമന ശുപാര്‍ശ ആണെന്നിരിക്കെ വെറും 3 കൊല്ലം കൊണ്ട് മാത്രം അതിനു മുമ്പത്തെ LDF സര്‍ക്കാര്‍ 146 നിയമന ശുപാര്‍ശ നല്‍കിയിരുന്നു. ഇനി ഇപ്പോഴത്തെ LDF സര്‍ക്കാര്‍ 4 വര്‍ഷം കൊണ്ട് തന്നെ ഇതിനെയൊക്കെ ബഹുകാതം മറികടന്നു കഴിഞ്ഞു. ഇതുവരെ 187 നിയമന ശുപാര്‍ശകളാണ് നല്‍കിയത്. ഇനിയും ഒരു കൊല്ലം ബാക്കിയുണ്ടെന്നതും ഓര്‍ക്കണം.
സിവില്‍ എക്സൈസ് ഓഫീസര്‍ റാങ്ക് ലിസ്റ്റുകളുടെ യാഥാര്‍ത്യം ഏറെക്കുറെ മനസിലായിക്കാണുമെന്ന് കരുതുന്നു. ഇനി റാങ്ക് ലിസ്റ്റിന്റെ കാലാവധി ചുരുക്കിയത് കൂടുതല്‍ പേര്‍ക്ക് അവസരം നല്‍കുകയല്ലേ ചെയ്യുക. ഈ ലിസ്റ്റില്‍ പെട്ട മിടുക്കന്മാര്‍ക്കും അടുത്ത പരീക്ഷയും എഴുതാമല്ലോ. റാങ്ക് ഹോള്‍ഡേഴ്സ് എപ്പോഴും പറയുന്ന ഞങ്ങള്‍ പഠിച്ച് മിടുക്കരായി റാങ്ക് നേടിയവരാണെന്നാണല്ലോ. ആ മിടുക്കില്‍ ആത്മവിശ്വാസം ഉണ്ടെങ്കില്‍ പിന്നെ അടുത്ത പരീക്ഷ എഴുതാന്‍ എന്താണ് തടസം. പിന്നെ പറയുക പ്രായപരിധി ആണ്. പരമാവധി പ്രായം 27 ആയി നിജപ്പെടുത്തിയ ഒരു പരീക്ഷയുടെ ദൈര്‍ഘ്യം 6-7 കൊല്ലം ആയാല്‍ എത്ര പേരുടെ അവസരമാണ് നഷ്ടപ്പെടുക. മാത്രമല്ല ദൗര്‍ഭാഗ്യം കൊണ്ട് ഒരു മാര്‍ക്കിന്റെ മൂന്നിലൊന്നിന് റാങ്ക് ലിസ്റ്റില്‍ കയറാന്‍ കഴിയാതെ പോയതുകൊണ്ട് അവരുടെ അവസരം എന്നെന്നേക്കുമായി അവസാനിക്കുകയും ചെയ്യും. മത്സരം കൂടുതല്‍ ഉണ്ടാവുന്നത് മിടുക്കരില്‍ മിടുക്കരെ തെരഞ്ഞെടുക്കുന്നതിനും ഏറ്റവും അര്‍ഹതയുള്ളവര്‍ക്ക് ജോലി ലഭിക്കുന്നതിനും സഹായിക്കും എന്നതാണ് സത്യം. മാത്രമല്ല, റാങ്ക് ലിസ്റ്റിലുള്ളതിനേക്കാള്‍ എത്രയോ മടങ്ങ് പുറത്തുള്ളവര്‍ക്ക് ഒന്നുകൂടി ശ്രമിക്കുന്നതിന് അവസരം ലഭിക്കുകയും ചെയ്യും.
ഇനി ഈ ദൗര്‍ഭാഗ്യകരമായ സംഭവത്തിലേക്ക് വരാം. ഈ ഉദ്യോഗാര്‍ത്ഥിക്ക് കേവലം 27 വയസ് മാത്രമാണ് പ്രായം. സര്‍ക്കാര്‍ ജോലി ലഭിച്ചാല്‍ മാത്രമാണ് ജീവിക്കാന്‍ കഴിയൂ എന്ന് ചിന്തിച്ചാല്‍ പോലും ഇനിയും എത്രയോ പരീക്ഷകള്‍ എഴുതാനുള്ള പ്രായമുണ്ട്. ഇപ്പോള്‍ സര്‍ക്കാര്‍ സര്‍വ്വീസിലുള്ളവരില്‍ ഒരു പരീക്ഷയില്‍ നിന്ന് ജോലി ലഭിച്ചവര്‍ അത്യപൂര്‍വ്വമായിരിക്കും. പല തവണ എഴുതി പല റാങ്ക് ലിസ്റ്റുകളില്‍ ഉള്‍പെട്ട് തന്നെയാണ് മിക്കവാറും പേര്‍ക്ക് ജോലി ലഭിക്കുന്നതും. 27 വയസില്‍ തന്നെ PSC വഴി ജോലി ലഭിച്ചില്ല എന്ന് പറഞ്ഞ് ആത്മഹത്യ ചെയ്തെങ്കില്‍ അത് സര്‍ക്കാരിന്റെ പിഴവാണെന്ന് പ്രചരിപ്പിക്കുന്നതില്‍ ആ ഉദ്യോഗാര്‍ത്ഥിയോടുള്ള അനുഭാവമല്ല മറിച്ച് വേറെ എന്തോ ലക്ഷ്യമാണ് എന്ന് തന്നെ കരുതേണ്ടതുണ്ട് എന്നതാണ് ഇതു സംബന്ധിച്ച വസ്തുതകള്‍ വിശദമാക്കുന്നത്. ഒന്നുകൂടി പറയട്ടെ സര്‍ക്കാര്‍ ജോലി ലഭിച്ചില്ല എങ്കില്‍ ആത്മഹത്യയാണ് ഏക പ്രതിവിധി എന്ന് ഒരാള്‍ തീരുമാനിച്ചാല്‍ അതിന് സമൂഹം ഒരു തരത്തിലും ഉത്തരവാദിയല്ല. ഒരു ജോലിയും ചെയ്യാനാവാത്ത വിധം ഇനി ഒരവസരം നിഷേധിച്ചുകൊണ്ട് അയാളെ ഒറ്റപ്പെടുത്താത്തിടത്തോളം. അയാളെ അകറ്റി നിര്‍ത്താത്തിടത്തോളം. അയാളെ ബഹിഷ്കരിക്കാത്തിടത്തോളം. അയാള്‍ക്ക് വിലക്ക് കല്‍പിക്കാത്തിടത്തോളം. അയാള്‍ക്ക് അയിത്തം കല്‍പിക്കാത്തിടത്തോളം.
കൂട്ടിച്ചേര്‍ത്തത് - ഇതിനിടെ രോഹിത് വെമൂലയെ ഒക്കെ ഇതിലേക്ക് വലിച്ചിടുന്നവരെയും കണ്ടു. അവര്‍ക്ക് വേണ്ടിയാണ് അവസാന വരികള്‍ എഴുതിയിരിക്കുന്നത് എന്ന് മാത്രം പറയുന്നു.
No comments:
Post a Comment